Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ടുകാരുടെ മംഗലാപുരം ചികിത്സയും ആരോഗ്യ വിശേഷങ്ങളും

കാസർകോടിൻ്റെ ആരോഗ്യരംഗത്തെ ദയനീയാവസ്ഥ കൊറോണ ആഗമന കാലത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. Mangalore treatment and health news of Kasaragod people
- സ്വിദ്ദീഖ് നദ് വി ചേരൂർ

(www.kasargodvartha.com 26.09.2020) കാസർകോട്ടുകാരുടെ ആരോഗ്യം ചിലരുടെ സൗമനസ്യത്തിനും സഹാനുഭൂതിക്കും മുന്നിൽ പണയപ്പെട്ടു കിടക്കുകയാണോ?

കാസർകോടിൻ്റെ ആരോഗ്യരംഗത്തെ ദയനീയാവസ്ഥ കൊറോണ ആഗമന കാലത്ത് വലിയ ചർച്ചാ വിഷയമായിരുന്നു.

എല്ലു രോഗത്തിനും പല്ലു രോഗത്തിനും വരെ മംഗലാപുരത്തെ ആശ്രയിക്കാൻ വിധിക്കപ്പെട്ടവർ അക്കാലത്ത് കർണാടക അതിർത്തി റോഡുകൾ മണ്ണിട്ട് മൂടിയതിൻ്റെ പേരിൽ അനുഭവിച്ച കഷ്ട - നഷ്ടങ്ങൾ വിവരണാതീതമായിരുന്നു. നിരവധി ഹതഭാഗ്യർ കർണാടക സർക്കാറിൻ്റെ നിഷേധാത്മക നിലപാടിൻ്റെ ഫലമായി ചികിൽസ കിട്ടാതെ മരണമടയുന്ന അവസ്ഥയുണ്ടായി.


കൂടാതെ കോവിഡ് ബാധയിലും ആരംഭകാലത്ത് കാസർകോട്, സംസ്ഥാനത്തെ ശരാശരിയുടെ മുകളിലായതിൻ്റെ പേരിൽ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. പിന്നിട് വൈകിയാണ് തലസ്ഥാനം അടക്കമുള്ള മറ്റു ജില്ലകൾ ആ സ്ഥാനം തട്ടിയെടുത്തതും കാസർകോട് പിന്നാക്കം പോയതും.

അക്കാലത്ത് കാസർകോട്ടുകാരുടെ ദുരിതവും നിസ്സഹായവസ്ഥയും കണ്ട് 'മനസലിഞ്ഞവർ ' പലരും പ്രദേശത്തുകാരെ സഹായിക്കാനുള്ള പല പദ്ധതികളുമായി മുന്നോട്ട് വന്നു. മോഹന വാഗ്ദാനങ്ങളുടെ പെരുമഴ തന്നെയുണ്ടായി. മെഡിക്കൽ കോളേജുകളുടെയും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെയും ഓഫറുകൾ കണ്ടു പലരും അമ്പരന്നു. ഇതൊക്കെ ഉൾക്കൊള്ളാൻ പ്രദേശത്തെ സ്ഥലസൗകര്യങ്ങൾ മതിയാകുമോ? അതോ, കാസർകോടിനെ സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബ് ആക്കാനുള്ള പുറപ്പാടാണോ?

നാട്ടുകാരായ പല പ്രമാണിമാരും പൗരപ്രമുഖരും ദിവസേന മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് വൻകിട പദ്ധതികളുടെ വിശദാംശങ്ങൾ പ്രഖ്യാപിക്കാനായിരുന്നു. ഇപ്പോൾ മാസങ്ങൾ പിന്നിട്ട ശേഷം അതിലേക്ക് തിരിഞ്ഞു നോക്കി പലരും ഊറിച്ചിരിക്കുന്നുണ്ടാകും. രാഷട്രീയ പാർട്ടികളുടെ വാഗ്ദാനങ്ങളുടെ വായ്ത്താരികൾ കണ്ടു ശീലച്ചവർ ഇപ്പോൾ വ്യവസായികളുടെ വാഗ്ദാനങ്ങളും അതേ നിസ്സംഗതയോടെ സ്വീകരിക്കാൻ പഠിച്ചു വരുന്നു.

എന്നാൽ അക്കാലത്ത് തന്നെ ജില്ലാ കലക്ടർ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ വന്നു ടാറ്റാ ഗ്രൂപ്പിൻ്റെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കാസർകോട്ടുകാർക്ക് നൽകാൻ തീരുമാനിച്ച വിവരം അറിയിക്കുകയുണ്ടായി. 60 കോടി രൂപ ചെലവിൽ 540 കിടക്കകളുള്ള വൻകിട ഹോസ്പിറ്റൽ പുതിയ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ച് നാല് മാസം കൊണ്ട് പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കുമെന്ന് കൂടി പറഞ്ഞപ്പോൾ ജനങ്ങൾക്ക് വലിയ പ്രതീക്ഷയും ആശ്വാസവുമായി. പദ്ധതി നടപ്പാക്കുന്നത് Sറ്റാ ഗ്രൂപ്പാണെന്നതും നിർമാണ പ്രവർത്തികൾക്ക് കളമൊരുക്കുന്നത് ജില്ലാ ഭരണകൂടമാണെന്നതും അവരിൽ കൂടുതൽ ആത്മവിശ്വാസം നൽകി.

പറഞ്ഞത് പോലെ അവർ വാക്ക് പാലിച്ചു. ആശുപത്രിയുടെ പണി പൂർത്തിയാക്കി സെപ്തംബർ 10 ന് അവർ ജില്ലാ ഭരണകൂടത്തിന് കൈമാറി.

പക്ഷെ, അതിന് ശേഷം ആഴ്ചകൾ കഴിഞ്ഞിട്ടും ആ പദ്ധതി എങ്ങനെ ജനങ്ങൾക്ക് ഉപകാരപ്പെടും എന്ന കാര്യത്തിൽ വ്യക്തത വന്നില്ല. മറ്റു പല സർക്കാർ പദ്ധതികളുമെന്ന പോലെ ഉപയോഗശൂന്യമായി പൊടിപിടിച്ചു നോക്കുകുത്തിയായി മാറാനാണോ ഇതിൻ്റെയും വിധിയെന്ന് ഇപ്പോഴും പറയാനാവാത്ത സ്ഥിതിയാണ്.

ടാറ്റാ നിർമിച്ചു നൽകിയെങ്കിലും ഇത് നടത്തിക്കൊണ്ട് പോകേണ്ട ചുമതല സർക്കാറിനാണ്. സർക്കാറാണെങ്കിൽ കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ നട്ടം തിരിയുകയാണ്. സ്വന്തം അനുയായികളെ ക്രിമിനൽ കേസുകളിൽ നിന്ന് രക്ഷപ്പെടുത്താൻ വക്കീലുമാരെ തരപ്പെടുത്താനും കേമത്തം കാണിക്കാൻ പി ആർ കമ്പനികൾക്ക് നൽകാനും തന്നെ പണമില്ലാതെ പ്രയാസപ്പെടുന്ന ഘട്ടത്തിൽ ഇത്തരം സേവന കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കാൻ അവർക്കെവിടെ ഫണ്ട്?

കൂടാതെ മാസങ്ങൾക്കകം സർക്കാരിൻ്റെ കാലാവധി തീരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് കാര്യം നടന്നില്ലെങ്കിൽ പിന്നെ അടുത്തൊന്നും അത് തുറന്ന് കിട്ടാൻ പോകുന്നില്ല. അങ്ങനെ പുതുമ മാറും മുമ്പേ തുരുമ്പെടുക്കാനായിരിക്കുമോ ആ കെട്ടിട സമുച്ചയത്തിൻ്റെ ഗതി?

അപ്പുറത്ത് കഴിഞ്ഞ സർക്കാർ കാലാവധി തീരുന്നതിന് തൊട്ട് മുമ്പ് പണി തുടങ്ങിയ ഉക്കിനടുക്ക മെഡിക്കൽ കോളേജിൻ്റെ അവസ്ഥ നാം കണ്ടതാണ്. വർഷം അഞ്ച് കഴിഞ്ഞിട്ടും പൂർണർത്ഥത്തിൽ മെഡിക്കൽ കോളേജ് ആകുന്നതിന് പകരം കോവിഡ് രോഗികൾക്കുള്ള താൽക്കാലിക സത്രമായി തുടരാനാണ് ഇപ്പോഴും ആ പദ്ധതിയുടെ യോഗം. കാസർകോട്ടുകാർക്ക് അത്രയൊക്കെ മതിയെന്ന പാരമ്പര്യ രോഗമായിരിക്കാം ഇതിൻ്റെ പിന്നിൽ.

ഇങ്ങനെ കാസർകോടിൻ്റെ ശാപമോക്ഷത്തിന് ഉപകരിക്കാൻ സാധ്യതയുള്ള ഓരോ നീക്കവും സാങ്കേതി കത്വത്തിൻ്റെയും അവജ്ഞയുടെയും കെടുകാര്യസ്ഥതയുടെയും പാറക്കല്ലിൽ തട്ടി പൊട്ടിപ്പൊളിയുന്ന സ്ഥിതിയാണ് നാട്ടുകാർക്ക് പറയാനുള്ളത്. വലിയ കാര്യങ്ങൾ സ്വപ്നം കാണാനും കടുത്ത ഇല്ലായ്മകൾക്ക് മുന്നിൽ പകച്ചു നിൽക്കാനും വിധിക്കപ്പെട്ടവരാണ് കാസർകോട്ടുകാർ. പ്രത്യേകിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും.

ആഴ്ചകൾക്ക് മുമ്പ് ഒരു ന്യൂറോളജിസ്റ്റിനെ കാണിക്കേണ്ട ആവശ്യം വന്നു. കാസർകോട് അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു സ്പെഷ്യലിസ്റ്റ് ഇവിടെ ഇല്ല. കാഞങ്ങാട് പരിചയമുള്ള ഒന്ന് - രണ്ട് പേരോട് അന്വേഷിപ്പിച്ചു. അവിടെയും ഇല്ലെന്നാണ് മറുപടി. പിന്നെ ആഴ്ചയിൽ ഒരു ദിവസം മംഗലാപുരത്ത് നിന്ന് വന്നു മണിക്കൂറുകൾക്കിടയിൽ രണ്ട് - മൂന്ന് ആശുപത്രികളിൽ തിരുദർശനം നൽകി തിരിച്ചു പോകുന്ന ഒരു ന്യൂറോ സ്പെഷ്യലിസ്റ്റാണ് എല്ലാവരുടെയും ആശ്രയം. അതും ഇരു സംസ്ഥാനങ്ങളും തമ്മിൽ കൊറോണ സൃഷ്ടിച്ച അതിർത്തി പ്രശ്നങ്ങൾക്ക് അയവ് വന്ന ശേഷം.

അപ്പോൾ കാസർകോടുകാർക്കിടയിൽ 'ഞരമ്പുരോഗികൾ 'ഇല്ലാത്തത് കൊണ്ടാണോ? അതോ ഞരമ്പ് രോഗ വിദഗ്ധരെ തീറ്റിപ്പോറ്റാൻ ജില്ലക്കാർക്ക്
ആവതില്ലാത്തത് കൊണ്ടാണോ? രണ്ടും ആവാൻ വഴിയില്ല. ഇത് ന്യൂറോളജിസ്റ്റിൻ്റെ മാത്രം കാര്യവുമല്ല. ഒരു വിദഗ്ധ ഡോക്ടറും കാസർകോട്ട് പച്ച പിടിക്കില്ല. ക്ലച്ച് പിടിക്കണമെങ്കിൽ മംഗലാപുരത്ത് പ്രാക്ടീസ് തുടങ്ങണം. അവരെ പൊതിയാൻ കാസർകോട്ടെ രോഗികൾ അങ്ങോട്ട് ചെല്ലാൻ റെഡി. അപ്പോഴേ അതിന് ഒരു ഇത് ഉള്ളൂ. മുമ്പേ ഈ നാട്ടുകാർ ശീലിച്ചുപോയതാണ്. ചെറിയ രോഗം വന്നാൽ കാസ്റോട്ട്. കുറച്ചു കടുപ്പമുള്ളതാണെങ്കിൽ മംഗലാപുരം. വലിയ അസുഖമാണെങ്കിൽ മണിപ്പാൽ. ഇപ്പോൾ മണിപ്പാൽ മംഗലാപുരത്ത് സെറ്റിലായെന്ന് മാത്രം.

ആരോഗ്യ രംഗത്ത് പണം നിക്ഷേപിക്കുന്ന കാസർകോട്ടെ വ്യവസായികൾക്കും സ്ഥാപനം മംഗലാപുരത്ത് തന്നെ വേണം. രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും 'റാഹത്ത്' കിട്ടണമെങ്കിലും അങ്ങോട്ട് തന്നെ കെട്ടിയെടുക്കണം. ഈ മനോഭാവം മാറിയാലേ കാസർകോടിന് സ്വയാശ്രയത്വം നേടാൻ കഴിയൂ.

കഴിഞ്ഞ വർഷം മകൻ്റെ അസുഖത്തിൻ്റെ പേരിൽ മംഗലാപുരത്തെ പ്രശസ്ത ന്യൂറോ കേന്ദ്രത്തിൽ ചികിൽസക്ക് പോകേണ്ടി വന്നു. കാസർകോട് എം ആർ ഐ സ്കാനിങ്ങ് (MRI Scanning)  സൗകര്യമുണ്ടായിട്ടും മംഗലാപുരത്തേക്കാണ് ഡോക്ടർ റഫർ ചെയ്തത്. എൽ ഡി ടെസ്റ്റ്(LD Test) കൂടി വേണ്ടിവന്നേക്കാമെന്നാണ് ന്യായം. ഏതാനും മണിക്കൂർ കൊണ്ട് തീർക്കാവുന്ന ടെസ്റ്റുകൾക്കായി രണ്ട് ദിവസം അവിടെ അഡ്മിറ്റ് ചെയ്തു. ഒരു ദിവസം 4000 ൽ പരം രൂപയാണ് റൂം വാടക. ടെസ്റ്റ് ചാർജാണെങ്കിലും ഇവിടത്തേതിലും വളരെ കൂടുതൽ.

കൂടാതെ കേന്ദ്രത്തിലെ പ്രധാന ഡോക്ടർക്ക് ഒരു ദർശനത്തിന് 800 രൂപയാണ് ഫീസ്. അദ്ദേഹം ഓരോ ദിവസവും പ്രഭാത സമയത്ത് പരിവാര സമേതനായി ഒരു എഴുന്നള്ളത്താണ്. അതിൽ ദർശനഭാഗ്യം സിദ്ധിച്ചവരുടെയെല്ലാം ബില്ലിൽ 800 രൂപ ഫീ പതിയും.

എന്നാൽ ഒരു ഉച്ചനേരത്ത് അവിടെ ചെന്ന ഞങ്ങൾക്ക് തുടർന്നുള്ള രണ്ട് പ്രഭാതങ്ങളിലാണ് ആ ഭിഷഗ്വരൻ്റെ തിരുനോട്ടം ലഭിച്ചത്. ഡിസ്ചാർജിനായി കൗണ്ടറിൽ നിന്ന് ഫൈനൽ ബില്ല് കിട്ടിയപ്പോൾ കാൽ ലക്ഷത്തിൽ പരം രൂപയുടെ ബിൽ! ഏതായാലും ഒന്ന് പരിശോധിച്ചു കളയാം എന്ന് തീരുമാനിച്ചു. നോക്കുമ്പോഴുണ്ട് പ്രധാന ഡോക്ടറുടെ ഫീസായി മൂന്ന് വട്ടത്തിന് 2400 രൂപ ചേർത്തിരിക്കുന്നു. അദ്ദേഹം രണ്ട് വട്ടമേ നോക്കിയിട്ടുള്ളൂ എന്ന് എനിക്ക് ഉറപ്പായിരുന്നു. കൗണ്ടറിലെ ജീവനക്കാരനോട് കാര്യം വിശദീകരിച്ചപ്പോൾ അയാൾ കമ്പ്യൂട്ടറിൽ ചെക്ക് ചെയ്ത ശേഷം സീനിയറുമായി ആലോചിച്ചു ബില്ലിൽ മാറ്റം വരുത്തി സോറി പറഞ്ഞു.

ഇത് ചെറിയ ഒരു സാമ്പിൾ. ഇങ്ങനെ എത്ര ബില്ലുകളുടെ കഥ ഓരോരുത്തർക്കും പറയാനുണ്ടാകും? ആരും ശ്രദ്ധിക്കാത്ത കഥകൾ എത്ര ബില്ലുകളിൽ കാണും? അന്യ നാട്ടുകാരല്ലേ, എപ്പോഴെങ്കിലേ കാണൂ. അത് കൊണ്ട് പരമാവധി പോരട്ടെയെന്നാവും വിചാരം. ആരും ചോദിക്കാൻ വരില്ലല്ലോ.

എന്നാലും നമുക്ക് തൃപ്തിയാകാൻ മംഗലാപുരം ചികിൽസ തന്നെ വേണം. നമ്മുടെ ധനികർക്ക് ആശുപത്രികൾ പണിയാൻ ആ പരിസരം തന്നെ വേണം. പിന്നെ നമ്മുടെ നാട് എങ്ങനെ സ്വയം പര്യാപ്തത നേടും? നമ്മുടെ നാട്ടുകാരുടെ ചികിൽസക്കായുള്ള നെട്ടോട്ടത്തിന് എങ്ങനെ വിരാമം കുറിക്കും?


Keywords: Kasaragod, Article, hospital, Mangalore, Treatment, health, Mangalore treatment and health news of Kasaragod people

Post a Comment