Join Whatsapp Group. Join now!
Aster MIMS 10/10/2023

ഐ എല്‍ ജി എം എസ് ഇ-ഗവേണന്‍സ് രംഗത്ത് പുതിയ കാല്‍വെപ്പ്: മുഖ്യമന്ത്രി

New step in ILGMS E-governance: CM #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തക
കാസർകോട്: (www.kasargodvartha.com 28.09.2020) അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണരംഗത്തും രാജ്യത്തിന് മാതൃകയായ സംസ്ഥാനം ഇ ഗവേണന്‍സ് രംഗത്ത് പുതിയ കാല്‍വെപ്പാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടികളുടെ ഭാഗമായി 150 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി പൂര്‍ത്തിയായ സോഫ്റ്റ്വെയര്‍ ആദ്യ ഘട്ടത്തില്‍ 150 ഗ്രാമ പഞ്ചായത്തുകളിലാണ് നടപ്പിലാക്കുന്നത്. തുടര്‍ന്ന് കേരളത്തിലെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായും സുതാര്യമായും ലളിതമായും ലഭ്യമാക്കുന്നതിനുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ സാക്ഷാത്കാരമാണ് ഐഎല്‍ജിഎംഎസ് പദ്ധതി.പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200 ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിലൂടെ സാധ്യമാകുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ഈ വെബ് അധിഷ്ടിത സംവിധാനം സഹായിക്കും. ഓപ്പണ്‍ സോഴ്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനമായതിനാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഫീ ഇനത്തില്‍ വരുന്ന വലിയ തുക ഒഴിവായിക്കിട്ടും. കൂടാതെ വിവരങ്ങളും സുരക്ഷിതമായിരിക്കും.

1957ലെ അധികാര വികേന്ദ്രീകരണത്തിനായുള്ള സമഗ്രനിയമം മുതല്‍ ജനകീയാസൂത്രണം വരെയും രാജ്യത്തിന് മാതൃകയാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ളത്. ഇതിന്റെ തുടര്‍ച്ചയായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ ജനസൗഹൃദമാക്കുകയും സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. ഫ്രണ്ട് ഓഫീസെന്ന ആശയം പഞ്ചായത്തുകളിലെ സേവനങ്ങളില്‍ വലിയമാറ്റമാണുണ്ടാക്കിയത്. പിന്നീട് പലഘട്ടങ്ങളിലൂടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ പഞ്ചായത്തുകളെ ഇ-നെറ്റ്‌വര്‍ക്കുകളുടെ ഭാഗമാക്കുന്നതിലേക്കെത്തി.

ഇത് കൂടുതല്‍ ഫലപ്രദമാക്കുന്നതിനാണ് പുതിയ സംവിധാനമൊരുക്കുന്നത്. കോവിഡിനെതിരേ മഹാപ്രതിരോധം തീര്‍ക്കുന്ന ഘട്ടത്തിലും ജനകീയാസൂത്രണ പ്രക്രയി മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ജില്ലയിലെ പത്ത് പഞ്ചായത്തുകളില്‍ ഐഎല്‍ജിഎംഎസ് പദ്ധതി ആരംഭിച്ചു
സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസമില്ലാതെയും സുതാര്യമായും ജനങ്ങളിലേക്കെത്തിക്കാനുള്ള ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐഎല്‍ജിഎംഎസ്) പദ്ധതി ജില്ലയിലെ പത്ത് ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ചു. സര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടികളുടെ ഭാഗമായി 150 ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്ദീന്‍ അധ്യക്ഷത വഹിച്ചു.

ജനകീയാസൂത്രണത്തിന്റെ 25ാം വാര്‍ഷികത്തില്‍ കൂടുതല്‍ നേട്ടങ്ങളുമായി മുന്നേറുകയാണ് കേരളമെന്ന് മന്ത്രി എ സി മൊയ്ദീന്‍ പറഞ്ഞു. അധികാരവികേന്ദ്രീകരണത്തില്‍ സംസ്ഥാനം എന്നും രാജ്യത്തിന് മാതൃകയായിട്ടുണ്ട്. ഐഎല്‍ജിഎംഎസ് സംവിധാനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ജനങ്ങളിലേക്കെത്തും. കൂടാതെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലയിലെ തൃക്കരിപ്പൂര്‍, വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, കള്ളാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, മീഞ്ച, മധൂര്‍, പൈവളിഗെ, വോര്‍ക്കാടി എന്നീ പഞ്ചായത്തുകളിലാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. ചില പഞ്ചായത്തുകളില്‍ പരീക്ഷണാര്‍ത്ഥം പദ്ധതി നേരത്തേ ആരംഭിച്ചിരുന്നു. ജനന മരണ രജിസ്ട്രേഷന്‍ അടക്കം ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ലഭ്യമാകുന്ന 200ലധികം സേവനങ്ങള്‍ക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിര്‍ദ്ദേശങ്ങളും ഓണ്‍ലൈന്‍ ആയി അയയ്ക്കുന്നതിനുള്ള സൗകര്യമാണ് ഐഎല്‍ജിഎംഎസിലൂടെ സാധ്യമാകുക. 

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചേംബര്‍ ചെയര്‍മാന്‍ വി കെ മധു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് ആര്‍ സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ. തുളസി ഭായ്, മേയര്‍ കൗണ്‍സില്‍ പ്രസിഡണ്ട് തോട്ടത്തില്‍ രവീന്ദ്രന്‍, ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മെന്‍ വി വി രമേശന്‍, എസ്ആര്‍ജി ചെയര്‍മാന്‍ കെ എന്‍ ഹരിലാല്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രാപഞ്ചായത്ത് ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിന് പഞ്ചായത്ത് അധ്യക്ഷന്മാര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Keywords: Government, Pinarayi-Vijayan, Kasaragod, Panchayath, Inauguration, Thiruvananthapuram, Kerala, Website-inauguration, New step in ILGMS E-governance: CM.

  

Post a Comment