Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് സെൻററിൽ നിന്ന് മാതാവിന് അന്ത്യപ്രണാമം;കരളലിയിക്കുന്ന ആ കാഴ്ച കണ്ട് നിന്നവർക്കും വിങ്ങലായി

കോവിഡ് സ്ഥിരീകരിച്ച് മരിച്ച മാതാവിന് കോ വിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് മക്കളുടെയും മരുമക്കളുടെയും, പേരമക്കളുടെയും അന്ത്യാജ്ഞലി. Funeral for Mother from COVID Center
കാസർകോട്: (www.kasargodvartha.com 19.07.2020) കോവിഡ് സ്ഥിരീകരിച്ച് മരിച്ച മാതാവിന് കോ വിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് മക്കളുടെയും മരുമക്കളുടെയും, പേരമക്കളുടെയും അന്ത്യാജ്ഞലി. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ട ഉപ്പളയിലെ നഫീസ (74) യുടെ മൃതദേഹം മക്കളും, മരുമക്കളും പേരമക്കളും അവസാനമായി കണ്ടത് വിദ്യാനഗർ ഉദയഗിരിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന്.
ശനിയാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് കോവിഡ് സെൻററിൽ കഴിയുന്ന മക്കളുടെ ആഗ്രഹപ്രകാരം മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് ഉദയഗിരിയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിനു മുന്നിലെത്തിയത്.

ഇക്കഴിഞ്ഞ 11 ന് രോഗം സ്ഥിരീകരിച്ച നഫീസയെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇവർ മരണത്തിന് കീഴടങ്ങിയത്. മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.  തുടർന്ന് വീട്ടിലുണ്ടായിരുന്ന നാല് മക്കളുടെയും മരുമക്കളുടെയും സ്രവം പരിശോധിച്ചപ്പോൾ ഇവർക്കും മൂന്നു വയസും 40 ദിവസവും പ്രായമുള്ള രണ്ട് പേരമക്കൾക്കും അയൽവാസിക്കും രോഗം സ്ഥിരീകരിച്ചത്.



തുടർന്ന് ഇവരെ ഉദയഗിരിയിലെ കോവിഡ് സെൻററിലേക്ക് മാറ്റുകയായിരുന്നു.  മാതാവിന്റെ മൃതദേഹം അവസാനനോക്കു കാണണമെന്ന മക്കളുടെ അഭ്യർഥനയെ തുടർന്ന് എം സി ഖമറുദ്ദീൻ എം എൽ എ ഇടപെട്ടാണ് ഉപ്പളയിലേക്ക് കൊണ്ടു പോകുന്ന വഴി ഉദയഗിരിയിൽ നിർത്തിയത്. പി പി ഇ കിറ്റുകൾ ധരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് ഇനിയൊരിക്കലും ജീവിതത്തിൽ കാണാൻ കഴിയാത്ത മാതാവിന്റെ മൃതദേഹത്തിന്റെ ദൂരെ നിന്ന്  മക്കൾ പ്രാർഥിക്കുന്ന രംഗം കരളലിയിക്കുന്നതായിരുന്നു.



തുടർന്ന് ഉപ്പള കുന്നിൽ ജമാ മസ്ജിദിൽ പത്തോളം പേർ ചേർന്ന് മയ്യത്ത് നമസ്ക്കരിച്ച് പള്ളിയങ്കണത്തിലെ ഖബർസ്ഥാനിൽ കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം ഖബറടക്കി.

പ്രദേശവാസികളായ നിരവധി പേർ പളളിയുടെ 200 മീറ്റർ ദുരെ നിന്ന് ഖബറടക്കച്ചടങ്ങ് വീക്ഷിച്ചു.



Keywords: Kerala, News, Kasaragod, COVID-19, Corona, Funeral, Patient's, Son, Death, Uppala, Vidya Nagar, Funeral for Mother from COVID Center.