Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡിൽ പകച്ച് കാസർകോട്ടെ കർക്കിടക തെയ്യങ്ങളും

ഇക്കുറി ആടി വേടൻ എന്ന കർക്കിടക തെയ്യവും എത്തില്ല. COVID; Theyyam of Kasargod also cancelled#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 19.07.2020) കോവിഡ് മഹാമാരിയിൽ നാടും നഗരവും വിറങ്ങലിക്കുമ്പോൾ കർക്കിടക മാസത്തിലെ ആദി വ്യാധികൾ അകറ്റാൻ ഇക്കുറി ആടി വേടൻ എന്ന കർക്കിടക തെയ്യവും എത്തില്ല.

പഞ്ഞമാസം എന്ന് വിശേഷണമുള്ള കർക്കിടകം ഒന്നുമുതൽ വടക്കൻ കേരളത്തിൽ പ്രത്യേകിച്ചു കാസർകോട്ടെ ഹൈന്ദവ ഭവനങ്ങളിൽ മാത്രം കണ്ടു വരുന്ന ആചാര അനുഷ്ടാനമായിരുന്നു കർക്കിടക തെയ്യങ്ങൾ.

വീടിനു മുന്നിൽ മണി കിലുക്കി പാട്ടു പാടി കുഞ്ഞു തെയ്യം നൃത്തമാടിയാൽ അവിടെ ആദിയും വ്യാധിയും മഹാമാരിയും വിട്ടൊഴിയുമെന്നാണ് വിശ്വാസം.
 Vellarikundu, News, Kerala, Conducted Kasaragod, COVID-19, COVID; Theyyam of Kasargod also cancelled

എന്നാൽ ലോകം കീഴടക്കുന്ന കോവിഡ് എന്ന മഹാമാരിക്ക് മുന്നിൽ കർക്കിടക തെയ്യങ്ങളും പകയ്ക്കുകയാണ്. കർക്കിടക മാസത്തിൽ വീടുകളിൽ എത്തുന്ന തെയ്യംകെട്ടുകാരെ നിലവിളക്കും കാണിക്കയും കൊണ്ട് സ്വീകരിച്ചിരുന്നവർക്ക് ഈ കോവിഡ് കാലത്ത്‌ കർക്കിടക തെയ്യങ്ങൾ ഓർമകൾ മാത്രമായി ബാക്കിയാവുകയാണ്.

ആധി-വ്യാധി -മാരി അകറ്റാൻ എത്തുന്ന കർക്കിട തെയ്യങ്ങൾക്കാണ് കോവിഡ് നിയന്ത്രങ്ങളാണ് തടസ്സമാകുന്നത്. തെയ്യംകെട്ടു കാർക്കിടയിലെ കുട്ടികളെ തെയ്യ ചമയങ്ങൾ കൊണ്ട് അണിയിച്ചൊരുക്കി ആരിലും ആകർഷണം ഉളവാക്കുന്ന തരത്തിലുള്ളതാണ് കർക്കിടക തെയ്യം.

കുഞ്ഞു തെയ്യമെന്നും കർക്കിടക തെയ്യത്തെ വിശേഷിപ്പിക്കുന്നു. അടിവേടൻ തെയ്യമെന്നും വിളിക്കുന്ന കർക്കിടകത്തെയ്യം വീടുകളിൽ മണികിലുക്കിയും ചെണ്ട മുട്ടിയും എത്തുമ്പോൾ വിളക്ക് തിരിയും മഞ്ഞളും ചുണ്ണാമ്പും കലർത്തിയ ഗുരുസി വെള്ളം തളികയിൽ നൽകണം. തെയ്യം വീടിനു മുന്നിൽ ആടിയതിനു ശേഷം ഈ വെള്ളം കളത്തിൽ തിരിവെച്ച് വട്ടത്തിൽ ഒഴിച്ചാൽ അവിടെ ദാരിദ്ര്യമോ, പട്ടിണിയോ, അസുഖങ്ങളോ ഉണ്ടാവില്ലെന്നാണ് വിശ്വാസം.

തെയ്യത്തിനു കാണിക്കയ്ക്കു പുറമെ വീട്ടുകാർ അരിയും എണ്ണയും മറ്റും നൽകുകയും ചെയ്യും.
കർക്കിടകമാസത്തിൽ തെയ്യങ്ങളെ വീടുകളിൽ ചെന്ന് വിശ്വാസത്തിന്റെ ഭാഗമായി ആടിക്കുന്ന തെയ്യം കലാകാരന്മർക്കു ഒരു വരുമാനം കൂടിയാണിത്.

എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇക്കുറി കോവിഡ് നിയന്ത്രണം ഉള്ളതിനാൽ കർക്കിടകത്തെയ്യങ്ങൾക്കു പുറത്തിറങ്ങുവാൻ കഴിയില്ല.

പത്തുവയസുമുതൽ പതിനെട്ടു വയസു വരെ പ്രായമുള്ള കുട്ടികളെയാണ് കർക്കിടകത്തെയ്യം കെട്ടിക്കുന്നത്. കർക്കിടക മാസത്തിലെ ഈ കാഴ്ചകൾ കാസർകോട് -കണ്ണൂർ ജില്ലകൾക്ക് മാത്രം അവകാശപെട്ടതാണ്.

Keywords: Vellarikundu, News, Kerala, Conducted Kasaragod, COVID-19, COVID; Theyyam of Kasargod also cancelled