Join Whatsapp Group. Join now!
Aster MIMS 10/10/2023

മാതൃമലയാളത്തിന്റെ മധുരം ചാലിച്ച മുകുന്ദന്‍ മാഷ് പടിയിറങ്ങുമ്പോള്‍...

'മാതൃകാ അധ്യാപകന്‍ മെഴുകുതിരി പോലെയാണ്. സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് വെളിച്ചമേകും Chemnad, kasaragod, Kerala, Article, Retiring Mukundan Master
നിഷ്തര്‍ മുഹമ്മദ്

(www.kasargodvartha.com 19.06.2020) 'മാതൃകാ അധ്യാപകന്‍ മെഴുകുതിരി പോലെയാണ്. സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് വെളിച്ചമേകും'. ഈജിപ്ഷ്യന്‍ ഭരണാധികാരിയായിരുന്ന മുസ്തഫാ കമാല്‍ അത്താതുര്‍ക്കിന്റെ വാക്കുകളാണിത്. ക്ലാസ്മുറികളില്‍ ചെന്ന് പുസ്തകമോതിക്കൊടുക്കുക എന്ന ഉത്തരവാദിത്വത്തിനുമപ്പുറം വിദ്യാര്‍ത്ഥികളോട് ആഴത്തില്‍ ഇടപഴകി തുടര്‍ജീവിതത്തിലും അവരെ സ്വാധീനിക്കുന്ന ഗുരുശ്രേഷ്ഠര്‍ നമുക്കിടയിലുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ഈ വര്‍ഷം ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിരമിച്ച മലയാളം അധ്യാപകന്‍ മുകുന്ദന്‍ മാഷ്.

1990ലാണ് മുകുന്ദന്‍ മാഷിന്റെ അധ്യാപകജീവിതത്തിന് നാന്ദികുറിച്ചത്. ജിഎച്ച്എസ് ആദൂറില്‍ ഹൈസ്‌കൂള്‍ അധ്യാപകനായി താത്കാലിക നിയമനം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജിഎച്ച്എസ് ബന്തടുക്ക, ജിഎച്ച്എസ് പെരിയ എന്നീ വിദ്യാലയങ്ങളില്‍. 1993ല്‍ ജിഎച്ച്എസ് ആലംപാടിയിലേക്ക് ചെക്കേറി. അന്ന് ആലംപാടിയിലെ എസ്എസ്എല്‍സി വിജയശതമാനം പൂജ്യം. മുകുന്ദന്‍ മാഷ് ചാര്‍ജ്ജെടുത്ത വര്‍ഷം അത് 28ലേക്കുയര്‍ന്നു (സംസ്ഥാനശരാശരി 60ല്‍ താഴെയായിരുന്നെന്നോര്‍ക്കണം). കൂട്ടയത്നത്തിന് ചുക്കാന്‍ പിടിച്ചവരില്‍ മുകുന്ദന്‍ മാഷ് മുമ്പനായിരുന്നു.

1994ല്‍ ദിവാകരന്‍ മാസ്റ്ററുടെ പ്രത്യേക താത്പര്യത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളിലെത്തി. 2000 വരെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകനായിരുന്നു. 2000ല്‍ ഹയര്‍സെക്കണ്ടറി അധ്യാപകനായി സ്ഥാനക്കയറ്റം. ഹയര്‍സെക്കണ്ടറി അധ്യാപനം രണ്ടുവര്‍ഷം പിന്നിടുന്നതിന് മുമ്പ് ചെമ്മനാടിന്റെ സാഹിത്യസംസ്‌കൃതിക്ക് മാഷിന്റെ സംഭാവനയെത്തി. 'കടവ്' മാഗസിന്‍. ഉത്തരകൈരളിയുടെ സാംസ്‌കാരിക തലസ്ഥാനമെന്നറിയപ്പെട്ടിരുന്ന ചെമ്മനാടിന്റെ പ്രാദേശിക ചരിത്രം അനാവരണം ചെയ്യുന്ന 'കടവ്' നാടിന്റെ ചരിത്രം ചികയുന്നവര്‍ക്ക് ഇന്നും കൈമുതലാണ്.

അതേവര്‍ഷം വിദ്യാര്‍ത്ഥികളിലെ സാഹിത്യവാസന കണ്ടെത്തി പരിപോഷിപ്പിക്കാന്‍ മാഷ് 'മഷിത്തണ്ട്' അച്ചടി മാസിക ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ എഴുത്തുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച മാസികയുടെ 1000 കോപ്പികള്‍ എല്ലാ മാസവും സ്‌കൂളില്‍ സൗജന്യമായി വിതരണം ചെയ്തു. ഇത് വര്‍ഷങ്ങളോളം തുടര്‍ന്നു. 2013ല്‍ ഇതേമാതൃകയില്‍ 'റാന്തല്‍' ത്രൈമാസിക ആരംഭിച്ചു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന ചെമ്മനാട്ടെ അധ്യാപക ജീവിതത്തിന്റെ അവസാനവര്‍ഷങ്ങളില്‍ ഗ്രാമത്തിന്റെ തീരംതല്ലിയൊഴുകുന്ന ചന്ദ്രഗിരിയുടെ ഓളങ്ങള്‍ക്ക് രണ്ടുവാക്ക് ദക്ഷിണവെക്കണമെന്ന കലശലായ പൂതി മുകുന്ദന്‍ മാഷിനുണ്ടായിരുന്നു. 18 വര്‍ഷത്തിന് ശേഷം ചെമ്മനാട്ടേക്ക് വിരുന്നെത്തിയ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം മാഷിന്റെ സ്വപ്നസാക്ഷാത്കാരത്തിന് വഴിവെട്ടി. സൊവനീര്‍ കമ്മിറ്റി കണ്‍വീനറായ മാഷ് ചന്ദ്രഗിരിയുടെയും ചെമ്മനാടിന്റെയും ചരിത്രം ചൊല്ലുന്ന ലക്ഷണമൊത്തൊരു ക്ലാസിക്കിന് ഉയിരേകി. 'ജീവനരേഖ, ചന്ദ്രഗിരിയുടെ ചരിത്രവര്‍ത്തമാനങ്ങള്‍'.

എന്‍എസ്എസുമായി ബന്ധപ്പെട്ട് 2005ല്‍ ബേക്കല്‍ പുഴയോരത്തെ ജൈവവൈവിധ്യം പ്രതിപാദിക്കുന്ന 'മുക്കൂറ്റി', 2017ല്‍ മുതിയക്കാല്‍ ഗ്രാമത്തിന്റെ പ്രാദേശിക ചരിത്രവും ജൈവസമ്പത്തും വിവരിക്കുന്ന 'തിണ', മാഗസിനുകള്‍ പുറത്തിറക്കി. സബ്ജില്ല, ജില്ല, സംസ്ഥാനതലങ്ങളില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കലോത്സവം നടത്തിയിരുന്ന കാലത്ത് ചെമ്മനാട് സ്‌കൂളില്‍ ഒന്നിച്ച് കലോത്സവം നടത്തുന്നതിന് മുകുന്ദന്‍ മാഷ് മുന്‍കൈയ്യെടുത്തു. 2000-2006 അക്കാദമിക വര്‍ഷം. സ്‌കൂള്‍ മൈതാനിയില്‍ പടുത്തുയര്‍ത്തിയ നാല് വേദികളിലായി അരങ്ങേറിയ കലോത്സവത്തില്‍ വീറും വാശിയുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും മാറ്റുരച്ചപ്പോള്‍ പിറന്നത് പുതുചരിതം.

വിദ്യാഭ്യാസവകുപ്പ് സ്‌കൂള്‍ തലത്തില്‍ കരിയര്‍ ഗൈഡന്‍സ്, മോട്ടിവേഷന്‍ ക്ലാസുകളെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് ചെമ്മനാട് സ്‌കൂളില്‍ ആ പദ്ധതി നടപ്പിലാക്കിയിരുന്നു. സിഎല്‍ ഇഖ്ബാല്‍ ചെയര്‍മാനും മുകുന്ദന്‍ മാഷ് കണ്‍വീനറുമായ കമ്മിറ്റിയാണ് 2010ല്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്തിയത്. സ്‌കൂള്‍ ബസ് സര്‍വ്വീസ് ആരംഭിക്കുന്നതിലും മാഷ് വലിയ പങ്കുവഹിച്ചു. 2010ല്‍ കബീര്‍ മാഷ് ഹെഡ്മാസ്റ്ററായിരുന്ന വേളയിലാണ് വിദ്യാര്‍ത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയത്. ഭാരിച്ച ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് മുകുന്ദന്‍ മാഷ് സ്‌കൂള്‍ബസ് കമ്മിറ്റിയുടെ പ്രഥമ കണ്‍വീനറായി.

വിദ്യാലയത്തിന്റെ ഊര്‍ധശ്വാസം വലിക്കുന്ന വായനാസംസ്‌കാരത്തെ ഉത്തേജിപ്പിക്കാന്‍ മുകുന്ദന്‍ മാഷ് നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ അടയാളമാണ് കവിതാശകലങ്ങളും ചിത്രങ്ങളും കൊണ്ട് ചാരുതമായ വായനാമുറി. പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് 2016ല്‍ വായനാമുറി ഉദ്ഘാടനം ചെയ്തത്. അതേ വര്‍ഷം തന്നെയാണ് മാഷ് ലൈബ്രേറിയനായി ചുമതലയേറ്റത്. നാല് ഷെല്‍ഫ് പുസ്തകങ്ങളാണ് ലൈബ്രറിയിലുണ്ടായിരുന്നത്. നാലുവര്‍ഷങ്ങള്‍ക്കിപ്പുറം ഷെല്‍ഫുകളുടെ എണ്ണം ഏഴാക്കിമാറ്റാന്‍ മാഷിന് സാധിച്ചു. ആയിരത്തില്‍പരം പുസ്തകങ്ങളാണ് ഇക്കാലയളവില്‍ സമാഹരിച്ചത്. സ്‌കൂളിനൊരു ഹൈടെക്ക് ലൈബ്രറി എന്ന സ്വപ്നം ബാക്കിവെച്ചാണ് മാഷ് പടിയിറങ്ങുന്നത്.

അക്കാദമിക രംഗത്തും മാഷ് വിദ്യാലയത്തിന് അനര്‍ഗസംഭാവനകളേകി. 2005ല്‍ വിദ്യാര്‍ത്ഥികളോടൊപ്പം ചേര്‍ന്ന് 'നിന്റെ പാലത്തിനും എന്റെ തുരുത്തിനുമിടയില്‍' എന്ന ഡോക്യൂമെന്ററി നിര്‍മ്മിച്ചു. ചന്ദ്രഗിരിപ്പുഴയില്‍ ചെമ്മനാട്ട് തുരുത്ത് രൂപപ്പെടുന്നതിന് പാലം കാരണമായതെങ്ങിനെയെന്ന് ഡോക്യൂമെന്ററി വിശദീകരിക്കുന്നു. 'പാലാനന്തരം' ചെമ്മനാടിന്റെ നഗരവത്കരണവും ഡോക്യൂമെന്ററിയുടെ പ്രമേയമാണ്. 2013ല്‍ വേരുകള്‍ എന്ന പാഠഭാഗത്തെയും 2014ല്‍ കാഴ്ച്ച എന്ന പാഠഭാഗത്തെയും ആസ്പദമാക്കി ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചു.

1998 മുതല്‍ 2006 വരെ  ജനകീയാസൂത്രണം പദ്ധതിയുടെയും പിന്നീട് വിഭവ ഭൂപടം തയ്യാറാക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെയും ഉദുമ പഞ്ചായത്ത് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ ആയിരുന്നു മുകുന്ദന്‍ മാഷ്. 2005 മുതല്‍ 2010 വരെ സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിന്റെ ജില്ലാ തല പരിശീലകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മഴക്കാലത്ത് ഫ്ളൂറസന്റ് ട്യൂബിന്റെ മങ്ങിയ വെളിച്ചത്തെ വെന്നി ക്ലാസ്മുറിയില്‍ തളംകെട്ടി നില്‍ക്കുന്ന ഇരുട്ടില്‍ മാഷ് ചൊല്ലിത്തന്ന കവിതകളും കഥകളും ഞരമ്പിനെ തീപിടിപ്പിക്കുന്ന സ്‌കൂളോര്‍മ്മകളാണ്. മുകുന്ദന്‍ മാഷിന്റെ മാതൃമലയാളം കിനിയുന്ന ക്ലാസുകള്‍ മൃതിയടയാത്ത സ്മൃതികളായി സഹസ്രമാനസങ്ങളിലുണ്ടാവും. തീര്‍ച്ച.



Keywords: Chemnad, kasaragod, Kerala, Article, Retiring Mukundan Master