Join Whatsapp Group. Join now!
Aster MIMS 10/10/2023

ആരുടെയും ശ്രദ്ധയില്‍പെടാത്ത കുണ്ടും കുഴിയും നിറഞ്ഞ റോഡിന് തേനൂറും പേര് സമ്മാനിച്ചു ഹല്‍വാപൊതി മധുവാഹിനിപ്പുഴയില്‍ അലിഞ്ഞില്ലാതാകും

ചില നിമിത്തങ്ങള്‍. അത് കടന്നു വരും, അനുവാദം ചോദിക്കില്ല, അതിന്റെയൊട്ടു ആവശ്യവുമില്ല. ചരിത്രത്തിലെമ്പാടും ചെറുതും വലുതുമായ മിത്തും നിമിത്തവും പരതിയാല്‍ ഒട്ടേറെ വായിക്കാന്‍ കിട്ടും Kerala, Article, Aslam Mavile, Story of Halwa road by Aslam Mavilae
അസ്ലം മാവിലെ

(www.kasargodvartha.com 03.07.2020) ചില നിമിത്തങ്ങള്‍. അത് കടന്നു വരും, അനുവാദം ചോദിക്കില്ല, അതിന്റെയൊട്ടു ആവശ്യവുമില്ല. ചരിത്രത്തിലെമ്പാടും ചെറുതും വലുതുമായ മിത്തും നിമിത്തവും പരതിയാല്‍ ഒട്ടേറെ വായിക്കാന്‍ കിട്ടും. മഴു പേരിനൊപ്പം ചേര്‍ത്ത പരശുരാമന്‍ തന്റെ പണിയായുധം കടലിലെറിഞ്ഞതിന് നൂറഭിപ്രായങ്ങളുണ്ട്. ഐതിഹ്യമാകട്ടെ അല്ലാതാകട്ടെ, പക്ഷെ, കേരളപ്പിറവിക്കത് കാരണമായത്രെ!

സ്ഥലനാമ വിജ്ഞാനമെന്ന ശാഖതന്നെ ചരിത്രവിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുണ്ട്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വായിക്കാത്തവര്‍ വളരെ കുറവാകും.  ഇറനയാര്‍കുളം എറണാകുളമായതും തിരുശിവപേരൂര്‍ തൃശൂരായതും എല്ലര്‍ക്കും അറിയാവുന്ന കഥകളാണ്. പകല്‍ പോലും നരി കൂടിന്നിടമത്രെ ലോപിച്ച് ലോപിച്ചു പാലാരിവട്ടമായി മാറിയത്.

ചില സ്ഥലപ്പേരുകള്‍ മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നുക സ്വാഭാവികം മാത്രമാണ്. പക്ഷേ ഓരോ സ്ഥലപ്പേരിനു പിന്നിലും അതിന്റേതായ ചരിത്രവും ഭാഷാപരമായ പ്രത്യകതകളും ഒപ്പം ചില കൗതുകങ്ങളും കാണാം. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ പശ്ചാത്തലങ്ങളുമൊക്കെയാണ് ചില പേരുകളുടെ പിറവിക്ക് പിന്നിലെങ്കില്‍ ചിലതിന് ഇതൊന്നുമായിരിക്കില്ല കാരണങ്ങള്‍. ചില കൗതുകമുള്ള സ്ഥലനാമങ്ങളും വഴിപ്പേരും പറഞ്ഞ് വിഷയത്തിലേക്ക് പോകാം.

കണ്ണൂര്‍ ജില്ലയിലെ മണിയറ, കോട്ടയം ജില്ലയിലെ മാറിടം, മൂവാറ്റുപ്പുഴയിലെ കോഴ, പത്തനംതിട്ടയിലെ മാന്തുക, മലപ്പുറത്തെ പട്ടിക്കാട്, കാസര്‍കോട്ടെ ദേവലോകവും സ്വര്‍ഗ്ഗവും,  തമിഴ്‌നാട്ടിലെ പന്നപ്പട്ടി, മറന്നോഡെയ്, വെള്ളമടി, അമ്മായിയപ്പന്‍  തുടങ്ങി ഒട്ടുമിക്ക രസകരമായ പേരുകളും അതിന് പിന്നില്‍ അതിലും രസകരമായ കഥകളുമുണ്ട്.

ഇത്‌പോലെ റോഡിനും നിരവധി രസകരവും കൗതുകകരവുമായ പേരുകള്‍ വീണത് കാണാം. അതില്‍ ഏറ്റവും രസമുള്ള  പേര് മലപ്പുറം ജില്ലയിലെ ഒരു റോഡിനാണ്  - 'കടന്നാകുടുങ്ങി '.  മലപ്പുറം കോട്ടപ്പടി - തിരൂര്‍ റോഡിലാണ് കടന്നാക്കുടുങ്ങി റോഡ്.  നന്നേ വീതി കുറഞ്ഞ ഈ റോഡില്‍ രണ്ട് ഓട്ട്രഷകള്‍ അങ്ങടും ഇങ്ങടും പോയാല്‍ കുടുങ്ങി ആപ്പീസാകുമത്രെ.

ഇതാ, ഇന്നലെ മിനിഞ്ഞാന്ന് മുതല്‍ മധൂര്‍ പഞ്ചായത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കൂടിയ വാര്‍ഡില്‍, മധുരും പട്‌ലയും വഴിപിരിയുന്ന,  ആരുടെയും ശ്രദ്ധയില്‍ പെടാത്ത കുണ്ടും കുഴിയും നിറഞ്ഞ റോഡിനു
ഓര്‍ക്കാപുറത്ത് ഒരു തേനൂറും പേരാണ് വീണിരിക്കുന്നത് - അലുവ റോഡ്. രസകരമാണ് ഇതിന്റെ പശ്ചാത്തലം. നാലഞ്ച് ദിവസം മുമ്പ് ഈ ഇടുങ്ങിയ റോഡില്‍ നിന്ന് ഒരു വലിയ പൊതി അവിടെയുള്ള ഒരു താമസക്കാരന് വീണുകിട്ടി. പൊതി തുറക്കുന്നതിന് മുമ്പ് തന്നെ മണമടിച്ചു - അസ്സല്‍ ചെമന്ന ഹല്‍വ. വാട്‌സപ്പ് ലോകത്ത് കാട്ടുതീ പോലെ വാര്‍ത്ത പരന്നു - ഉടമസ്ഥന്‍ ഉടന്‍ വരണം, ഹല്‍വ ഏറ്റുവാങ്ങണം. വോയിസ് നോട്ടും ഹല്‍വ പൊതിയും നിരന്തരം വാട്‌സാപ്പുകളില്‍ വന്നു പോയ്‌ക്കൊണ്ടിരുന്നു, ആര് മൈണ്ട് ചെയ്യാന്‍. ഉടമസ്ഥനും വന്നില്ല, ഉടമസ്ഥന്റെ കെട്ട്യോളും ഹല്‍വാപൊതി വാങ്ങാന്‍ എത്തിയില്ല.
Kerala, Article, Aslam Mavile, Story of Halwa road by Aslam Mavilae

സഹികെട്ട ആ വീട്ടുടമസ്ഥന്‍ വ്യാഴാഴ്ച അവസാന വോയിസ് നോട്ടും പുറത്തു വിട്ടു - വെള്ളിയാഴ്ച വൈകുന്നേരം വരെ നോക്കും, വന്നില്ലേല്‍ മധുവാഹിനി പുഴയില്‍ കൃത്യം നാല് മണിക്ക് ഹല്‍വ പൊതി ഒഴുക്കി തടി കയ്ച്ചലാക്കും. ഇക്കണക്കിന് ആരും വരാനോ അത് ഏറ്റുവാങ്ങാനോ യാതൊരു  സാധ്യതയുമില്ല. അപ്പോള്‍ സ്വാഭാവികമായും വൈകുന്നേരം കൃത്യം 4 മണിക്ക് നൂറുക്കണക്കിനാളുകള്‍ നോക്കിനില്‍ക്കെ പത്ത് കിലോ വരുന്ന ഈ ഹല്‍വ പൊതി അറബിക്കടല്‍ ലക്ഷ്യമാക്കി മധുവാഹിനിപ്പുഴയില്‍ നിന്ന് ഒരനാഥപ്രേതമായി പ്രയാണമാരംഭിക്കും. കോവിഡ് അകലം പാലിച്ച് നാട്ടുകാര്‍ ഹല്‍വാ പൊതിക്ക് കണ്ണീരില്‍ പൊതിഞ്ഞ അവസാന യാത്രാമംഗളം നേരും.

പക്ഷെ, ഈ ബഹളത്തിനിടയില്‍ ഹല്‍വ വീണുടഞ്ഞ റോഡിന് ഒരു സുന്ദരമായ പേരും എവിടെന്നോ വീണിരുന്നു - ഹല്‍വ റോഡ്. അതിപ്പോള്‍ തന്നെ ലോപിച്ച് അല്‍വ റോഡായിട്ടുണ്ട്. ഇനിയെന്തൊക്കെ പൂരമാണ് ഇതുമായി ബന്ധപ്പെട്ട് വരാന്‍ പോകുന്നതെന്ന് കണ്ടറിയണം.


Keywords: Kerala, Article, Aslam Mavile, Story of Halwa road by Aslam Mavilae