കാഞ്ഞങ്ങാട്: (www.kasargodvartha.com 10.09.2020) എയിംസ് അനുവദിക്കാൻ ബാക്കിയുള്ളത് കേരളമടക്കം നാല് സംസ്ഥാനങ്ങൾ മാത്രമാണ്. മൂന്ന് മെഡിക്കൽ കോളജും നിരവധി സൂപ്പർ സെപഷ്യാലിറ്റി ആശുപത്രികളും ഉള്ള കോഴിക്കോട്ട് തന്നെ എയിംസ് വേണമെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വാശി പിടിക്കുന്നത് എന്തിനാണെന്നും കാസർകോടിൻ്റെ കാര്യത്തിൽ അഹല്യാ മോക്ഷം ഇനിയെന്ന് എന്നും കാസർകോടിനെ തഴയുന്ന സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ട് കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട്.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. ഒരു കോവിഡ് ആശുപത്രി കൊണ്ട് മാത്രം മാറുന്നതല്ല കാസർകോടിൻ്റെ ആരോഗ്യ പിന്നോക്കാവസ്ഥ. അതിന് എയിംസ് പോലുള്ള ഉന്നത ആരോഗ്യ ഗവേഷണ സ്ഥാപനം അനിവാര്യമാണെന്നും ഖാദർ മാങ്ങാട് ചൂണ്ടിക്കാട്ടുന്നു.
ഖാദർ മാങ്ങാടിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം:
അഹല്യാ മോക്ഷം ഇനിയെന്ന് ?
കാസർകോട് ജില്ലയിലെ ചട്ടഞ്ചാലിൽ കോവിഡ് ആശുപത്രി സർക്കാരിന് കൈമാറി. അത്രയും ആശ്വാസം. ആശുപത്രിക്ക് വേണ്ടി പണം മുടക്കിയ ടാറ്റയോടും അതിനു സ്ഥലവും മറ്റു സൗകര്യങ്ങളും ചെയ്ത സംസ്ഥാന സർക്കാരിനും നന്ദി. ആശുപത്രിയിൽ ഡോക്ടർമാർ അടക്കം ജീവനക്കാരെ നിയമിക്കേണ്ടത് സംസ്ഥാന സർക്കാർ. അതാണ് നിബന്ധന. കാസർകോട് മെഡിക്കൽ കോളേജിൽ നിന്നും കുറെ പേരെ ഇങ്ങോട്ടു മാറ്റുമെന്ന് കേൾക്കുന്നു. ഇനി ഉക്കിനടുക്ക കോവിഡ് ആസ്പത്രി പൂട്ടി താക്കോലുമായി അധികൃതർ സ്ഥലം വിടുമോ എന്നാണ് ജനത്തിന്റെ ഭീതി. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ. കോവിഡ് പൊട്ടിപുറപ്പെട്ടപ്പോൾ ആദ്യ ഘട്ടങ്ങളിൽ ഒരു കോവിഡ് മരണം പോലും നടക്കാത്ത ജില്ല. പക്ഷെ ജില്ലാ അതിർത്തി അടച്ചിട്ടത് കൊണ്ട് മാത്രം മറ്റു അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാതെ ജില്ലയിൽ അന്ന് നഷ്ടപ്പെട്ടത് പതിനഞ്ചു വിലപ്പെട്ട ജീവനുകൾ. മൾട്ടി സ്പെഷ്യലിറ്റി ആസ്പത്രികൾ തുടങ്ങുമെന്ന വെടിക്കെട്ടുകൾ നിരവധി. അവരെയും മംഗ്ലൂരു ലോബി റാഞ്ചിക്കൊണ്ടു പോയോ? വിദഗ്ധ ചികിത്സ ലഭിക്കാൻ എയിംസ് വേണമെന്ന ആവശ്യം ശക്തമായപ്പോൾ മൂന്നു മെഡിക്കൽ കോളേജുകളും ഒട്ടനവധി മൾട്ടി സ്പെഷ്യലിറ്റി ആസ്പത്രികളുമുള്ള കോഴിക്കോട് തന്നെ അത് കൊടുക്കുമെന്നാണ് വിവരാകാശ രേഖകൾ പ്രകാരം കിട്ടുന്ന മറുപടി. എയിംസ് അനുവദിക്കേണ്ടത് കേന്ദ്ര സർക്കാർ ആണെങ്കിലും സംസ്ഥാനത്തു എവിടെ സ്ഥാപിക്കണമെന്നു തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാർ ആണ്. എയിംസ് ആവശ്യം മാത്രമല്ല, അത്യാവശ്യം കാസർകോട് ജില്ലക്കാണ്. സംസ്ഥാന മന്ത്രി സഭകൾ എടുക്കുന്ന തീരുമാനങ്ങൾ തിരുത്തപ്പെടാൻ പാടില്ലാത്തതൊന്നുമല്ല. തീരുമാനങ്ങൾ എത്രയോ തവണ മാറ്റിയ ചരിത്രമുണ്ട്. പോയ കാലങ്ങളിൽ അധികാരികൾ കാസർകോട് ജില്ലയോട് കാണിച്ച അനീതിയും അപരാധവും പരിഹരിക്കപ്പെടാനുള്ള അവസരമാണിത്. ജില്ലയെ സ്നേഹിക്കുന്നവർ രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്നു ജില്ലയിലെ മന്ത്രി, എംപി, എം എൽ എ മാർ, കക്ഷി നേതാക്കൾ എന്നിവർ ചേർന്നു മുഖ്യമന്ത്രിയെ കണ്ടു ജില്ലയിൽ എയിംസ് സ്ഥാപിക്കുവാൻ വേണ്ടി ശക്തമായ സമ്മർദ്ദം ചെലുത്തണം. ഇരുപത്തിയെട്ടു സംസ്ഥാനങ്ങളിൽ ഇനി എയിംസ് പ്രഖ്യാപിക്കപ്പെടാൻ ബാക്കിയുള്ള നാലു സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. അത് കൊണ്ട് കേരളത്തിന് എയിംസ് തരാതിരിക്കാനാവില്ല. എപ്പോൾ എന്നതു മാത്രമാണ് വിഷയം. നിവേദക സംഘം മുഖ്യമന്ത്രിയെ കാണുന്നത് ഇനിയും വൈകരുത്. ഇതോടൊപ്പം ജനസമ്മർദ്ദവും ശക്തിപ്പെടുത്തേണ്ടതുണ്ട്.

ഇതോടൊപ്പം ചേർത്ത് വായിക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് സംസ്ഥാന സർക്കാർ കാസർകോട് അനുവദിച്ച, മെഡിക്കൽ കോളേജ്. ഇത് ഇനിയും യാഥാർഥ്യമായിട്ടില്ല. ജീവനക്കാരുടെ ഒഴിവുകൾ പ്രഖ്യാപിച്ചതു കൊണ്ട് പ്രയോജനമില്ല. അവരെ കുടിയിരുത്താൻ സ്ഥലം വേണം. അതിനിയും ആയിട്ടില്ല. ആയിരം കോടിയോളം രൂപ മുതൽ മുടക്കേണ്ടുന്ന മെഡിക്കൽ കോളേജിന് വേണ്ടി ഒരു അഡ്മിനിസ്റ്ററേറ്റിവ് കെട്ടിടം മാത്രമേ പണി കഴിഞ്ഞിട്ടുള്ളൂ. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അക്കാഡമിക് ബ്ലോക്ക്, അഞ്ഞൂറ് കിടക്കകളുള്ള ആസ്പത്രി കെട്ടിടം, ആൺ കുട്ടികൾക്കും, പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ, മ്യുസിയം, ലബോറട്ടറി, മോർച്ചറി, കാന്റീൻ, തുടങ്ങി നിരവധി നിർമാണ പ്രവർത്തികൾ ഇനി നടക്കേണ്ടതുണ്ട്. ഇവയെല്ലാം ഒരുങ്ങിയാൽ മാത്രമേ മെഡിക്കൽ കോളേജ് സജ്ജമാവുകയുള്ളു. എന്നാൽ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം ഒരുങ്ങിയതല്ലാതെ മറ്റൊരു പ്രവർത്തിയും തുടങ്ങിക്കാണുന്നില്ല എന്നതാണ് ദുഃഖ സത്യം. എയിംസ് എന്ന് വരുമെന്ന് ഒരു നിശ്ചയവുമില്ലാത്ത സാഹചര്യത്തിൽ അനുവദിച്ചു കിട്ടിയ മെഡിക്കൽ കോളേജ് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള പോംവഴി. ഇതിനാണ് കാസർകോട് ജില്ലക്കാർ മുന്നോട്ടു വരേണ്ടതും. പൊതുജന വികാരം ഇതിനായി ഉയർന്നു വരേണ്ടതുണ്ട്. പടിപടിയായുള്ള സമരപരിപാടികൾ ആരംഭിക്കണം. ആരു ഭരിക്കുന്നു എന്ന് നോക്കാതെ നാടിനു വേണ്ടി ശബ്ദമുയർത്തുന്നവർക്ക് മാത്രമേ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും, അസംബ്‌ളി തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യൂ എന്ന് തീരുമാനിക്കണം.
പ്രക്ഷോഭം വേണ്ടി വന്നാൽ അതിനും തയാറാകണം. കാസർകോട് ജില്ലക്കാർ സടകുടഞ്ഞു എഴുന്നേൽക്കേണ്ട സമയമാണിത്. നമ്മുടെ അയ്യോ പാവം ഇമേജ് മാറ്റിവെക്കണം. ജില്ലാ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കാൻ ഒരു ജനകീയ മുന്നേറ്റമാണ് നമുക്കാവശ്യം.
Keywords: Kasaragod, Kanhangad, Kerala, News, Health-minister, Pinarayi-Vijayan, District, Hospital, DR. Khadher mangad about health minister and chief minister