Join Whatsapp Group. Join now!
Aster MIMS 10/10/2023

സുഭിക്ഷ കേരളം പദ്ധതി: ഒന്നര മാസത്തിനകം ലഭിച്ചത് 2,800 ഏക്കര്‍ ഭൂമി

കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ജില്ലയില്‍ ലഭിക്കുന്നത് വന്‍ സ്വീകാര്യത Subhiksha Keralam, kasaragod, Kerala, Development project, news, Kerala, Subhiksha Keralam project: Got 2,800 acre land
കാസര്‍കോട്: (www.kasargodvartha.com 07.07.2020) കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്ക് ജില്ലയില്‍ ലഭിക്കുന്നത് വന്‍ സ്വീകാര്യത. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നിതിനായി ഭൂമി ഏറ്റെടുക്കല്‍ തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ ചുരുങ്ങിയ സമയം കൊണ്ട് വലിയ അളവിലാണ് ഭൂമി ലഭിച്ചത്. ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ജില്ലയിലെ പൊതുസമൂഹം ഒന്നരമാസത്തിനുള്ളില്‍ 2800 ഏക്കര്‍ ഭൂമിയാണ് വിട്ടുനല്‍കിയതെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി യാതൊരു കാര്‍ഷിക പ്രവര്‍ത്തനവും നടത്താത്ത തരിശുഭൂമികള്‍ മാത്രമാണ് നിലവില്‍ പദ്ധതിക്കായി പരിഗണിച്ചതെന്നും ഇതല്ലാതെയുള്ള ഭൂമിയിലും ധാരാളം കൃഷി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഗ്രാമപഞ്ചായത്തുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യുവിഭാഗം തുടങ്ങിയവരുടെ അധീനതയിലുള്ള തരിശ് ഭൂമികളാണ് സുഭിക്ഷ കേരളം പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്.
Subhiksha Keralam, kasaragod, Kerala, Development project, news, Kerala, Subhiksha Keralam project: Got 2,800 acre land

ഏകോപനം ഹരിതകേരളം മിഷന്‍

തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവതീ-യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതിയ്ക്ക് ചുക്കാന്‍ പിടിക്കുന്ന്. വായ്പകള്‍ ലഭ്യമാക്കുന്നതിനായി സഹകരണവകുപ്പിന്റെ പിന്തുണയുമുണ്ട്. പ്രാദേശിക തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി എന്നിവയുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നെല്ല്, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍ തുടങ്ങിയ എല്ലാ തരം കൃഷികളും ജില്ലയിലുടനീളം ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പൗള്‍ട്രി ഫാം, മത്സ്യകൃഷി, ആട് വളര്‍ത്തല്‍ തുടങ്ങിയവയും ആരംഭിക്കും. ജില്ലയില്‍ പദ്ധതിയുടെ ഏകോപനം നടത്തുന്നത് ഹരിതകേരളം മിഷനാണ്. പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ തല കോര്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവാണ് ചെയര്‍മാന്‍. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറാണ്.  ഇതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ജില്ലാ തല മേധാവികളാണ് കോര്‍ കമ്മിറ്റി അംഗങ്ങള്‍. ജില്ലയിലെ തരിശുഭൂമി കണ്ടെത്തുന്നതിനായി ഓരോ വാര്‍ഡിലും സര്‍വേ നടത്തുന്നുണ്ട്. സുഭിക്ഷ കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലാണ് ഇത് അപ് ലോഡ് ചെയ്യുന്നത്. വാര്‍ഡ് തലത്തില്‍ മെംബര്‍മാരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. യുവജനങ്ങള്‍, കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി, എന്നിവയുടെ സേവനം സര്‍വ്വേക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.

ഏറ്റവും കൂടുതല്‍ ഭൂമി പരപ്പയില്‍ നിന്ന്

ജൂലൈ രണ്ട് വരെയുള്ള കണക്കുകള്‍ പ്രകാരം സുഭിക്ഷ കേരളം പദ്ധതിക്കായി ജില്ലയില്‍ ഏറ്റവും കൂടുതല്‍ തരിശ് ഭൂമി കൈമാറിയത് പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നാണ്. 724.72 ഏക്കറാണ് ഇവിടെ നിന്നും കിട്ടിയത്. കാറഡുക്കയില്‍ നിന്ന് 615.72 ഏക്കറും കാസര്‍കോട് നിന്ന് 466.11, കാഞ്ഞങ്ങാട് 429.84, മഞ്ചേശ്വരം 286.67, നീലേശ്വരത്ത് നിന്ന് 277.06 ഏക്കര്‍ ഭൂമിയുമാണ് പദ്ധതിക്കായി ലഭിച്ചത്. പഞ്ചായത്തുകളില്‍ 316.51 ഏക്കര്‍ ഭൂമി കണ്ടെത്തി ബേഡഡുക്കയാണ് മുന്നിലുള്ളത്. 221.81 ഏക്കറുമായി കിനാനൂര്‍-കരിന്തളം പഞ്ചായത്താണ് രണ്ടാമതുള്ളത്. കുറ്റിക്കോല്‍ 155.80, പനത്തടി 141.22, കള്ളാര്‍ 132.11, മധൂര്‍ 137.56, ചെങ്കള 104.58 എന്നിവയാണ് ഇതുവരെ പദ്ധതിക്കായി നൂറ് ഏക്കറിന് മുകളില്‍ ഭൂമി ലഭ്യമാക്കിയ ഗ്രാമപഞ്ചായത്തുകള്‍.

പുതിയ ഭൂമി, പുതിയ കര്‍ഷകര്‍

പുതിയൊരു കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനായി മറ്റുജില്ലകളില്‍ നിന്നും വ്യത്യസ്തമായി ജനകീയമായാണ് സുഭിക്ഷകേരളം പദ്ധതി ഇവിടെ നടപ്പാക്കുന്നതെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സജീവമായ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഒരുകൃഷിയും നടക്കാത്ത തരിശുഭൂമികളെ മാത്രമാണ് നിലവില്‍ പദ്ധതിയിലേക്ക് ഏറ്റെടുക്കുന്നത്. പുതുതായി ഈ മേഖലയിലേക്ക് താല്പര്യപൂര്‍വം വരുന്നവരാണ് പദ്ധതി വിജയകരമാക്കുന്നത്. ഇത് പുതിയ ഭൂമി പുതിയ കര്‍ഷകരെന്ന ലക്ഷ്യം സാധ്യമാക്കാന്‍ സഹായിക്കുന്നു. സര്‍വേഫലങ്ങളും സ്ഥിതി വിവരക്കണക്കുകളും അപ് ലോഡ് ചെയ്യാനായി ജില്ലയില്‍ പ്രത്യേകമായി നിര്‍മിച്ച 'സുഭിക്ഷ' എന്ന ആപ്പാണ് പ്രയോജനപ്പെടുത്തുന്നത്. തരിശുനിലങ്ങളില്‍ ശാസ്ത്രീയമായാണ് കൃഷിയിറക്കുന്നത്. ഓരോ പ്രദേശത്തിനും അനുയോജ്യമായ കൃഷിയാണ് ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത്, നഗരസഭാ തലത്തിലും മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, നഗരസഭാ അധ്യക്ഷന്മാര്‍, മെംബര്‍മാര്‍, സെക്രട്ടറി, കൃഷി ഓഫീസര്‍, വിഇഒ, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അടങ്ങിയ മോണിറ്ററിങ് കമ്മിറ്റിയാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നത്.


Keywords: Subhiksha Keralam, kasaragod, Kerala, Development project, news, Kerala, Subhiksha Keralam project: Got 2,800 acre land