city-gold-ad-for-blogger

ഊര്‍ജ്ജസ്വലമായി കാസര്‍കോട്ടെ വൈദ്യുത വിതരണം; നാലു വര്‍ഷത്തിനിടെ ചെലവഴിച്ചത് 176.78 കോടി രൂപ

കാസര്‍കോട്: (www.kasargodvartha.com 19.06.2020) ഗുണമേന്മയുള്ള വൈദ്യുതി എല്ലാവര്‍ക്കും എത്തിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ ആശാവഹമായ വികസനമാണ് നടന്നു കൊണ്ടിരിക്കുന്നത്. വൈദ്യുത വിതരണത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും വിവിധങ്ങളായ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ജില്ലയില്‍ 176,78,33,991 രൂപയാണ് ചെലവഴിച്ചത്. കണക്ഷന് വേണ്ടി അപേക്ഷിച്ചവര്‍ക്കെല്ലാം കാലതാമസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നുണ്ടെന്നും നാല് വര്‍ഷത്തിനിടെ 80,966 പുതിയ കണക്ഷനുകളാണ് നല്‍കിയതെന്നും കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി സുരേന്ദ്ര പറഞ്ഞു. ഇതിനായി 34.16 കോടി രൂപയാണ് ചെലവഴിച്ചത്. വൈദ്യുതി എത്തിക്കുന്നതിനായി 280.36 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും 897.67 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളുമാണ് ജില്ലയില്‍ പുതുതായി സ്ഥാപിച്ചത്. ഇതിന് 64.80 കോടിയാണ് ചെലവായത്. 18.10 കോടി രൂപ ചെലവില്‍ 2726.55 കിലോമീറ്റര്‍ ലോ ടെന്‍ഷന്‍ ലൈനുകളും 129.39 കിലോമീറ്റര്‍ ഹൈ ടെന്‍ഷന്‍ ലൈനുകളും റീകണ്ടക്ടറിങ്ങ് പ്രവര്‍ത്തനത്തിന് വിധേയമാക്കി. വിവിധ പ്രദേശങ്ങളിലെ വോള്‍ട്ടേജ് പ്രശ്‌നം പരിഹരിക്കാനായി 546 ട്രാന്‍സ്‌ഫോമറുകളാണ് സ്ഥാപിച്ചത്. ഇതിനായി 25.22 കോടി രൂപ ചെലവഴിച്ചു.
ഊര്‍ജ്ജസ്വലമായി കാസര്‍കോട്ടെ വൈദ്യുത വിതരണം; നാലു വര്‍ഷത്തിനിടെ ചെലവഴിച്ചത് 176.78 കോടി രൂപ

തടസമില്ലാത്ത പ്രസരണത്തിന് സബ്‌സ്റ്റേഷനുകളും

ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ളതും തടസമില്ലാത്തതുമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയില്‍ വിവിധയിടങ്ങളിലായി സബ്‌സ്റ്റേഷനുകള്‍ സ്ഥാപിക്കുകയുണ്ടായി. 2016ല്‍ കാഞ്ഞങ്ങാട് ടൗണ്‍, 2017ല്‍ കാസര്‍കോട് ടൗണ്‍, 2020ല്‍ രാജപുരം (കള്ളാര്‍) എന്നിവടങ്ങളില്‍ പുതുതായി 33 കെവി സബ്‌സ്റ്റേഷനുകള്‍ സ്ഥാപിച്ചു. ഇതു കൂടാതെ 2019ല്‍ കുറ്റിക്കോല്‍ വലിയപാറയില്‍ 110 കെവി സബ്‌സ്റ്റേഷന്റെ നിര്‍മാണോദ്ഘാടനം നടത്തിയിരുന്നു. സീതാംഗോളിയില്‍ 110 കെവി സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് ഫണ്ട് ലഭിക്കുന്നതിനായി കാസര്‍കോട് വികസന പാക്കേജിലേക്ക് 12 കോടിയുടെ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളുടെ വൈദ്യുത വിതരണ ശൃംഖല ആധുനികവല്‍ക്കരിക്കുന്നതിന് നാലു കോടിയുടെ പദ്ധതിയും കെഎസ്ഇബിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനുള്ള ഫണ്ട് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി സുരേന്ദ്ര പറഞ്ഞു. 50 മെഗാവാട്ടിന്റെ അമ്പലത്തറയിലെ സോളാര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമായതോടെ ജില്ലയിലെ വൈദ്യുത മേഖലയ്ക്ക് വലിയൊരു ഉണര്‍വായിട്ടുണ്ട്. ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച വൈദ്യുത മേഖലയിലെ കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ ക്രമേണ മാറുകയും കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരോഗതി പ്രാപിക്കുകയും ചെയ്യുന്നതാണ് കാണാന്‍ കഴിയുന്നത്. ഇത് ജില്ലയുടെ സമഗ്രവികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുന്നു.


Keywords: Kasaragod, Kerala, News, Electricity, Distribution, Power distribution of Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia