city-gold-ad-for-blogger

ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാക്കള്‍ക്ക് പോലീസിന്റെ മര്‍ദനം

കാസര്‍കോട്: (www.kasargodvartha.com 02.06.2020) ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാക്കളെ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പരിക്കേറ്റ തളങ്കര പള്ളിക്കാല്‍ മജ്റംപള്ളം ഹൗസിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകന്‍ യൂസഫലി എം എം, സുഹൃത്ത് മുഹമ്മദ് ഹക്കീം എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ വെച്ചാണ് പോലീസിന്റെ ക്രൂരമര്‍ദനത്തിനിരയായതെന്ന് യുവാക്കള്‍ പറയുന്നു. സംഭവം സംബന്ധിച്ച് എന്‍ എ നെല്ലിക്കുന്ന് മുഖേന ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കിയിട്ടുണ്ട്.

ഞായറാഴ്ചയാണ് സംഭവം. ശനിയാഴ്ച യൂസുഫലിയും ഹക്കീമും ബൈക്കില്‍ ടൗണില്‍ മരുന്ന് വാങ്ങാന്‍ പോയിരുന്നു. പിറ്റേന്ന് രാവിലെ വീട്ടില്‍ എത്തിയ ടൗണ്‍ സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ തലേന്ന് ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുമായി സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം സ്റ്റേഷനില്‍ ചെന്ന യൂസുഫലിയില്‍ നിന്ന് ബൈക്കിന്റെ താക്കോലും ലൈസന്‍സും പിടിച്ച് വാങ്ങിയ ശേഷം ആദ്യം രണ്ട് പൊലീസുകാരും പിന്നീട് നാല് പോലീസുകാരും ചേര്‍ന്ന് വളഞ്ഞുവെച്ച് മര്‍ദിക്കുകയായിരുന്നുവെന്നാണ് യുവാക്കള്‍ പറയുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്ക് ഓടിക്കുമോ എന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നാണ് പരാതി.
ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ യുവാക്കള്‍ക്ക് പോലീസിന്റെ മര്‍ദനം

ലാത്തികൊണ്ട് കയ്യിലും കാലിനും പൊതിരെ തല്ലുകയും മാതാവിനെ ചീത്ത പറയുകയും ചെയ്തതായി യുവാക്കള്‍ വ്യക്തമാക്കി. അല്‍പ്പം കഴിഞ്ഞ് സ്റ്റേഷനില്‍ എത്തിയ അബ്ദുല്‍ ഹക്കീമിനെയും പോലീസ് മര്‍ദിച്ചു. വൈകിട്ട് ആറ് മണിയോടെയാണ് ഇരുവരെയും സ്റ്റേഷനില്‍ നിന്ന് പോകാന്‍ അനുവദിച്ചത്. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും വേദന അസഹനീയമായതിനാല്‍ അര്‍ധരാത്രിയോടെ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്ന് യുവാക്കള്‍ പറഞ്ഞു.


Keywords: Kasaragod, Kerala, News, Youth, Police, Attack, Youths attacked by Police

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia