Join Whatsapp Group. Join now!
Aster MIMS 10/10/2023

തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍പാത അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കെ-റെയില്‍

തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു Thiruvananthapuram, Kerala, News, Kasaragod, State, Semi High Speed Rail corridor Silver Line gets State Cabinet nod
തിരുവനന്തപുരം: (www.kasargodvartha.com 10.06.2020) തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലൈന്‍) വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) ബോര്‍ഡ് സമര്‍പ്പിച്ച അലൈന്‍മെന്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഡിപിആറിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ മാഹി വഴിയാണ് ലൈന്‍ നിശ്ചയിച്ചിരുന്നതെങ്കില്‍ മാഹി ഒഴിവാക്കിയുള്ള പുതിയ അലൈന്‍മെന്റിനാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്ന് മാറിയും തിരൂരില്‍നിന്ന് കാസര്‍കോട് വരെ ഇപ്പോഴത്തെ റെയില്‍ പാതയ്ക്ക് സമാന്തരവുമായിട്ടായിരിക്കും സില്‍വര്‍ ലൈന്‍ നിര്‍മിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സില്‍വര്‍ ലൈന്‍ സ്റ്റേഷനുകള്‍. പദ്ധതി ചെലവ് 63,941 കോടി രൂപയാണ്. പദ്ധതി തുടങ്ങി അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഡിപിആര്‍ ഇനി റെയില്‍വെ ബോര്‍ഡ്, നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവ അംഗീകരിക്കണം. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്റെ തത്വത്തിലുള്ള അംഗീകാരം 2019 ഡിസംബറില്‍ ലഭ്യമായിരുന്നു.

രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍ ചേര്‍ത്ത് ഹരിത ഇടനാഴിയായി നിര്‍മിക്കുന്ന ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളില്‍കൂടി 15 മുതല്‍ 25 മീറ്റര്‍ മാത്രം വീതിയില്‍ സ്ഥലം ഏറ്റെടുത്തു പദ്ധതി പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിക്കുവേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം മികച്ച പ്രതിഫലം നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 529.45 കിലോമീറ്റര്‍ നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട് കാസര്‍കോടെത്തുന്ന സില്‍വര്‍ ലൈനില്‍ ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നര മണിക്കൂറാണ്. പാരീസ് ആസ്ഥാനമായ സിസ്ട്രയാണ് കെ-റെയിലിനുവേണ്ടി ഡിപിആര്‍ തയാറാക്കിയത്. എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സര്‍വെ, പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ ഭൂഗര്‍ഭ പഠനം,  ഗതാഗത സര്‍വെ എന്നിവയ്ക്കുശേഷമായിരുന്നു ഡിപിആര്‍ തയാറാക്കിയത്.

കൊവിഡ് കാലത്തെ മാന്ദ്യത്തിനുശേഷം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്ന തരത്തിലായിരിക്കും പദ്ധതി നടപ്പാക്കുന്നതെന്ന് കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീ വി. അജിത് കുമാര്‍ പറഞ്ഞു. നിര്‍മാണ സമയത്തും അതിനുശേഷവും നിരവധി തൊഴിലവസരങ്ങളായിരിക്കും പദ്ധതിയിലൂടെ ലഭിക്കുന്നത്. കേരളത്തിലേയ്ക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കാന്‍ പദ്ധതി പ്രാപ്തമാണ്.
Thiruvananthapuram, Kerala, News, Kasaragod, State, Semi High Speed Rail corridor Silver Line gets State Cabinet nod

മറ്റു യാത്രാമാര്‍ഗങ്ങളുമായി ബന്ധപ്പെടുത്തുന്നതിലൂടെ  സില്‍വര്‍ ലൈന്‍ സംസ്ഥാനത്തെ മിക്ക പ്രധാന ചെറുകിട, ഇടത്തരം  പട്ടണങ്ങളെയും യാത്രാശൃംഖലയില്‍ കൊണ്ടുവരികയും അതുവഴി വികേന്ദ്രീകൃത വികസനം സാധ്യമാകുകയും ചെയ്യും.  അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, പ്രമുഖ ആശുപത്രികള്‍, സ്ഥാപനങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുമായി ബന്ധം സ്ഥാപിക്കുന്നതിന് സില്‍വര്‍ ലൈന്‍ സഹായകമാകും.

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക മാത്രമല്ല തൊഴില്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള പുതിയ കേന്ദ്രങ്ങള്‍ സില്‍വര്‍ ലൈനിനോട് അനുബന്ധിച്ചുണ്ടാകും. ഇന്നത്തെ സ്ഥിതിയില്‍ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍നിന്നും റെയില്‍പാതയില്‍നിന്നും യാത്ര സില്‍വര്‍ ലൈനിലേയ്ക്ക് മാറുന്നതോടെ കോടിക്കണക്കിനു രൂപയുടെ പെട്രോളും, ഡീസലുമാണ് പ്രതിവര്‍ഷം ലാഭിക്കാന്‍ കഴിയുക. സില്‍വര്‍ ലൈന്‍ വഴിയുള്ള ചരക്കു ഗതാഗത സര്‍വീസ് വഴി പ്രതിദിനം 500 ട്രക്കുകള്‍ റോഡില്‍നിന്ന് പിന്‍മാറും. ഇത് സംസ്ഥാനത്തെ രൂക്ഷമായ ഗതാഗതതിരക്ക് മാത്രമല്ല ദിനംപ്രതി വര്‍ധിക്കുന്ന റോഡപകടങ്ങളും അന്തരീക്ഷ മലിനീകരണവും കുറയ്ക്കും.

സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗമായ വിനോദസഞ്ചാരത്തിനും പാത കരുത്തേകുമെന്ന് ശ്രീ അജിത് കുമാര്‍ പറഞ്ഞു.

ഡിപിആറിലെ മറ്റു വിവരങ്ങള്‍ ഇവയാണ്.
-ഒമ്പത് കാറുകള്‍ വീതമുള്ള ട്രെയിന്‍ സെറ്റ് ആണ്  സില്‍വര്‍ലൈനില്‍  ഉപയോഗിക്കുന്നത്.
-ഒരു ട്രെയിനില്‍ 675 യാത്രക്കാര്‍.
-ബിസിനസ് ക്ലാസില്‍ ഓരോ വശത്തും രണ്ടു സീറ്റു വീതവും സ്റ്റാന്‍ഡാര്‍ഡ് ക്ലാസില്‍ ഒരൂ വശത്ത് മൂന്നും മറുവശത്ത് രണ്ടും സീറ്റുകള്‍.
-ഇന്ധനം അക്ഷയ ഊര്‍ജ സ്രോതസുകളില്‍നിന്ന്.
-മൊത്തം ചെലവിന്റെ 52 ശതമാനം വായ്പയാണ്.
-ബാക്കി ചെലവ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ധനകാര്യസ്ഥാപനങ്ങള്‍.Keywords: Thiruvananthapuram, Kerala, News, Kasaragod, State, Semi High Speed Rail corridor Silver Line gets State Cabinet nod