മംഗളൂറു: (www.kasargodvartha.com 08.10.2020) കർണ്ണാടക സർക്കാർ 2020-21 വർഷത്തേക്ക് ഫണ്ടനുവദിച്ചപ്പോൾ ന്യൂനപക്ഷ ക്ഷേമത്തിനുള്ള അഞ്ച് പദ്ധതികൾ പുറത്ത്. ക്ഷേമ പദ്ധതി ഫണ്ടുകൾ 44 ശതമാനം വെട്ടിക്കുറക്കാനുള്ള തീരുമാനം ഈ പദ്ധതികളിലാണ് നടപ്പാക്കിയത്. 468 കോടി രൂപയുടെ പദ്ധതികൾ ഏറെയും മുസ് ലിം ജനവിഭാഗത്തിന് അർഹതപ്പെട്ടതാണ്. ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിക് വിഭാഗങ്ങൾക്കും ആനുകൂല്ല്യങ്ങൾ നഷ്ടമാവും.
മുസ് ലിം കൺവെൻഷൻ ഹാൾ നിർമ്മാണം, ന്യൂനപക്ഷ നൈപുണ്യ വികസനം, ശാദി ഭാഗ്യ, മുഖ്യമന്ത്രിയുടെ വികസന പദ്ധതി ഫണ്ട് തുടങ്ങിയവക്കാണ് ഫണ്ട് അനുവദിക്കാത്തത്. മുസ് ലിം വനിതകൾക്ക് വിവാഹ ധന സഹായമായി 50,000 രൂപ ഒറ്റത്തവണയായി നൽകുന്ന പദ്ധതിയാണ് ശാദി ഭാഗ്യ. സിദ്ധാരാമയ്യ സർക്കാർ കൊണ്ടുവന്നതാണിത്. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയായ ലക്ഷം വനിതകൾ ഇതിനകം ഈ പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്നു. ബി എസ് യദ്യൂരപ്പ സർക്കാർ അധികാരത്തിൽ വന്നതോടെ ഈ പദ്ധതിയിൽ ഫണ്ട് അനുവദിക്കുന്നതിൽ കാലവിളംബം വരുത്തിത്തുടങ്ങിയിരുന്നു. 2019-20 വർഷം ലഭിച്ച 32516 അപേക്ഷകൾ കെട്ടിക്കിടന്നു. മുറവിളി ഉയർന്നപ്പോൾ ഓരോരുത്തർക്കും 25000 രൂപ മാത്രം നൽകി ഒറ്റത്തവണ തീർപ്പാക്കി.
വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റി, ഉർദു അക്കാദമി എന്നിവയുടെ ഫണ്ടിൽ 37 ശതമാനം വെട്ടിയതോടെ 744 കോടി രൂപയുടെ കുറവുണ്ടായി. കർണ്ണാടകയിലെ ജനസംഖ്യയിൽ 12.91 ശതമാനമാണ് മുസ് ലിംകൾ. കൃസ്ത്യൻ-1.87, ജൈന-0.72 എന്നിങ്ങിനെയാണ് പദ്ധതിയുടെ വെട്ടിക്കുറവ് ബാധിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ.
കൺവെൻഷൻ ഹാൾ പണിയുന്നതിനുള്ള ഫണ്ട് നിർമ്മാണ പുരോഗതിയനുസരിച്ച് ഘട്ടം ഘട്ടമായി അനുവദിക്കുന്നതാണ്. ഫണ്ട് നിലച്ചതോടെ നേരത്തെ ആരംഭിച്ച പ്രവൃത്തികൾ മുടങ്ങും.
Keywords: Mangalore, news, Karnataka, Government, Development project, Karnataka government cancels Rs 1,212 crore minority welfare schemes