കാസർകോട്: (www.kasargodvartha.com 01.09.2020) കുളിച്ചു കുറിതൊട്ട് സാരിയും കസവുമുണ്ടുമുടുത്ത് മാവേലി തമ്പുരാനെ വരവേൽക്കാൻ പൂക്കളവും ഒരുക്കി അവിയലും സാമ്പാറും പപ്പടവും പഴവും പായസവുമടങ്ങുന്ന സദ്യയുമൊരുക്കി പൊന്നോണം നാടെങ്ങും ആഘോഷിച്ചു.
മറ്റു ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുലിക്കളിയോ ഓണക്കളികളോ നാട്ടിലെങ്ങുമുള്ള കലാപരിപാടികളോ ഇല്ലാതെ വീട്ടിൽ ഒതുങ്ങിയ ഓണാഘോഷമാണ് നടന്നത്.
കോവിഡ് മഹാമാരി ഓണത്തിന്റെ തിളക്കത്തിനു മങ്ങലേൽപ്പിച്ചെങ്കിലും നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് എല്ലാവരും ഓണാഘോഷം വീടുകളിൽ നടത്തി. കോറോണക്കാലത്തെ ഓണമായതിനാൽ 'കോറോണം' എന്ന പുതിയ വാക്കും പുതിയ രീതിയും ഉടലെടുത്തു. സർക്കാരിന്റെയും മറ്റ് രാഷട്രീയ സന്നദ്ധ സംഘടനകളുടെയും ഓണക്കിറ്റുകൾ ലഭിച്ചത് ദുരിതകാലത്ത് തെല്ലൊരു ആശ്വാസമായി. പട്ടിണിയിലാത്ത എന്നാൽ ആഘോഷങ്ങൾ പരിമിതമായ സന്തോഷത്തിന്റെ പൊന്നോണമാണ് കഴിഞ്ഞു പോയത്.
കുമ്പള മീപ്പിരി സെന്ററിലെ ഓണാഘോഷം
കുമ്പള: ഓണം വിപണന മേള നടന്ന് കൊണ്ടിരിക്കുന്ന കുമ്പള മീപ്പിരി സെന്ററിൽ തിരുവോണത്തോടനുബന്ധിച്ച് ഓണാഘോഷം നടന്നു. മീപിരി സെന്ററിലെ വ്യാപാരികൾക്കും, ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഓണസദ്യയും ഏർപ്പെടുത്തി. പരിപാടി കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർ ഡോക്ടർ സുഹൈബ് തങ്ങൾ, സി പി എം ഏരിയാ സെക്രട്ടറി സി എ സുബൈർ, അഷ്റഫ് കാർളെ, അഡ്വ. ഉദയ കുമാർ, ഖലീൽ മാസ്റ്റർ, മൂസ പേരൂർ, അഷ്റഫ് കൊട്ടൂടൽ, ഹമീദ് കാവിൽ, മുഹമ്മദ് സ്മാർട്ട്, അബ്ദുൽ ലത്വീഫ് കുമ്പള, നിയാസ്, കെ എം അബ്ബാസ്, അറബി ബ്രൈറ്റ് ലുക്ക്, ആരിഫ് സംബന്ധിച്ചു. ഇബ്രാഹിം ബത്തേരി അധ്യക്ഷത വഹിച്ചു. മൂസ മൊഗ്രാൽ സ്വാഗതവും അഡ്വ. ഉദയ കുമാർ നന്ദിയും പറഞ്ഞു.

ഓണനാളിൽ പുടവയും കിറ്റും നൽകി ബി എ ആർ എച്ച് എസ് എസ് യൂണിറ്റ് എൻ എസ് എസിൻ്റെ ഓണാഘോഷം
മുളിയാർ: ഒരുമയുടെ ഓണനാളിൽ കരുണയുടെ കുട പിടിച്ച് ബോവിക്കാനം ബി എ ആർ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. നിർദ്ധന കുടുംബങ്ങൾക്കും, എൻഡോസൾഫാൻ രോഗബാധിതർക്കും ഭക്ഷ്യധാന്യ കിറ്റ്, ഓണപുടവ എന്നിവ വിതരണം ചെയ്താണ് ആഘോഷിച്ചത്.
ഗ്രാമ പഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് എ ബി കലാം അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ- ഓർഡിനേറ്റർ എ കെ പ്രീതം സ്വാഗതം പറഞ്ഞു. പ്രധാന അധ്യാപകൻ അരവിന്ദാക്ഷൻ നമ്പ്യാർ, എൻ എസ് എസ്,
പി എ സി മെമ്പർ മണികണ്ഠൻ, ലാബ് അസിസ്റ്റൻ്റ് രാജേഷ്, വളണ്ടിയർമാരായ വിമൽ, അശ്വിൻ നമ്പ്യാർ, സുഫിയാൻ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Onam-2020, Onam Celebration, House, Help, Food, Kerala celebrated Onam