Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഞാന്‍ ആരാണെന്ന് അറിയുമോ? നിന്റെ ജോലി ഞാന്‍ തെറിപ്പിക്കും...'; മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭീഷണിക്കെതിരെ 108 ആംബുലന്‍സ് ഡ്രൈവറുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍; അധികാര ശക്തി സാധാരണ ആരോഗ്യ പ്രവര്‍ത്തകനോട് അല്ലാ കാണിക്കേണ്ടത് എന്ന മുന്നറിയിപ്പും; പോസ്റ്റിട്ട ആംബുലന്‍സ് ഡ്രൈവര്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍

108 ആംബുലന്‍സ് ഡ്രൈവറുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി Ambulance driver facebook post #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാഞ്ഞങ്ങാട്: (www.kasargodvartha.com 24.07.2020) 'ഞാന്‍ ആരാണെന്ന് അറിയുമോ? നിന്റെ ജോലി ഞാന്‍ തെറിപ്പിക്കും'... മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭീഷണിക്കെതിരെ 108 ആംബുലന്‍സ് ഡ്രൈവറുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആയിരങ്ങളാണ് പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. അധികാര ശക്തി സാധാരണ ആരോഗ്യ പ്രവര്‍ത്തകനോട് അല്ലാ കാണിക്കേണ്ടത് എന്ന മുന്നറിയിപ്പോടെയാണ് ആംബുലന്‍സ് ഡ്രൈവര്‍  പോസ്റ്റിട്ടിരിക്കുന്നത്. ആംബുലന്‍സ് ഡ്രൈവര്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ കൂടിയാണെന്നതാണ് മറ്റൊരു പ്രത്യേകത.

 പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.


ഞാന്‍ കൊറോണ ഡ്യൂട്ടിയില്‍ സേവനം അനുഷ്ഠിക്കാന്‍ തുടങ്ങിയിട്ട് തുടര്‍ച്ചയായി നാലഞ്ചു മാസം ആയി , ഈ കാലയളവില്‍ ഒരുപാട് കോവിഡ് പോസിറ്റിവ് കേസുകള്‍ ഞാന്‍ 108 ആംബുലന്‍സ് ജീവനക്കാരന്‍ എന്ന നിലയില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നും അതുപോലെ വീടുകളില്‍ നിന്നും ഐസൊലേഷന്‍ വാര്‍ഡുകളിലേക്കു കൊണ്ടുപോയിട്ടുണ്ട്, അതുപോലെ നിരവധി ആളുകളെ കോവിഡ് പരിശോധനകള്‍ക്കു വേണ്ടിയും ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിന്നും ഷിഫ്റ്റ് ചെയ്തിട്ടുണ്ട്, ഈ കാലയളവില്‍ ഒന്നും തന്നെ ആരില്‍ നിന്നും എനിക്ക് മോശമായ അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ന് ഒരു വ്യക്തിയില്‍ നിന്നും ഒരു മോശമായ അനുഭവം ഉണ്ടായി !

ഇന്ന് കാസറഗോഡ് ജില്ലയില്‍ ഉണ്ടായ കോവിഡ് പോസിറ്റീവ് കേസില്‍ ഒരു വ്യക്തി നമ്മുടെ ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആണ്. അദ്ദേഹത്തെ വീട്ടില്‍ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ചുമതല എനിക്ക് ആയിരുന്നു. (ഡീറ്റെയില്‍സ് കിട്ടുന്ന സമയത്ത് അദ്ദേഹം മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആണെന്ന് എനിക്ക് അറിയില്ലാ എന്നത് മറ്റൊരു വസ്തുത. എന്റെ മുന്നില്‍ കോവിഡ് പേഷ്യന്റ് മാത്രമാണ് ) കൊറോണ സെല്ലില്‍ നിന്നും പേഷ്യന്റിന്റെ വിവരങ്ങള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ വിളിച്ചു, ലൊക്കേഷന്‍ അറിയാന്‍ വേണ്ടി ആണ് പേഷ്യന്റിനെ വിളിക്കുന്നത് അദ്ദേഹം പറഞ്ഞ വിവരങ്ങള്‍ അനുസരിച്ചു കുറച്ചു ഇടുങ്ങിയ റോഡും മരച്ചില്ലകള്‍ നിറഞ്ഞ സ്ഥലവും ആണെന്ന് മനസ്സിലായി. അതുകൂടാതെ ആ പ്രദേശം എനിക്ക് അറിയുന്ന സ്ഥലമാണ് പക്ഷെ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു വല്ല്യ ധാരണയൊന്നും ഇല്ലായിരുന്നു. ആ വഴി പോകേണ്ട സാഹചര്യം വര്‍ഷങ്ങളായി വന്നിട്ടില്ല. ആ സാഹചര്യത്തില്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഇടുങ്ങിയ വഴിയും മരച്ചില്ലകള്‍ നിറഞ്ഞ വഴിയും ആണേല്‍ ആംബുലന്‍സ് വീട് വരെ എത്തുക ബുദ്ധിമുട്ട് ആകും. അങ്ങനെ ആണേല്‍ ആംബുലന്‍സ് എത്തുന്ന റോഡ് വരെ നടന്നു വരേണ്ടി വരും എന്നും പറഞ്ഞു. വണ്ടി എവിടം വരെ വരാന്‍ പറ്റുമോ അവിടം വരെ മാക്‌സിമം ഞാന്‍ എത്തിക്കും എന്നും പറഞ്ഞു വീട്ടിലേക്കു എത്തുമെങ്കില്‍ അവിടം വരേയും (ട്രാവലര്‍ ആംബുലന്‍സ് അറിയുന്നവര്‍ക്ക് മനസ്സിലാകും മുകളില്‍ മരത്തിന്റെ ചില്ലകള്‍ മുട്ടുന്നതും, ഓഫ് റോഡില്‍ വാഹനം കയറ്റവും ഇറക്കവും ഡ്രൈവ് ചെയ്തുകൊണ്ടുപോവുക എന്നത് ഇത്തിരി ദുഷ്‌ക്കരമാണ്) സാധാരണ എല്ലാ ഡ്രൈവര്‍മാരും പറയുന്ന കാര്യങ്ങള്‍ ആണ് ഇതൊക്കെ കേള്‍ക്കുന്ന ആള്‍ വഴി ദുഷ്‌ക്കരമാണേല്‍ ആ രീതിയില്‍ നമ്മളോട് പറഞ്ഞുതരും. പോകാന്‍ പറ്റുന്ന വഴി ആണേല്‍ നമ്മള്‍ പോവുകയും ചെയ്യും മലയോര പ്രദേശത്തൊക്കെ കോവിഡ് പോസിറ്റീവ് കേസുകള്‍ എടുക്കാന്‍ പോയാല്‍ ആംബുലന്‍സ് എത്തിപ്പെടാന്‍ പറ്റാത്ത പല സ്ഥലങ്ങളും ഉണ്ട് അവിടെ ഉള്ളവരും അതുപോലെ ഇടുങ്ങിയ വഴിയുള്ള വാഹനം പോകാന്‍ പറ്റാത്ത വഴികള്‍ ഉള്ള നഗര പ്രദേശത്തുള്ളവരും അതുമനസ്സിലാക്കി നമ്മളോട് സഹകരിക്കും  എന്നാല്‍
ഞാന്‍ ഈ പറഞ്ഞ സാഹചര്യത്തില്‍ ഈ മാന്യ വ്യക്തി എന്നോട് വളരെ മോശമായി പെരുമാറി. ഞാന്‍ ആരാണ് എന്ന് അറിയോ, ഞാന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം ആണ്, നിന്റെ പണി ഞാന്‍ തെറിപ്പിക്കും. ഞാന്‍ പറയുന്നത് നീ കേട്ടാല്‍ മതി, എന്റെ വീട്ടില്‍ ആംബുലന്‍സ് എത്തിച്ചില്ലേല്‍ നിന്നെ ഞാന്‍ കാണിച്ചു തരാം എന്നൊക്കെ പറഞ്ഞു ആക്രോശിച്ചു. ഫോണ്‍ കട്ട് ചെയ്തു. വണ്ടി ഇറങ്ങി പോകുന്ന വഴി ആണേല്‍ ഏത് പാതാളത്തിലേക്കു ആണേലും നമ്മള് കൊണ്ടുപോകും, പിന്നീട് അദ്ദേഹം വീണ്ടും തിരിച്ചു വിളിച്ചു വീണ്ടും ഭീഷണി. നീ ഏത് വഴി ആണ് ജോലിയില്‍ കയറിയത് എന്ന് എനിക്ക് അറിയാം നിന്റെ ജോലി ഞാന്‍ തെറിപ്പിക്കും ഞാന്‍ ആള് ആരാണ് എന്ന് മനസ്സിലാക്കി സംസാരിക്കണം എന്നൊക്കെ  പറഞ്ഞു. എന്റെ പേരും നാളും വരെ പറഞ്ഞു, വീണ്ടും ആക്രോശിച്ചു, എനിക്ക് അതില്‍ അദ്ദേഹത്തോട് പുച്ഛം മാത്രമേ ഉള്ളൂ. ഞാന്‍ തീവ്ര ഇടതുപക്ഷ സഹയാത്രികന്‍ ആണ് പക്ഷെ എനിക്ക് ലഭിച്ച ജോലി ആരുടേയും ശുപാര്‍ശ കത്ത് കൊണ്ട് അല്ലാ, ജോലിക്ക് വേണ്ട എല്ലാ മാനദണ്ഡങ്ങള്‍ അനുസരിച്ചും പരീക്ഷ എഴുതിയും ടെസ്റ്റ് പാസ്സായും ആണ് ജോലിയില്‍ കയറിയത്! ആരോഗ്യ പ്രവര്‍ത്തകനായ എനിക്കുമേല്‍ ഇത്രയും മോശമായി ഭീഷണിയുടെ സ്വരത്തില്‍ അദ്ദേഹം സംസാരിക്കാന്‍ ഉണ്ടായ ചേതോവികാരം എന്താണ് എന്ന് മനസ്സിലാകുന്നില്ല. അതോ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം എന്ന ശക്തി സാധാരണക്കാരന്‍ ആയ എന്നില്‍ പ്രയോഗിച്ചതോ ? ആരോഗ്യപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണം എന്ന് ശഠിക്കുന്ന നമ്മുടെ നാട്ടില്‍ അല്ലേല്‍ എല്ലാരും നമ്മുടെ കൂടെ നില്‍ക്കുന്ന നാട്ടില്‍ മന്ത്രിമാരുടെ ഉദ്യോഗസ്ഥന്‍മാരൊക്കെ ഇങ്ങനെ പെരുമാറാന്‍ തുടങ്ങിയാല്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് അത് നാണക്കേട് ആണ്. പലകുറി ഈ പോസ്റ്റ് ഇടണോ എന്ന് പലവട്ടം ആലോചിച്ചു, മാനസികമായി എന്നെ ഇത് വളരെ അധികം ബാധിച്ചു. സാധാരണക്കാരനായ ഞാന്‍ ഇങ്ങനെ എങ്കിലും പ്രതികരിക്കേണ്ടേ ? .

മറ്റൊരു വഴിയിലൂടെ പത്തു അഞ്ഞൂറ് മീറ്റര്‍ ടാര്‍ ചെയ്യാത്ത റോഡിലൂടെ ഡ്രൈവ് ചെയ്തു അദ്ദേഹത്തിന്റെ  വീട്ടു മുറ്റത്തു ആംബുലന്‍സ് എത്തിച്ചു. അദ്ദേഹത്തെ കൂട്ടിയിട്ട് ഞാന്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കുകയും ചെയ്തു പിന്നീട് !

CITU 108 ആംബുലന്‍സ് കാസറഗോഡ് ജില്ലാ സെക്രട്ടറി ആയി പ്രവര്‍ത്തികയും  അതുപോലെ സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനം വഹിക്കുക കൂടി ചെയ്യുന്ന ഞാന്‍  DYFI യൂണിറ്റി കമ്മിറ്റി അംഗവും സി പി ഐ എം പാര്‍ട്ടി മെമ്പറും കൂടി ആണ്. ഇങ്ങനെ ഒരു പോസ്റ്റിന്റെ പേരില്‍ നാളെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടി വരുമോ എന്ന് അറിയില്ല. എന്നാലും പറയാനുള്ളത് പറയാതിരിക്കാന്‍ ആകില്ല സര്‍ക്കാരിന്റെ ഒരുപാട് നല്ല പ്രവര്‍ത്തികള്‍ ഉദ്യോഗസ്ഥ വലയങ്ങള്‍ ചേര്‍ന്നു കളങ്കപെടുത്തുന്നു എന്നത് ഒരു വസ്തുതയാണ് !Keywords: Kasaragod, Kerala, News, Kanhangad, Ambulance, Driver, Minister, COVID-19, Top-Headlines, Ambulance driver facebook post