Join Whatsapp Group. Join now!
Aster MIMS 10/10/2023

ചന്ദ്രേട്ടന്‍ നിര്‍മ്മിച്ച സ്വപ്‌ന വീട് ഇനി പാറു അമ്മയ്ക്ക് സ്വന്തം

ചന്ദ്രേട്ടന്‍ നിര്‍മ്മിച്ച സ്വപ്‌ന വീട് ഇനി മുതല്‍ പാറു അമ്മയ്ക്ക് സ്വന്തം. വെസ്റ്റ് എളേരി മൗക്കോട്ടെ വ്യാപാരിയും കെ. വി. സി. ഗ്രൂപ്പ് എം. ഡി. യുമായ കുത്തൂര്‍ വീട്ടില്‍ ചന്ദ്രന്‍ നിര്‍മ്മിച്ച സ്വപ്ന വീടാണ് Kasaragod, Kerala, News, Neeleswaram, House, House for Paru Amma build by Chandrettan handed over
സുധീഷ് പുങ്ങംചാല്‍

നീലീശ്വരം: (www.kasargodvartha.com 28.05.2020) ചന്ദ്രേട്ടന്‍ നിര്‍മ്മിച്ച സ്വപ്‌ന വീട് ഇനി മുതല്‍ പാറു അമ്മയ്ക്ക് സ്വന്തം. വെസ്റ്റ് എളേരി മൗക്കോട്ടെ വ്യാപാരിയും കെ. വി. സി. ഗ്രൂപ്പ് എം. ഡി. യുമായ കുത്തൂര്‍ വീട്ടില്‍ ചന്ദ്രന്‍ നിര്‍മ്മിച്ച സ്വപ്ന വീടാണ് നിര്‍ദ്ധന മാതാവ് തൂക്കപ്ലാവ് വീട്ടില്‍ പാറു അമ്മയ്ക്ക് സ്വന്തം പേരില്‍ ലഭിച്ചത്.

ലോക് ഡൗണ്‍ പ്രതിസന്ധി ക്കിടയിലും നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആരും കൊതിക്കുന്ന സ്വപ്‌ന വീടിന്റെ താക്കോല്‍ ചന്ദ്രന്‍ എം. രാജ ഗോപാല്‍ എം.എല്‍. എ. ചിറ്റാരിക്കല്‍ എസ്. ഐ. കെ.പി. വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്ത ലളിതമായ ചടങ്ങില്‍ പാറു അമ്മയ്ക്ക് കൈമാറി.

സ്വന്തമായി നല്ലൊരു വീടില്ല എന്ന പാറുഅമ്മയുടെ സ്വകാര്യ ദുഃഖം തിരിച്ചറിഞ്ഞ ചന്ദ്രന്‍ ബിസിനസ് ടൂറിനിടെ തായ്‌ലാന്റില്‍ വെച്ചാണ് തന്റെ വ്യാപാര സ്ഥാപനത്തില്‍ സ്ഥിരമായി എത്തുന്ന പാറു അമ്മയ്ക്ക് വീട് വച്ചു നല്‍കുന്നതിനെ കുറിച്ച് ആലോചിച്ചത്.

യാത്രക്കിടെ തന്റെ സുഹൃത്തുക്കളോട് ഈ ആശയം പങ്കു വെക്കുകയും വീട്ടിലെത്തി ഭാര്യയോടും മക്കളോടും തന്റെ ആഗ്രഹം പറയുകയുമായിരുന്നു.

ഭാര്യ സാവിത്രി അമ്മയും മൂന്ന് മക്കളും അച്ഛന്റെ ആ വലിയ മനസിന്റെ ആഗ്രഹം എത്രയും വേഗത്തില്‍ നിറവേറ്റാന്‍ ഒപ്പം നിന്നു.

അങ്ങനെയാണ് കട തുടങ്ങിനാല്പത് വര്‍ഷം പൂര്‍ത്തിയായ വ്യഴാഴ്ച തന്നെ ചന്ദ്രന്‍ സ്വപ്ന വീട് പാറുഅമ്മയ്ക്ക് സമ്മാനിച്ചത്.

1980 -മെയ് 28-നാണ് കുത്തൂര്‍ വീട്ടില്‍ചന്ദ്രന്‍ എന്ന ഇപ്പോഴത്തെ കെ. വി. സി. ചന്ദ്രന്‍ മൗക്കോട് പലചരക്ക് കട ആരംഭിച്ചത്. കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ചന്ദ്രന്റെ ഈ കട സൂപ്പര്‍ മാര്‍ക്കറ്റ്,സിമന്റ്,കമ്പി എന്ന് വേണ്ട ഒരുനാടിനാവശ്യമായ എല്ലാ സാധന ങ്ങളും ലഭിക്കുന്ന ഇടമായി.
 Kasaragod, Kerala, News, Neeleswaram, House, House for Paru Amma build by Chandrettan handed over

കച്ചവടത്തില്‍ നിന്നും ലാഭത്തിന്റെ ഒരു വിഹിതം മാറ്റിവെച്ചാണ് കട തുടങ്ങിയതിന്റെ നാല്‍പതാം വര്‍ഷം നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്ത 65 വയസ്സ് കഴിഞ്ഞ പാറു അമ്മയ്ക്ക് ആരും കൊതിക്കുന്ന സുന്ദര ഭവനം കൈമാറാന്‍ സാധ്യമായത്.

ഫെബ്രുവരി മാസം 20നാണ് പാറുഅമ്മയ്ക്കു നല്‍കുന്ന വീടിന്റെ നിര്‍മ്മാണം ആരംഭിച്ചതെന്ന് ചന്ദ്രന്‍ പറയുന്നു. എന്നാല്‍ ലോക് ഡൗണ്‍ കാരണം നിര്‍മ്മാണ സാധനങ്ങള്‍ എത്തിക്കുവാന്‍ പ്രയാസം നേരിട്ടു.

മെയ് മാസം 28ന് തന്നെ വീടിന്റ താക്കോല്‍ പാറു അമ്മയെ ഏല്‍പ്പിക്കണം എന്ന മോഹം ചന്ദ്രേട്ടനെക്കാള്‍ കൂടുതല്‍ ഇവരുടെ ഭാര്യ സാവിത്രി അമ്മയ്ക്കും മക്കള്‍ക്കും മരുമക്കള്‍ക്കുമായിരുന്നു.

ലോക് ഡൗണ്‍ തടസം നീക്കാന്‍ ചന്ദ്രന്‍ എന്ന വലിയ മനസിന്റെ ഉടമയെ സഹായിച്ചത് ചിറ്റാരിക്കാല്‍ എസ്. ഐ. കെ. പി. വിനോദ് കുമാര്‍ ആയിരുന്നു.

വ്യഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ചന്ദ്രനും എം. രാജഗോപാല്‍. എം. എല്‍. എ. യും. ചിറ്റാരിക്കാല്‍ എസ്. ഐ. വിനോദ് കുമാറും ചേര്‍ന്ന് വീടിന്റെ താക്കോല്‍ കൈമാറിയപ്പോള്‍ നഷ്ട്ട സ്വപ്നങ്ങളെ കുറിച്ച് ഓര്‍ക്കാതെ പുതിയ വീട്ടില്‍ ഇനിയുള്ള കാലം കഴിയാം എന്നോര്‍ത്ത് പാറു അമ്മ ആനന്ദ കണ്ണീര്‍ പൊഴിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചുരുക്കം ചില വ്യക്തികള്‍ ഈ വികാര നിര്‍ഭര ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ചന്ദ്രന്റെ ഭാര്യ സാവിത്രി അമ്മയും. മക്കളും. മരുമക്കളും അതിഥികളായി എത്തിയവര്‍ക്ക് പാലുകാച്ചിയ വീട്ടില്‍ നിന്നും തയ്യാറാക്കിയ ചായസല്‍ക്കാരവും നടത്തി. ആരോരുമില്ലെന്ന പാറു അമ്മയുടെ ചിന്തകള്‍ക്ക് അറുതിയും വരുത്തി.

മൂന്ന് മുറികളും ഒരു ഹാളും അടുക്കളയും അടങ്ങുന്ന വീടിന്റെ നിലം പൂര്‍ണ്ണ മായും ടൈല്‍ പതിച്ചതാണ്. വീട് നിര്‍മ്മാണത്തിനും മറ്റുമായി ഏഴ് ലക്ഷം രൂപ ചിലവ് വന്നതായി ചന്ദ്രന്‍ പറഞ്ഞു.

പാറു അമ്മയുടെ പുതിയ വീട്ടിലേക്ക് യാത്രാ സൗകര്യത്തിനായി ചന്ദ്രന്‍ റോഡും നിര്‍മ്മിച്ചു നല്‍കി. ഇതിനായി പത്തു സെന്റ് സ്ഥലമാണ് വിട്ടു നല്‍കിയത്.

ഭര്‍ത്താവ് നേരത്തെ ഉപേക്ഷിച്ച പാറു അമ്മയ്ക്ക് മൂന്ന് പെണ്‍ മക്കളാണ്.

Keywords: Kasaragod, Kerala, News, Neeleswaram, House, House for Paru Amma build by Chandrettan handed over