Join Whatsapp Group. Join now!
Aster MIMS 10/10/2023

മുറിവേറ്റ പക്ഷികള്‍; കഥയറിയാതെ ആട്ടം കാണുന്നവര്‍

ഗ്രാമത്തില്‍ ഉള്ള ഒരു സ്‌കൂളില്‍ പുതുതായി ഒരു ടീച്ചര്‍ ചുമതലയേറ്റു. Wounded birds; Those who watch the game without knowing the story

ആയിഷത്ത് ജുവൈരിയ എം എ മുട്ടത്തോടി

(www.kasargodvartha.com 07.10.2020) ഗ്രാമത്തില്‍ ഉള്ള ഒരു സ്‌കൂളില്‍ പുതുതായി ഒരു ടീച്ചര്‍ ചുമതലയേറ്റു. സുനന്ദ എന്നായിരുന്നു അവരുടെ പേര്. മൂന്നാം ക്ലാസ്സിലെ  ക്ലാസ് ടീച്ചര്‍ ആയാണ് നിയമനം ലഭിച്ചത്. ക്ലാസില്‍ പ്രവേശിക്കുന്നതിനു മുമ്പ് സുനന്ദ ടീച്ചര്‍ക്ക് അവിടുത്തെ പ്രധാനധ്യാപിക ചില നിര്‍ദേശങ്ങള്‍ നല്‍കി. 'ഈ സ്‌കൂളിലെ ഏറ്റവും മോശം ക്ലാസാണ് നിങ്ങള്‍ക്ക് കിട്ടിയതെന്നും ഇത്രയും മോശം കുട്ടികളെ നിങ്ങള്‍ ഇത് വരെ കണ്ടിട്ടുണ്ടാകില്ല,  സൂക്ഷിച്ചു വേണം കൈകാര്യം ചെയ്യാന്‍ 'എന്നുമായിരുന്നു നിര്‍ദ്ദേശങ്ങള്‍.


സുനന്ദ ടീച്ചര്‍ മൂന്നാം ക്ലാസില്‍ കയറിയപ്പോള്‍ ക്ലാസ് മുറി ആകെ അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു. കുട്ടികള്‍ക്കാണെങ്കില്‍ അച്ചടക്കവും ബഹുമാനവും തീരെ ഇല്ല.

ക്ലാസിനെക്കുറിച്ചന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത് ആ ക്ലാസിനു സ്ഥിരമായി ഒരു ടീച്ചര്‍ ഉണ്ടായിരുന്നില്ല എന്നും, കുട്ടികള്‍ക്ക് അമിത സ്വാതന്ത്ര്യം ലഭിച്ചത് കൊണ്ടാണെന്നുമാണ്. ഒരു നിയന്ത്രിതാവ് ഇല്ലാത്തത് കൊണ്ടായിരിക്കാം കുട്ടികള്‍ ഇങ്ങനെ പെരുമാറുന്നതെന്നും കുറച്ച് ശ്രദ്ധിച്ചാല്‍ കുട്ടികള്‍ ശരിയായിക്കൊള്ളും എന്ന വിശ്വാസത്തോടെ ടീച്ചര്‍  അവരുടെ ജോലിയിലേക്ക് കടന്നു. അങ്ങനെ ഒരു ദിവസം ഉച്ചഭക്ഷണത്തിനു ബെല്ലടിച്ചപ്പോള്‍ സ്‌കൂളിലാകെ ബഹളം. പ്യൂണ്‍ ഓടി വന്നു മൂന്നാം ക്ലാസിലെ ടീച്ചറോട് പറഞ്ഞു. 'ടീച്ചര്‍ നിങ്ങളുടെ ക്ലാസിലെ കുട്ടികള്‍  ബെഞ്ചും ഡെസ്‌ക്കുമെല്ലാം ക്ലാസിനു വെളിയിലിട്ട് ക്ലാസ് മുറി വെള്ളമൊഴിച്ചു കഴുകുന്നു. ടീച്ചര്‍ പറഞ്ഞിട്ടാണോ ഇത്? ഭക്ഷണം കഴിക്കുകയായിരുന്ന സുനന്ദ ടീച്ചര്‍ 

ഡെസ്‌കില്‍ നിന്നും ചാടിയെഴുന്നേറ്റു. 'ഇല്ല, ഞാന്‍ പറഞ്ഞിട്ടില്ല.' അവര്‍ പ്രതികരിച്ചു. സുനന്ദ ടീച്ചര്‍ ഇത്  കേട്ടതും ഒരു വടിയുമെടുത്ത് ദേഷ്യത്തോടെ മൂന്നാം ക്ലാസിലേക്കോടി. ടീച്ചര്‍ എത്തുമ്പോഴേക്കും പ്രധാനധ്യാപിക അവരെ വേണ്ടപോലെ കൈകാര്യം ചെയ്തിരുന്നു. ഓരോ അടിയും കൊടുത്ത്  എല്ലാത്തിനെയും  ഒരു മൂലയ്ക്കിരുത്തിയിട്ടുണ്ട്. സുനന്ദ ടീച്ചര്‍ കയറിയപ്പോള്‍ കുട്ടികള്‍ ടീച്ചറെ തുറിച്ചു നോക്കി. ടീച്ചര്‍ സങ്കടവും ദേഷ്യവും സഹിക്കാനാവാതെ അലറി 'നിങ്ങളോട് ആര് പറഞ്ഞു ഇങ്ങനെ ചെയ്യാന്‍? തോന്നിയ പോലെ ആവാമെന്നോ? എന്തിനാ ഇപ്പൊ ഇങ്ങനെ ചെയ്തത്. 'ആരും ഒന്നും മിണ്ടിയില്ല  എന്തിനാ മക്കളെ നിങ്ങള്‍ ഇങ്ങനെ?? ടീച്ചര്‍ നിങ്ങളെക്കുറിച്ചിങ്ങനെ അല്ലല്ലോ കരുതിയത്. ടീച്ചര്‍ അല്പം സ്വരം താഴ്ത്തി നിസ്സഹായാവസ്ഥയില്‍ അവരെ നോക്കി. കൂട്ടത്തില്‍ നിന്നും ഒരു പെണ്‍കുട്ടി ടീച്ചറിന്റെ അടുത്ത് വന്നു പറഞ്ഞു. 'ടീച്ചറെ..ഞങ്ങളെന്തു തെറ്റ് ചെയ്‌തെന്നാ..ഞങ്ങള്‍ എന്ത് ചെയ്താലും കുറ്റമാണോ.. ഇന്നും അസംബ്ലിയില്‍ വെച്ച് പ്രധാനാധ്യാപിക പറഞ്ഞു ഈ സ്‌കൂളിലെ ഏറ്റവും മോശം ക്ലാസ് ഞങ്ങളുടെ ആണെന്ന്, ഇത്രയും മോശം ക്ലാസ് വേറെ ഇല്ല എന്നു. ഇത്രയും കൂട്ടുകാരുടെ മുമ്പില്‍ വെച്ച് പറഞ്ഞത് ഞങ്ങള്‍ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ടീച്ചര്‍... അത് കൊണ്ട് ഞങ്ങള്‍ ഒരു പ്ലാന്‍ ചെയ്തു. ക്ലാസ് മുറി മൊത്തം വൃത്തിയാക്കി, ഭംഗി വരുത്തി. ഞങ്ങളുടെ ക്ലാസാണ് ഏറ്റവും നല്ലതെന്ന് പറയിപ്പിക്കുമെന്ന്.. പക്ഷെ...' ആ കുഞ്ഞുമോളുടെ ചുണ്ടുകളിടറി... അവള്‍ പൊട്ടിക്കരഞ്ഞു... കൂടെ സഹപാഠികളും... ഇത് കേട്ടതും സുനന്ദ ടീച്ചറുടെ കണ്ണ് നിറഞ്ഞു... ശേഷം ദുഃഖം കൊണ്ടോ' പശ്ചാത്താപം കൊണ്ടോ, നാണം കൊണ്ടോ ആ പിഞ്ചോമനകള്‍ക്ക് മുന്നില്‍ തല കുനിച്ചു പോയി...

'അവഗണിക്കപ്പെടുന്നവര്‍' എന്നും അവഗണിക്കപ്പെട്ടു കൊണ്ടിരിക്കും. ലോകത്തിനു അവരുടെ ഏതു നന്മയും തിന്മയായിട്ടേ തോന്നു... ചിലരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെ അവരെ വിലയിരുത്തുന്നവര്‍ തങ്ങള്‍ നാളേക്കുള്ള നാശത്തിന്റെ വിത്താണ് വിതയ്ക്കുന്നതെന്നു തിരിച്ചറിയുന്നില്ല...???


Keywords: Article, class, Teacher, Students, Ayshath Juvairiya, Wounded birds; Those who watch the game without knowing the story

Post a Comment