Join Whatsapp Group. Join now!
Aster MIMS 10/10/2023

കാണണം ഈ കാഴ്ചകൾ! രാഘവന് ബീഫാത്വിമ ഉമ്മയും ബീഫാത്വിമയ്ക്ക് രാഘവന്‍ മകനുമാണ്

ബദിയടുക്ക പഞ്ചായത്തിലെ ബേള ചര്‍ച്ചിനരികില്‍ താമസിക്കുന്ന ബീഫാത്വിമയുടെ ദുരിത ജീവിതം കേട്ടറിഞ്ഞ് ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ ആ Kasaragod, Kerala, news, Top-Headlines, Video, Badiyadukka, Food, See this story of Raghavan and Beefathima
ബദിയടുക്ക: (www.kasargodvartha.com 19.02.2020) ബദിയടുക്ക പഞ്ചായത്തിലെ ബേള ചര്‍ച്ചിനരികില്‍ താമസിക്കുന്ന ബീഫാത്വിമയുടെ ദുരിത ജീവിതം കേട്ടറിഞ്ഞ് ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ ആ വയോധിക തന്റെ ചെറിയ വീടിന്റെ ഉമ്മറപ്പടിയില്‍ കസേരയില്‍ ഇരിക്കുകയായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബേളയിലെ മജില്‍പള്ളയിലെ വീട്ടിലാണ് താമസം. ജീവകാരുണ്യ പ്രവര്‍ത്തകനും സാമൂഹിക സേവകനുമായ സായിറാം ഭട്ട് നിര്‍മിച്ചു നല്‍കിയതാണീ വീട്. മൂന്നു വര്‍ഷം മുമ്പു വരെ ജ്യേഷ്ഠത്തി ഉമ്മു സല്‍മ കൂട്ടിനുണ്ടായിരുന്നു. പ്രമേഹം കാരണം കാലിനുണ്ടായ വ്രണം ഉണങ്ങാതെ എഴുന്നേറ്റു നടക്കാന്‍ പോലുമാകാതെ കഴിയുന്ന ബീഫാത്വിമയ്ക്ക് കൂട്ടായി ഇന്ന് ആരുമില്ല. വൈദ്യുതി ഇല്ലാതെ, ചിമ്മിണി വെളിച്ചത്തിന്റെ വെട്ടത്തിലാണ് കൊച്ചുവീട്ടില്‍ ഒറ്റയ്ക്ക് ഇവർ അന്തിയുറങ്ങുന്നത്. തൊട്ടടുത്ത വീട്ടിലുള്ള ജ്യേഷ്ഠത്തിയുടെ മകന്റെ ഭാര്യ ജമീലയാണ് സഹായത്തിനെത്തുന്നത്.

ഉമ്മയ്ക്ക് ഭക്ഷണം സ്ഥിരമായി ഒരു നിയോഗം പോലെ എന്നും രാവിലെ എട്ടുമണിക്ക് ജോലിക്ക് പോകുന്നതിന് മുമ്പായി ചോറ്റുപാത്രം എത്തിക്കുന്ന ഒരാളുണ്ട്. മനുഷ്യ മനസുകള്‍ക്ക് മതിലുകള്‍ പണിയുന്ന കാലത്ത് മനുഷ്യത്വം മരവിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഒരാള്‍. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ഇപ്പോള്‍ മജില്‍പള്ളയില്‍ താമസക്കാരനുമായ ബേള കണ്ണാശുപത്രി ജീവനക്കാരന്‍ വി രാഘവന്‍.

രാഘവന്‍ ബീഫാത്വിമ ഉമ്മയ്ക്ക് ഭക്ഷണം എത്തിക്കാന്‍ തുടങ്ങിയിട്ട് 10 വര്‍ഷത്തിലേറെയായി. ഒരു ദിവസം പോലും മുടങ്ങാതെ തന്റെ വീട്ടില്‍ നിന്നും താനും കുടുംബവും കഴിക്കുന്ന ഭക്ഷണത്തിന്റെ ഒരു വിഹിതം ബീഫാത്വിമയ്ക്കുള്ളതാണ്. രാവിലെ ഭക്ഷണവുമായെത്തുന്ന രാഘവനെ കാത്തുള്ള ഉമ്മയുടെ ഉമ്മറത്തെ കസേരയിലെ ഇരിപ്പിന്റെ കാഴ്ച ആരുടെയും മനസിനെ തട്ടുന്നതാണ്. നേരത്തെ കാൽനടയായിട്ടായിരുന്നു ഭക്ഷണമെത്തിച്ചിരുന്നതെങ്കിലും ഈയടുത്തായി ബൈക്കിലാണ് യാത്ര. മതത്തിന്റെയും വിഭാഗീയതയുടെയും പേരില്‍ വിഭജിക്കുന്ന ഇന്നത്തെ കാലത്ത് രാഘവന്‍ നല്‍കുന്ന സന്ദേശം കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും ആഴം മനുഷ്യത്വമെന്ന വികാരമാണ്. സ്വന്തക്കാര്‍ പോലും എത്തിപ്പെടാതിടത്ത് കാലത്ത് ഒരു ദൈവനിശ്ചയം എന്ന പോലെ ഭക്ഷണവുമായി തന്നെ കാണാന്‍ വരുന്ന രാഘവന്‍, കല്യാണം കഴിക്കാത്ത, മക്കളില്ലാത്ത ബീഫാത്വിമയ്ക്ക് മകനെ പോലെയാണ്. അല്ല മകന്‍ തന്നെയാണ്. ആദ്യമെല്ലാം രാഘവന്റെ വീട്ടിലെ കുടുംബത്തിലെ ഒരംഗം പോലെയായിരുന്നു ബീഫാത്വിമ.

ഇടയ്ക്ക് സഹായവുമായെത്തുന്ന യൂണിറ്റി ചാരിറ്റി ട്രസ്റ്റ് പ്രവര്‍ത്തകരായ ഹൈദര്‍ കുളങ്കര, മഹ് മൂദ് എരിയാല്‍, കാവു തെക്കില്‍, റഈസ് തളങ്കര, സുഹൈല്‍ എന്നിവരുടെ സഹായം ഉമ്മയ്ക്ക് തണലായിരുന്നു. നാലു വര്‍ഷം മുമ്പ് സഹായം നൽകുന്നതിനായി ബീഫാത്വിമയുടെ വീട്ടിലെത്തുമ്പോള്‍ ജ്യേഷ്ഠത്തിയുടെ മുട്ടില്‍ ഇഴഞ്ഞുള്ള ജീവിതവും ഇവരുടെ ദുരിതവും നേരില്‍കണ്ട ഹൈദര്‍ കുളങ്കരയാണ് ബീഫാത്വിമയുടെ ജീവിത കഥ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞത്.

70ലെത്തി നില്‍ക്കുന്ന ബീഫാത്വിമയ്ക്ക് തന്റെ ഇന്നത്തെ അവസ്ഥയില്‍ ഒരു പരാതിയുമില്ല. കാരണം തന്റെ കാര്യം നോക്കാന്‍ ഒരു മകനെ പോലെ രാഘവനുണ്ടല്ലോ എന്ന സമാധാനം. രാഘവന് ബീഫാത്വിമ ഉമ്മയും ബീഫാത്വിമയ്ക്ക് രാഘവന്‍ ഒരു മകനുമായി അവരുടെ ജീവിത യാത്ര തുടരുന്നു.

വീട് നിർമ്മിച്ചു നൽകിയ സായ് റാം ഭട്ടും ഇടയ്ക്ക് സഹായവുമായി എത്തും. വാതിലിനും മേൽക്കൂരയ്ക്കും അറ്റകുറ്റപണികൾ ആവശ്യമാണെന്നും ഉടൻ തന്നെ അത് ശരിയാക്കിതരുമെന്നും കഴിഞ്ഞ തവവണ ഭട്ട് വന്നപ്പോൾ പറഞ്ഞതാണ്, ബീഫാത്വിമ പറയുന്നു.

മനുഷ്യ് സ്നേഹത്തിന് അതിർവരമ്പുകളില്ലെന്ന് രാഘവനും ബീഫാത്വിമയും കാസർകോടിൻ്റെ ഈ കുഗ്രാമത്തിൽ നിന്ന് ലോകത്തോട് വിളിച്ചുപറയുമ്പോഴും സ്വാർത്ഥതയുടെയും അസഹിഷ്ണുതയുടെയും മതിലുകൾ പണിയുന്ന കാഴ്ചകൾ ഇനി ഇല്ലാതിരിക്കട്ടെ എന്നാശിക്കാം.



Keywords: Kasaragod, Kerala, news, Top-Headlines, Video, Badiyadukka, Food, See this story of Raghavan and Beefathima
  < !- START disable copy paste -->