Join Whatsapp Group. Join now!
Aster MIMS 10/10/2023

വീശിയടിക്കുന്ന കാറ്റുപോലെ റമദാന്‍; പൂത്തിരി കത്തും പെരുന്നാള്‍!

കാസര്‍കോട് നഗരത്തില്‍ അഞ്ചു നിലകളില്‍ സ്ഥിതിചെയ്യുന്ന മസ്ജിദ് ഹസനത്തുജ്ജാരിയ കണ്ണാടി പള്ളി എന്നറിയപ്പെടുന്നത് അതിന്റെ Article, Remembrance, kasaragod, Soopy Vanimel, Remembring Abdul Hakeem Moulavi
സൂപ്പി വാണിമേല്‍

(www.kasargodvartha.com 23.05.2020) കാസര്‍കോട് നഗരത്തില്‍ അഞ്ചു നിലകളില്‍ സ്ഥിതിചെയ്യുന്ന മസ്ജിദ് ഹസനത്തുജ്ജാരിയ കണ്ണാടി പള്ളി എന്നറിയപ്പെടുന്നത് അതിന്റെ ചില്ലുചുമരുകള്‍ കാരണമാവാം. ആന്തരികജ്ഞാനത്തില്‍ ആ ദൈവഭവനത്തെ കാസര്‍ക്കോടിന്റെ കണ്ണാടിയാക്കി മാറ്റിയ പണ്ഡിതനായിരുന്നു എം.ഇ.അബ്ദുല്‍ ഹകീം മൗലവി. മുപ്പത്തിയഞ്ച് വര്‍ഷം ആ മിമ്പറില്‍ (പ്രസംഗ പീഠം) നിന്ന് അദ്ദേഹം വെള്ളിയാഴ്ചകളില്‍ നടത്തിയ ഉദ്‌ബോധനം സൃഷ്ടിച്ച നവോഥാനം സംഘടനകള്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്തത്ര വിപുലമായിരുന്നു. കടുത്ത വെല്ലുവിളകള്‍ അതിജീവിച്ച് പുറത്ത്  പ്രഭാഷണങ്ങളിലൂടെ നിര്‍വ്വഹിച്ചതും മഹാ പ്രബോധന ദൗത്യം.

കാസര്‍ക്കോട്ട് ഒട്ടും സാമൂഹിക അകലം കല്പിക്കേണ്ടതില്ലാത്ത എല്ലാവരും ചേര്‍ത്ത് നിറുത്തുന്ന ഹകീം ഉസ്താദായി വിടചൊല്ലാന്‍ കഴിഞ്ഞു എന്നത് ഇസ് ലാമിക ചരിത്രത്തിലെ വിജയികളെ അനുസ്മരിപ്പിക്കുന്നതാണ്.

താന്‍ തുടക്കമിട്ടതൊന്നും കെട്ടുപോവാതെ കാത്തു സൂക്ഷിക്കാനുള്ള വസിയത്തുമായി മകന്‍ അതീഖുര്‍റഹ് മാന്‍ ഫൈസിയെ പിന്‍ഗാമിയായി മിമ്പറില്‍ കയറ്റി മുന്‍ സ്വഫില്‍(നിര) ഇരുന്ന് സായൂജ്യം കൊണ്ട വെള്ളിയാഴ്ച ആദ്രമായിരുന്നു ആ പണ്ഡിത നയനങ്ങള്‍.

ഉസ്താദിന് പകരം അതിനേക്കാള്‍ തീവ്രവും ഭാവാത്മകവുമായ ശൈലിയോടെ ആളുകള്‍ വിശിഷ്യാ യുവാക്കള്‍ കേള്‍ക്കുകയും സമീപിക്കുകയും ചെയ്യുന്ന ഖത്തീബാകാന്‍ അതീഖ് ഉസ്താദിന് സാധിക്കുന്നു.
ലോക്ക് ഡൗണ്‍ കാലം മാറ്റി നിറുത്തിയാല്‍ റമദാന്‍ തറാവീഹിന് ഹാഫിളിന്റെ(ഖുര്‍ആന്‍ മനപ്പാഠമാക്കിയ ആള്‍) നേതൃത്വത്തില്‍ മുപ്പത് വര്‍ഷമായി തുട രുന്ന വിശുദ്ധ ഗ്രന്ഥ പാരായണ പൂര്‍ത്തീകരണം, സുബ്ഹ് നമസ്‌കാരാനന്തര ക്ലാസ്സ്,അസര്‍ നമസ്‌കാര ശേഷം ഖുര്‍ആന്‍ വിവരണം തുടങ്ങിയവ ചിട്ടയോടെ തുടരുന്നു.

കോട്ടയംകാരനായ ഹകീം മൗലവി കാസര്‍കോട്ട് രചിച്ച വീരഗാഥക്ക് മൂന്നാം തലമുറയിലും തുടര്‍ച്ചയുടെ പ്രതീക്ഷയായ പേരക്കിടാവ് അതീഖുര്‍റഹ്മാന്‍ ഫൈസി-സഹറ ബാനു ദമ്പതികളുടെ മകന്‍  വഹീദ് സമാന്‍ ഹകിം ഉസ്താദിലെ ഗൃഹനാഥനെ മാതാവിന്റെ സഹായത്തോടെ അനുസ്മരിക്കുന്നു

എന്തൊരു കരുതലായിരുന്നുവെന്നോ.
കുഞ്ഞുമക്കളോട്,കുടുംബത്തോട്, ഗര്‍ഭിണികളോട്, ചോദിച്ചു വരുന്നവരോട്, വിഷമങ്ങള്‍ പുറത്തറിയിക്കാതെ കഴിയുന്നവരോട്. റമദാനായാല്‍ റസൂല്‍(പ്രവാചകന്‍ മുഹമ്മദ്) വീശിയടിക്കുന്ന കാറ്റുപോലെയായിരുന്നു എന്ന ഹദീസ് ഹകീം ഉസ്താദിലൂടെ പുലരുന്ന അനുഭവമായിരുന്നു കുടുംബത്തിന്.
ഭക്തിയും സന്തോഷവും നിറഞ്ഞ ഈ ദിനരാത്രങ്ങളുടെ തുടര്‍ച്ചയായിരുന്നു ഈദുല്‍ ഫിത്വര്‍ ആഘോഷവും.
നോമ്പ് തുറക്കുന്നതിന്റെ കാല്‍ മണിക്കൂര്‍ മുമ്പ് ചെറിയ കുട്ടികളെ വരെ വുളൂഅ് ചെയ്യിക്കും.ഭക്ഷണ സാധനങ്ങള്‍ മേശപ്പുറത്ത് നിരത്തിയിട്ടുണ്ടാവും.അല്ലാഹുമ്മ അജ്ര്‍നാ മിന്നന്നാര്‍ എന്ന് തുടങ്ങുന്ന പ്രാര്‍ഥന ഉച്ചത്തില്‍ ചൊല്ലിക്കൊണ്ടേയിരിക്കും.മഗ് രിബ് പ്രതീക്ഷിച്ചുള്ള ഇരിപ്പ്.ബാങ്കൊലിയുയര്‍ന്നാല്‍ ഒട്ടും വൈകിക്കാതെ നോമ്പ് തുറക്കാന്‍ എല്ലാവരേയും നിര്‍ബന്ധിക്കുന്നുണ്ടാവും.

പള്ളിയില്‍ ഇശാ നമസ്‌കാരത്തിന് അദ്ദേഹവും തറാവീഹിന് ഹാഫിളുമാണ് നേതൃത്വം നല്‍കിയിരുന്നത്.മുപ്പത് വര്‍ഷം മുമ്പ് ഒരു പക്ഷെ ജില്ലയില്‍ ആദ്യമായി ഹാഫിളിനെ കൊണ്ടുവന്ന് തറാവീഹ് തുടങ്ങിയത് അദ്ദേഹമാണ്. ഹാഫിളിന്റെ ഓത്തിലെ പെര്‍ഫെക്ഷനെ പ്രശംസിച്ചും തെറ്റ് വരുത്തുന്നവരോട് അസ്വസ്ഥത പ്രകടിപ്പിച്ചും വീട്ടില്‍ സംസാരിക്കുമായിരുന്നു.തറാവീഹിന് പോവുമ്പോഴും തിരിച്ചു വരുമ്പോഴും ഒരുപോലെ ഉന്മേഷവാനായിരുന്നു അദ്ദേഹം.അത്താഴം ഓരോരുത്തരേയും വിളിച്ച് കഴിച്ചുവെന്ന് ഉറപ്പിക്കും. ഭക്ഷണം ലഘുവായിരിക്കാനും ഈത്തപ്പഴം കഴിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചു. നമ്മള്‍ നിസ്സാരമായി കാണുന്ന സുന്നത്തുകള്‍ (പ്രവാചക ചര്യ) പോലും നിര്‍ബന്ധ കര്‍മ്മങ്ങള്‍ പോലെയാണ് അനുഷ്ഠിച്ചതും കുടുംബത്തെ പ്രേരിപ്പിച്ചതും.സുബഹ് ബാങ്കിന് അഞ്ച് മിനിറ്റ് മുമ്പെങ്കിലും ദന്തശുദ്ധിവരുത്തുന്ന ശീലം വീട്ടില്‍ വളര്‍ത്തി.

ഇളം പ്രായത്തില്‍ നോമ്പെടുക്കുന്ന കുരുന്നുകളോട് കാണിച്ച വാത്സല്യം അപാരം.മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി അല്ലാതിരുന്നിട്ടും അവര്‍ക്കായി ഉറുമാന്‍ ഉള്‍പ്പെടെ പഴങ്ങള്‍ വാങ്ങിക്കൊണ്ടുവരും. മടിയിലിരുത്തിതേനൂറും വര്‍ണ്ണനകളിലൂടെ അവരെ സ്വര്‍ഗ്ഗപ്പൂന്തോപ്പിലേക്ക് കൂട്ടിക്കൊണ്ടു പോവും.ബദര്‍ ദിനത്തില്‍ അദ്ദേഹം നടത്തുന്ന വിവരണങ്ങള്‍ ആ യുദ്ധത്തില്‍ പങ്കെടുത്ത യോദ്ധാവിന്റെ അനുഭവം പങ്കിടുന്ന ഫീലിങ് ആണ് ചുറ്റുമിരിക്കുന്നവര്‍ക്കുണ്ടാക്കിയത്.

ചോദിച്ചു വരുന്നവരെ മടക്കാന്‍ മനസ്സ് അനുവദിക്കാത്തതിനാല്‍ കടം വാങ്ങി കൊടുത്ത അനുഭവം വരെയുണ്ട്.പ്രയാസങ്ങള്‍ പ്രകടിപ്പിക്കാതെ ജീവിക്കുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.നോമ്പ് വരവേറ്റ അതേ ഭക്തിയോടെ പെരുന്നാളും ആഘോഷിച്ചു.പിറ കണ്കണ്ട രാവുകളില്‍ കുട്ടികളെ കൊണ്ടുപോയി ബലൂണ്‍, മൈലാഞ്ചി,എള്ളുണ്ട തുടങ്ങിയവ വാങ്ങിത്തരുമായിരുന്നു. തിരിച്ച് പള്ളം റോഡിലൂടെ വരുമ്പോള്‍ പടക്കക്കട മാടി വിളിക്കും.കുട്ടികളും മുതിര്‍ന്നവരും അവിടെ പൊതിയുന്നുണ്ടാവും. പടക്കം പൊട്ടിക്കാനുള്ള മോഹം അറിയിച്ചാല്‍ മുഖം കറുപ്പിച്ച് പിന്നെ ചിരി വരുത്തി കമ്പിത്തിരി മാത്രം വാങ്ങിത്തരും.പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞാല്‍ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. പെരുന്നാളിലും പ്രവാചക ചര്യ പിന്തുടരാന്‍ ശ്രദ്ധിച്ചു.
Keywords: Article, Remembrance, kasaragod, Soopy Vanimel, Remembring Abdul Hakeem Moulavi