Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെങ്കള സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ് തീവെട്ടിക്കൊളളയെന്ന് സി പി എം

CPM leaders claim financial fraud at Chengala Service Co-operative Bank #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (www.kasargodvartha.com 10.10.2020) ചെങ്കള സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് തീവെട്ടി കൊള്ളയാണെന്നന്ന് സി പി എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

തട്ടിപ്പ് ജീവനക്കാരനില്‍ ഒതുക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഭരണസമിതി നടത്തുന്നത്. വര്‍ഷങ്ങളായി ബാങ്ക് ഭരണം കൈയ്യാളുന്ന ഇവര്‍ സഹകരണ മേഖലയുടെ വിശ്വാസ്യതയെ ഇല്ലാതാക്കുകയാണ്.

കേരളത്തിലങ്ങോളം കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്നതാണ് സഹകരണ മേഖല.

കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ള ബാങ്കാണ് ചെങ്കള സര്‍വീസ് സഹരണ ബാങ്ക്. അത്രത്തോളം വായ്പയും അനുവദിച്ചിട്ടുണ്ട്. ഭരണസമിതി അംഗങ്ങളുടെയും ചില ജീവനക്കാരുടെയും സ്വന്തക്കാര്‍ക്കും കുടുംബത്തിനും വഴിവിട്ട സഹായമാണ് ഇവിടെ ഉണ്ടായത്. 

ബാങ്കില്‍നിന്നും 84 ലക്ഷം രൂപ അപഹരിച്ചതായുള്ള ആക്ഷേപത്തെ തുടര്‍ന്നുണ്ടായ പരാതിയില്‍ സഹകരണ വകുപ്പ്  അന്വേഷണ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇവിടെ നടന്നുവരുന്ന തട്ടിപ്പുകള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടുന്നുണ്ട്. ബാങ്ക് സെക്രട്ടറിയും പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും ചേര്‍ന്ന് വന്‍ തുകയുടെ തിരിമറിയാണ് നടത്തിയത്. ഒടുവില്‍ ഒരു ജീവനക്കാരനില്‍ പഴിചാരി അയാളെ പിരിച്ചുവിട്ട് പണാപഹരണം ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. 

Press meet, CPM leaders claim financial fraud


തട്ടിപ്പിലൂടെ ലഭിച്ച പണത്തിന്റെ 40 ശതമാനം തുക സെക്രട്ടറിയും 40 ശതമാനം തുക പ്രസിഡണ്ടും വാങ്ങിയെന്ന വിവരമാണ് പുറത്തുവരുന്നതെന് നേതാക്കള്‍ ആരോപിച്ചു.

അതുകൊണ്ടാണ് സംഭവം പുറത്തറിഞ്ഞയുടന്‍ ലോക്ഡൗണ്‍ കാലമായിട്ടും 58 ലക്ഷം രൂപയോളം ഒറ്റയടിക്ക് തിരിച്ചടക്കാന്‍ സാധിച്ചത്. പിടിക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞതോടെ പണം തിരിച്ചടച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് ഈ തട്ടിപ്പുസംഘം നടത്തിയത്.

ബാങ്കിലെ ചില ജീവനക്കാര്‍ക്ക് ഇതെല്ലാം അറിവുള്ളതാണ്. സെക്രട്ടറിയുടെയും പ്രസിഡണ്ടിന്റെയും കുടുംബാംഗങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് വഴിവിട്ട് നല്‍കിയത്.

കംപ്യൂട്ടര്‍ സോഫറ്റ് വെയറില്‍ കൃത്രിമം നടത്തി ഇത്രയേറെ പണം തട്ടിയെടുക്കാന്‍ ഒരു ജീവനക്കാരന്‍ മാത്രം വിചാരിച്ചാല്‍ സാധിക്കാത്തതാണ്. ബാങ്ക് മാനേജരും സെക്രട്ടറിയും അറിയാതെ ഒന്നും നടക്കില്ലെന്നിരിക്കെ അക്കൗണ്ടന്റായ വിജയകുമാറിനെ പിരിച്ചുവിട്ട് തടിതപ്പുകയാണ്.

ഭരണസമിതിയും സെക്രട്ടറിയും ചില ജീവനക്കാരും ഒരുപോലെ പ്രതിസ്ഥാനത്തായതിനാല്‍ ഭരണസമിതി പിരിച്ചുവിടണം. കൂടാതെ കൂട്ടുപ്രതികളായ മുഴുവന്‍ ജീവനക്കാരെയും മാറ്റിനിര്‍ത്തി സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ മുഴുവന്‍ ജീവനക്കാരെയും സര്‍വീസില്‍നിന്ന് പിരിച്ചുവിട്ട് അപഹരിച്ച പണം ഇവരില്‍നിന്ന് പലിശസഹിതം ഈടാക്കണം. കൂടാതെ ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസുമെടുക്കണം. തട്ടിപ്പ് പുറത്തായിട്ടും മറച്ചുവയ്ക്കാനുള്ള പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും ശ്രമം ഇതില്‍ ഇവര്‍ക്കുള്ള പങ്ക് വ്യക്തമാക്കുന്നുണ്ട്.

തട്ടിപ്പ് നടന്നതറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ച് തട്ടിപ്പുകാര്‍ ശൂന്യവേതനാവധിയും 3.80 ലക്ഷം രൂപ പി എഫ് അഡ്വാന്‍സും അനുവദിച്ച് മിനുട്‌സില്‍ ചേര്‍ത്തത് സെക്രട്ടറിയാണ്. ഈ കാരണത്താല്‍ തന്നെ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാവുന്നതാണ്. ഭരണ സമിതി കൂട്ടുപ്രതിസ്ഥാനത്തുള്ളതിനാലാണ് ഇതിന് മുതിരാത്തത്.

ബാങ്ക് അംഗത്വം, വായ്പ, പലിശ ഇളവ്, മറ്റ് ചെലവുകള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ സെക്രട്ടറി ഏകപക്ഷീയമായി മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാത്തിനും കൂട്ടുനിന്ന പ്രസിഡണ്ട് ഇക്കാര്യമറിഞ്ഞിട്ടും ഭരണസമിതി അംഗങ്ങളില്‍നിന്നും മറച്ചുവയ്ക്കാന്‍ പ്രത്യേക ശ്രദ്ധചെലുത്തിയതായും സി പി എം ആരോപിക്കുന്നു. തട്ടിപ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് മുസ്ലിംലീഗ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും, തട്ടിപ്പുകാരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ നേതൃത്വങ്ങള്‍ തയ്യാറാകുമോയെന്നും വ്യക്തമാക്കണം.

ബാങ്ക് സെക്രട്ടറി ബാങ്കില്‍ നിന്ന് പണമെടുത്ത് ബ്ലേഡ് കച്ചവടവും, റീയല്‍ എസ്‌റ്റേറ്റ് കച്ചവടവും സമാന്തരമായി നടത്തുന്നു. പലിശ കുറഞ്ഞ അഗ്രിക്കള്‍ച്ചറല്‍ ഗോള്‍ഡ് ലോണുകള്‍ സ്വന്തക്കാര്‍ക്ക് ഇഷ്ടംപോലെ നല്‍കി.

മുന്‍ ബാങ്ക് പ്രസിഡണ്ട് ബാലകൃഷ്ണ വോര്‍കുഡ്‌ലു ഭാര്യ ശാന്തകുമാരി എന്നിവര്‍ക്ക് വന്‍ തുക ലോണ്‍ നല്‍കി. വലിയ പലിശ ഇളവ് നിയമവിരുദ്ധമായി നല്‍കി. അംഗങ്ങളുടെ തുക വര്‍ദ്ധിപ്പിച്ചതിനാല്‍ കുറെ അംഗങ്ങളുടെ അംഗത്വം നഷ്ടപ്പെട്ടു. അവരവരുടെ ഷെയര്‍ തുക അരിയര്‍ ഷെയര്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ആ തുക സെക്രട്ടറിയുടെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. അംഗങ്ങള്‍ക്ക് ഡിവിഡന്റ് കൊടുക്കാന്‍ മാറ്റിവെച്ച തുകയില്‍ 13,861 രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റി പൊതുഫണ്ട് പ്രസിഡണ്ടിനും, ഒരു ഡയറക്ടര്‍ക്കും 1,00,000 രൂപ വീതം നിയമവിരുദ്ധമായി നല്‍കി. വായ്പകളില്‍ തോന്നിയപോലെ പലിശ ഇളവ് നല്‍കിയ

ഭരണ സമിതി തികഞ്ഞ പരാജയമാണ്.

പരസ്പരം കലഹിക്കുന്ന പ്രസിഡണ്ടിനും, വൈസ് പ്രസിഡണ്ടിനും സെക്രട്ടറിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ചട്ടങ്ങളും, നിയമങ്ങളും പാലിക്കുന്നില്ല. അത്‌കൊണ്ട് ഭരണ സമിതി പിരിച്ച് വിടണം. സെക്രട്ടറിയുടെ പേരില്‍ നടപടി എടുക്കണം. പോലീസ്, വിജീലന്‍സ് അന്വേഷണ വേണം. നിയമനടപടി ശക്തിപ്പെടുത്തണം. എല്ലാ തട്ടിപ്പുകാരെയും അറസ്റ്റു ചെയ്യണം എന്നും സി പി എം കാസര്‍കോട് ഏരിയ സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ, ഏരിയ കമ്മിറ്റി അംഗം ടി എം എ കരീം, ചെങ്കള ലോക്കല്‍ സെക്രട്ടറി എ ആര്‍ ധന്യവാദ് എന്നിവര്‍ ആവശ്യപ്പെട്ടു.Keywords: Kasaragod, Kerala, News, Press meet, CPM, Congress, Muslim-league, Chengala, CPM leaders claim financial fraud at Chengala Service Co-operative Bank

Post a Comment