Join Whatsapp Group. Join now!
Aster MIMS 10/10/2023

അടിയന്തരാവസ്ഥ@45; ചന്ദ്രഗിരി ഓളങ്ങളില്‍ ഓര്‍മ്മകളുടെ വേലിയേറ്റം

'ജിദ്ദ വിമാനത്താവളത്തില്‍ റിയാദിലേക്ക് വിമാനം കാത്തിരിക്കുമ്പോഴാണ് സന്ദേശം എത്തിയത്. ടെലിഫോണ്‍ അറ്റന്റ് ചെയ്തപ്പോള്‍ മറുതലക്കല്‍ Kasaragod, Article, Chandragiri-river, Jail, Top-Headlines, National Emergency @45
സൂപ്പി വാണിമേല്‍

(www.kasargodvartha.com 25.06.2020) 'ജിദ്ദ വിമാനത്താവളത്തില്‍ റിയാദിലേക്ക് വിമാനം കാത്തിരിക്കുമ്പോഴാണ് സന്ദേശം എത്തിയത്. ടെലിഫോണ്‍ അറ്റന്റ് ചെയ്തപ്പോള്‍ മറുതലക്കല്‍ കെ.എം.റിയാലു സാഹിബ്. ഉടന്‍ കാസര്‍ക്കോട്ടേക്ക് മടങ്ങി കോടതിയില്‍ ഹാജരാവുക, കുവൈറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ അറിയിപ്പ്'- ആലിയ അറബിക് കോളജ് റക്ടര്‍ ചെമ്മനാട് പരവനടുക്കത്തെ കെ.വി.അബൂബക്കര്‍ ഉമരിയുടെ ഓര്‍മ്മകളില്‍ അടിയന്തിരാവസ്ഥ സ്മരണകളുടെ വേലിയേറ്റം. പുറം ലോക ബന്ധത്തിന് ചന്ദ്രഗിരി പുഴയില്‍ കടത്തുതോണി ആശ്രയിച്ചിരുന്ന ചെമ്മനാട് ഗ്രാമത്തില്‍ നിന്ന് അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞവരാണ് ഉമരിയും എം.എച്ച്.സീതി എന്ന സഈദും.

1975 ജൂണ്‍ 25ന് അന്നത്തെ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ താല്പര്യം മുന്‍നിറുത്തി രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹ്മദ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 1977 മാര്‍ച്ച് 21നാണ് പിന്‍വലിച്ചത്. ആര്‍.എസ്.എസ് നിരോധിച്ചപ്പോള്‍ തൂക്കം ഒപ്പിക്കാനാണ് ജമാഅത്തെ ഇസ് ലാമി നിരോധിച്ചതെന്നത് പിന്നീടുണ്ടായ വിശദീകരണം. വര്‍ത്തമാന കാല രാഷ്ട്രീയ അയിത്തങ്ങള്‍ തീണ്ടാത്ത തടവറയനുഭവങ്ങളാണ് ഇരു ജമാഅത്ത് നേതാക്കള്‍ക്കും. ആലിയ കോളജുമായി ബന്ധപ്പെട്ടായിരുന്നു ഉമരിയുടെ വിദേശ യാത്ര. കാസര്‍ക്കോട് സബ് ജയിലിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും കിടന്ന് ആഴ്ച തോറും പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന ഉപാധിയോടെ മോചിതനായ കാലം. ആലിയ മാനേജിംഗ് കമ്മിറ്റി പ്രസിഡണ്ടും പബ്ലിക് പ്രൊസിക്യൂട്ടറുമായിരുന്ന സി.എം. മാഹിന്‍ സാഹിബിന്റെ ഇടപെടലിനെത്തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്ന നിബന്ധനയില്‍ ഇളവ് ലഭിച്ചു. മദിരാശിയിലായിരുന്നു(ചെന്നൈ) പാസ്‌പോര്‍ട്ട് ഓഫീസ്. പാസ്‌പ്പോര്‍ട്ട് കിട്ടാനുള്ള കാലതാമസം കാസര്‍ക്കോട് സി.പി.സി.ആര്‍.ഐ ഡയറക്ടറായിരുന്ന ഡോ.കെ.വി.അഹ് മദ് ബാവപ്പയുടെ കത്തിലൂടെ മറികടന്നു. ഇസ്സുദ്ദീന്‍ മൗലവിയോടും അതുവഴി ആലിയയോടും വലിയ ആദരവായിരുന്നു ബാവപ്പക്ക്.



കുവൈത്തില്‍ റിയാലു സാഹിബിന്റെ അതിഥിയായി. ജമാഅത്തെ ഇസ് ലാമി നേതാക്കളായ വാണിമേലിലെ കെ. മൊയ്തു മൗലവിയും കുറ്റ്യാടിക്കാരന്‍ ടി.കെ. ഇബ്രാഹിം സാഹിബും അടിയന്തരാവസ്ഥ കാരണം നാട്ടിലേക്ക് മടങ്ങാനാവാതെ അവിടെ തുടരുന്നുണ്ടായിരുന്നു. ഇരുവരും ഹജ്ജിന് പോവാനുള്ള ഒരുക്കങ്ങളിലും. ശേഖരിച്ച സംഖ്യ ആലിയയിലേക്ക് അയക്കാന്‍ ഏര്‍പ്പാട് ചെയ്ത് താനും ഹജ്ജ് തീര്‍ത്ഥാടനം നിര്‍വ്വഹിച്ചു. ജിദ്ദയില്‍ നിന്ന് റിയാദിലേക്കാണ് തുടര്‍ന്ന് സഞ്ചരിക്കേണ്ടിയിരുന്നത്. പാസ്‌പോര്‍ട്ടില്‍ വിസയടിച്ചു കിട്ടാന്‍ സ്‌പോണ്‍സര്‍ വേണം. മുസാഫിറായ തനിക്കെന്ത് സ്‌പോണ്‍സറും മുതവിഫും?നിരാശനായി മടങ്ങുമ്പോള്‍ അറബി വേഷം ധരിച്ച മലയാളി മുഹിയിദ്ദീന്‍ മൗലവിയെ കണ്ടുമുട്ടി. അദ്ദേഹം സ്‌പോണ്‍സറായി. അതോടെ റോഡ് പെര്‍മിഷനും വിമാന ടിക്കറ്റും ശരിയാക്കിയായിരുന്നു ജിദ്ദ വിമാനത്താവളത്തിലെ കാത്തിരിപ്പ്. മടങ്ങുകയല്ലാതെ വഴിയില്ലായിരുന്നു.


യാത്രക്കിടയില്‍ പരിചയപ്പെട്ട എയര്‍ലൈന്‍സ് ജീവനക്കാരന്‍ ശാന്തപുരം സ്വദേശി അബ്ദുല്‍ അലി ബോമ്പെ(മുംബൈ)യിലേക്ക് വിമാന ടിക്കറ്റ് ശരിയാക്കിത്തന്നു.മുംബൈയില്‍ നിന്ന് ബസ്സില്‍ കാസര്‍ക്കോട്ടെത്തി. എതിരേറ്റ എം.എച്ച്.സീതി സാഹിബ് ചിരിക്കുന്ന മുഖത്തോടെ പറഞ്ഞു-നാളെയാണ് കോടതിയില്‍ ഹാജരാവേണ്ടത്. സമാധാനമായി. താന്‍ യാത്രയിലായിരിക്കെ രണ്ട് തവണ കേസ്സ് വിളിച്ചു കഴിഞ്ഞിരുന്നു. മൂന്നാം തവണയും ഹാജരായില്ലെങ്കില്‍ സംഭവിക്കാവുന്ന ഭവിഷ്യത്ത് മുന്നില്‍ക്കണ്ടാണ് റിയാലു സാഹിബ് ഇടപെട്ടത്.
അറസ്റ്റ് രീതിയും തുടര്‍നടപടികളും എം.എച്ച്. സീതി അടുക്കുകള്‍ തെറ്റാതെ ഓര്‍ക്കുന്നതിങ്ങിനെ: അന്ന് ചെമ്മനാട് കടവില്‍ ചെന്നപ്പോള്‍ രണ്ട് അപരിചിതര്‍. തന്നെച്ചൂണ്ടി ഒരു കുട്ടി അവരോട് പറഞ്ഞു-'ഇതാണ്'. അവര്‍ തന്നെത്തേടുന്ന പൊലീസുകാരായിരുന്നു. അവര്‍ ആവശ്യപ്പെട്ട പ്രകാരം ഒപ്പം നടന്നു. പോസ്റ്റ് ഓഫീസില്‍ കയറി പൊലീസുകാര്‍ സ്റ്റേഷനിലേക്ക് വിളിച്ച് തന്നെ കിട്ടിയതറിയിച്ചു. കടത്തുതോണി മറുകരയില്‍ എത്തിയപ്പോഴേക്കും പൊലീസ് ജീപ്പ് നില്‍പ്പുണ്ടായിരുന്നു. പൊലീസ് സ്റ്റേഷന്‍ വരാന്തയില്‍ ആര്‍.എസ്.എസ്. നേതാക്കളായ അഡ്വക്കറ്റ് ഈശ്വര്‍ ഭട്ട്, അഡ്വ.കെ.സുന്ദര്‍ റാവു, പ്രകാശ് സ്റ്റുഡിയോ ഉടമ സുന്ദര്‍ റാവു തുടങ്ങിയവര്‍. അവര്‍ക്കൊപ്പം തന്നെയും ഇരുത്തി. ആര്‍.എസ്.പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കായി കൊണ്ടുവന്ന ചായയും പലഹാരങ്ങളും തനിക്കും കിട്ടി.


സ്റ്റേഷന്‍ മുറ്റം ഫര്‍ണ്ണിച്ചറുകളും പുസ്തകങ്ങളും നിറഞ്ഞിരുന്നു. കാസര്‍ക്കോട് ഫോര്‍ട്ട് റോഡിലെ ത്രീ സ്റ്റാര്‍ ബില്‍ഡിംഗിലെ ജമാഅത്തെ ഇസ് ലാമി ഓഫീസില്‍ പൊലീസ് നിരങ്ങിയെന്ന് അത് കണ്ടപ്പോള്‍ മനസ്സിലായി. ഡിവൈ.എസ്.പി വന്നു. ആര്‍.എസ്.എസ് നേതാക്കളെ അകത്തേക്ക് വിളിച്ചു. അതിനിടെ ഉമരിയെയും കൊണ്ടുവന്നു. ഇരുവരേയും അകത്തിരുത്തി ഡി.വൈ.എസ്.പി കാര്യങ്ങള്‍ വിശദീകരിച്ചു. തന്നെ വേഗവും ഉമരിയെ രാത്രി വൈകിയുമാണ് വിട്ടയച്ചത്. പിറ്റേന്ന് ഇരുവരേയും അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം മാന്യമായിരുന്നു. തളങ്കരയിലെ അബ്ദുല്ല ശര്‍ഖിയെ നാട്ടില്‍ ഇല്ലാത്തതിനാലും പി. മുഹമ്മദ് ത്വായിക്ക് പകരം ഹാജി എന്ന് എഴുതിയതിനാലും പിടികിട്ടിയില്ല. പകല്‍ നമസ്‌കാരം ഉള്‍പ്പെടെ സ്റ്റേഷനില്‍ നിര്‍വ്വഹിച്ചു. രാത്രി രണ്ട് കള്ളന്മാര്‍ക്കൊപ്പം അവര്‍ മൂത്രമൊഴിച്ചും മറ്റും മലിനമാക്കിയ ലോക്കപ്പില്‍. ഉറങ്ങാത്ത രാവ്. സുബഹ് നമസ്‌കാരം അവിടത്തന്നെ. എട്ട് മണിയോടെ മാലിന്യത്തടവറയില്‍ നിന്ന് സ്റ്റേഷന്‍ വരാന്തയില്‍. 10 മണിക്ക് രണ്ടു പേരേയും ഹൊസ്ദുര്‍ഗ്ഗ്  ഫസ്റ്റ് ക്ലാസ്സ് മജിസ്‌റ്റ്രേറ്റ് മുമ്പാകെ ഹാജരാക്കാന്‍ പൊലീസുകാര്‍ കൈയാമവുമായി വന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഭാസ്‌കര കുറുപ്പ് കൈയാമം വെക്കുന്നത് വിലക്കി.



കാസര്‍ക്കോട് സബ് ജയിലില്‍ രണ്ട് പേരേയും വെവ്വേറെ സെല്ലുകളില്‍ അടച്ചു. തന്റെ സെല്ലില്‍ മോഷണം, അടിപിടി കേസ്സുകളില്‍ പ്രതികളായ എട്ട് പേര്‍. അവരില്‍ തിരൂറുകാരന്‍ ബീരാന് കേരളത്തിലെ മിക്ക ജയിലുകളും പരിചിതം. വാചാലന്‍. നമസ്‌കരിക്കാന്‍ നേരം എല്ലാവരും ഒതുങ്ങി സൗകര്യം ഒരുക്കിത്തന്നു. അതേസമയം ഉമരി ആരും കൂട്ടില്ലാതെയാണ് കഴിഞ്ഞത്. അപേക്ഷ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. സി.പി.എം നേതാക്കളും എം.എല്‍.എമാരുമായ കെ.ചാത്തുണ്ണി മാസ്റ്റര്‍, എ.വി. കുഞ്ഞമ്പു, കെ.ചന്തന്‍, സി.ഐ.ടി.യു നേതാക്കളായ സി.കണ്ണന്‍, ഒ.ഭരതന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും സംഘടന കോണ്‍ഗ്രസ്സിന്റേയും നേതാക്കള്‍, പ്രസ്ഥാന പ്രവര്‍ത്തകരായ കണ്ണൂര്‍ സ്വദേശികളായ പി.ഉമ്മര്‍, മൊയ്തീന്‍ കുഞ്ഞി ചൊവ്വ, കാഞ്ഞങ്ങാട്ടെ ടി.ഹസ്സന്‍ ഹാജി, തലശ്ശേരിക്കാരായ സി. അബ്ദുര്‍ റഹ് മാന്‍, അബൂബക്കര്‍ മാസ്റ്റര്‍, വളപട്ടണത്തെ സി.വി.ഇബ്രാഹിം തുടങ്ങി അമ്പതോളം പേര്‍ വിശാലമായ ഹാളില്‍ എം.എല്‍.എമാരുടെ എ ക്ലാസ് സൗകര്യങ്ങള്‍ പങ്കിട്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് ഭരണകൂടം നടത്തുന്ന ഭീകരവാഴ്ചക്കെതിരെ ഐക്യപ്പെട്ട ആ കൂട്ടായ്മയില്‍ ഇന്ന് ചില കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന രാഷ്ട്രീയ അയിത്തങ്ങള്‍ തീണ്ടാപ്പാടകലെയായിരുന്നുവെന്ന് സീതി അനുസ്മരിച്ചു.



സി.പി.എം നേതാവ് സി.കൃഷ്ണന്‍ നായരേയും ബി.ജെ.പിയുടെ അഡ്വ.കെ.സുന്ദര്‍ റാവുവിനേയും കാസര്‍ക്കോട്ട് പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ക്ക് താന്‍ സാക്ഷിയായതായി മുസ് ലിം ലീഗ് ജില്ല പ്രസിഡണ്ടും മുന്‍ നഗരസഭ ചെയര്‍മാനുമായ ടി.ഇ.അബ്ദുല്ല പറഞ്ഞു. എസ്.എസ്.എല്‍.സി കഴിഞ്ഞ് കാസര്‍ക്കോട് ടൗണില്‍ പിതാവിന്റെ (മുന്‍ എം.എല്‍.എ ടി.എ.ഇബ്രാഹിം) കടയില്‍ ഇരിക്കാറുള്ള സമയമായിരുന്നു അത്. എം.ജി.റോഡിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്നാണ് കൃഷ്ണന്‍ നായരെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ധര്‍മ്മപാലന്‍ പൊതുപ്രവര്‍ത്തകനോട് പൊലീസ് പാലിക്കേണ്ട ധര്‍മ്മം കൈവിട്ടാണ് പെരുമാറിയത്. പിന്നീട് കൃഷ്ണന്‍ നായര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാവുകയും ജില്ല കൗണ്‍സില്‍ പ്രസിഡണ്ട്, ഗ്രാമ വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിക്കുകയും ചെയ്തു. പൊലീസ് മര്‍ദ്ദനം ഏല്‍പ്പിച്ച ആഘാതങ്ങള്‍ 2009ല്‍ അന്തരിക്കുംവരെ അദ്ദേഹത്തെ അലട്ടിയിരുന്നു. കാസര്‍ക്കോട് നഗരസഭ വൈസ് ചെയര്‍മാനായിരുന്ന സുന്ദര്‍ റാവു കാസര്‍ക്കോട് ബാറില്‍ അഭിഭാഷകനാണ്.

എം.എച്ച്.സീതി പേരക്കുട്ടികളോട് അടിയന്തരാവസ്ഥ അനുഭവം പങ്കു വെക്കുന്നു

സി.കൃഷ്ണന്‍ നായര്‍ പ്രകാശ് കാരാട്ടിനൊപ്പം. മധ്യത്തില്‍ ബി.ജെ.പി നേതാവ് വി.രവീന്ദ്രന്‍ (ചെങ്കള ഇ.കെ.നായനാര്‍ ആശുപത്രി ഉദ്ഘാടന വേദി)

Keywords: Kasaragod, Article, Chandragiri-river, Jail, Top-Headlines, Soopy Vanimel, National Emergency @45
  < !- START disable copy paste -->