കാസര്‍കോടന്‍ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്താനാകണം, എയിംസ് നമ്മുടെ ഭരണഘടനാപരമായ അവകാശം

കാസര്‍കോടന്‍ യാഥാര്‍ത്ഥ്യങ്ങളെ ബോധ്യപ്പെടുത്താനാകണം, എയിംസ് നമ്മുടെ ഭരണഘടനാപരമായ അവകാശം

എം എ റഹ് മാന്‍

(www.kasargodvartha.com 23.05.2020) കാസർകോട്ട് എയിംസിനായി നടത്തുന്ന ക്യാമ്പയിനും ജനകീയ കൂട്ടായ്മയ്ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിക്കാനാണീ കുറിപ്പ്. കേന്ദ്രസര്‍വകലാശാലയില്‍ വിഭാവനം ചെയ്ത കേന്ദ്ര മെഡിക്കല്‍ കോളേജ് കേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റംകൊണ്ട് നഷ്ടപ്പെട്ട സ്ഥിതിക്ക് നമുക്ക് കരണീയം കേരളത്തിന് അവകാശപ്പെട്ട എയിംസ് കാസര്‍കോട് ലഭിക്കാനുള്ള നടപടിക്രമങ്ങളുണ്ടാക്കുക എന്നതാണ്. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിച്ചാണിതിരിക്കുന്നത്. 

അങ്ങനെയെങ്കില്‍ എയിംസ് പ്രയോഗവല്‍ക്കരിക്കുന്നതിലേക്ക് അനിവാര്യമായ കാസര്‍കോടന്‍ യാഥാര്‍ത്ഥ്യങ്ങളെ കേന്ദ്രസര്‍ക്കാരിനെയും കേരളസര്‍ക്കാരിനെയും ബോധ്യപ്പെടുത്തുന്നതിലായിരിക്കും നമ്മുടെ വിജയം. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് ഇവിടെ സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഭരണഘടനാപരമായ മൂന്ന് സുപ്രീംകോടതി വിധികള്‍ ഇനിയും നടപ്പിലാക്കാതെ നിലനില്‍ക്കുന്നുണ്ട്. ഈ വിധികളെല്ലാം ആവര്‍ത്തിച്ചു പറയുന്നത് കാസര്‍കോട്ട് ഇനിയും യാഥാര്‍ത്ഥ്യമാകാത്ത ആരോഗ്യസ്ഥാപനത്തെക്കുറിച്ചാണ്. 

2010 ഡിസംബറില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച വിധിയില്‍ ‘കാസർകോട് ജില്ലയിലെ രോഗബാധിതമായ 11 പഞ്ചായത്തുകളെ – കയ്യൂര്‍, ചീമേനി, അജാനൂര്‍, പുല്ലൂര്‍ പെരിയ, കള്ളാര്‍, പനത്തടി, മുളിയാര്‍, കാറഡുക്ക, കുമ്പഡാജെ, ബദിയടുക്ക, ബള്ളൂര്‍, എന്‍മകജെ – കേന്ദ്രീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സ്പോണ്‍സര്‍ഷിപ്പില്‍ ഒരു പാലിയേറ്റീവ് കെയര്‍ സെന്ററും ആശുപത്രിയും സ്ഥാപിക്കണം’ എന്ന് വ്യക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരു ചെറിയ പ്രദേശത്ത് ഇരകളുടെ എണ്ണം കൂടുതല്‍, അതായത് ആറായിരത്തിലധികം ആകയാല്‍ ഇവിടെ കേന്ദ്രസര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന പാലിയേറ്റീവ് കെയര്‍ സെന്ററും ആശുപത്രിയും സ്ഥാപിക്കണം. ശാരീരിക- മാനസിക വെല്ലുവിളികൾ നേരിടുന്ന രോഗികള്‍ക്ക് ഫലപ്രദമായ ആംബുലന്‍സ് സംവിധാനം ലഭ്യമാക്കണം. അവരെ സഹായിക്കാന്‍ പരിശീലിക്കപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണം. 

സംസ്ഥാന സര്‍ക്കാര്‍ അതിനു എല്ലാ സൗകര്യവും ചെയ്തുകൊടുക്കണം. ആ വിധിയില്‍തന്നെ ‘രോഗികളുടെ ശാരീരികവെല്ലുവിളികള്‍ അളന്ന് കാറ്റഗറി നിര്‍ണയിക്കേണ്ടത് ഡോക്ടര്‍മാരുടെ പാനല്‍ ആണ്. ഇന്ത്യാ ഗവര്‍ണ്‍മെന്റ് വേണ്ട സാമ്പത്തിക സഹായം കേരള സര്‍ക്കാരിന് നല്കണം’ എന്നുകൂടി പറയുന്നുണ്ട്. ഇതില്‍ കേരള സര്‍ക്കാര്‍ ചെയ്യേണ്ട സഹായം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അത്തരം സ്ഥാപനങ്ങള്‍ക്ക് വേണ്ട ഭൂമി (പശ്ചാത്തല സൗകര്യം) ഇവിടെ അനുവദിച്ചുകൊടുക്കലാണ് എന്നാണ്. കാസര്‍കോട്ടാണെങ്കില്‍ ധാരാളം ഭൂമി എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈയ്യില്‍ തന്നെയുണ്ട്. സര്‍ക്കാരിന് അതു പിടിച്ചെടുക്കാം. സെന്‍ട്രല്‍ മെഡിക്കല്‍ കോളേജിന്നനുവദിച്ച സ്ഥലവും ഉപയോഗിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇതില്‍പരം നിര്‍ണായകമായ അനുകൂല ഘടകങ്ങള്‍ മറ്റെവിടെയാണുള്ളത്. ഈ ഭരണഘടന അവകാശങ്ങള്‍ ചേര്‍ത്താണ് നാം സംസ്ഥാനത്തോടും കേന്ദ്രത്തോടും എയിംസ് ആവശ്യപ്പെടേണ്ടത്.

മേല്‍പറഞ്ഞ വിധിക്ക് ഉപോല്‍ബലകം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആരോഗ്യസ്ഥാപനം കാസര്‍കോട്ടെ ഇരകളില്‍ 2001ല്‍ നടത്തിയ എപ്പിഡെമിയോളജിക്കല്‍ പഠനമാണ്. ഈ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിധി പ്രസ്താവിച്ചത്. ദശകം ഒന്നു കഴിഞ്ഞിട്ടും കാസർകോട്ട് ഒരു ആരോഗ്യസ്ഥാപനവും വന്നില്ല. ഏതാണ്ട് അറുനൂറിലധികം ആളുകള്‍ ശരിയായ ചികില്‍സ കിട്ടാതെ മരിച്ചു. യെദിയൂരപ്പ സര്‍ക്കാര്‍ അതിര്‍ത്തിയില്‍ മണ്ണിട്ട് പതിനഞ്ചു പേരെയും കൊന്നു. മതിയായ ആരോഗ്യ സ്ഥാപനമില്ലാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ മാത്രമല്ല മരിക്കുകയെന്നത് നമുക്ക് സ്വയം ബോധ്യമായി. ഇനി ഇത് ഭരണകൂടത്തെയാണ് ബോധ്യപ്പെടുത്തേണ്ടത്! മനുഷ്യാവകാശ കമ്മീഷന്‍ വിധിയുടെ ചുവടുപിടിച്ചാണ് പിന്നീടുള്ള ബഹു: സുപ്രീംകോടതി വിധികളെല്ലാം വന്നത്.

ഡി വൈ എഫ് ഐയും, എന്‍വിസാജും, വന്ദന ശിവയും സമര്‍പ്പിച്ച റിട്ടില്‍ 2017 ജനുവരി 30നു വന്ന വിധിയില്‍ ജസ്റ്റീസ് എന്‍ വി രമണയും, ഡി വൈ ചന്ദ്രചൂഡും വിധിച്ചത് (നമ്പര്‍ 213/2011) കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ രോഗികളുടെ എണ്ണം വളരെ കൂടുതലാണെന്നത് കൂടി കണക്കിലെടുത്ത് എന്‍ഡോസള്‍ഫാന്‍ ആഘാതത്തിലുണ്ടായ ആയുഷ്കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ആരോഗ്യ സംവിധാനവും ചികില്‍സയും കൊടുക്കാനുള്ള സാധ്യതകള്‍ നടപ്പിലാക്കണമെന്നാണ്. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകര്‍ കേന്ദ്രസര്‍ക്കാരാണ്. അവരാണ് ആശുപത്രി പണിയേണ്ടതും രോഗികള്‍ക്ക് നഷ്ടപരിഹാരം നൽകേണ്ടതും എന്ന ആ വിധിയില്‍ ഊന്നുന്ന വിധിപ്പകര്‍പ്പുകള്‍ ഇതോടൊപ്പം കാണുക.നാലു ഇരകള്‍ നഷ്ടപരിഹാരത്തിനായി ഫയല്‍ ചെയ്ത റിട്ടില്‍ 2019 ജൂലൈ 3നു വന്ന ബഹു: സുപ്രീംകോടതി വിധിയില്‍ കോടതിയലക്ഷ്യം പരിഹരിച്ച് ആരോഗ്യസ്ഥാപന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ വീണ്ടും ആവശ്യപ്പെടുന്നു(നമ്പര്‍ 213/2001). പതിമൂന്ന് ലക്ഷം ജനങ്ങള്‍ അധിവസിക്കുന്ന കാസര്‍കോടിന്റെ നാലിലൊന്ന് ഭാഗത്ത് താമസിക്കുന്ന പതിനൊന്നു പഞ്ചായത്തുകളിലെ ഏതാണ്ട് മൂന്നു ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ആരോഗ്യപ്രശ്നത്തിന് ഭരണഘടനാപരമായി അവകാശപ്പെട്ട പരിഹാരമാണ് ബഹു: സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. പ്രത്യക്ഷമാവാത്ത രോഗങ്ങള്‍ ഇനിയുമുണ്ടാവാം. ഇത്തരം ഭരണഘടനാവിധികള്‍ നമ്മുടെ കൈയ്യിലുണ്ടാകുമ്പോള്‍ എയിംസ് എന്ന കേന്ദ്ര ആരോഗ്യസ്ഥാപനം കാസര്‍കോടിനാണെന്ന അവകാശവാദം പറയുവാനുള്ള എല്ലാ ഉപാദാനങ്ങളും ഭദ്രം.

എയിംസിനെ കാസര്‍കോട് സ്ഥാപിക്കാനുള്ള അനിവാര്യതയാണ് ഈ ഉപാദാനങ്ങള്‍ ബലവത്താക്കുന്നത്. ഇത് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ചോക്കുമലയില്‍ നിന്നുകൊണ്ട് ചോക്കന്വേഷിച്ചവരെപ്പോലെയാകരുത് നാം കാസര്‍കോട്ടുകാര്‍. എയിംസ് എന്ന ആരോഗ്യ സ്ഥാപനത്തിലെ 52 വിഭാഗങ്ങളില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ വിഭാഗത്തിലാണ് ഇവിടുത്തെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ഉള്‍പ്പെടുക എന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു. ആ അര്‍ത്ഥത്തില്‍ ഭരണഘടനാസ്ഥാപനം നിര്‍ദ്ദേശിച്ച ആരോഗ്യസ്ഥാപനത്തിന് പകരം നില്ക്കുന്നു എയിംസ്. നമ്മുടെ വഴികള്‍ സുഗമമാക്കാന്‍ അത് സഹായിക്കും. ഇത് അധികാരികളെ ബോധ്യപ്പെടുത്തുക എന്ന പ്രാഥമികമായ ധര്‍മ്മമാണ് നാം ക്ഷമാപൂര്‍വ്വം നിര്‍വഹിക്കേണ്ടത്. ആരോഗ്യ-നിയമവിദഗ്ദരടങ്ങുന്ന കമ്മിറ്റിയാണ് വേണ്ടത്. പടര്‍പ്പില്‍ തച്ചാല്‍ എവിടെയും കൊള്ളില്ല. ആശംസകള്‍.

Keywords: Article, Kasaragod, Kerala, Top-Headlines, hospital, Medical College, MA Rahman, Kasaragod need AIIMS
  < !- START disable copy paste -->