Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐ സുബ്ബയ്യ റൈ കെ പി സി സി സെക്രട്ടറി; റൈ ചരിത്രത്തുടർച്ച നൽകി കോൺഗ്രസ്

കാസർകോട് മുൻ എം പിയും എ ഐ സി സി അംഗവും ഡി സി സി പ്രസിഡണ്ടുമായിരുന്ന ഐ രാമറൈയുടെ മകനാണ് സുബ്ബയ്യ റൈ When Subbayya Rai becomes KPCC General Secretary #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

കാസർകോട്: (www.kasargodvartha.com 14.09.2020) അഡ്വ. സുബ്ബയ്യ റൈക്ക് കെ പി സി സി സെക്രട്ടറി പദവി നൽകിയതിലൂടെ കോൺഗ്രസ് രാഷ്ട്രീയത്തിലെ റൈ ചരിത്രത്തിന് തുടർച്ചയേകി. കാസർകോട് മുൻ എം പിയും എ ഐ സി സി അംഗവും ഡി സി സി പ്രസിഡണ്ടുമായിരുന്ന ഐ രാമറൈയുടെ മകനാണ് സുബ്ബയ്യ റൈ. മുൻ എം പിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. എം രാമണ്ണ റൈയുടെ മരുമകൻ കൂടിയാണ് ഇദ്ദേഹം.

പാർട്ടി നൽകിയ പരിഗണനയിൽ സന്തോഷമുണ്ടെന്ന് സുബ്ബയ്യ റൈ പറഞ്ഞു. മംഗളൂറു ബാറിൽ അഭിഭാഷകനാണെങ്കിലും കർണ്ണാടക രാഷ്ട്രീയവുമായി തനിക്ക് ബന്ധമില്ല. കർഷക കുടുംബത്തിലാണ് ജനിച്ചത്. കാസർകോട് ബന്തിയോട് ഇച്ചിലങ്കോട്ട് കൃഷിയിലും കാസർകോട്ട് പൊതുരംഗത്തും കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണയുൾപ്പെടെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയ വേളകളിൽ കാസർകോട് മണ്ഡലത്തിലേക്ക് ഉയർന്നുകേൾക്കുകയും ജലരേഖയാവുകയും ചെയ്യുന്ന പേരാണ് സുബ്ബയ്യ റൈയുടേത്. ആ പേര് വെട്ടിയാണ് സിറ്റിംഗ് എം പി രാജ്മോഹൻ ഉണ്ണിത്താൻ വന്നത്.

എ ഐ സി സി അംഗം,1984 ൽ കാസർക്കോട് എം പി, ജില്ല കോൺഗ്രസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ച ഐ രാമറൈയുടെ മകനായ സുബ്ബയ്യ റൈ കോൺഗ്രസിൽ ഇപ്പോൾ സജീവ സാന്നിധ്യമാണ്. 2010 ഡിസംബറിൽ എൺപതാം വയസ്സിലാണ് രാമറൈ നിര്യാതനായത്. 1984ൽ ഉൾപ്പെടെ കോൺഗ്രസ്സിലെ രാമറൈയും സി പി എമ്മിന്റെ എം രാമണ്ണ റൈയും തമ്മിൽ കാസർക്കോട് ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചുപോന്നതായിരുന്നു തെരഞ്ഞെടുപ്പ് രാഷ്ട്രീയം. രാമണ്ണ റൈ മൂന്ന് തവണ എം പിയാവുകയും കോൺഗ്രസ് റൈയുടെ മകൻ സുബ്ബയ്യയും കമ്മ്യൂണിസ്റ്റ് റൈയുടെ മകൾ പുഷ്പലതയും തമ്മിൽ വിവാഹിതരാവുകയും ചെയ്തതോടെയാണ് റൈ പോരിന് വിരാമമായത്.

1989 നവംബർ 11ലെ തെരഞ്ഞെടുപ്പിലാണ് റൈമാർ തമ്മിൽ ഒടുവിൽ മത്സരിച്ചത്. റാമണ്ണറൈ 3,58,723 വോട്ടുകൾ നേടി വിജയിക്കുകയും രാമറൈക്ക് 3,57,177 വോട്ടുകൾ നേടാനാവുകയും ചെയ്ത ആ തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് പരാജിതൻ ഹൈക്കോടതി കയറുകയും ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബെഞ്ച് 1990 ജൂലൈ 13ന് തെരഞ്ഞെടുപ്പ് ഹരജി തള്ളുകയും ചെയ്തിരുന്നു. 2009 ഒക്ടോബറിലാണ് എഴുപത്തി ഒമ്പതാം വയസ്സിൽ രാമണ്ണ റൈ നിര്യാതനായത്.



ഉമ്മൻ ചാണ്ടി സർക്കാർ ഭരണത്തിൽ തുളു അക്കാദമി ചെയർമാനായിരുന്നു സുബ്ബയ്യ റൈ. കെ പി സി സി അംഗമായിരിക്കെയാണ് തുളുനാട്ടിൽ നിന്ന് ഭാഷാ ന്യൂനപക്ഷ പ്രതിനിധിക്ക് പാർട്ടിയിൽ സ്ഥാനക്കയറ്റം. കൈവിട്ടുപോവുമെന്ന് കരുതിയ കരുതലുകൾ കോൺഗ്രസിന്റെ കോർത്തുപിടിത്തത്തോടെ കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സങ്കര കുടുംബത്തിൽ സന്തോഷം നിറക്കുകയാണ്.

ഭാഷ, ഗ്രൂപ്പ്, ന്യൂനപക്ഷ പരിഗണനകളോടെ നേരത്തേയുള്ള കെ നീലകണ്ഠൻ കൂടാതെ എം അസിനാർ, പെരിയ ബാലകൃഷ്ണൻ എന്നിവരും കാസർക്കോട് ജില്ലയിൽ നിന്ന് കെ പി സി സി സെക്രട്ടറിമാരായി.

Keywords: Kasaragod, Kerala, News, Leader, Congress, CPM, KPCC, When Subbayya Rai becomes KPCC General Secretary
< !- START disable copy paste -->

Post a Comment