Join Whatsapp Group. Join now!
Aster MIMS 10/10/2023

കല്യാണാഘോഷമില്ലാത്ത കൊറോണ കാലം

ആഘോഷങ്ങളും ആഢംബരങ്ങളുമില്ലാത്ത കല്യാണങ്ങള്‍ നമുക്ക് ചിന്തിക്കുവാന്‍ പോലും പറ്റാത്തതായി മാറിയിരുന്നു Article, Corona period without Marriage Celebrations #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
മുഹമ്മദലി നെല്ലിക്കുന്ന്
(www.kasargodvartha.com 29.06.2020) ആഘോഷങ്ങളും ആഢംബരങ്ങളുമില്ലാത്ത കല്യാണങ്ങള്‍ നമുക്ക് ചിന്തിക്കുവാന്‍ പോലും പറ്റാത്തതായി മാറിയിരുന്നു.
ആഢംബരങ്ങളും കൂത്തരങ്ങുകളും വാണിരുന്ന നമ്മുടെ നാട്ടിലെ കല്യാണങ്ങള്‍ക്ക് കൊറോണ പിടിവീഴ്ത്തിയപ്പോള്‍ വെറും അമ്പത് പേരില്‍ ഒതുക്കേണ്ടി വന്നു. കല്യാണത്തിന് തലേദിവസം മൈലാഞ്ചിയാഘോഷവും, ഫ്രൻഡ്സ് പാര്‍ട്ടിയും ഡിജെയും പാട്ടും കൂത്തുകളുമായി അരങ്ങു തകര്‍ത്തവരിന്ന് ഇതൊന്നുമില്ലാതെ വെറും അമ്പതു പേരിലൊതുക്കി മകളുടേയും, മകന്റേയും കല്യാണം ലളിതമായി നടത്തുകയാണ്..

വരനെ വധുവിന്റെ വീട്ടീലേക്ക് കൊണ്ടുപോകുന്ന ചടങ്ങ് പോലും മനസ്സു വേദനിപ്പിക്കുന്ന തരത്തിലുള്ളതായി മാറിയിരുന്നുവെന്ന് പറയുന്നതാണ് വലിയ ശരി. വരനേയും, വധുവിനേയും ഉന്തുവണ്ടിയിലും ശവപ്പെട്ടിയിലും സൈക്കിളിലും എന്നുവേണ്ട എല്ലാ തരം നിലവാരം താണ കോപ്രായങ്ങളില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കല്യാണാഘോഷങ്ങള്‍ക്ക് കൊറോണ താഴിട്ടു പൂട്ടിയപ്പോള്‍ ചിലവുകളും ആഢംബരവും കുറഞ്ഞു വന്നു.
Article, Corona period without Marriage Celebrations

പിന്നെ കല്യാണ ചെറുക്കനേയും കൂട്ടി രാത്രി സുഹൃത്തുക്കള്‍ പെണ്ണിന്റെ വീട്ടില്‍ വരുന്ന പതിവുണ്ട്. അഞ്ചോ പത്തോ സുഹൃത്തുക്കളുണ്ടാവും, മണവാളന്റെ കൂടെ. അവര്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ വിഭവങ്ങളാണ് ഉണ്ടാക്കുക. അതെല്ലാം കഴിച്ച്, ചെക്കനേയും കൂട്ടി പോവുകയും പാതിരാ വരെ ചുറ്റിക്കറക്കി പെണ്ണിന്റെ വീട്ടു പടിക്കല്‍ കൊണ്ടു വിട്ട് സുഹൃത്തുക്കള്‍ സ്ഥലം വിടും. അതുവരെ മണവാട്ടി പെണ്ണും വീട്ടുകാരും ആധിപൂണ്ട് നെഞ്ചില്‍ തീയും പേറിയിരിക്കണം. ഇത്തരം അനാചാരങ്ങളും അന്തസ്സിന് നിരക്കാത്തതുമായ പ്രവണതകള്‍ തിരിച്ചുകൊണ്ടുവരാൻ സമൂഹം ഇനി അനുവദിക്കരുത്. പടക്കങ്ങള്‍ പൊട്ടിച്ചും, കളറില്‍ കുളിപ്പിച്ചും പല കോലങ്ങളാല്‍ നടത്തിച്ചും അരങ്ങേറുന്ന കൂത്തരങ്ങുകള്‍ കാണുമ്പോള്‍ ലജ്ജ തോന്നിയിരുന്നു. ഏതായാലും ഒരു കൊറോണയും തുടർന്നുള്ള ലോക് ഡൗണും നിയന്ത്രങ്ങളുമെല്ലാം മനുഷ്യനെയാകെ വലിയ വലിയ പാഠങ്ങളാണ് പഠിപ്പിച്ചത്.  നിയന്ത്രണങ്ങൾ വെറും ഒരു  പ്രദേശത്ത് മാത്രമല്ല, ലോകത്താകമാനം ഇങ്ങനെയാണ്. ഈ തിരിച്ചറിവ് ഓരോരുത്തരും വിശിഷ്യാ യുവാക്കൾ ഉൾക്കൊള്ളുകയും നല്ലൊരു നാളെയ്ക്ക് വേണ്ടി, ലോകത്തുള്ള സർവ്വ മനുഷ്യരുടെയും നന്മയ്ക്കുവേണ്ടി പ്രവർത്തിക്കാൻ തയ്യാറാവുകയും വേണം.

ആഴ്ചകൾ നീളുന്ന ആഘോഷമില്ലാതെയും, മണിക്കൂറുകളിൽ മാറുന്ന വസ്ത്രങ്ങളില്ലാതെയും ലക്ഷങ്ങൾ ധൂർത്തടിക്കാതെയും ജീവിക്കാമെന്നും ചടങ്ങുകൾ സംഘടിപ്പിക്കാമെന്നും പഠിപ്പിച്ച കൊറോണ കാലം ജീവിതത്തിൽ പകർത്താം.


Keywords: Article, Corona period without Marriage Celebrations