Join Whatsapp Group. Join now!
Aster MIMS 10/10/2023

നാലുവര്‍ഷത്തിനിടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ചെലവഴിച്ചത് 109.89 കോടി രൂപ

കശുവണ്ടിത്തോട്ടങ്ങളില്‍ പ്രയോഗിച്ചിരുന്ന ഒരു കീടനാശിനി ദുരന്തഓര്‍മയുടെ പ്രതീകമായത് കാസര്‍കോടിന്റെ ചരിത്രത്താളുകളിലെ ഹൃദയവേദനയായാണ് ഇന്നും നിലകൊള്ളുന്നത് kasaragod, news, Kerala, Endosulfan-victim, 109.89 crore Spent for Endosulfan victims #കേരളവാർത്തകൾ #ന്യൂസ്റൂം #Heloന്യൂസ് #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com 29.06.2020) കശുവണ്ടിത്തോട്ടങ്ങളില്‍ പ്രയോഗിച്ചിരുന്ന ഒരു കീടനാശിനി ദുരന്തഓര്‍മയുടെ പ്രതീകമായത് കാസര്‍കോടിന്റെ ചരിത്രത്താളുകളിലെ ഹൃദയവേദനയായാണ് ഇന്നും നിലകൊള്ളുന്നത്. അശാസ്ത്രീയമായി പ്രയോഗിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി വലിയൊരു വിഭാഗം ജനത്തെയാണ് ദുരിതത്തിലാക്കിയത്. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണമായ ഇടപെടലുകളാണ് നടത്തിയത്. ഇതിനായി വിവിധ ഘട്ടങ്ങളില്‍ നിരവധി പദ്ധതികളിലൂടെ വലിയ തുകയാണ് നല്‍കിയത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ദുരിതബാധിതര്‍ക്കായി 109,89,58,487 രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. നാല് വര്‍ഷത്തിനിടെ നഷ്ട് പരിഹാര ധനസഹായത്തിനായി 53.47 കോടി രൂപയും ബാങ്ക് വായ്പ എഴുതിത്തള്ളുന്നതിനായി 5.34 കോടി രൂപയും പ്രതിമാസ പെന്‍ഷന് വേണ്ടി 33.87 കോടി രൂപയുമാണ് ചെലവഴിച്ചത്.  എന്‍എച്ച്എം ചികിത്സാ സഹായത്തിനുള്ള സംസ്ഥാന ഫണ്ടില്‍ നിന്നും 5.89 കോടി രൂപയും കേന്ദ്ര ഫണ്ടില്‍ നിന്നും 9.64 കോടി രൂപയുമാണ് കൈമാറിയത്. ദുരിതബാധിതരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സഹായവും പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം ധനസഹായവും നല്‍കി. ഇത് കൂടാതെ ദുരിതബാധിതര്‍ക്ക് സൗജന്യറേഷന്‍, ചികിത്സയ്ക്ക് വാഹന സൗകര്യം വൈദ്യുതി നിരക്കില്‍ ഇളവ് എന്നിവയും നല്‍കി വരുന്നുണ്ടെന്ന് എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ വി ജെ ഷംസുദീന്‍ പറഞ്ഞു.

സാമൂഹിക വികസനത്തിന് സമഗ്ര പദ്ധതികള്‍

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേവലമായ ധനസഹായം നല്‍കുന്നതിനേക്കാളുപരി അവരുടെ സാമൂഹിക വികസനത്തിനുതകുന്ന സമഗ്രപദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഇതിനായി നിരവധി പദ്ധതികളാണ് യാഥാര്‍ത്ഥ്യാക്കിയത്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് വേണ്ടി എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലകളില്‍ നിരവധി ബഡ്‌സ് സ്‌കൂളുകളാണ് സ്ഥാപിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന പ്രതിമാസ പെന്‍ഷനും ദുരിതബാധിതരെ പരിചരിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ആശ്വാസ കിരണ്‍ സഹായവും നല്‍കുന്നുണ്ട്. വിവിധ കേന്ദ്രങ്ങളിലായി സ്‌പെഷ്യലിസ്റ്റ് ചികിത്സയും വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലും കര്‍ണാടകയിലുമായി 17 ആശുപത്രികള്‍ തെരഞ്ഞെടുത്ത് സൗജന്യചികിത്സ നല്‍കുന്നുണ്ട്. കിടപ്പിലായ രോഗികള്‍ക്ക് വീട്ടിലെത്തി ചികിത്സ നല്‍കുന്നതിനായി മെഡിക്കല്‍ യൂണിറ്റും വാഹനസൗകര്യവുമൊരുക്കിയിട്ടുണ്ട്. പാലിയേറ്റീവ് കെയര്‍ പദ്ധതിയിലും എന്‍ഡോസള്‍ഫാന്‍ പദ്ധതിയിലുമായി ഫിസിയോതെറാപ്പിസ്റ്റുമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.  സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോട് കൂടി ദുരിതബാധിതര്‍ക്ക് വിവിധയിടങ്ങളില്‍ വീട് ലഭ്യമാക്കി. ഈയിടെ സാഫല്യം പദ്ധതിയിലൂടെ 42 പേര്‍ക്കാണ് വീട് ലഭിച്ചത്. പെരിയയിലും വെള്ളരിക്കുണ്ടിലും നിര്‍മിക്കുന്ന വീടുകളിലേക്കുള്ള ഗുണഭോക്താക്കളെ പുതിയ അപേക്ഷകളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. ഇത് കൂടാതെ കാനറ ബാങ്ക് ഭവനനിര്‍മാണ പദ്ധതി പ്രകാരവും വീടുകള്‍ നല്‍കിയിട്ടുണ്ട്.

ദുരിതബാധിതരുടെ പട്ടികയിലേക്ക് കൂടുതല്‍ പേര്‍

അര്‍ഹരായവരെയെല്ലാം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചത്. ഇതിനായി 2017ലും 2019ലും സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ 879 പേരെയാണ് പുതുതായി പട്ടികയിലുള്‍പ്പെടുത്തിയത്.

ആകെ 283 കോടി രൂപയിലധികം ചെലവഴിച്ചു

പ്രതിസന്ധിയിലായ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ ഫെബ്രുവരി വരെ ആകെ 281.36 കോടി രൂപയാണ് ചെലവഴിച്ചത്. സാമ്പത്തിക സഹായമായി 171.10 കോടി രൂപയും, ചികിത്സയ്ക്ക് 15.03 കോടിയും, 2019-20 നവംബര്‍ വരെയുള്ള പെന്‍ഷന്‍, ആശ്വാസ കിരണം, സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്ക് 88.39 കോടിയും വായ്പ എഴുതിത്തള്ളുന്നതിനായി 6.82 കോടി രൂപയുമാണ് ചെലവഴിച്ചത്. ഇതിനായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 50 കോടി രൂപ അനുവദിച്ചിരുന്നു. കൂടാതെ കഴിഞ്ഞ മാസം മാത്രം ജില്ലാ കളക്ടറുടെ ഫണ്ടില്‍ നിന്ന് ദുരിതബാധിതരുടെ ചികിത്സയ്ക്കും മരുന്നിനുമായി രണ്ട് കോടി രൂപയും ലഭ്യമാക്കിയിരുന്നു. നിലവില്‍ 6728 ദുരിതബാധിതരാണ് എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്ളത്. കിടപ്പ് രോഗികള്‍ 371, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ 1499, ഭിന്നശേഷിക്കാര്‍ 1189, അര്‍ബുദരോഗികള്‍ 699, മറ്റുള്ളവര്‍ 2970 പേര്‍ എന്നിങ്ങനെ ഗ്രൂപ്പുകളായാണ് തരം തിരിച്ചിട്ടുള്ളത്.
kasaragod, news, Kerala, Endosulfan-victim, 109.89 crore Spent for Endosulfan victims


Keywords: kasaragod, news, Kerala, Endosulfan-victim, 109.89 crore Spent for Endosulfan victims