City Gold
news portal
» » » » » » ലൈലത്തുല്‍ ഖദറിന്റെ രാവുകളില്‍ നമ്മുടെ കവിള്‍ തടം നിറഞ്ഞൊഴുകട്ടെ

വൈ ഹനീഫ കുമ്പഡാജെ

(www.kasargodvartha.com 19.05.2020) മലക്കുകള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്റ അടിമകളുടെ അരികില്‍ വന്ന് സ്‌നേഹ സമ്പര്‍ക്കം പുലര്‍ത്തുന്ന നാള്‍. കുഞ്ഞു നാളിലെ ലൈലത്തുല്‍ ഖദര്‍ റമദാന്‍ ഇരുപത്തേഴിന്റെ രാവില്‍ ഉറപ്പായിരുന്നു.അന്നത്തെ കാലം അങ്ങനെയാണല്ലോ. ഇരുപത്തി ആറിന്റെ സായം സന്ധ്യയില്‍ ഉമ്മ ചുട്ടു തരുന്ന മധുരപലഹാരം പള്ളിയില്‍ കൊണ്ട് പോവും. തരാവീഹിനു ശേഷം യാസീന്‍ ഓത്തും പ്രാര്‍ത്ഥനകളും മറ്റു സത്കര്‍മ്മങ്ങളും നടക്കും. അനന്തരം  വരിയായി നിന്ന് പള്ളിയില്‍ നിന്നും കിട്ടുന്ന ചീരണി വാങ്ങി വീട്ടില്‍ വരും.പള്ള നിറച്ചു വീണ്ടും പള്ളിയിലേക്ക് ഓടും. അത്താഴ സമയം വരേ പള്ളിയില്‍ ഭജനമിരുന്നു കൊണ്ട് ഖുര്‍ആന്‍ ഓതും. റമളാന്‍ തുടക്കത്തില്‍ ഓതിത്തുടങ്ങിയ ഖത്തം അന്നായിരിക്കും തീര്‍ക്കുക.

ചിലപ്പോള്‍ സിയാറത്തിനായി മഖ്ബറകളിലേക്ക് പോവലും,അവിടെ വെച്ച് ആത്മീയതയില്‍ അലിഞ്ഞു ചേരുന്ന പണ്ഡിതന്മാരുടെ പ്രാര്‍ത്ഥനകള്‍ക്ക് ആമീന്‍ പറയലും ഒരോര്‍മ്മയായി മനസ്സില്‍ നിറയുന്നുണ്ട്. ഇന്ന് വീട് വിട്ടിറങ്ങാന്‍ കഴിയത്ത വിധം കൊറോണ എന്ന മഹാമാരി നമ്മെ പൂട്ടിയിരിക്കുന്നു.
പള്ളികള്‍ അടഞ്ഞു കിടക്കുന്നു. ഖിയാമുല്ലൈല്‍ നിസ്‌കാരങ്ങള്‍ കൊണ്ട് പ്രഭാ പൂരിതമായിരുന്ന മസ്ജിദുകളില്‍ വിളക്കണച്ചിരിക്കുന്നു.

പക്ഷേ, ഓരോരുത്തരുടെയും വീട്ടില്‍ പള്ളിയുടെ പ്രതീതി ഉണ്ടാവണം. കോറോണയെ തോല്‍പിക്കാന്‍ നമ്മുടെ വീട് പാതിരാവിലും പ്രാര്‍ത്ഥനാ നിര്‍ഭരമാവണം.അടിമകളുടെ കവിള്‍ത്തടം നിറഞ്ഞൊഴുകട്ടെ. ചെയ്തു പോയ പാപങ്ങളെ എണ്ണി എണ്ണി പറഞ്ഞു കൈകള്‍ ഉയരട്ടെ.  നമ്മള്‍ ഇന്നലകളില്‍ പാര വെച്ചതിന്റെ കണക്കെടുപ്പ് നടത്തി പരിഹാര ക്രിയ ഉണ്ടാവട്ടെ.

അയല്‍ക്കാരന്റെ മനസ്സില്‍ നമ്മള്‍ തീര്‍ത്ത പകയുടെയും വിധ്വേഷങ്ങളുടെയും വേദനയുടെയും  കെട്ടഴിക്കാന്‍ പോംവഴി കണ്ടെത്താനും  കഴിയണം. അഹങ്കാരത്തിന്റെ,അസൂയയുടെ ചിന്തകള്‍ ഹൃദയത്തില്‍ നിന്നും വലിച്ചെറിഞ്ഞു നല്ലൊരു ജീവിതത്തിനായി പ്രതിജ്ഞ എടുക്കാന്‍ നമുക്കാവണം. പരീക്ഷണങ്ങളുടെ തീചൂളയില്‍ നിന്നും ലോകം രക്ഷപ്പെടാന്‍ ഏക വഴി മനുഷ്യമനസ്സില്‍ മാനവികതയുടെ കൂട് കൂട്ടലാണ്.
ഈ പുണ്ണ്യ രാവില്‍ നമുക്കതിന് കഴിയണം.

ലൈലത്തുല്‍ ഖദര്‍....
ഖദര്‍' എന്ന പദത്തിന് 'നിര്‍ണയം' 'മഹത്വം' എന്ന് അര്‍ത്ഥമുണ്ട്.
വിശുദ്ധ ഖുര്‍ആനിന്റെ അവതരണം മനുഷ്യ ചരിത്രത്തിലെ തന്നെ ഒരു വഴിത്തിരിവാണ്. മാനവരാശിക്ക് മുഴുവന്‍ മാര്‍ഗ ദര്‍ശകമായി വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച രാത്രി മറ്റു രാത്രികള്‍ക്കൊന്നുമില്ലാത്ത മഹത്വം അല്ലാഹു നല്‍കിയിരിക്കുന്നു.

ഈ രാത്രിയെ ഏതുനിലക്ക് സമീപിക്കുന്നുവോ അല്ലെങ്കില്‍ ഏതുരീതിയില്‍ ഇടപെടുന്നുവോ ആ നിലക്ക് അവന്റെ ജീവിതം പുഷ്‌കലമാക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നു. എന്നാല്‍ സുന്നത്തായ കര്‍മങ്ങള്‍ക്ക് ഫര്‍ളുകളുടെ പ്രതിഫലവും ഫര്‍ളുകള്‍ക്ക് പതിന്മടങ്ങ്  പ്രതിഫലവും  നിശ്ചയിക്കുകയും ചെയ്ത ഈ വ്രത നാളുകളില്‍ ഇത്തരമൊരു രാവിന്റെ സാന്നിധ്യം കൂടി ഒത്തൊരുമിക്കുമ്പോള്‍ വിവരണാതീതമായ ഒരു വിശേഷമാണ് ലൈലത്തുല്‍ ഖദര്‍.


അനുഗ്രഹങ്ങളുടെ പേമാരി മനുഷ്യനെ തഴുകുന്ന രാത്രിയാണിത്. മാലാഖമാര്‍ ഇറങ്ങി വന്ന് ആദം സന്തതികളെ ആശീര്‍വദിക്കുന്ന രാത്രി ഉപയോഗപ്പെടുത്താന്‍ ഒരാള്‍ക്ക് സാധിക്കാതെ വന്നാല്‍ അതു നഷ്ടമാണ്.. അപരിഹാര്യമായ നഷ്ടം. ഈ വിശുദ്ധ രാത്രി റമദാനിലെ ഏതു ദിവസമാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ റമസാനിലെ അവസാനത്തെ പത്തിലാകാനും  അതുതന്നെ ഒറ്റയിട്ടരാവുകളില്‍ ആയിരിക്കാനുമാണ് ഏറെ സാധ്യത എന്നും  പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.എല്ലാം സാധ്യതകള്‍ മാത്രം ക്ലിപ്തത ഒന്നുമല്ല. ഇതില്‍ 27-ാം രാവിന് കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ പാരായണം, ദാന ധര്‍മങ്ങള്‍, പ്രാര്‍ത്ഥന, തൗബ തുടങ്ങിയ സല്‍കര്‍മങ്ങളിലൂടെ ഈ ദിവസത്തെ സുകൃതമാക്കാന്‍ നാം സന്നദ്ധരാവണം. കഴിഞ്ഞുപോയ കാലത്തെ തെറ്റുകള്‍ പൊറുത്തു കിട്ടാനുള്ള വഴികളില്‍ വ്യാപൃതരാവാന്‍  തയ്യാറാവുകയും ശിഷ്ട ജീവിതത്തില്‍ നന്മകൊണ്ട് മുന്നേറാനുള്ള പ്രതിജ്ഞയെടുക്കാനും  ഈ ദിവസത്തെ നാം ഉപയോഗപ്പെടുത്തണം.

അതെങ്ങാനും അല്ലാഹു സ്വീകരിച്ചാല്‍ അതുമതി നമ്മുടെ അനശ്വരമായ വിജയത്തിന്. ഈ വിശുദ്ധരാത്രിയില്‍ സര്‍വലോകാധിപതിയുടെ കാരുണ്യത്തിന്റെ പടിവാതില്‍ക്കല്‍ നാം സര്‍വ്വാര്‍പ്പണം നടത്തണം. സംസ്‌കരണത്തിന് ഏറ്റവും യോഗ്യമായ സമയമായതു കൊണ്ട് തന്നെ ആത്മീയതയുടെ ഈ വ്രതനാളുകളില്‍ പശ്ചാതാപ മനസോടെ നാഥനിലേക്ക് അടുക്കാനും അതു വഴി വിജയികളില്‍ ഉള്‍പെടാനും നാം കര്‍മ നിരതരാവുക. അതിനാവട്ടേ നമ്മുടെ കരുത്തും കര്‍മ്മങ്ങളും.

Keywords: Article, Religion, Islam, Ramadan, Article about Laylat al-Qadr by Y Haneef Kumbadaje
  < !- START disable copy paste -->   

About Kasargodvartha

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date