Join Whatsapp Group. Join now!
Aster MIMS 10/10/2023

ഞാനും ഡ്രെെവറാണ് പക്ഷെ നോ എക്‌സ്‌ക്യൂസ്

റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനുവേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ളതാണ് ട്രാഫിക് നിയമങ്ങൾ I'm a driver too but no excuses
ബി എം പട്ല

(www.kasargodvartha.com 05.09.2020) റോഡ് ഗതാഗതം സുഗമവും അപകടരഹിതവുമാക്കുന്നതിനുവേണ്ടി ആവിഷ്ക്കരിച്ചിട്ടുള്ളതാണ് ട്രാഫിക് നിയമങ്ങൾ. ഇന്ത്യന്‍ ഗതാഗത നിയമങ്ങള്‍ വളരെയേറെ സുരക്ഷിതവും അപകടരഹിതവുമായതുമാണ്. പക്ഷെ നിയമങ്ങളില്‍ പലതും വെറും കടലാസിലൊതുങ്ങന്നതായിട്ടാണ് കാണാന്‍ കഴിയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതും ഈ നിയമങ്ങള്‍ യഥാവിധി പാലിക്കാത്തത് കൊണ്ടെന്നുളളത് ഒരു വസ്തുതയാണ്.

റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ നിബന്ധനകളെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കേതാണ്. ഡ്രൈവർമാർ മറ്റു വാഹനങ്ങളിൽ നിന്നുള്ള സിഗ്നലുകൾ ശ്രദ്ധിക്കുകയും സിഗ്നലുകൾ നൽകി മറ്റു വാഹനങ്ങളെ സഹായിക്കുകയും വേണം. റോഡിന്റെ സ്ഥിതിയെ സംബന്ധിച്ച സൂചനാ ബോർഡുകൾ മനസ്സിലാക്കിയിട്ടേ വാഹനങ്ങൾ ഓടിക്കുവാൻ പാടുള്ളൂ.

റോഡ് അപകടങ്ങൾ ഒഴിവാക്കുന്നതിൽ ട്രാഫിക് പൊലീസുകാരുടെ സേവനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നുണ്ടങ്കിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും വെറും നോക്കു കുത്തികളാകുന്ന കാഴ്ച്ചകളും വിരളമല്ല. കാസർകോട്ടെ സ്ഥിതിയും മറിച്ചല്ല. ട്രാഫിക്ക് പരിഷ്ക്കാരം തെല്ലും നടപ്പിലാക്കാത്ത ഒരു ജില്ലാ ആസ്ഥാനമുണ്ടങ്കില്‍ അത് നമ്മുടെ കാസർകോട് നഗരമായിരിക്കാം.

നഗരത്തിന്‍റെ ഹൃദയ ഭാഗവും തിരക്കേറിയതുമായ മുബാറക് പളളിയുടെ മുമ്പിലുളള പ്രധാന റോഡില്‍ ഒരു സീബ്ര ലെെനുണ്ട്. ഇവിടന്ന് നിന്നും ഇരുവശത്തേക്കും കടക്കാന്‍ കാല്‍നടയാത്രക്കാര്‍ പാട്പെടുന്ന കാഴ്ച്ച സാധാരണമാണ്. ഒരു എസ്ക്യൂസുമില്ലാതെ അമിത വേഗതയില്‍ കാതടിപ്പിക്കുന്ന ശബ്ദത്തില്‍ തലങ്ങും വിലങ്ങും ഹോണടിച്ചു പോകുന്ന വാഹനങ്ങൾ സ്ഥിരം കാഴ്ച്ചകള്‍.

രണ്ട് ദിവസം മുമ്പ് പ്രായമായ ഒരു സ്ത്രീയുടെ കൈപിടിച്ച് ഒരു യുവതി റോഡ് മുറിച്ച് കടക്കാനാവാതെ നിന്നത് ഏറെ നേരമാണ്. ആരെങ്കിലും ഒന്ന് ധൃതിയില്‍ അപ്പുറത്തെത്താന്‍ വേണ്ടി തുനിഞ്ഞാല്‍ കാതടിപ്പിക്കുന്ന ശബ്ദത്തില്‍ ഹോണടിക്കുന്ന വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാം.

സീബ്രാ ലെെന്‍ എന്തെന്നും ഹോണടിക്കാന്‍ പാടില്ലാത്ത സ്ഥലം ഏതാണെന്ന് പോലും അറിയാത്തവരാണോ ഈ ഡ്രെെവര്‍മാര്‍!! (ചില ഡ്രെെവര്‍മാരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്ന കാര്യം പറയാതെ വയ്യ. അവർ ക്ഷമിക്കണം). അല്ലെങ്കിലും നമ്മുടെ നാട്ടില്‍ അങ്ങിനെയാണ്. അനാവശ്യമായി ഹോണില്‍ കയ്യമര്‍ത്തുന്നവരാണ് പലരും. അബൂദാബിയിലുളള ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു. ഒരിക്കല്‍ അവന്‍റെ അര്‍ബാബ് (മുതലാളി) അദ്ദേഹത്തിന്‍റെ ചികിത്സാർത്ഥം മുംബൈയില്‍ വന്ന് തിരിച്ചെത്തിയപ്പോള്‍ പറഞ്ഞതോര്‍ത്ത് പലപ്പോഴും ചിരി വരാറുണ്ടത്രെ..!! 'ഷൂ ഹാദാ ഹിന്ദി കുല്ലു സയ്യാറാത്ത് അൽ അത്തൂല്‍ പീ പീ ഹാദാ സ്യാദ മുഷ്കില്‍' (എന്താണ് ഇന്ത്യയില്‍ അനാവശ്യമായി എല്ലായ്പ്പോഴും വാഹനങ്ങളില്‍ നിന്ന് ഹോണടി ശബ്ദം? വല്ലാത്ത പ്രശ്നം തന്നെ).

ഡ്രൈവർമാരുടെ അനാവശ്യ ഹോണടി ശരിവെക്കുന്നതാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. അനാവശ്യമായി ഹോണടിച്ചാല്‍ ഫെെനടക്കമുളള ശിക്ഷാ വിധികളുളള രാജ്യങ്ങളിലൊന്നാണ് യു എ ഇ. അവിടങ്ങളിലൊക്കെ കാല്‍ നടയാത്രക്കാരായാലും മറ്റ് വാഹനങ്ങളിൽ നിന്നിറങ്ങുന്നവർക്കായാലും വണ്ടി നിര്‍ത്തി വഴി എളുപ്പമാക്കിക്കൊടുക്കുന്ന കാഴ്ച്ചകള്‍ കാണേണ്ടത് തന്നെ. ഇതൊക്കെ കാണുകയും പ്രവര്‍ത്തിക്കുകയും അനുഭവിക്കുകയും ചെയ്ത, ദുബൈയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാഞ്ഞങ്ങാട്ടുളള ഒരു സുഹൃത്ത് അവന്‍റെ നാട്ടിലൂടെ കാറോടിച്ച് പോകുമ്പോള്‍ മുന്നിൽ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്ന രണ്ട് സ്ത്രീകളെക്കണ്ട് വണ്ടി നിര്‍ത്തി കടന്നോളൂ എന്ന് ആംഗ്യം കാണിച്ചപ്പോള്‍ അവര്‍ കൂട്ടാക്കിയില്ലത്രെ.

വണ്ടി നിർത്തി അവര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ സാവകാശം കൊടുത്തിട്ടും വണ്ടി കടന്ന് പോയതിന് ശേഷമാണ് അവര്‍ റോഡ് ക്രോസ് ചെയ്യാന്‍ തയ്യാറായത് എന്നറിയുമ്പോഴാണ് നമ്മുടെ നാട്ടുമ്പുറത്തുകാര്‍ ഇത്തരം പ്രവണതകളോട് സമരസപ്പെട്ടുപോയിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത്. കാസർകോട് നഗരത്തിലായാലും മറ്റ് കവലകളിലായാലും വാഹനങ്ങളൊന്ന് യൂ ടേണ്‍ എടുക്കാന്‍ തുനിഞ്ഞാല്‍ തന്നെ ഒരു ഡ്രെെവറും വിട്ട് തരാറില്ല. മിനിറ്റുകളോളം റോഡ് ബ്ലോക്കായാല്‍ പോലും. ഒരിക്കല്‍ മുകളില്‍ പരാമര്‍ശിച്ച സീബ്ര ലെെനുളള റോഡ് മറികടക്കുമ്പോഴാണ് അമിത വേഗതയില്‍ വന്ന ഒരു കാര്‍ ഹോണ്‍മുഴക്കി വലിയ ശബ്ദത്തോടെ സഡന്‍ബ്രേക്കിടുന്നതും 'എന്ത് ഇച്ചാ ഏടെ നോക്കുന്നെ' എന്നൊരു ചോദ്യവും.
Article, Driver, Rules, I'm a driver too but no excuses


നഗര പരിധിയിലെ വേഗതയും മുമ്പിലുളള സീബ്രാലെെന്‍ നിയമത്തെക്കുറിച്ചുമൊന്നുമറിയാതെയുളള വില കുറഞ്ഞ കമന്‍റുകളിലൊന്നാണിത്. ചെറിയ ഗുഡ്സ് വണ്ടികളില്‍ വളരെ നീളമുളള ഇരുമ്പ് കമ്പികളും പെെപ്പുകളുമൊക്കെ പുറന്തതളളിക്കൊണ്ട് പോകുന്ന നിരന്തരം കാണാറുളള കാഴ്ച്ചകള്‍ എത്രത്തോളം അപകട സാധ്യതയുണ്ടന്ന് ഊഹിക്കാവുന്നതെയുളളൂ. പൂഴി, ജല്ലി, കല്ല്, മണ്ണ് തുടങ്ങിയവ വലിച്ച് കൊണ്ട് പോകുന്നത് മൂലം കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇതിർ നിന്നുള്ള പൊടിപടലങ്ങള്‍ പുറത്ത് പോവാതിരിക്കാന്‍ ഇത്തരം സാധനങ്ങൾ മൂടിവെച്ചു മാത്രമേ കൊണ്ടുപോകാവൂ എന്ന നിയമവും നമ്മുടെ നാടുകളില്‍ പാലിക്കപ്പെടാറില്ല.

യു എ ഇ പോലുളള രാജ്യങ്ങളുള്‍പ്പെടെയുളള മിക്ക രാജ്യങ്ങളിലും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമം പ്രാബല്യത്തിലുണ്ട്. സ്വപ്നങ്ങള്‍ തകര്‍ക്കുന്ന അമിത വേഗതയുടെ തുടര്‍ക്കഥകളാണ് കേരളത്തിലെ വാഹന അപകടങ്ങളില്‍ മിക്കതും. വാഹനാപകടങ്ങളില്‍ ഇന്ത്യയില്‍ മുന്‍ നിരയിലാണ് കേരളത്തിന്‍റെ സ്ഥാനവും. നേരെ മുന്നോട്ടു കാണാന്‍ കഴിയാത്ത അവസരങ്ങളില്‍ മറ്റ് വാഹനത്തെ മറി കടക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ ദെെനം ദിന വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ റോഡ് നിയമങ്ങള്‍ വളരെ കാര്‍ക്കശ്യമുളളതും വാഹനമോടിക്കുന്നവര്‍ക്കും കാല്‍ നടയാത്രക്കാര്‍ക്കും വളരെ സുരക്ഷയേകുന്നതുമാണ്. പക്ഷെ മിക്ക നിയമങ്ങളും ആരും പാലിക്കുകയോ പാലിക്കപ്പെടുകയോ ചെയ്യാതെ കടലാസിലൊതുങ്ങുകയും ചെയ്യുന്നു. ബന്ധപ്പെട്ട അധികാരികളുടെ അനാസ്ഥയും ഇതിന് കാരണമാണ്. അത് കൊണ്ട് തന്നെയാണ് ഇത്തരം പ്രവണതകള്‍ മാറ്റമില്ലാതെ തുടരുന്നതും.

ഇനിയെങ്കിലും ബന്ധപ്പെട്ട അധികാരികളും ഡ്രൈവർമാരും ഒന്ന് കണ്ണ് തുറന്നെങ്കില്‍...!!!

Keywords: Article, Driver, Rules, I'm a driver too but no excuses

1 comment

  1. വളരെ കൃത്യമായ നിരീക്ഷണം!
    നന്നായി എഴുതി.