Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉജ്വലമായ സ്മാഷ്, സ്വദേശത്തും വിദേശത്തുമായി ആരാധകര്‍ നിരവധി; വോളിബോള്‍ കോര്‍ട്ടിലെ ഇടിമുഴക്കവും മിന്നും താരവുമായ നജ്മുദ്ദീന് ഇപ്പോള്‍ വേണം നാടിന്റെ പ്രാര്‍ത്ഥന

ഇത് വെള്ളരിക്കുണ്ട് കല്ലംചിറയിലെ നജ്മുദ്ദീന്‍. വോളിബോള്‍ കോര്‍ട്ടിലെ മിന്നും പ്രതിഭ. നാട്ടുകാരുടെ പ്രിയങ്കരന്‍. സ്വദേശത്തും വിദേശത്തുമായിആരാധകര്‍ നിരവധി Kasaragod, Vellarikundu, Kerala, News, Volleyball star Najmuddin needs your pray #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാല്‍

വെള്ളരിക്കുണ്ട്: (www.kasargodvartha.com 03.07.2020) ഇത് വെള്ളരിക്കുണ്ട് കല്ലംചിറയിലെ നജ്മുദ്ദീന്‍. വോളിബോള്‍ കോര്‍ട്ടിലെ മിന്നും പ്രതിഭ. നാട്ടുകാരുടെ പ്രിയങ്കരന്‍. സ്വദേശത്തും വിദേശത്തുമായിആരാധകര്‍ നിരവധി. കായിക കേരളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ഈ താരംജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഒരു നാട് മുഴുവന്‍ ഒരേ മനസോടെ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുകയാണ്. കല്ലഞ്ചിറയിലെ പരേതനായ തലയില്ലത്ത് ഹസൈനാര്‍ - മറിയുമ്മ ദമ്പദി കളുടെ മകന്‍ നജ്മുദ്ദീന്‍ എന്ന 35 വയസുള്ള വോളിബോള്‍ താരം.

ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് ചികിത്സ തുടരുകയാണ്. വെള്ളരിക്കുണ്ട് കല്ലംചിറ എന്ന നാട് മുഴുവന്‍ സര്‍വ്വ ശക്തനോട് ഈ യുവാവിന് വേണ്ടി ഒരേ മനസോടു കൂടി പ്രാര്‍ത്ഥിക്കുകയാണ്.
നാടിന്റെ പ്രിയപ്പെട്ടവന്‍ ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ നാട്ടുകാര്‍ക്ക് ഇതല്ലാതെ മറ്റൊന്നും നജ്മുദ്ദീനായി നല്‍കാനില്ല.
രോഗം മൂര്‍ച്ഛിച്ചു ചികിത്സ തുടരുബോഴും നാട്ടുകാരുടെ നജ്മു ആരുടെ മുന്നിലും കൈ നീട്ടിയിട്ടുമില്ല. തകരാറിലായ വൃക്കകള്‍ മാറ്റിവെച്ചാല്‍ ജീവിതത്തിലേക്ക് നജുമുവിന് തിരികെ എത്താന്‍ കഴിയും.കഠിനാധ്വാനം കൊണ്ട് കാസര്‍കോടന്‍ വോളിയില്‍ തന്റെതായ മുഖമുദ്ര പതിപ്പിച്ച് ഒരുപാട് കാലം കളിക്കളം ഭരിച്ച താരപ്രതിഭയാണ് നജ്മുദ്ദീന്‍.


ഇന്ത്യന്‍ ഇന്റര്‍ നാഷണലുള്‍പ്പടെയുള്ള താരങ്ങളുടെ കൂടെ കളിച്ച് പ്രതിഭ തെളിയിക്കാന്‍ അവസരം കിട്ടിയ താരം, മാത്രമല്ല കാസര്‍കോട്ട് നിന്നും മറ്റുള്ള രാജ്യങ്ങളുടെ (ബ്രസീല്‍, ഇറ്റലി, സെര്‍ബിയ, യു എ ഇ, ഇറാന്‍, ഒമാന്‍, തുടങ്ങിയ) വോളി താരങ്ങളുടെ കൂടെ ഏറ്റവും കൂടുതല്‍ കളിക്കാന്‍ അവസരം കിട്ടിയ താരം. കാസര്‍കോടന്‍വോളി പ്രേമികള്‍ക്കിടയില്‍പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത, പുതുതലമുറയ്ക്കും പഴയതലമുറയ്ക്കും ഒരുപോലെ പരിചിതനായ പ്രിയ താരമാണ് കല്ലംചിറയിലെ നജ്മുദ്ദീന്‍.


വോളി കോര്‍ട്ടിലെ ആത്മാര്‍ത്ഥതയ്ക്കും, പോരാട്ടവീര്യത്തിനും ഒരു പര്യായം ആയിരുന്നുനജ്മുദ്ദീന്‍. കാസര്‍കോടന്‍ വോളിബോളില്‍ ഒരു കാലഘട്ടം കഴിഞ്ഞ് എടുത്ത് കാണിക്കാന്‍ താരങ്ങളില്ലാതെ വന്നപ്പോള്‍ ഉയര്‍ന്ന് വന്ന താരമായിരുന്നു. അനവധി ടൂര്‍ണമെന്റുകള്‍, എതിരാളികള്‍ആരായാലും ഒറ്റയ്ക്ക് ഒരു ടീമിനെ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച അപൂര്‍വ പ്രതിഭകളില്‍ ഒരാള്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പൊക്കെ വിദേശത്തേക്ക് പോകുന്നത് തന്നെ വലിയ കാര്യമായിരുന്നു, ആ സമയത്ത് അതായത് തന്റെ 19 വയസ്സില്‍ യു.എ.ഇ യിലേക്ക് കളിക്കാന്‍ വേണ്ടി വിമാനം കയറിയതാരമായിരുന്നു നജ്മു.

തന്റെ പ്രതിഭ തെളിയിച്ച ഒരുപാട് മത്സരങ്ങളുണ്ട് എടുത്ത് പറയാന്‍, ബ്ലോക്കര്‍മാരെ വെറും കാഴ്ച്ചക്കാരാക്കി വലം കൈയ്യന്‍ സ്മാഷും, തീയുണ്ട പോലുള്ള ജംബ് സര്‍വ്വുകളും, ശക്തമായ ബാക്ക് ലൈന്‍ അറ്റാക്കും ഈ താരത്തിന്റ പ്രത്യേകതകള്‍ ആയിരുന്നു. 1997 ല്‍ ലിബേര്‍ട്ടി മങ്കയത്തിനു വേണ്ടിയാണ് ബിര്‍മിനടുക്കയില്‍ നടന്ന ഏകദിന വോളിയില്‍ ആദ്യമായി നജുമുദീന്‍ കോര്‍ട്ടില്‍ ഇറങ്ങിയത്.

1998 ല്‍ പ്രഥമ കേരളഗെയിംസില്‍ രണ്ടാം സ്ഥാനം നേടിക്കൊടുത്ത് കാസര്‍കോടിനു വേണ്ടി കളി ആരംഭിച്ചു. പിന്നീട് നിരവധി തവണ ജൂനിയര്‍, യൂത്ത്, സീനിയര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പുകളില്‍ കാസര്‍കോടിനെ പ്രതിനിധീകരിച്ചു. 2000 ല്‍ സ്റ്റേറ്റ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിനെ കിരീടമണിയ്ക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചത് വഴി കേരള സ്റ്റേറ്റ് ടീമിലേക്കു ഒന്നാമനായി തിരഞ്ഞെടുക്കപ്പെട്ടു,

പിന്നീട് വാറങ്കലില്‍ വെച്ചു നടന്ന ഇന്റര്‍ വാഴ്‌സിറ്റി വോളി ചാമ്പ്യന്‍ഷിപ്പില്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചു. 2004-ല്‍ ഡി.വൈ.എഫ്.ഐയുടെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇടുക്കിയില്‍ വച്ച് നടന്ന സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിനെ ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. തുടര്‍ച്ചയായി 10 വര്‍ഷം കാസര്‍കോട് സീനിയര്‍ ടീമില്‍ കളിക്കുകയും, അതില്‍ ആറ് തവണ ക്യാപറ്റന്‍ സ്ഥാനം അലങ്കരിക്കുകയും ചെയ്തു.

കാസര്‍കോടന്‍ വോളിയില്‍ തന്റെതായ മുഖമുദ്ര പതിപ്പിച്ചതിന് ശേഷം പ്രവാസ ലോകത്തേക്ക്,ഗള്‍ഫിലെ പ്രമുഖ ഓയില്‍ കമ്പനിയായ അഡ്കോയില്‍ ജോലി, അഡ്‌കോയ്ക്ക് യു.എ.യില്‍ അറിയപ്പെടുന്ന വോളി ടീമുണ്ട്. ഒരുപാട് മത്സരങ്ങളില്‍ ഇന്‍ഡോര്‍ കോര്‍ട്ടുകളില്‍ നിറഞ്ഞാടി, അങ്ങനെ കുറെ കാലം ആ ടീമില്‍. പിന്നീട് പ്രഫഷണല്‍ വോളി ക്ലബ്ബായ അല്‍ജസീറ ടീമിലേക്ക്. അങ്ങനെ പ്രഫഷണല്‍ ക്ലബില്‍ കളിക്കുക എന്ന എല്ലാവരുടെയും സ്വപ്നത്തിലേക്കും നജ്മു എത്തി.

ഇത്രയൊക്കെ നേട്ടങ്ങള്‍ ഉണ്ടായിട്ടും, നമ്മളില്‍ ഒരാളായി, എല്ലാവരുടെയും സുഹൃത്തായി, സഹോദരനായി, പരിശീലകനായി, അതിനെല്ലാമുപരി കളിക്കാരനായും നജുമുദീന്‍ ഇപ്പോഴും തന്റെ സ്വതസിദ്ധമായ തമാശകളോടെ കാസര്‍കോടന്‍ വോളി പ്ലയേര്‍സ് കൂട്ടായ്മയായ കെ.എല്‍.14 വോളി പ്ലയേഴ്‌സില്‍ സജീവമായിരുന്നു.യു.എ.യില്‍ നിന്നും കളിച്ചുകൊണ്ടിരിക്കെയാണ് നജുമുദ്ധീന് വൃക്ക സംബന്ധ രോഗം പിടി പെടുന്നത്.ഇതോടെനാട്ടില്‍ തിരിച്ച് വന്ന് ചികിത്സ തുടങ്ങി. ആദ്യം അത്രകാര്യമാ ക്കാതിരുന്ന രോഗം പിന്നീട് ഈ കായിക താരത്തെ മാനസികമായി തളര്‍ത്തുകയായിരുന്നു.

തന്റെ നാട്ടില്‍ ഒരു വോളിബോള്‍ അക്കാദമി തുടങ്ങി വോളി താരങ്ങളെ വളര്‍ത്തിയെടുക്കണം എന്ന വലിയ ആഗ്രഹത്തിലായിരുന്നു നജ്മുദ്ദീന്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പന്ത് തട്ടി തുടങ്ങിയ നജ്മു പല പടവുകളും ചവിട്ടി കയറിയത് തന്റെ മനോധൈര്യത്തിലൂടെയാണ്. അതേ മനോധൈര്യത്തോടെ അസുഖത്തേയും തോല്‍പ്പിച്ച് കളിക്കളങ്ങളില്‍ നിറഞ്ഞാടാന്‍ കഴിയുമെന്ന വിശ്വാസത്തോടെയാണ് മലയോര നാട്. നമുക്കും നജ്മുദ്ദീനായി പ്രാര്‍ത്ഥിക്കാം.




Keywords: Kasaragod, Vellarikundu, Kerala, News, Volleyball star Najmuddin needs your pray