വെള്ളരിക്കുണ്ട്: (www.kasargodvartha.com 01.10.2020) ബളാൽ പ്രദേശത്തെ ഇരുനൂറോളം വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും ബളാൽ പഞ്ചായത്ത്, വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യകേന്ദ്രം, പോലീസ്, മാഷ് ടീം എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപന ഉടമകൾക്ക് നോട്ടീസ് നൽകുകയും താക്കീത് ചെയ്യുകയും ചെയ്തു. കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട വ്യാപാരികൾ ക്വാറന്‍റൈനിൽ പോകാന്‍ നിർദ്ദേശിച്ചു. കടകൾ അണുവിമുക്തമാക്കുകയും സമ്പർക്കത്തിൽ വരാത്ത ആളുകളെ ഉപയോഗിച്ച് വ്യാപാരം നടത്തുകയോ ചെയ്യാവുന്നതാണ്.
വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്റെ നിർദ്ദേശ പ്രകാരം അസി. സബ് ഇൻസ്പക്ടർ ജോമി ജോസഫ്, സിവിൽ പോലീസ് ഓഫീസർ സുനീഷ് കുമാർ, ജൂനിയര്‍ ഹെൽത്ത് ഇൻസ്പക്ടർമാരായ സുജിത് കുമാർ കെ, രഞ്ചിത്ത് ലാൽ, മാഷ് ടീം അംഗങ്ങളായ അലോഷ്യസ് ജോർജ്, ബാലചന്ദ്രൻ പി കെ, രാജേഷ് ടി, ജോസഫ് ടി കെ, ജോസുകുട്ടി തോമസ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ബളാൽ പഞ്ചായത്തിൽ കോവിഡ് വ്യാപനം തടയുന്നതിനും വിലയിരുത്തുന്നതിനുമായി ആരോഗ്യ പ്രവർത്തകർ, ആശ, മാഷ് ടീം, കോവിഡ് പ്രതിരോധ പഞ്ചായത്ത് തല സമിതി എന്നിവയുടെ വ്യത്യസ്ത യോഗങ്ങളും ചേർന്നു. യോഗത്തിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
കോവിഡ് വ്യാപനം തടയുന്നതിനായി സമ്പർക്കത്തിൽ ഏർപ്പെടുന്നവർ ക്വാറൻ്റയിനിൽ പോകണമെന്നും എല്ലാ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്നും ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് അറിയിച്ചു. തുടർന്ന് നടക്കുന്ന പരിശോധനകളിൽ പ്രോട്ടോകോൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
Keywords: Kerala, News, Kasaragod, Balal, Panchayath, Police, Health-Department, Worker, Shop, Raid, COVID-19, Corona, COVID spread: Authorities inspect business establishments.