city-gold-ad-for-blogger

കൊച്ചിയില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള പ്രവാസികള്‍ക്ക് യാത്രാദുരിതം; ആകെ കിട്ടിയ ഭക്ഷണം ഒരു ബണ്ണും ഒരു കുപ്പി വെള്ളവും, അന്വേഷണം വേണമെന്ന് എം എല്‍ എ

കാസര്‍കോട്: (www.kasargodvartha.com 21.05.2020) കാസര്‍കോട്ടേക്കുള്ള കെ എസ് ആര്‍ ടി സി ബസില്‍ വന്ന പ്രവാസികള്‍ക്ക് ഭക്ഷണമായി നല്‍കിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും. മണിക്കൂറുകള്‍ നീണ്ട നാട്ടിലേക്കുള്ള യാത്രയില്‍  പ്രവാസികള്‍ അനുഭവിച്ചത് കൊടിയ ദുരിതമാണ്. അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര കരുതലുണ്ടായില്ലെന്നും കടുത്ത യാതനയാണ് അനുഭവിക്കേണ്ടി വന്നതെന്നും പ്രവാസിയും തളങ്കര സ്വദേശിയുമായ മജീദ് തെരുവത്ത് പറഞ്ഞു.

ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് ദുബൈ വിമാനം കൊച്ചിയില്‍ എത്തിയത്. അരമണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ പുറത്തിറങ്ങിയെങ്കിലും പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് പുറപ്പെടാന്‍ മൂന്ന് മണിക്കൂറെടുത്തു. യാത്രക്കിടെ നല്‍കിയത് ചെറിയൊരു കുപ്പി വെള്ളവും ഒരു ബണ്ണും മാത്രം. രോഗികളെ പോലും മൂത്രം ഒഴിക്കാനോ വിശ്രമിക്കാനോ അനുവദിച്ചില്ല. വിമാനത്താവളത്തിന് പുറത്ത് നിര്‍ത്തിയിട്ട ബസില്‍ മൂന്ന് മണിക്കൂര്‍ അസഹനീയമായ ചൂട് സഹിച്ച് ഇരിക്കേണ്ടിവന്നു. സ്ത്രീകളും രോഗികളും അടക്കമുള്ള യാത്രക്കാരായിരുന്നു ഏറെയും. ഭക്ഷണം എന്ന് പറഞ്ഞ തന്ന പൊതിയില്‍ ചെറിയ കുപ്പിവെള്ളവും ഒരു ബണ്ണും മാത്രം. കാഞ്ഞങ്ങാട് എത്തുവോളം കഴിക്കാന്‍ മറ്റൊന്നും നല്‍കിയില്ല. പലരും വിശന്ന് ക്ഷീണിച്ചു. യാത്രക്കാരുടെ ആവശ്യങ്ങളൊന്നും അന്വേഷിച്ചില്ല. മൂത്രമൊഴിക്കാനായി നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുമുണ്ടായില്ല.
കൊച്ചിയില്‍ നിന്ന് കാസര്‍കോട്ടേക്കുള്ള പ്രവാസികള്‍ക്ക് യാത്രാദുരിതം; ആകെ കിട്ടിയ ഭക്ഷണം ഒരു ബണ്ണും ഒരു കുപ്പി വെള്ളവും, അന്വേഷണം വേണമെന്ന് എം എല്‍ എ

പലരും ബഹളം വെക്കാന്‍ തുടങ്ങിയിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ല. യാത്രക്കാര്‍ ഇറങ്ങേണ്ട സ്ഥലത്ത് മാത്രമാണ് നിര്‍ത്തിയത്. യാത്രക്കാരെ ഇറക്കിയശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ അവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി ക്വാറന്റൈന്‍ സെന്ററിലേക്ക് കൊണ്ടുപോകാന്‍ ഏറെ നേരമെടുത്തു. വിശന്നു പൊരിഞ്ഞ വയറുമായി രാത്രി പലരും ബഹളം വെച്ചെങ്കിലും കൂട്ടാക്കിയില്ല. ഡ്രൈവര്‍ ഇടക്കിടെ തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ കാര്യങ്ങള്‍ അതാത് സമയത്ത് ശ്രദ്ധിക്കാന്‍ നിയുക്തരായ പൊലീസ് പൈലറ്റ് വാഹനം ജയിലിലേക്ക് കൊണ്ടുപോകുന്ന ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്.

ജീവിതത്തില്‍ ഇതുവരെ ഇത്തരമൊരു ദുരിതം നേരിട്ടിട്ടില്ലെന്നും പ്രവാസികള്‍ കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങി നിര്‍ത്തുന്ന ശക്തിയാണെന്നും പറയുന്നവര്‍ ഇത്തരം സംഭവങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും മജീദ് തെരുവത്ത് ആരോപിക്കുന്നു. മജീദിന് പുറമെ കാസര്‍കോട് ജില്ലക്കാരായ നായന്മാര്‍മൂല പടിഞ്ഞാര്‍ സ്വദേശിയും ഒരു സ്ത്രീ അടക്കം മൂന്ന് ചെറുവത്തൂര്‍ സ്വദേശികളുമുണ്ടായിരുന്നു.

സംഭവത്തില്‍ ഡി ജി പിക്ക് പരാതി നല്‍കിയതായും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖാന്തിരം മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചതും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ നിന്നും കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ പ്രവാസികള്‍ അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകളെപ്പറ്റിയും ഇതിനു വഴിയൊരുക്കിയ നടപടികളെയും പാട്ടി സമഗ്ര അന്വേഷണം നടത്തണമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായത് ഒറ്റപ്പെട്ട സംഭവമല്ല. ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാതി ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ നടപടി ഉണ്ടാകുമെന്ന വാക്കല്ലാതെ തുടര്‍പ്രവര്‍ത്തനം ഇല്ല. മാത്രമല്ല കാസര്‍കോട്ട് യാതൊരുവിധ അടിസ്ഥാന സൗകര്യമില്ല ഹോട്ടലുകളിലാണ് ഇവരെ പാര്‍പ്പിക്കുന്നത്.

മെച്ചപ്പെട്ട സൗകര്യമുള്ള ഹോട്ടലുകളില്‍ ക്വറന്റൈന്‍ സൗകര്യം ലഭിക്കണമെങ്കില്‍ തുക നല്‍കേണ്ടി വരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രശനങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും അദ്ദേഹം അറിയിച്ചു.


Keywords: Kasaragod, Kerala, News, Kochi, Gulf, Food, MLA, Trouble for expats from Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia