city-gold-ad-for-blogger
Aster MIMS 10/10/2023

മനസ്സ് പകുത്തു നല്‍കിയവര്‍ക്ക് മരണങ്ങള്‍ സമ്മാനിച്ച ഒരാള്‍!

സൂപ്പി വാണിമേല്‍

(www.kasargodvartha.com 06.07.2020) സ്വന്തം എന്ന പദത്തിന് കുന്നോളം ഉയരവും കടലോളം ആഴവും അളന്ന് ദാമ്പത്യത്തിന്റെ ആകാശക്കോട്ടകള്‍ പണിത മുപ്പത്തി രണ്ട് യുവതികളെ ഉപയോഗം കഴിഞ്ഞ് മരണത്തിലേക്ക് വലിച്ചെറിഞ്ഞ ഒരാള്‍. കര്‍ണാടകയില്‍ വിവിധ നഗരങ്ങളിലെ ലോഡ്ജ് മുറികളില്‍ സ്വന്തത്തെ സ്വന്തം എന്ന് കരുതിയ പുരുഷന് സമര്‍പ്പിച്ച യുവതികള്‍. അവരുടെയെല്ലാം അന്ത്യം ഒരുപോലെ പൊതു ശുചിമുറികളിലായിരുന്നു.

തെളിവുകള്‍ ലഭിച്ച 20 കൊലപാതകങ്ങളില്‍ അവസാന കേസിലും വിധി പറഞ്ഞതോടെ സൈനേഡ് മോഹന്‍ എന്ന മോഹന്‍ കുമാര്‍ മാസ്റ്റര്‍ക്ക് ലഭിക്കാവുന്ന പരമാവധി ശിക്ഷ തൂക്കുകയര്‍. കൂടുതല്‍ വിധികളും ജീവപര്യന്തമായതിനാല്‍ കൊലക്കയറില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്‌തേക്കാം. അദ്ധ്യാപകന്‍, കാമുകന്‍, ഭര്‍ത്താവ്, പിതാവ്, പ്രൊഫസര്‍-ഇതൊക്കെയായിരുന്നു അഭിനയ ജീവിതമെങ്കില്‍ കോടതികളില്‍ സ്വയം കേസ്സ് വാദിച്ച വേളകള്‍  അന്വേഷണ ഉദ്യോഗസ്ഥരുടെ നെറ്റി ചുളിയുകയും അഭിഭാഷകര്‍ അന്തംവിടുകയും ന്യായാധിപന്മാര്‍ വിസ്മയം കൂറുകയുമാണ് ചെയ്തത്. കര്‍ണ്ണാടകയില്‍ അഞ്ച് ജില്ലകളിലെ ആറ് നഗരങ്ങളില്‍ 2003നും 2009നുമിടയിലാണ്  യുവതികള്‍ ഇരകളായത്.

എല്ലാവരും 20നും 30നും മധ്യേ പ്രായക്കാരായ കാസര്‍ക്കോട്, ദക്ഷിണ കന്നടയു ഹറം പ്പെടെ ജില്ല സ്വദേശികള്‍. പരിചയപ്പെടല്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ കൈമാറ്റം. സംസാരം. വിവാഹ വാഗ്ദാനം. വീട്ടില്‍ എന്തെങ്കിലും കാരണം പറഞ്ഞ് ഉള്ള ആഭരണങ്ങള്‍ എടുത്തണിഞ്ഞ് വരുന്ന യുവതിയുമൊത്ത് ദൂരേക്കൊരു യാത്ര. അധികവും ജോലി ലഭിക്കാനുള്ള ഇന്റര്‍വ്വ്യൂകള്‍ക്ക്. ലോഡ്ജില്‍ ശാരീരിക ബന്ധം പുലര്‍ത്തിയ ശേഷം  വെറുതെ നഗരം ചുറ്റാന്‍ ഒരുമിച്ചിറങ്ങും. ആഭരണങ്ങള്‍ തട്ടിപ്പറിച്ചുപോവാതിരിക്കാന്‍ അഴിച്ചുവെപ്പിക്കും. ബസ് സ്റ്റാന്റില്‍ വെച്ച് ഗര്‍ഭ നിരോധന ഗുളിക നല്‍കും. സൈനേഡ് കലര്‍ത്തിയ അത് അകത്ത് ചെന്ന് ശുചിമുറിയിലേക്ക് കയറുന്നതോടെ അയാള്‍ ഹോട്ടല്‍ മുറിയിലേക്ക് മടങ്ങും. പിന്നീട് അകത്ത് നിന്ന് പൂട്ടിയ ശുചിമുറി ബന്ധപ്പെട്ടവര്‍ തുറക്കുമ്പോള്‍ ജഡം കിട്ടും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുക്കുന്നതോടെ ഒരു യുവതിയുടെ കഥ അവസാനിക്കും.

ആറ് വര്‍ഷങ്ങളില്‍ നടത്തിയ സമാന സ്വഭാവമുള്ള കൊലപാതകങ്ങളുടെ ചുരുളഴിച്ചത് ഒരു ലൗ ജിഹാദ് വിരുദ്ധ പ്രക്ഷോഭവും സൈനേഡ് ഗുളിക കഴിക്കാതെ കുതറിയ യുവതിയുടെ വെളിപ്പെടുത്തലുമായിരുന്നു. മംഗളൂരു ബണ്ട്വാളിലെ ഇരുപത്തിരണ്ടുകാരി അനിത ബരിമറിനെ 2009 ജൂണ്‍ 16ന് കാണാതായി. ബങ്കര സമുദായക്കാരിയായ യുവതിയെ മുസ് ലിം യുവാവ് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് സംഘടിച്ചെത്തിയ യുവാക്കള്‍ യുവതിയെ കണ്ടെത്തിയില്ലെങ്കില്‍ ബണ്ട്വാള്‍ പൊലീസ് സ്റ്റേഷന് തീവെക്കുമെന്ന് ഭീഷണി മുഴക്കി. മാസത്തിനകം കണ്ടെത്തുമെന്ന പൊലീസിന്റെ ഉറപ്പില്‍ അവര്‍ പിരിഞ്ഞുപോയി.

അനിതയുടെ കോള്‍ റജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ രാത്രി വൈകി ആരോടോ ദീര്‍ഘമായി സംസാരിച്ചിരുന്നതായി കണ്ടെത്തി. അവര്‍ സംസാരിച്ച നമ്പര്‍ പിന്തുടര്‍ന്ന പൊലീസ് ഞെട്ടി. അനിതയെപ്പോലെ അസമയത്ത് സംസാരിച്ച മടിക്കേരിയിലെ കാവേരി, കാസര്‍ക്കോട്ടെ പുഷ്പ, പുത്തൂരിലെ വിനുത എന്നിവരെല്ലാം കാണാതായ യുവതികള്‍. മംഗളൂരുവിനടുത്ത ദേര്‍ളകട്ട ടവര്‍ പരിധിയില്‍ നിന്നാണ് ഇവരുടെയെല്ലാം നമ്പറുകളിലേക്ക് വിളിച്ചതെന്ന് മനസ്സിലായി. പെണ്‍വാണിഭ സംഘത്തെ സംശയിച്ച പൊലീസ് ലോഡ്ജുകള്‍ അരിച്ചുപെറുക്കി. തുമ്പുകിട്ടാത്ത അന്വഷണം ചെന്നെത്തിയത് ഒരു പയ്യനില്‍. ആ സിം കാര്‍ഡിട്ട മൊബൈല്‍ അവന്റെ കൈയിലുണ്ടായിരുന്നു. അത് കൈമാറിയ അമ്മാവനെ പരിസരത്തൊന്നും കണ്ടില്ല. ദീര്‍ഘ സംഭാഷണം നടന്ന മറ്റൊരു നമ്പറിലേക്ക് പൊലീസ് വിളിച്ചപ്പോള്‍ മറുതലക്കല്‍ സ്ത്രീ ശബ്ദം. ആശ്വാസം, അത് ബണ്ട്വാളിലെ സുമിത്രയായിരുന്നു. അവരെ കണ്ടെത്തിയ പൊലീസ് പിന്നീട് ആ അമ്മാവന്റെ ഫോണിലേക്ക് വിളിപ്പിച്ച് എത്തേണ്ട സ്ഥലവും സമയവും അറിയിച്ചു. അയാള്‍ സുമിത്രക്കരികില്‍ എത്തിയതോടെ പൊലീസ് വളഞ്ഞു. അത് കൊലപാതക പരമ്പരയിലെ വില്ലന്‍ സൈനേഡ് മോഹനായിരുന്നു.

മംഗളൂറുവിന്റെ ഉള്‍നാടന്‍ ഗ്രാമത്തില്‍ ശിരാദി പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്ന മോഹനന്‍ താന്‍ ചതിച്ച യുവതിയെ നേത്രാവതി പുഴയില്‍ തള്ളിയിടുകയാണ് ആദ്യം ചെയ്തത്. മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയതിനെത്തുടര്‍ന്ന് കേസ്സില്‍ കുടുങ്ങി ജയിലില്‍ കഴിഞ്ഞു. ജയില്‍ മോചിതനിയതോടെ കൊല്ലാനുള്ള ബദല്‍ മാര്‍ഗ്ഗം തേടിയാണ് സൈനേഡ് ഗുളികയില്‍ എത്തിയത്. സ്വര്‍ണ്ണപ്പണിക്കാരനെ സമീപിച്ച്  ആഭരണങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ ഉപയോഗിക്കുന്ന ലായനി ഏതെന്ന് ആരാഞ്ഞു. സൈനേഡ് മിശ്രിതമാണെന്ന് മനസ്സിലായതോടെ ഉപയോഗം കഴിഞ്ഞ ആ ദ്രാവകം വാങ്ങി ആടുകളിലും പശുക്കളിലും പരീക്ഷിച്ചു. അത് കുടിച്ച എട്ടെണ്ണം ചത്തു. മംഗളൂരുവില്‍ അബ്ദുല്‍ സലാമിന്റെ കടയില്‍ നിന്ന് 2003ല്‍ കിലോഗ്രാമിന് 250 രൂപ വിലയുണ്ടായിരുന്ന സൈനേഡ് വാങ്ങി. സ്വര്‍ണ്ണപ്പണിക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അതെന്ന് അബ്ദുല്‍ സലാം കേസ്സ് വിചാരണ വേളയില്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

മൂന്ന് ഭാര്യമാരുണ്ടായിരുന്നു മോഹനന്. ഒന്നാമത്തെ ഭാര്യ മേരി വിവാഹ മോചനം നേടി. രണ്ടാം ഭാര്യ മഞ്ജുള രണ്ട് ആണ്‍മക്കള്‍ക്കൊപ്പം മംഗളൂറുവില്‍ താമസിക്കുന്നു. മൂന്നാം ഭാര്യ ശ്രീദേവി മോഹന്‍ തടവിലായിരിക്കെ ജയില്‍ സന്ദര്‍ശിക്കുമായിരുന്നു. സഹ തടവുകാരനുമായുള്ള സൗഹൃദം അയാള്‍ ജയില്‍ മോചിതനായതോടെ വിവാഹത്തില്‍ കലാശിച്ചു. അതോടെ മോഹനുമായുള്ള ബന്ധം അറ്റുപോയി. ശ്രീദേവിയില്‍ പിറന്ന മകനും മകളും ദേര്‍ളകട്ടയില്‍ കഴിയുന്നു.

സ്വയം കേസ്സ് വാദിച്ചപ്പോള്‍ കോടതിയില്‍ അഭിഭാഷകന് ചേര്‍ന്ന കൂര്‍മ്മ ബുദ്ധിയാണ് പ്രകടിപ്പിച്ചിരുന്നത്. മംഗളൂരു പ്രത്യേക കോടതിയില്‍ വിചാരണക്കിടെ സാക്ഷിക്കൂട്ടില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നഞ്ജുണ്ട ഗൗഡ വെള്ളം കുടിച്ചുപോയി. അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പേജുകളില്‍ ഒരിടത്ത് താന്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റു എന്നും മറ്റൊരിടത്ത് പണയംവെച്ചു എന്നും പറയുന്നു. യുവര്‍ ഓണര്‍, പൊലീസ് തനിക്കെതിരെ കേസ്സ് കെട്ടിച്ചമക്കുകയാണെന്നതിന് ഇതില്‍പ്പരം എന്ത് തെളിവാണ് വേണ്ടത്? പെട്ടെന്ന് ഉത്തരം മുട്ടിപ്പോയ പൊലീസ് ഓഫീസ്സര്‍ അത് ക്ലറിക്കല്‍ മിസ്റ്റേക്ക് ആണെന്ന് കോടതിയെ അറിയിച്ചു.
മനസ്സ് പകുത്തു നല്‍കിയവര്‍ക്ക് മരണങ്ങള്‍ സമ്മാനിച്ച ഒരാള്‍!

കാസര്‍ക്കോട് കുണ്ടാര്‍ സ്വദേശിയായ 25കാരിയെ ബംഗളൂറുവില്‍ കൊലപ്പെടുത്തിയ കേസ്സാണ് മംഗളൂറു ജില്ല സെഷന്‍സ് കോടതി(ആറ്)ഒടുവില്‍ വിധി പറഞ്ഞത്. ഇരുപതാമത്തെ ഈ കേസ്സില്‍ ജീവപര്യന്തം തടവാണ് ശിക്ഷ. എന്നാല്‍ അനിതബരിമര്‍, ലൈലാവതി മിസ്ത്രി, സുനന്ദ പൂജാരി എന്നിവരെ കൊലപ്പെടുത്തിയ കേസ്സുകളില്‍ 2013 ഡിസംബര്‍ 21ന് വധ ശിക്ഷയും വിധിച്ചു. ഈ വിധിക്കെതിരെ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ ഹരജി സമര്‍പ്പിച്ചിരിക്കയാണ്.ശേഷിക്കുന്ന ആരതി, ബേബി, കമല, ലീല, പൂര്‍ണ്ണിമ, സാവിത്രി, ശാന്ത, ശാരദ, ശശികല, സുജാത, സുനിത, സുനന്ദ, വിനുത, യശോദ, കാവേരി, പുഷ്പ എന്നിവരെ കൊന്ന കേസിലാണ് ജീവപര്യന്തം.



Keywords: Kasaragod, Mangalore, Kerala, Karnataka, News, Murder, Top-Headlines, Story of Cyanide Mohan

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL