Join Whatsapp Group. Join now!
Aster MIMS 10/10/2023

തസ്ലീമിന്റെ കൊലപാതകം; 5 പേരുടെ അറസ്റ്റ് ബുധനാഴ്ച ഉണ്ടായേക്കും, ക്വട്ടേഷന്‍ നല്‍കിയ സൂത്രധാരനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ്

ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മുഹ്തസിമിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരുടെ അറസ്റ്റ് ബുധനാഴ്ചയുണ്ടാകുമെന്ന് കേസ് അന്വേഷിക്കുന്ന Kasaragod, Kerala, news, Murder, Murder-case, Crime, Trending, Chembarika, Top-Headlines, Thasleem's murder; arrest of accused very soon
കാസര്‍കോട്: (www.kasargodvartha.com 04.02.2020) ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മുഹ്തസിമിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരുടെ അറസ്റ്റ് ബുധനാഴ്ചയുണ്ടാകുമെന്ന് കേസ് അന്വേഷിക്കുന്ന ഗുല്‍ബര്‍ഗ (കല്‍ബുര്‍ഗി) പോലീസ് കേന്ദ്രങ്ങള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട്ടുകാരായ രണ്ടു പേരും ഹുബ്ലി സ്വദേശികളായ മൂന്നു പേരുമാണ് പോലീസിന്റെ പിടിയിലായതെന്നാണ് വിവരം. ദുബൈയില്‍ നിന്നും ക്വട്ടേഷന്‍ നല്‍കിയ സൂത്രധാരനെ കുറിച്ചുള്ള വ്യക്തമായ സൂചന ഇവരില്‍ നിന്നും ലഭിച്ചതായാണ് അന്വേഷണസംഘം പറയുന്നത്. തസ്ലീമിനെ തട്ടിക്കൊണ്ടുപോകാനുപയോഗിച്ച ചുവന്ന കാറും യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇന്നോവ കാറും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് കൂടി ലഭിക്കാനുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്താനും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ദുബൈയില്‍ നടന്ന സ്വര്‍ണക്കടത്തും ഹഫ്ത പിരിവും തമ്മിലുള്ള പ്രശ്‌നമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന പുറത്തുവന്നിരിക്കുന്നത്. തസ്ലീമിന് ദുബൈയിലെ സ്വര്‍ണക്കള്ളക്കടത്തുകാര്‍ ഹഫ്ത നല്‍കാറുള്ളതായും അതുകൊണ്ടുതന്നെ കള്ളക്കടത്തിന്റെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ചോര്‍ത്തി നല്‍കിയിരുന്നില്ലെന്നും പറയുന്നു. നാട്ടില്‍ വന്നപ്പോള്‍ ഉപ്പള സ്വദേശിയെയാണ് ഹഫ്ത പിരിവിന് ചുമതലപ്പെടുത്തിയിരുന്നതെന്നാണ് വിവരം. എന്നാല്‍ ഉപ്പള സ്വദേശി ഹഫ്ത പിരിവ് തനിക്ക് മാത്രം നല്‍കിയാല്‍ മതിയെന്ന് കള്ളക്കടത്ത് സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഈ വിവരം തസ്ലീം മണത്തറിയുകയും സ്വര്‍ണം കള്ളക്കടത്ത് വിവരം ഒറ്റിക്കൊടുക്കുകയും ചെയ്തതാണ് കുടിപ്പകയ്ക്ക് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.

അതിനിടെ തട്ടിക്കൊണ്ടുപോകലിന് ദൃക്‌സാക്ഷികളായ സഹോദരന്‍ ഖാദറും മറ്റു രണ്ടു പേരെയും ഗുല്‍ബര്‍ഗയിലെത്തിച്ച് ക്വട്ടേഷന്‍ സംഘത്തെ തിരിച്ചറിയേണ്ടതുണ്ടെന്നും പോലീസ് സൂചിപ്പിക്കുന്നു. അങ്ങനെ വന്നാല്‍ കാസര്‍കോട്ടുള്ള സഹോദരനും സുഹൃത്തുക്കളും എത്തിയ ശേഷമായിരിക്കും അറസ്റ്റുണ്ടാവുക. പ്രദേശവാസികളായ മൂന്നു പേരെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാര്‍ ഡ്രൈവറെയും സുഹൃത്തിനെയും രണ്ടു പേരെയും കസ്റ്റഡിയിലെടുത്തത്.

കൊല്ലപ്പെടുന്നതിന് മുമ്പ് തസ്ലീം കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരങ്ങള്‍ കൈമാറിയിരുന്നതായി പറയുന്നു. തസ്ലീമിന്റെ സഹോദരനും സുഹൃത്തുക്കള്‍ക്കും നാട്ടിലെത്താന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന് ഡല്‍ഹിയിലെ രഹസ്യാന്വേഷണ ആസ്ഥാനത്തു നിന്നു തന്നെ ഗുല്‍ബര്‍ഗ പോലീസിന് നിര്‍ദേശം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് സഹോദരനെയും സുഹൃത്തുക്കളെയും കാസര്‍കോട്ടെത്തിച്ചതെന്നുമാണ് വിവരം.

തസ്ലീം റോയുമായി ബന്ധം സ്ഥാപിച്ചത് അവിചാരിതമായായിരുന്നു. ദുബൈയില്‍ അവിടുത്തെ സി ഐ ഡിയുടെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിച്ചുവന്നിരുന്ന തസ്ലീം മുംബൈ വഴി യാത്ര തിരിക്കുന്നതിനിടെ മുബൈ സ്‌ഫോടനുവമായി ബന്ധപ്പെട്ട് പോലീസ് തേടുന്ന പ്രതിയുടെ ചിത്രം വിമാനത്താവളത്തില്‍ പതിച്ചത് കണ്ടിരുന്നു. ലുക്ക് ഒൗട്ട് നോട്ടീസിലെ ഉദ്യോഗസ്ഥരുടെ ഫോണ്‍നമ്പര്‍ എടുത്ത തസ്ലീം മാസങ്ങള്‍ക്കു ശേഷം മുംബൈ പോലീസ് തിരയുന്ന പ്രതിയെ ദുബൈയിലെ ഒരു ബാര്‍ ഹോട്ടലില്‍ വെച്ച് കാണുകയും ഈ വിവരം അപ്പോള്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസിലെ നമ്പറില്‍ വിളിച്ചറിയിക്കുകയും ചെയ്തു. റോയുടെ ഉദ്യോഗസ്ഥര്‍ ദുബൈ പോലീസുമായി ബന്ധപ്പെട്ട് സ്‌ഫോടന കേസിലെ പ്രതിയെ തടഞ്ഞുവെക്കാന്‍ ആവശ്യപ്പെടുകയും അടുത്ത ഫ്‌ളൈറ്റില്‍ തന്നെ ദുബൈയിലേക്ക് തിരിച്ച റോയുടെ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് ഇന്ത്യയിലെത്തിക്കുകയുമായിരുന്നു. ഇതോടെ റോയുടെ ഉറ്റതോഴനായി തസ്ലീം മാറി.

മുമ്പ് പല കേസുകളുടെ പേരിലും തസ്ലീം പിടിയിലായപ്പോഴും റോ ഇടപെട്ടാണ് തസ്ലീമിനെ കേസില്‍ നിന്നും ഒഴിവാക്കിയതെന്ന പ്രചരണവുമുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സ്‌ഫോടന കേസിന് പദ്ധതിയിട്ട അഫ്ഗാന്‍ സ്വദേശികളുള്‍പെട്ട സംഘത്തെ ഡല്‍ഹി പോലീസ് പിടികൂടിയപ്പോഴും തസ്ലീമിനെ കസ്റ്റഡിയിലെടുത്തിരുന്നു. അന്നും യാതൊരു പോറല്‍ പോലുമില്ലാതെയാണ് ദിവസങ്ങള്‍ക്കു ശേഷം തസ്ലീം പുറത്തിറങ്ങിയത്. ഒരുപാട് പേരെ ശത്രുക്കളാക്കിയ തസ്ലീം ഒടുവില്‍ ഒപ്പം നടന്നവരുടെ പകയ്ക്ക് ഇരയാവുകയായിരുന്നുവെന്ന സത്യമാണ് പുറത്തുവരുന്നത്.


Keywords: Kasaragod, Kerala, news, Murder, Murder-case, Crime, Trending, Chembarika, Top-Headlines, Thasleem's murder; arrest of accused very soon
  < !- START disable copy paste -->