Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുഖ്യമന്ത്രി ഉദ്ഘടനം ചെയ്‌തു

ജില്ലയിലെ മത്സ്യബന്ധനമേഖലയ്ക്ക് ഉത്തേജനം പകര്‍ന്ന് ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം മഞ്ചേശ്വരം തുറമുഖം യാഥാര്‍ത്ഥ്യമായി CM inaugurates Manjeswaram fishing port #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്:  (www.kasargodvartha.com 01.10.2020) ജില്ലയിലെ മത്സ്യബന്ധനമേഖലയ്ക്ക് ഉത്തേജനം പകര്‍ന്ന് ഏറെകാലത്തെ കാത്തിരിപ്പിന് ശേഷം മഞ്ചേശ്വരം തുറമുഖം യാഥാര്‍ത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു.


ഫിഷറീസ്-ഹാര്‍ബര്‍ എഞ്ചിനീയറിങ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷത വഹിച്ചു. റവന്യു-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എം സി കമറുദ്ദീന്‍ എം എല്‍ എ മുഖ്യാതിഥികളായി. മത്സ്യബന്ധന ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് മംഗല്‍ പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് രാഷ്ട്രീയ കക്ഷി പ്രതിനിധ കെ ആര്‍ ജയാനന്ദ സംബന്ധിച്ചു.

കോയിപ്പാടി, ഷിറിയ, ബങ്കര മഞ്ചേശ്വരം എന്നീ മത്സ്യഗ്രാമങ്ങളിലെ ഏകദേശം പതിനായിരത്തോളം പേരാണ് തുറമുഖ പദ്ധതിയുടെ ഗുണഭോക്താക്കളാവുക.  250 കോടി രൂപ വിലമതിക്കുന്ന പതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാവും. തുറമുഖം പ്രാവര്‍ത്തികമാവുന്നതോടെ പ്രദേശത്തെ 1200ലധികം മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും 4800ലധികം പേര്‍ക്ക് പരോക്ഷമായും പ്രയോജനം ലഭിക്കും. മത്സ്യമേഖലയുമായി ബന്ധപ്പെട്ട വിപണനത്തിനും കയറ്റുമതിയിലും ഏര്‍പ്പെട്ട അനുബന്ധ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതിനും പദ്ധതി സഹായകരമാവും.


48.13 കോടി രൂപയുടെ പദ്ധതി


മഞ്ചേശ്വരം തുറമുഖ പദ്ധതിയുടെ മൊത്തം ചെലവ് 48.80 കോടി രൂപയാണ്. ഇതില്‍ 75 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവുമാണ്. പദ്ധതിക്കായി ഇതുവരെ 48.13 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം ഇത് വരെ ലഭിച്ചിട്ടില്ല. പൂനെയിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസേര്‍ച്ച് സ്റ്റേഷന്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഹാര്‍ബര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. മഞ്ചേശ്വരം, പുഴകള്‍ ഒന്നിച്ച് ചേരുന്ന അഴിമുഖത്താണ് പദ്ധതി നടപ്പിലാക്കിയത്. നൗകാശയത്തോട് ചേര്‍ന്ന് മുസോടി ഭാഗത്ത് 8.92 ഏക്കറും ഹൊസബെട്ടു ഭാഗത്ത് 2.85 ഏക്കറുമടക്കം 11.77 ഏക്കര്‍ സ്ഥലമാണ് നിര്‍മാണപ്രവര്‍ത്തികള്‍ക്കായി ഡ്രഡ്ജിങ് നടത്തിയത്.

മത്സ്യബന്ധനയാനങ്ങള്‍ക്ക് കരയ്ക്കടുപ്പിക്കുന്നതിന് ശാന്തമായ നൗകാശയം ലഭ്യമാക്കുന്നതിനായി യഥാക്രമം 490 മീറ്റര്‍, 530 മീറ്റര്‍ നീളത്തില്‍ പൊഴിയുടെ തെക്കും വടക്കുമായി രണ്ട് പുലിമുട്ടുകള്‍ നിര്‍മിച്ചിട്ടുണ്ട്. 275 ബോട്ടുകള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ അനബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മുസോടി ഭാഗത്ത് നികത്തിയെടുത്ത സ്ഥലത്താണ്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്കായി 80 മീറ്ററും ചെറുവള്ളങ്ങള്‍ അടുപ്പിക്കുന്നതിന് 20 മീറ്ററുമുള്‍പ്പെടെ 100 മീറ്ററിലുള്ള വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. അപ്രോച്ച് റോഡ്, പാര്‍ക്കിങ് ഏരിയ, ഗിയര്‍ ഷെഡ്, നെറ്റ് മെന്റിങ് ഷെഡ്, വര്‍ക്ക് ഷോപ്പ്, ഷോപ്പ് ബില്‍ഡിങ്, റെസ്റ്റ് ഷെഡ്, ടോയ്ലറ്റ് ബ്ലോക്ക്, ജലസംഭരണി, ഗെയ്റ്റ് ഹൗസ്, വൈദ്യുതീകരണം തുടങ്ങിയ എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് കാസര്‍കോട് ജില്ലയില്‍ നിലവില്‍ രണ്ട് മത്സ്യബന്ധന തുറമുഖ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതില്‍ മഞ്ചേശ്വരം തുറമുഖം പൂര്‍ത്തീകരിക്കുകയും കാസര്‍കോട് മത്സ്യബന്ധന തുറമുഖം പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി പുലിമുട്ടിന്റെ നീളം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തി പുരോഗമിക്കുകയുമാണ്.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ചടങ്ങില്‍ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ മുസ്തഫ ഉദ്യാവര്‍, ബ്ലോക്ക് അംഗം കെ ആര്‍ ജയാനന്ദ, മംഗല്‍പാടി പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ ബി എം മുസ്തഫ, മഞ്ചേശ്വരം പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡ്ഡെകേരി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി വി സതീശന്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ കുഞ്ഞിമമ്മു പറവത്ത്,ഡിവിഷണല്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ എ മുഹമ്മദ് അഷ്റഫ്,  മത്സ്യഫെഡ് പ്രതിനിധി കാറ്റാടി കുമാരന്‍, ജനപ്രതിനി ്യുധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


തീരദേശ പശ്ചാത്തലസൗകര്യവികസനത്തില്‍ സംസ്ഥാനം പുരോഗതി നേടുന്നു : മുഖ്യമന്ത്രി

വിവിധ പദ്ധതികളിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വികസനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് വളരെയേറെ പുരോഗതി നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും തീരദേശ പശ്ചാത്തല സൗകര്യ വികസനത്തിന് സര്‍ക്കാര്‍ വലിയ പ്രാമുഖ്യമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഞ്ചേശ്വരം, കൊയിലാണ്ടി മത്സ്യബന്ധന തുറമുഖങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തെ 24 മത്സ്യബന്ധന തുറമുഖങ്ങളില്‍ 13 തുറമുഖങ്ങളാണ് പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതുമൂലം മത്സ്യത്തൊഴിലാളി സമൂഹം വലിയ പ്രതിസന്ധിയാണ് നേരിട്ടിത്. പുതിയത് ആരംഭിക്കുന്നതിന് പകരം നിലവിലുള്ളവയുടെ പ്രതിസന്ധി പരിഹരിച്ച് അവ പൂര്‍ണമായും പ്രവര്‍ത്ത സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കി. മുതലപ്പുഴ, ചേറ്റുവ, തലായി മത്സ്യബന്ധന തുറമുഖങ്ങള്‍ ഈ സര്‍ക്കാര്‍ നേരത്തേ കമ്മീഷന്‍ ചെയ്തിരുന്നു. ഇതോടെ പൂര്‍ണസജ്ജമായ തുറമുഖങ്ങളുടെ എണ്ണം 18 ആവുകയാണ്.  ഇതിന് പുറമേ ചെല്ലാനം, വെള്ളയില്‍, താനൂര്‍ തുറമുഖങ്ങള്‍ കൂടി ഈ വര്‍ഷം കമ്മീഷന്‍ ചെയ്യാന്‍ കഴിയും. തുറമുഖങ്ങളുടെ നിര്‍മാണം, തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, തീരദേശ റോഡുകളുടെ നിര്‍മാണം തുടങ്ങിയ ഒട്ടേറെ പദ്ധതികളാണ് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കിയത്. മത്സ്യബന്ധന തുറമുഖങ്ങളുടെയും മത്സ്യം കരക്കടുപ്പിക്കല്‍ തുടങ്ങി കാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടം ആര്‍ജിക്കാന്‍ കഴിഞ്ഞു.

കേന്ദ്രവിഹിതം ലഭിച്ചിട്ടില്ല, കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തണം

സംസ്ഥാനങ്ങളിലെ മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണം മുന്‍കാലങ്ങളില്‍ കേന്ദ്രസഹായ പദ്ധതിയായാണ് നടപ്പാക്കിയിരുന്നത്. 50 മുതല്‍ 75 ശതമാനം വരെ കേന്ദ്ര സര്‍ക്കാര്‍ സഹായംനല്‍കിയിരുന്നു. പിന്നീട് ഇതില്‍ കുറവ് വന്നു. ഈ സാഹചര്യത്തില്‍ ഹാര്‍ബര്‍ ഉള്‍പ്പെടെയുള്ള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം തനത് രീതിയില്‍ തന്നെ പണം കണ്ടെത്തേണ്ടതായി വരുന്നു. കേന്ദ്രം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് യാഥാര്‍ത്ഥ്യത്തില്‍ തിരുത്തേണ്ടതാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വിഘാതമായാണ് ഇത് മൂലം വരുന്നത്. തീരദേശത്തെ പശ്ചാത്തലസൗകര്യവികസനത്തിനായി ചെലവഴിച്ച 17.80 കോടി ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ 57.14 കോടി കേന്ദ്രവിഹിതം ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. അതിനാലാണ് മുന്‍കൂറായി പണം ചെലവഴിച്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്.

കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന് 2005ല്‍ ഭരണാനുമതി ലഭിച്ചിരുന്നു. 2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഥമ മുന്‍ഗണനയോടെ പ്രധാന നിര്‍മാണമായ പുലിമുട്ട് ആ കാലത്ത് തന്നെ സമയബന്ധിതമായി പൂര്‍ത്തിയാക്കി. പിന്നീട് അഞ്ച് വര്‍ഷം ഇതുമായി ബന്ധപ്പെട്ട് തുടര്‍പ്രവര്‍ത്തനം നടന്നുവെന്നത് സംശയമാണ്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷമാണ് തുറമുഖവുമായി ബന്ധപ്പെട്ട തടസങ്ങള്‍ മാറ്റുന്നതിനും പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനും സാധിച്ചത്. 66.07 കോടി രൂപ ചിലവിലായിരുന്നു ഇത് നിര്‍മിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് ഇത് ഉപകാരപ്പെടും.  മണ്‍സൂണ്‍ കാലത്തുണ്ടാവുന്ന പ്രതികൂലാവസ്ഥയിലും മത്സ്യബന്ധനം  നടത്താന്‍ ഇത് സഹായകരമാവും. പ്രക്ഷുബ്ധമാകുന്ന അവസരത്തില്‍ യാനങ്ങള്‍ സുരക്ഷിതമായി നങ്കൂരമിടാന്‍ ഇത് സഹായിക്കും. കമ്മീഷന്‍ ചെയ്യുന്നതോടെ 500 കോടി രൂപ വിലമതിക്കുന്ന ഇരുപതിനായിരും ടണ്‍ മത്സ്യോല്‍ാപദനത്തിലന് സാഹചര്യമുണ്ടാവും. മഞ്ചേശ്വരം 2014ലാണ് പദ്ധതിക്ക് തുടക്കമായത്. പദ്ധതിയുടെ നിര്‍മാണം ഈ സര്‍ക്കാരിന്റെ കാലത്ത് അതിവേഗത്തില്‍ മുന്നേറി. 48.13 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. 250 കോടി രൂപ വിലമതിക്കുന്ന പതിനായിരം ടണ്‍ മത്സ്യോല്‍പാദനത്തിന് സാഹചര്യമുണ്ടാവും. കോവിഡ്മഹാമാരിയുടെ വിഷമഘട്ടത്തിലും വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി തന്നെ തീര്‍ക്കേണ്ടതുണ്ട്. കോവിഡിനെ കൂട്ടായി പ്രതിരോധിച്ച് വ്യാപനം കുറക്കണം. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ എല്ലാ പിന്തുണയുമുണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.


മത്സ്യബന്ധനമേഖലയ്ക്ക് ഊര്‍ജം പകരും-റവന്യു മന്ത്രി

മഞ്ചേശ്വരത്ത് മത്സ്യബന്ധന തുറമുഖം യാഥാര്‍ത്ഥ്യമായതോടെ തീരദേശ മേഖലയുടെ വികസനത്തിന് വളരെ വലിയ ഊര്‍ജം ലഭിക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുമ്പള മുതല്‍ തലപ്പാടി വരെയുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് വളരെ വലിയ നേട്ടമാണ് കൈവന്നിരിക്കുന്നത്. മത്സ്യബന്ധനത്തിലേര്‍പ്പെട്ട് സുരക്ഷിതമായി തിരിച്ചെത്താന്‍ സാധിക്കും.  പ്രതികൂല സാഹചര്യങ്ങളിലുള്ള ആശങ്കയ്ക്ക് പരിഹാരമാവുമെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതത്വം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം തൊഴിലാളികള്‍ക്ക് എന്ത് കൊണ്ടും അനുഗ്രഹമായിരിക്കുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു.

പ്രതിസന്ധി കാലത്ത് കേരളക്കരയെ പ്രളയത്തില്‍ നിന്നും രക്ഷിക്കാന്‍ മുന്നോട്ട് വന്ന ധീരതയുടെ പ്രതീകമായ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി തൊഴിലിലേര്‍പ്പെടാന്‍ തുറമുഖം വഴിയൊരുക്കുമെന്നും എംപി പറഞ്ഞു. തുറമുഖം യാഥാര്‍ത്ഥ്യമായതോടൊപ്പം അനുബന്ധ പദ്ധതി പ്രവര്‍ത്തനങ്ങളും നടത്തേണ്ടതുണ്ടെന്നും കക്ഷിരാഷ്ട്രീയ ബേധമന്യെ എല്ലാവരും മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്നും എം സി കമറുദ്ദീന്‍ എംഎല്‍എ പറഞ്ഞു.














Keywords: Kasaragod, news, Kerala, Manjeshwaram, fishermen, fisher-workers, inauguration, Rajmohan Unnithan, E.Chandrashekharan, CM inaugurates Manjeswaram fishing port

Post a Comment