എരിഞ്ഞുതീര്‍ന്നത് 158 ജീവനുകള്‍; മംഗളൂരു വിമാന ദുരന്തത്തിന് 10 വയസ്

മംഗളൂരു: (www.kasargodvartha.com 22.05.2020) മംഗളൂരു വിമാനദുരന്തത്തിന് 10 വയസ്. 2010 മെയ് 22 നാണ് രാജ്യത്തെ നടുക്കിയ മഹാദുരന്തം നടന്നത്. ദുബൈയില്‍ നിന്നും മംഗളൂരുവിലേക്ക് 166 യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യയുടെ വിമാനമാണ് മംഗളൂരു വിമാനത്താവളത്തില്‍ കത്തിയെരിഞ്ഞത്. 158 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അതില്‍ അമ്പതോളം പേര്‍ കാസര്‍കോട് സ്വദേശികളായിരുന്നു.

പിഞ്ചുമക്കള്‍ക്ക് പിതാക്കന്‍മാരെയും മാതാക്കളെയും ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്‍മാരെയും ഭര്‍ത്താക്കന്‍മാര്‍ക്ക് ഭാര്യമാരെയും മാതാപിതാക്കള്‍ക്ക് മക്കളെയും ദുരന്തത്തില്‍ നഷ്ടമായി. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ മൃതശരീരങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് പൊട്ടിക്കരയുന്ന മുഖങ്ങള്‍ ഇപ്പോഴും വേദനിപ്പിക്കുന്ന ഓര്‍മകളാണ്. പ്രിയപ്പെട്ടവരെ ആഹ്ലാദപൂര്‍വം സ്വീകരിക്കാന്‍ പുറത്ത് കാത്തിരുന്നവര്‍ക്ക് ജീവനറ്റ് കത്തിക്കരിഞ്ഞ മൃതദേഹങ്ങളായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്.

മലബാര്‍ മലയാളികള്‍, പ്രത്യേകിച്ചും കാസര്‍കോട്ടുകാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് മംഗളൂരു ബജ്പെ. കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭാ പരിധിയിലുള്ളവരും, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍, ചെമ്മനാട്, മുളിയാര്‍, കുമ്പള, മഞ്ചേശ്വരം പഞ്ചായത്തുകളിലുള്ളരും രാജ്യത്തെ തന്നെ നടുക്കിയ ദുരന്തത്തില്‍ മരണപ്പെട്ടു. രാവിലെ ഏഴ് മണിയോടെ ഞെട്ടലോടെയാണ് ദുരന്ത വാര്‍ത്ത എല്ലാ കാതുകളിലുമെത്തിയത്. കേട്ടവര്‍ കേട്ടവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നതില്‍ ഭൂരിഭാഗവും ചലനമറ്റ ശരീരങ്ങളായിരുന്നു അവിടെ.

മംഗളൂരു ഹമ്പന്‍കട്ടയിലെ തനീര്‍ബവി (28), മുഹമ്മദ് ഉസ്മാന്‍ (49), വാമഞ്ചൂരിലെ ജോയല്‍ ഡിസൂസ, കണ്ണൂരിലെ കുറുമാത്തൂരിലെ മാഹിന്‍ കുട്ടി (49), കാസര്‍കോട് ഉദുമ ബാരയിലെ കൃഷ്ണന്‍ (37), ഉള്ളാളിലെ ഉമര്‍ ഫാറൂഖ് (26), പുത്തൂര്‍ സമ്പെത്കട്ടയിലെ അബ്ദുല്ല (37), മംഗളൂരു കെ എം സിലെ വിദ്യാര്‍ത്ഥിനിയായ സബ്രീന (23) എന്നിവര്‍ മാത്രമാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.

1996ന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തമായിരുന്നു ഇത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റണ്‍വേയില്‍ നിന്നും തെന്നിമാറി സമീപത്തെ വലിയ കുഴിയിലേക്ക് പതിച്ച് തീപിടിക്കുകയായിരുന്നു. ഐ എല്‍ എസ് സംവിധാനമുപയോഗിച്ച് ഇറങ്ങുമ്പോള്‍ വിമാനത്തിന് വേഗത അധികമാണെന്ന് മനസിലാക്കി ടച്ച് ആന്‍ഡ് ഗോവിനു ശ്രമിച്ച പൈലറ്റ് റണ്‍വേ തികയാതെ ഐ എല്‍ എസ് ടവറിലിടിക്കുകയായിരുന്നു.

ദുരന്തത്തില്‍ മരണപ്പെട്ട 12 പേര്‍ ആരാണെന്ന് ഇന്നും തിരിച്ചറിഞ്ഞിട്ടില്ല. മംഗളൂരു കുളൂര്‍ ഗുരുപുര നദിക്കരയിലെ മണ്ണിനടിയില്‍ തിരിച്ചറിയപ്പെടാത്തവരായി അവര്‍ ഇന്നുമുറങ്ങുന്നു. അപകടത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 12 പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ച കൂളൂര്‍ ഗുരുപുര നദിക്കരയിലെ പാര്‍ക്കും സ്തൂപവുമാണ് ആ മഹാദുരന്തത്തിന്റെ ഏക അവശേഷിപ്പായിന്നുള്ളത്. ന്യൂമംഗളൂരു തുറമുഖ ട്രസ്റ്റ് (എന്‍.എം.പി.ടി.) വിട്ടുകൊടുത്ത സ്ഥലത്താണ് സ്മാരക സ്തൂപവും പാര്‍ക്കും നിര്‍മിച്ചത്. ഇതുമാത്രമാണ് വിമാനദുരന്തത്തില്‍ മരിച്ചവരുടെ ഓര്‍മയ്ക്കായി ബാക്കിയുള്ളതും.
Mangalore, Karnataka, news, Mangalore air crash, Family, Accident, Air india, Death, 10 year of Mangaluru Air crash


Keywords: Mangalore, Karnataka, news, Mangalore air crash, Family, Accident, Air india, Death, 10 year of Mangaluru Air crash
Previous Post Next Post