വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.09.2020) കോവിഡ് ഭീതിയിലും അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷ കർശന സുരക്ഷാ മാനദണ്ഡങ്ങളോടെ സുഗമമായി നടന്നു. പ്രവേശന പരീക്ഷ നടന്ന വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെന്റ് സ്കൂളിൽ 184 വിദ്യാർഥികൾ പരീക്ഷ എഴുതി.
240-വിദ്യാർത്ഥികളാണ് ഇവിടെ പരീക്ഷയ്ക്ക് എത്തേണ്ടിയിരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. പന്ത്രണ്ട് വിദ്യാർഥികൾ വീതം ഓരോ ക്ലാസ് മുറികളിൽ ഇരുത്തിയാണ് പരീക്ഷ നടത്തിയത്. വിദ്യാർത്ഥികളെ തെർമൽ സ്കാനിങ്ങിനു ശേഷമാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഐസൊലേഷൻ പരീക്ഷാ മുറിയും ഒരുക്കിയിരുന്നു.
വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇപെക്ടർ അജിത് സി ഫിലിപ്പ്, ഡോ. മനു എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദൻ, എസ് ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പഞ്ചായത്തിലെ മാഷ് പ്രവർത്തകരും കോവിഡ് വളണ്ടിയർമാരും സുരക്ഷാ ക്രമീകരങ്ങൾക്ക് ഉണ്ടായിരുന്നു.

ഇത് ആദ്യമായാണ് മലയോര മേഖലയിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നടന്നത്. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്കൂളിനുള്ള അത്യാധുനിക സൗകര്യങ്ങളും, സ്കൂളിന്റെ മികവും പരിശോധിച്ചാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇവിടെ സെൻറർ അനുവദിച്ചത്.
കോവിഡ് പശ്ചാതലത്തിൽ പരീക്ഷയുടെ നടപടിക്രമങ്ങൾ മുഴുവൻ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടന്നതെന്ന് പരീക്ഷയുടെ സെന്റർ സൂപ്രണ്ടും സ്കൂൾ പ്രിൻസിപ്പലുമായ സിസ്റ്റർ ജ്യോതി മലേപറമ്പിൽ കാസർകോട് വാർത്തയോട് പറഞ്ഞു.
Keywords: Kasaragod, Vellarikundu, Kerala, News, Examination, COVID-19, Entrance Exam, Despite the COVID scare, All India Medical Entrance Entrance Examination went smoothly with strict security standards