Join Whatsapp Group. Join now!
Aster MIMS 10/10/2023

താലിയില്ലാതെ പൂമാലയില്‍ കോര്‍ത്ത ദാമ്പത്യത്തിന്റെ പുഞ്ചിരിയില്‍ മുന്നാട്

താലിയും മേളവുമില്ലാതെ പത്ത് രൂപ വിലയുള്ള രണ്ട് പൂമാലകളില്‍ കോര്‍ത്ത ദാമ്പത്യത്തിന്റെ പുഞ്ചിരി തിരികെയെത്താന്‍ കാത്തിരിക്കുകയാണ് മലയോര ഗ്രാമമായ മുന്നാട് kasaragod, Kerala, Article, Story about Munnad by Soopy Vanimel
സൂപ്പി വാണിമേല്‍

കാസര്‍കോട്: (www.kasargodvartha.com 17.06.2020) താലിയും മേളവുമില്ലാതെ പത്ത് രൂപ വിലയുള്ള രണ്ട് പൂമാലകളില്‍ കോര്‍ത്ത ദാമ്പത്യത്തിന്റെ പുഞ്ചിരി തിരികെയെത്താന്‍ കാത്തിരിക്കുകയാണ് മലയോര ഗ്രാമമായ മുന്നാട്. ആലംബഹീനരായ കാലം മുന്നില്‍ നിന്ന് പൊരുതി അവകാശങ്ങളും അധികാരങ്ങളും നേടിത്തന്ന മുന്നാട് രാഘവന്‍ എന്ന പി രാഘവന്‍ കേരളം അറിയുന്ന നേതാവാണെങ്കിലും ഈ ദേശത്തിന്റെ ആത്മബന്ധം ഒന്ന് വേറെത്തന്നെ. കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നിന്ന് എന്നെത്തും അദ്ദേഹം എന്നാണ് നാട് ഒന്നാകെ അന്വേഷിക്കുന്നത്.
പൊതു ജീവിതത്തില്‍ ദേശീയ, രാഷ്ട്രീയ പ്രാധാന്യമുള്ള അനേകം ദിനങ്ങള്‍ ഓര്‍ത്തുവെക്കുകയും ആചരണങ്ങള്‍ നയിക്കുകയും ചെയ്തപ്പോള്‍ ആഘോഷിക്കാതെ വിട്ട ദിനം വിവാഹ വാര്‍ഷികമായിരുന്നു.

1975 മെയ് നാലിനായിരുന്നു ആ സുദിനം എന്ന്  തിരക്കുകള്‍ അകന്ന ആശുപത്രി മുറിയിലിരുന്ന്  ഉദുമ എം.എല്‍.എയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും എല്‍.ഡി.എഫ് കാസര്‍ക്കോട് ജില്ല കണ്‍വീനറുമായിരുന്ന പി രാഘവന്‍ ഓര്‍ക്കുന്നു-'കാസര്‍ക്കോട് മിലന്‍ തിയറ്ററില്‍ രാവിലെ പത്തരക്കായിരുന്നു താനും കമലയും തമ്മിലുള്ള  വിവാഹം. കൊട്ടും കുരവയുമില്ല, സ്വര്‍ണ്ണമില്ല.10 രൂപ വിലയുള്ള രണ്ട് പൂമാലകള്‍. കമ്മ്യൂണിസ്റ്റ് നേതാവ് എ വി കുഞ്ഞമ്പുവാണ് മാല എടുത്തുതന്നത്. ഫോട്ടോഗ്രാഫറില്ല. പി വി കൃഷ്ണന്‍ മാസ്റ്റര്‍ എടുത്ത ഒന്ന് രണ്ട് ഫോട്ടോകളല്ലാതെ.രണ്ടായിരത്തോളം ആളുകള്‍ പങ്കെടുത്തു. സദ്യയില്ലായിരുന്നു, .സമ്മാനങ്ങളും. പത്ത് മിനിറ്റില്‍ എല്ലാം കഴിഞ്ഞു. എകെജിയും ഇഎംഎസും അയച്ച ആശംസാ സന്ദേശ കാര്‍ഡുകള്‍ സൂക്ഷിക്കുന്നു'. 'എന്റെ രണ്ട് മക്കളുടേയും വിവാഹം മിന്നുകെട്ടാതെ നടത്തി. പറയുക മാത്രമല്ല അത് പ്രാവര്‍ത്തികമാക്കാന്‍ കൂടി കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ട്'

അരുണ്‍ രാഘവനും അജിത് കുമാറുമാണ് ഈ മക്കള്‍. പി രാഘവന്റെ മക്കളായതില്‍ അഭിമാനം കൊള്ളുന്നവര്‍. ഇരുവരുടേയും പിതാവാണ്  രാഘവന്‍ എന്ന് പറയാന്‍ കഴിയുമാറ് പ്രഗത്ഭര്‍. ആചരിക്കേണ്ട ദിനങ്ങള്‍ ഒന്നും കിടക്കയിലും രാഘവന്‍ മറക്കുന്നില്ല. സിഐടിയു സ്ഥാപക ദിനമായ മെയ് 30ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങിനെ കുറിച്ചു-'രാജ്യം കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിട്ട കാലഘട്ടത്തില്‍ തൊഴിലാളികളുടെ പോരാട്ടങ്ങളില്‍ വിട്ടുവീഴ്ച പാടില്ലെന്ന ശക്തമായ നിലപാടിനെത്തുടര്‍ന്നാണ് 1970 മെയ് 30ന് സിഐടിയു രൂപംകൊണ്ടത്. കൊല്‍ക്കത്തയില്‍ മെയ് 27 മുതല്‍ 31 വരെ നടന്ന രൂപവത്കരണ സമ്മേളനം കോണ്‍ഗ്രസ്സ് അക്രമികളുടേയും നക്‌സലുകളുടേയും ഭീഷണികള്‍ മറികടന്നാണ് സംഘടിപ്പിച്ചത്.........'.

ഇ കെ നായനാര്‍ ദിനമായ മെയ് 19ന്  മനസ്സുകൊണ്ട് മുന്നാട് അങ്ങാടിയില്‍ പതാക ഉയര്‍ത്തി ജാഥ നയിച്ച അദ്ദേഹം ഔഷധങ്ങള്‍ക്കും കമലയുടെ സ്‌നേഹ സാന്നിധ്യത്തിനുമിടയില്‍ ഓര്‍ത്തെടുത്തത്  1979ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പും കാസര്‍ക്കോടുമായി ബന്ധപ്പെട്ട സംഭവമാണ്.-'യു ഡി എഫ് പിന്തുണയില്‍ അഖിലേന്ത്യ മുസ് ലിം ലീഗ് നേതാവ് ബി എം അബ്ദുർറഹ്മാനായിരുന്നു കാസര്‍ക്കോട് മണ്ഡലത്തില്‍ വിജയിച്ചത്. ഇന്ത്യന്‍ യൂണിയന്‍ മുസ് ലിം ലീഗ് അത് അംഗീകരിച്ചില്ല. അവര്‍ കുഴപ്പമുണ്ടാക്കി. ടൗണില്‍ കല്ലേറ് നടത്തി. ആഹ്ലാദ പ്രകടനം വിലക്കി. ചടയന്‍ ഗോവിന്ദനും ഇ കെ നായനാരും താനും ജാല്‍സൂര്‍ റോഡിലെ സിപിഎം ഓഫീസ്സില്‍ ഇരിക്കുകയായിരുന്നു. ചടയാ നീ വരുന്നോ ചോദ്യവുമായി നായനാര്‍ എഴുന്നേറ്റു. മൂന്ന് പേരും റോഡിലിറങ്ങിയപ്പോള്‍ അതുവരെ  കല്ലെറിഞ്ഞ ചെറുപ്പക്കാരും പിന്നാലെ കൂടി. നായനാര്‍ നേരെ ഫിര്‍ദൗസ് റോഡിലെ അഖിലേന്ത്യ ലീഗ് ജില്ല കമ്മിറ്റി ഓഫീസിലേക്കാണ് പോയത്. അവിടെ ജയിച്ച ബി എം അബ്ദുർറഹ്മാന്‍ സാഹിബ് കസേരയില്‍ ഒറ്റക്ക് ഇരിക്കുന്നു.ആ പാര്‍ട്ടി ഓഫീസിന് പൊലീസ് കാവലിനുള്ള ഏര്‍പ്പാടുകള്‍ ചെയ്താണ് നായനാര്‍ മടങ്ങിയത്'.
നായനാര്‍ മൂന്നാമത് മുഖ്യമന്ത്രിയായ 1996ല്‍ പി രാഘവന്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട് നിയമ സഭയിലുണ്ടായിരുന്നു. എസ്എഫ്ഐയുടെ പൂര്‍വ്വ രൂപമായ കെഎസ്എഫ് അവിഭക്ത കണ്ണൂര്‍ ജില്ല പ്രസിഡണ്ടായി രാഘവന്‍ പ്രവര്‍ത്തിച്ചപ്പോള്‍  മുതല്‍ സമകാലികനായ പിണറായി വിജയനായിരുന്നു അന്ന് വൈദ്യുതി, സഹകരണ മന്ത്രി.
മികച്ച സഹകാരി എന്നതിന്റെ രാഘവസാക്ഷ്യങ്ങള്‍ പടര്‍ന്ന് പന്തലിച്ചു, കാസര്‍ക്കോട്ട്. ചെങ്കള നാലാം മൈല്‍ ഇ കെ നായനാര്‍ ആശുപത്രി, കുമ്പള സഹകരണ ആശുപത്രി, മുന്നാട് പീപ്പിള്‍സ് ആര്‍ട്‌സ് ആൻഡ് സയൻസ്  കോളജ്, ട്രാന്‍സ്‌പോര്‍ട്ട് മുതലാളി ബസ്സ് കയറ്റി കൊന്ന  തൊഴിലാളി വരദരാജയുടെ പേരില്‍ തുടങ്ങിയ ബസ്സ് സര്‍വ്വീസ് തുടങ്ങിയവ ചിലത്.

വക്കീല്‍ ഗൗണ്‍ ഉപേക്ഷിച്ച് മുഴുസമയ പാര്‍ട്ടി പ്രവര്‍ത്തകന്റെ കുപ്പായം അണിഞ്ഞത് മന്ത്രിക്കുപ്പായം കൊതിച്ചല്ലാത്തതിനാല്‍ ചില കേന്ദ്രങ്ങള്‍ തൊടുത്ത സന്ദേഹങ്ങള്‍ ചിരിച്ചുതള്ളി. 1945ല്‍ ജനിച്ച രാഘവന്‍  ഇരുപത്തിനാലാം വയസ്സില്‍ 1969ല്‍ തിഹാര്‍ ജയിലില്‍ മര്‍ദ്ദനത്തിന് ഇരയായിരുന്നു. അതൊന്നും അദ്ദേഹം എണ്ണിപ്പറയാത്തതിനാല്‍ നിയമസഭ രേഖകളില്‍ കാണില്ല. അതിനേക്കാള്‍ വര്‍ണ്ണശോഭയോടെ മനസ്സിലുള്ളത് 1968 ഏപ്രില്‍ നാലിന് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് വീട്ടില്‍ വന്നതാണ്.

എം പി വീരേന്ദ്ര കുമാറിനെക്കുറിച്ച ഓര്‍മ്മ 1965ല്‍ നിന്നാണ് എടുത്തത്. -'കെഎസ്എഫ് ജില്ല സമ്മേളനം തളിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യേണ്ടത് ഇഎംഎസ് ആയിരുന്നു. അദ്ദേഹം കണ്ണൂര്‍ ജില്ലയില്‍ കടക്കുന്നത് തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതിനാല്‍ പകരം എത്തിയത് വീരനായിരുന്നു. 1985ല്‍ പാലാര്‍ രാജന്‍ വധക്കേസ്സുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക സര്‍ക്കാര്‍ സഹായം തേടി വയനാട് കല്‍പ്പറ്റയില്‍ വീരേന്ദ്ര കുമാറിനെ ചെന്ന് കണ്ടിരുന്നു. അവിടെ പാര്‍ട്ടി ഓഫീസില്‍ ഉറങ്ങി രാവിലെ അദ്ദേഹം ഉണരും മുമ്പേ ആ കൂറ്റന്‍ വീട്ടില്‍ എത്തി. സന്ദര്‍ശകരില്‍ ഒന്നാമനായി പരിഗണിച്ച് ചായയും ആവശ്യപ്പെട്ട കത്തും തന്നു.'

കൊവിഡ്  ലോക്ക്ഡൗണ്‍ കാലത്ത് അനിവാര്യമായ ആശുപത്രി ലോക്ക്ഡൗണില്‍ രാഘവനെ എത്തിച്ചത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്  പ്രചാരണത്തില്‍ മുന്നണി ജില്ല കണ്‍വീനര്‍ എന്ന നിലയിലുള്ള യാത്രക്കിടയിലുണ്ടായ വീഴ്ചഴുടെ ആഘാത്തത്തുടര്‍ച്ചയാണ്.
kasaragod, Kerala, Article, Story about Munnad by Soopy Vanimel




Keywords: kasaragod, Kerala, Article, Story about Munnad by Soopy Vanimel
  < !- START disable copy paste -->