വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.10.2020) വ്യാഴാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ ബളാൽ ഗ്രാമപഞ്ചായത്തിലെ മാലോം വലിയ പുഞ്ചയിൽ ഉരുൾ പൊട്ടി. പുഞ്ച, മൈക്കയം, ബന്തമല, മഞ്ചുച്ചാൽ പ്രദേശങ്ങളിൽ മണ്ണിടിച്ചലും ഉണ്ടായി.
വലിയ പുഞ്ചയിലെ നരിവേലി മേരിയുടെ പറമ്പിലാണ് ഉരുൾ പൊട്ടിയത്. ഉരുൾ പൊട്ടലിനെ തുടർന്നുണ്ടായ മലവെള്ള പാച്ചലിൽ കൃഷി നാശവും നേരിട്ടു.
കപ്പ, കവുങ്ങ്, റബർ തുടങ്ങി കാർഷിക വിളകളാണ് നശിച്ചത്.
ഇത് കൂടാതെ വലിയ പുഞ്ചയിലെ കാർത്യായണി കുഞ്ഞി കണ്ണന്റെ ഉടമസ്ഥതയിലുള്ള വീടിനു മുകളിൽ ഭീമൻ പാറ കല്ലുകളും മണ്ണും ഇടിഞ്ഞു വീണ് വീടിന്റെ അടുക്കള ഭാഗം പൂർണ്ണമായും തകർന്നു.
ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തെ ഇനിയും മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് റവന്യൂ അധികൃതർ ഇവരെ ബന്ധു വീട്ടിലേക്കു മാറ്റി പാർപ്പിച്ചു. തമ്പായി കരുണാകരന്റെ വീടിനു മുകളിലേക്കും മണ്ണിടിഞ്ഞു വീണു. ഈ വീടിനു സാരമായ കേടുപാടുകൾ സംഭവിച്ചു.
മാലോം വലിയ പുഞ്ച റോഡിൽ പലേടത്തുമായി റോഡിലേക്ക് മണ്ണിടിഞ്ഞു വീണു.
ബന്ധ മലയിലെ ബിനോയിയുടെ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞു വീണു.
കൊന്നക്കാട് മൈക്കയം റോഡിലും കനത്ത മഴയിൽ മലവെള്ളം ഒലിച്ചിറങ്ങിയതിനാൽ വാഹന ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചു.
കല്ലുകളും മണ്ണും നിറഞ്ഞ റോഡിൽ ഗതാഗതം ദുഷ്കരമായി.
വെള്ളിയാഴ്ച രാത്രി മുതലാണ് വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ മാലോംപുഞ്ചയിലും മൈക്കയത്തും കനത്ത മഴ പെയ്തത്. നേരം പുലരുവോളം നിലനിന്ന മഴയിലാണ് ഉരുൾ പൊട്ടലും മണ്ണിടിച്ചലും ഉണ്ടായത്. വ്യഴാഴ്ച രാത്രി 12മണിക്കാണ് പുഞ്ചയിൽ ഉരുൾ പൊട്ടിയത്.
ഈ സമയം തന്നെയാണ് കാർത്യായണി കുഞ്ഞി കണ്ണന്റെ വീടിനു മുകളിലേക്കു കല്ലുകളും മണ്ണും ഇടിഞ്ഞു വീണത്.
ഒറ്റ രാത്രിയിൽ കനത്ത മഴ നാശം വിതച്ച പ്രദേശങ്ങളിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം, വെള്ളരിക്കുണ്ട് പോലീസ് എന്നിവർ സ്ഥലത്തെത്തിനാശ നഷ്ടം വിലയിരുത്തി. റോഡിൽ ഇടിഞ്ഞു വീണ മണ്ണുകളും കല്ലും വെള്ളിയാഴ്ച ഉച്ചയോടെ തന്നെ പഞ്ചായത്ത് നീക്കം ചെയ്തു.
കനത്ത മഴയ്ക്കു സാധ്യത നിലനിൽക്കുന്ന പ്രദേശത്തെ കുടുംബങ്ങൾക്ക് ബന്ധപ്പെട്ടവർ ജാഗ്രതാ നിർദ്ദേശം നൽകി.
Keywords: Vellarikundu, News, Kasaragod, Kerala, Land, Rain, Heavy rains: Landslide Malom Puncha