city-gold-ad-for-blogger

കൊവിഡ് രോഗികള്‍ കൊതിക്കുന്നു ഈ സ്റ്റെതസ്‌കോപ്പിന്റെ തൂവല്‍ സ്പര്‍ശം

സൂപ്പി വാണിമേല്‍

(www.kasargodvartha.com 10.06.2020) കാണാത്ത മുഖമല്ല, ശബ്ദവും സ്റ്റെതസ്‌കോപ്പിന്റെ തൂവല്‍ സ്പര്‍ശവുമാണ് കൊവിഡ് വാര്‍ഡുകളിലെ ഡോക്ടര്‍ മനസ്സുകളുടെ കണ്ണാടി. ശരീരത്തിന്റെ തരിമ്പുപോലും പുറത്ത് കാണാതെ വൈറസ് പ്രതിരോധ വേഷത്തിനുള്ളിലെ ആതുരസേവനത്തുടിപ്പുകള്‍ അറിയുന്ന രോഗികള്‍ ആരായും,'നാളേയും ഡോക്ടര്‍ ഉണ്ടാവില്ലേ ഡ്യൂട്ടിയില്‍? 'കരുണാദ്ര സേവനം കൊതിക്കുന്ന ഈ ചോദ്യം മംഗളൂറു ഗവ. വെന്‍ലോക് ആശുപത്രി കൊവിഡ് വാര്‍ഡില്‍ ഏറെയും ഉയരുന്നത് യുവ ഡോക്ടര്‍ മറിയം ശബീഹക്ക് നേരെയാണ്. അവരുടെ കണ്‍കണ്ട അദൃശ്യ ദൈവമാണ് പുത്തൂര്‍ പഡിലിലെ മുഹമ്മദ് ഇസ്മാഈല്‍ പേപ്പര്‍ ഗോഡൗണിന്റേയും സൈനബിയുടേയും മകള്‍ മറിയം.

ആ സാന്നിദ്ധ്യം, സ്പര്‍ശം സംസാരം പകരുന്ന ആത്മവിശ്വാസം ഇവയെല്ലാമാണ് കൊവിഡ് രോഗികള്‍ക്ക് മരുന്നിന് പുറമെ ഔഷധം. വൈറസിനെ ഒട്ടും ഭയക്കേണ്ട, അവ ശരീരവും നിങ്ങള്‍ ആശുപത്രിയും വിടും എന്നേ മറിയം ഓരോ രോഗിയോടും പറയുന്നുള്ളൂ.
യേനപ്പൊയ മെഡിക്കല്‍ കോളജില്‍ നിന്ന്  മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിറങ്ങിയതാണ്. അപ്പോഴാണ് കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ അവസരം അറിഞ്ഞ് ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ പിതാവ് പ്രേരിപ്പിച്ചത്. സെലക്ഷന്‍ കിട്ടുകയും ചെയ്തു.
കൊവിഡ് രോഗികള്‍ കൊതിക്കുന്നു ഈ സ്റ്റെതസ്‌കോപ്പിന്റെ തൂവല്‍ സ്പര്‍ശം

കൊവിഡ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരാളായി ഏപ്രില്‍ 15ന് ജോലിയില്‍ പ്രവേശിച്ചു. തുടക്കത്തില്‍ വളരെക്കുറച്ച് രോഗികളും നിരീക്ഷണത്തില്‍ ഏതാനും പേരുമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ദിനേനയെന്നോണം പെരുകി ഇപ്പോള്‍ വാര്‍ഡുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനപ്പുറമായി. ആറു മണിക്കൂര്‍ വീതമെങ്കിലും ആഴ്ചയില്‍ ആറ് ദിവസം ഡ്യൂട്ടി ചെയ്യുന്നു. കൊവിഡ് രോഗത്തോട് പാലിക്കേണ്ട സാമൂഹിക അകലം രോഗികളോട് മാസികമായി പുലര്‍ത്തുന്ന അവസ്ഥ തിരുത്തുന്ന ഈ ഡോക്ടറുടെ മനസ്സിലുള്ളത് കൊവിഡാനന്തരം ഗ്രാമീണ സേവനം എന്ന സ്വപ്നം. പൊതുവേ ഡോക്ടര്‍മാരുടെ പേടി സ്വപ്നമാണത്.



Keywords:  Mangalore, Karnataka, News, Story, COVID-19, Story about Dr. Mariyam Shabeeha

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia