Join Whatsapp Group. Join now!
Aster MIMS 10/10/2023

ബംഗളൂറുവില്‍ എന്‍ ഐ എ ഓഫീസ് സ്ഥാപിക്കണം തേജസ്വി സൂര്യ അമിത് ഷായെ കണ്ടു

യുവമോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനത്ത് അവരോധിതനായതിന് തൊട്ടുപിറകെ ബംഗളൂറുവില്‍ എന്‍ ഐ എ ഓഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തേജസ്വി സുര്യ എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ കണ്ട് നിവേദനം നല്‍കി Tejaswi Surya met Amit Shah to set up an NIA office in Bangalore #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മംഗളൂറു: (www.kasargodvartha.com 27.09.2020) ബംഗളൂറു അക്രമം മുന്‍നിറുത്തി എസ് ഡി പി ഐക്കെതിരെ കേന്ദ്ര, കര്‍ണ്ണാടക സര്‍ക്കാറുകള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് ആക്കം. യുവമോര്‍ച്ച ദേശീയ അധ്യക്ഷ സ്ഥാനത്ത് അവരോധിതനായതിന് തൊട്ടുപിറകെ ബംഗളൂറുവില്‍ എന്‍ ഐ എ ഓഫീസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തേജസ്വി സുര്യ എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡല്‍ഹിയില്‍ കണ്ട് നിവേദനം നല്‍കി. ആഗസ്റ്റ് 11ന് ബംഗളൂറു ഡി ജെ ഹള്ളി, കെ ജി ഹള്ളി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലുണ്ടായ അക്രമങ്ങളില്‍ ദേശവിരുദ്ധ സംഘടനകളുടെ പങ്കാളിത്തം സംബന്ധിച്ച അന്വേഷണം സുഗമമാക്കാന്‍ എന്‍ ഐ എ ഓഫീസ് സഹായകമാവുമെന്നാണ് തേജസ്വി പറഞ്ഞത്.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ അന്വഷണ ഏജന്‍സി (എന്‍ ഐ എ)ക്ക് ഹൈദരാബാദ്, ഗുവാഹതി, കൊച്ചി, ലക്‌നൗ, മുംബൈ, കൊല്‍ക്കത്ത, റയ്പൂര്‍, ജമ്മു എന്നിവിടങ്ങളിലാണ് നിലവില്‍ ശാഖകളുള്ളത്.


എസ് ഡി പി ഐ കര്‍ണ്ണാടക സംസ്ഥാന സെക്രട്ടറി മുസമ്മില്‍ പാഷ അക്രമം ആസൂത്രണം ചെയ്യാന്‍ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകരുടെ യോഗം വിളിച്ചുവെന്നാണ് എന്‍ ഐ എ പറയുന്നത്. ഡി ജെ ഹള്ളി, കെ ജി ഹള്ളി, പുലകേശി നഗര്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് അക്രമങ്ങള്‍ നടന്നത്. ഈ മുന്‍വിധിയോടെ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വഷണത്തുടര്‍ച്ച.


പൂര്‍ണ്ണ സംവിധാനങ്ങളോടെയുള്ള എന്‍ ഐ എ ഓഫീസ് ബംഗളൂറുവില്‍ സ്ഥാപിക്കും എന്ന ഉറപ്പ് അമിത് ഷാ തേജസ്വിക്ക് നല്‍കിയിട്ടുണ്ട്. അത് എത്രയും വേഗം എന്ന ആഭ്യന്തര മന്ത്രിയുടെ ഉറപ്പില്‍ നന്ദിയുണ്ടെന്ന് തേജസ്വി ട്വീറ്റ് ചെയ്തു.


കര്‍ണ്ണാടകയില്‍ സംഘ്പരിവാറിന്റെ മുഖ്യ ശത്രുവാണ് എസ് ഡി പി ഐയും അനുബന്ധ സംഘടനകളും. ഈ സംഘടന നിരോധിക്കണം എന്നാവശ്യപ്പെട്ട് ബി ജെ പി നടത്തിയ 'മംഗളൂറു ഛലോ' മാര്‍ച്ച് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തടഞ്ഞിരുന്നു. മംഗളൂറുവില്‍ സംഘ്പരിവാറിന്റെ കൊലപാതകങ്ങള്‍ ഉള്‍പ്പെടെ അക്രമങ്ങള്‍ക്ക് തിരിച്ചടിയുണ്ടാവുന്നത് എസ് ഡി പി ഐ ഭാഗത്തുനിന്നാണ്. മംഗളൂറുവില്‍ ഡിസംബര്‍ 19ന് രണ്ട് മുസ്‌ലിം യുവാക്കള്‍ പൊലീസ് വെടിവെപ്പില്‍ മരിക്കാനിടയായ പൗരത്വ പ്രക്ഷോഭവും എസ് ഡി പി ഐ ആസൂത്രണമായിരുന്നുവെന്ന ആരോപണമാണ് സംഘ്പരിവാര്‍ ഉയര്‍ത്തിയത്.


ആഗസ്റ്റ് 11ന്റെ അക്രമവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്ന് മുസ്‌ലിം യുവാക്കളാണ് കൊല്ലപ്പെട്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും സംഘ്പരിവാറും ഒത്തുകളിച്ചാണ് ബംഗളൂറു അക്രമം അന്വേഷണം എന്‍ ഐ എക്ക് കൈമാറാന്‍ അനുകൂല സാഹചര്യം ഒരുക്കിയത്.


യു എ പി എ ചുമത്തിയാണ് ബംഗളൂറു അക്രമക്കേസ് എന്‍ ഐ എ അന്വേഷിക്കുന്നത്. കേന്ദ്ര ദേശീയ ഏജന്‍സിക്ക് അന്വഷണം കൈമാറണമെന്ന സംഘ്പരിവാര്‍ ഹരജി ഹൈക്കോടതി പരിഗണിച്ച വേളയില്‍ കര്‍ണ്ണാടക സര്‍ക്കാറിന്റെ അഡ്വ. ജനറല്‍ പ്രഭുലിംഗ് കെ നവഡ്ഗി ബോധിപ്പിച്ചത് ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറിക്ക് ഇമെയില്‍ അയച്ചുകഴിഞ്ഞുവെന്നായിരുന്നു. ഇതോടെ കേസ് കൈമാറാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ബന്ധിതമായി. ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍ കര്‍ണ്ണാടക ഘടകം ഫയല്‍ ചെയ്ത ഹരജിയില്‍ കൂടി വാദം കേള്‍ക്കാനുള്ള സാവകാശം കോടതിക്ക് നഷ്ടമായി.


കോണ്‍ഗ്രസ് എം എല്‍ എയുടെ അളിയന്‍ പി നവീന്‍ തന്റെ ഫെയ്‌സ് ബുക്കില്‍ പ്രവാചകന്‍ മുഹമ്മദിനെ അവഹേളിച്ച് പോസ്റ്റിടുകയും അതിനെതിരെ ലഭിച്ച പരാതി പൊലീസ് അവഗണിക്കുകയും ചെയ്തതായിരുന്നു അക്രമങ്ങളുടെ മൂലഹേതു. എസ് ഡി പി ഐ മുന്‍നിറുത്തി എന്‍ ഐ എ അന്വേഷണവുമായി മുന്നോട്ടുപോവുകയും ആ സംഘടനയുടെ തീവ്രവാദം, ദേശവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയവ എടുത്തുകാട്ടുകയും ചെയ്യുന്നതിലൂടെ പ്രവാചക നിന്ദയും അതിനെതിരെ വിശ്വാസികളുടെ വികാരവും ഇരുട്ടിലാവുകയാണ്. കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്റലിജന്‍സിന്റെ പരാജയവും പൊലീസിനെ കയറൂരി വിട്ട ആഭ്യന്തര മന്ത്രിയുടെ നടപടിയും തുറന്നുകാട്ടാനുള്ള അവസരവും നഷ്ടമാവുന്നു. പൊലീസ് ഭീകരവാഴ്ചയുടെ ഇരകളായ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഭവത്തിന്റെ മറുപുറം വായിച്ചവര്‍ ഏറെയുണ്ടെങ്കിലും അതൊന്നും പരിധിയില്‍ വരാതെ ധിറുതിയില്‍ ചില ലക്ഷ്യങ്ങളിലേക്ക് അന്വേഷണം കൊണ്ടുപോവുകയാണ്.


Keywords: Mangalore, Karnataka, News, BJP, Congress, BJP, Government, Yuvamorcha, Minister, Tejaswi Surya met Amit Shah to set up an NIA office in Bangalore

Post a Comment