Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ്: ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി, രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കും, പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

കണ്ടെയന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ല kasaragod, Kerala, news, COVID-19, District Collector, Must take action against lock down violation
കാസര്‍കോട്: (www.kasargodvartha.com 12.06.2020) കണ്ടെയന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ക്ക് യാതൊരു ഇളവും അനുവദിക്കില്ല. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കണ്ടെയിന്‍മെന്റ് സോണുകളുടെ വാര്‍ഡ് പരിധി നിശ്ചയിച്ചതില്‍ അപാകതയുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍  പോസിറ്റീവ് കേസ്  റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലെ 100 മീറ്റര്‍ ചുറ്റളവ് കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യപിക്കും. ജില്ലയില്‍ 14 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 38 കണ്ടെയിന്‍മെന്റ് മേഖലകളാണ് ഉളളത്. ഇവിടങ്ങളില്‍ മുന്‍ കോര്‍ കമ്മിറ്റി യോഗങ്ങളില്‍ തീരുമാനിച്ചതു പ്രകാരം നിലവിലുള്ളതുപോലെയാണ് തുടര്‍ന്നും പ്രവര്‍ത്തിക്കണം.

കണ്ടെയിന്‍മെന്റ് സോണുകളില്‍  അവശ്യവസ്തക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട്   അഞ്ച് വരെ മാത്രമേ തുറന്ന്  പ്രവര്‍ത്തിക്കാവൂ. അതും ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ  തുറക്കാവൂ.   മറ്റു കടകള്‍ തുറന്നു പ്രവര്‍ത്തിക്കരുത്.  പോലീസ്  ആവശ്യമായ അനൌണ്‍സ്മെന്റ്  നടത്തണം.  ആളുകള്‍ കൂട്ടം കൂടാനോ സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാനോ അനുവദിക്കില്ല.

സ്ഥാപന ക്വാറന്റൈന്‍ പൂര്‍ണ്ണമായും ഒഴിവാക്കി. റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവരില്‍ വീടുകളില്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തവര്‍ക്കു മാത്രമേ സര്‍ക്കാര്‍ തലത്തില്‍ സജ്ജീകരിച്ചിട്ടുളള ക്വാറന്റൈന്‍ കേന്ദ്രം അനുവദിക്കുകയുളളീ. റൂം ക്വാറന്റൈന്‍ നിര്‍ദ്ദേശിച്ചവരുടെ വീടുകളില്‍ ജനജാഗ്രതാ സമിതി അംഗങ്ങള്‍ എത്തി പരിശോധന നടത്തിയതിനുശേഷമേ ക്വാറന്റൈന്‍ സൗകര്യം നല്കുന്നതിന് തീരുമാനം എടുക്കു. കൂടുതല്‍ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിച്ചേരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  നീലേശ്വരം ഭാഗങ്ങളിലാണ് ഇത് കൂടുതല്‍ ഉളളതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍  ഇവിടങ്ങളില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ജന ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും

ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കണമെന്ന് യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ അറിയിച്ചു.   ചില പഞ്ചായത്തുകളില്‍ ജനജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം വളരെ പിന്നോട്ടു പോയിട്ടുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറിമാര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. പോസിറ്റീവ് കേസുകളുടെ  വിവരം ജില്ലാ പോലീസ് മേധാവിക്ക്  ലഭിക്കുമ്പോള്‍ തന്നെ ഡി വൈ എസ് പിക്ക്  മാര്‍ക്ക് കൈമാറി  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍  മുഖേന പോസിറ്റീവ് ആയ വ്യക്തിയുടെ വിവരങ്ങള്‍, പ്രദേശത്തെ  ജനജാഗ്രത സമിതിയുടെ സഹായത്തോടെ കണ്ടെത്തി  ഹോട്ട് സ്പോട്ട് സംബന്ധിച്ച കൃത്യത ഉറപ്പുവരുത്തണം. വ്യക്തിയുടെ പേര് മറ്റ് വിവരങ്ങള്‍ ഒന്നും തന്നെ പുറത്തറിയുന്ന സാഹചര്യം ഉണ്ടാകരുത്. ഹോം ക്വാറന്റൈന്‍  ഉളള വ്യക്തിക്ക്  കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചാല്‍ ആയാളുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്ത ദിവസം മുതല്‍ 14 ദിവസത്തേക്ക് ആ  വാര്‍ഡ്/പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ തന്നെയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 14 ദിവസത്തിനകം നെഗറ്റീവ് ആയാലും  ഈ കാലയളവിലുളള മുഴുവന്‍ പ്രദേശവും കണ്‍ടെയിന്‍മെന്റ് സോണായായിരിക്കും. ഇക്കാര്യം കൃത്യമായും പാലിക്കണം.കണ്ടെയിന്‍മെന്റ് സോണുകളിലുളള ജനങ്ങള്‍ കൃത്യമായും കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന്   ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നടത്തണമെന്ന്  ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

രാത്രികാല കര്‍ഫ്യു കര്‍ശനമാക്കും

രാത്രി ഒമ്പത്  മുതല്‍ രാവിലെ അഞ്ച് മണിവരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ കടകള്‍ (തട്ടുകടകളടക്കം) തുറക്കുന്ന കാര്യ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് മണിവരെ ഒരു കടയും തുറക്കാന്‍ അനുവദിക്കില്ല. രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. എന്‍മകജെ ഗ്രാമ പഞ്ചായത്തിലെ സായ, ചവര്‍ക്കാട് എന്നീ പ്രദേശത്ത് താമസിക്കുന്ന  കുടുംബങ്ങിലെ ഒരാള്‍ക്ക് അവശ്യ കാര്യങ്ങള്‍ക്കായി സഞ്ചരിക്കുന്നതിന്  പേര്, വീട്ടുപേര്, ഐ ഡി നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തിയ പാസ്സ് എന്‍മകജെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുഖാന്തിരം അനുവദിച്ചു നല്‍കുന്നതിന് യോഗം തീരുമാനിച്ചു.

റൂം ക്വാറന്റൈനില്‍ ഇരിക്കെ നിര്‍ദ്ദേശം ലംഘിക്കുന്നവരെയും തെരുവുകളില്‍ അലഞ്ഞു തിരിയുന്നവരേയും 38 പഞ്ചായത്തുകളിലും മൂന്ന്  മുനിസിപ്പാലിറ്റികളിലും നിന്ന് കണ്ടെത്തിയിട്ടുളള 41 സ്‌കൂളുകളിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കും. ഇവിടെ എത്തുന്നവര്‍ക്കുളള ഭക്ഷണം, പായ, തലയിണ, ഷീറ്റ് ബക്കറ്റ്, കപ്പ്, പേസ്റ്റ്, ബ്രഷ്  എന്നിവയ്ക്ക് സഹായം നല്‍കുമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. എസ് എച്ച് ഒ മാരുടെ മേല്‍ നോട്ടത്തില്‍ ക്വാറന്റൈന്‍ കേന്ദ്രമായി നിശ്ചയിച്ചിട്ടുളള സ്‌കൂളുകളില്‍ ആവശ്യമായ സംരക്ഷണം ഏര്‍പ്പെടുത്തുന്നതിനും, ഇവിടെ ജെ എച്ച് ഐയുടെ സേവനവും ലഭ്യമാക്കുന്നതിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

 kasaragod, Kerala, news, COVID-19, District Collector, Must take action against lock down violation



Keywords: kasaragod, Kerala, news, COVID-19, District Collector, Must take action against lock down violation