കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2020) കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ തീരത്ത് കടൽ പച്ച നിറമായി മാറുന്ന പ്രതിഭാസം. സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെല്ലാം ഇത് വ്യാപകമാകുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം കൊച്ചിയുടെ തീരങ്ങളിൽ ഇത് കണ്ടെത്തിയിരുന്നു. പിന്നീട് ആലപ്പുഴയിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ കാസർകോട് കാഞ്ഞങ്ങാട് പുഞ്ചാവിയിലും കടലിൻ്റെ നിറം പച്ചയായി കാണപ്പെടുന്നു.
കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് കടൽ പച്ച നിറത്തിലേക്ക് വഴി മാറാൻ കാരണമെന്ന് കുസാറ്റ് മറൈൻ ബയോളജി വിഭാഗം മേധാവി ഡോ. ബിജോയി നന്ദൻ വെളിപ്പെടുത്തിയിട്ടുണ്ട്. ആൽഗകളുടെ ഈ പ്രതിഭാസത്തെ ആൽഗൽ ബ്ലും എന്നാണ് വിളിക്കുന്നത്. പച്ച നിറത്തിൽ കാണപ്പെടുന്നത് കടലിൽ വളരുന്ന അതീവ വിഷാംശം അടങ്ങിയ മാരകമായ ആൽഗകൾ ആണ് ഇത്. ഈ ആൽഗകൾ അടങ്ങിയ കടൽ വിഭവങ്ങൾ മനുഷ്യർ ഉപയോഗിച്ചാൽ ജീവന് പോലും ആപത്താണെന്നാണ് വിലയിരുത്തൽ. പ്രകൃതിക്കും മനുഷ്യനും ഒരുപോലെ ഹാനികരമാകുന്ന നിരവധി രാസവസ്തുക്കൾ ഇത്തരം ആൽഗകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
സാധാരണ ഒരു മില്ലിയിൽ വിഷം ഉല്പാദിപ്പിക്കുന്ന 1000 ഷെല്ലുകളാണ് അടങ്ങിയിരിക്കുന്നത്. ആൽഗകൾ കൈകൊണ്ട് എടുക്കുന്നത് പോലും വളരെ ദോഷം ചെയ്യും. നിറം മാറുന്ന പ്രതിഭാസം സർവ സാധാരണയായി കാണപ്പെടുന്നതാണെങ്കിലും കടലിലെ ആവാസ വ്യവസ്ഥ പ്രതികൂലമാണെന്ന സൂചനയും ഈ ആൽഗകൾ നൽകുന്നു. മാരകമായ ആൽഗകൾ വർധിക്കുന്നതിന് പ്രധാന കാരണം അന്വേഷിച്ചാൽ മലിനീകരണമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ കടലിൽ അമിതമായി പോഷകങ്ങൾ അടങ്ങിയാലും ഈ പ്രതിഭാസം ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പഠനങ്ങൾ ഇപ്പോഴും കുസാറ്റിൽ നടക്കുന്നുണ്ട്.

ജലത്തിലെ ഓക്സിജൻ അമിതമായി വലിച്ചെടുക്കാൻ കഴിവുള്ള ആൽഗകൾക്ക് നിമിഷ നേരം കൊണ്ട് തന്നെ ജന്തുജാലങ്ങളെ ഇല്ലായ്മചെയ്യാൻ കഴിയും. പൊതുവേ കടൽ പ്രക്ഷുബ്ധമാകുന്ന സമയങ്ങളിൽ ഹാനികരമായ ആൽഗകൾ അടിത്തട്ടിൽ നിന്നും പുറത്തെത്തും. അത് കടലിൽ മൊത്തമായി വ്യാപിക്കുകയും ചെയ്യും. ഈ പ്രതിഭാസമാണ് തീരപ്രദേശങ്ങളിൽ കണ്ട് വരുന്നത്. ഇത് എത്രനാൾ തുടരുമെന്ന് പറയാൻ കഴിയില്ലെന്നും ഡോ. ബിജോയി നന്ദൻ വ്യക്തമാക്കി.
Keywords: Kerala, News, Kanhangad, Kasaragod, Sea, Science, Green, Color, Harmful, Unusual phenomenon on the coast of the state; The sea is green; Experts say it is harmful.