കാഞ്ഞങ്ങാട്: (www.kasargodvartha.com 03.10.2020) ദേശീയ പാതയിൽ പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിലെ പാതാള കുഴിയിൽ സ്കൂട്ടർ വീണ് തഹസീൽദാർക്ക് പരിക്ക്. ഒരു മാസത്തിനിടെ ഇവിടെ അപകടത്തിൽപ്പെട്ടത് 10 ഓളം പേരാണ്.
വെളളരിക്കുണ്ട് തഹസീൽദാർ പി കുഞ്ഞികണ്ണനാണ് അപകടത്തിൽപ്പെട്ടത്. ഭാഗ്യകൊണ്ട് മാത്രമാണ് ചെറിയ പരിക്കുകളോടെ അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടത്. കുഴിയിൽ മറിഞ്ഞ് വീണ തഹസീൽദാരെ അതു വഴി വന്ന കാർ യാത്രകാരൻ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അബ്ദുർ റസാഖ് തായിലക്കണ്ടി ആഴ്ചകൾക്ക് മുമ്പ് നിരാഹാര സമരം നടത്തിയിരുന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും വൈസ് ചെയർപേഴ്സണും പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കണ്ട് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ ഉടൻ ടാറിംഗ് നടത്തുമെന്ന് അറിയിച്ചെങ്കിലും ഒരു മാസം ആകാറായിട്ടും കുഴി നികത്താൻ തയ്യാറായിട്ടില്ല.
റോഡ് ടാക്സ് അടക്കം പതിനായിരങ്ങൾ വാഹന ഉടമകളിൽ നിന്ന് ഈടാക്കുമ്പോഴും ദേശീയ പാത കുണ്ടും കുഴിയുമായി കിടക്കുകയാണ്. നാലു വർഷത്തിലധികമായി ദേശീയപാതയിൽ ഒരു അറ്റകുറ്റപണിയും നടത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
Keywords: Kerala, News, Kanhangad, Road, National highway, Scooter, Accident, Government, Injured, Hospital, Tehsildar injured after scooter falls into ditch on national highway; About 10 people were injured here in a month.