Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനസാഗരം തീര്‍ത്ത് സമസ്ത ആസാദി സമ്മേളനം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമിരമ്പി; പൗരത്വ തെളിവ് ചോദിക്കുന്നത് ബ്രിട്ടീഷുകാരോട് അടിയറവ് പറഞ്ഞവരെന്ന് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, കേന്ദ്രത്തിന്റേത് ശിഖരം വെട്ടി മരം മുറിക്കുന്ന പരിപാടിയെന്ന് ശങ്കര്‍ റൈ

പൗരത്വ ഭേദഗതി ബില്‍ നിയമത്തില്‍ പ്രതിഷേധിച്ച് സമസ്ത കോഡിനേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. കടുത്ത ചൂടിനെ വകവെക്കാതെ ജില്ലയുടെ Kasaragod, Kerala, news, Trending, Top-Headlines, Samastha, Conference, Protest, Samastha Azadi conference conducted against CAA
കാസര്‍കോട്: (www.kasaragodvartha.com 25.02.2020) പൗരത്വ ഭേദഗതി ബില്‍ നിയമത്തില്‍ പ്രതിഷേധിച്ച് സമസ്ത കോഡിനേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. കടുത്ത ചൂടിനെ വകവെക്കാതെ ജില്ലയുടെ നാനാ ദിക്കുകളില്‍ നിന്നും നട്ടുച്ചയ്ക്ക് തന്നെ കാസര്‍കോട് നഗരത്തില്‍ സമസ്തയുടെ പ്രവര്‍ത്തകര്‍ പ്രായ വ്യത്യാസമില്ലാതെ എത്തിയിരുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് ജാതിമത ഭേദമില്ലാതെ ഒറ്റക്കെട്ടായി ജീവിക്കാനുള്ള അവകാശം രാജ്യം ഭരിക്കുന്നവര്‍ ഭരണഘടനയില്‍ ഭേദഗതി വരുത്തി ഇല്ലാതാകരുതെന്ന് റാലിയില്‍ സംബന്ധിച്ചവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.

ആസാദി സമ്മേളനത്തിന്റെ ഭാഗമായി കാസര്‍കോട് തായലങ്ങാടിയില്‍ നിന്നും വൈകുന്നേരം നാലിന് ആരംഭിച്ച റാലി നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ നുള്ളിപ്പാടി ഗ്രൗണ്ടില്‍ സമാപിച്ചു. വാഹനങ്ങള്‍ക്ക് ഗതാഗത തടസമില്ലാതെ മൂന്നു കിലോമീറ്ററോളം ദൂരത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ച റാലി നടത്തി പ്രവര്‍ത്തകര്‍ മാതൃകയായി. റാലി നിയന്ത്രിക്കാന്‍ വിഖായ വളണ്ടിയര്‍മാര്‍ പൊരി വെയിലത്തും നേതൃത്വം നല്‍കിയതും ഗതാഗത കുരുക്കില്ലാതാകാന്‍ കാരണമായി. പ്രതിഷേധ റാലിക്ക് തുടക്കം കുറിച്ച് സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഖാസി ഇ കെ മഹ് മൂദ് മുസ്ലിയാര്‍, കോഡിനേഷന്‍ ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ മജീദ് ബാഖവിക്ക് പതാക കൈമാറി. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് എന്‍ പി എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി.

സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ആസാദി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം എസ് തങ്ങള്‍ മദനി ഓലമുണ്ട പ്രാര്‍ത്ഥന നടത്തി. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, ഫാദര്‍ വര്‍ഗീസ് ചക്കാല, എന്‍.എ. നെല്ലിക്കുന്ന് എം എല്‍ എ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ശങ്കര്‍ റൈ, അഡ്വ. വി. സുരേഷ് ബാബു, മൂസ ബി ചെര്‍ക്കള, സമസ്ത കോഡിനേഷന്‍ ജില്ലാ കമ്മിറ്റി കണ്‍വീനര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി പി അലി ഫൈസി, അബ്ബാസ് ഫൈസി പുത്തിഗെ, ചെര്‍ക്കളം അഹമ്മദ് മുസ്ലിയാര്‍, ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, എസ് കെ എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി മുഷ്താഖ് ദാരിമി, മൊയ്തീന്‍ കൊല്ലമ്പാടി, എസ് എം എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി കല്ലട്ര, ഇസ്മാഈല്‍ അസ്ഹരി തുടങ്ങിയവര്‍ സംസാരിച്ചു. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാതല ഭാരവാഹികളും നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.

പൗരത്വ തെളിവ് ചോദിക്കുന്നത് ബ്രിട്ടീഷുകാരോട് അടിയറവ് പറഞ്ഞവര്‍: യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി

കാസര്‍കോട്: പൗരത്വത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളോട് തെളിവ് ചോദിക്കുന്നത് രാജ്യ സ്വാതന്ത്ര്യത്തിനു വേണ്ടി ആയിര കണക്കിന് ആളുകള്‍ ജീവന്‍ ത്യജിക്കുമ്പോള്‍ ബ്രിട്ടീഷുകാരോട് അടിയറവ് പറഞ്ഞവരാണെന്ന് സമസ്ത വൈസ് പ്രസിഡന്റ് യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി ആസാദി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. ബ്രിട്ടീഷ് പട്ടാളത്തോട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി രാജ്യത്തെ ജനങ്ങള്‍ ജാതി മത ഭേദമില്ലാതെ പടപൊരുതി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കുമ്പോള്‍ അവരോട് അടിയറവ് പറഞ്ഞവരുടെ പിന്‍തലമുറക്കാര്‍ രാജ്യത്തെ ജനങ്ങളോട് പൗരത്വത്തിന്റെ തെളിവ് ചോദിക്കുന്നതിനു ന്യായീകരണമില്ല. ഭാരതത്തില്‍ ജനിച്ചു വളര്‍ന്ന ജനങ്ങള്‍ ജാതി മത ഭേദമന്യേ എല്ലാവരും രാജ്യത്തെ പൗരന്മാരാണെന്നും ഇത് നിഷേധിക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും അദ്ദേഹം ഉണര്‍ത്തി. രാജ്യത്തിന്റെ ഭരണഘടനാ ശില്‍പികള്‍ രണ്ടു വര്‍ഷത്തിലധികം സമയമെടുത്താണ് സുന്ദരമായ ഭരണഘടന ഉണ്ടാക്കിയത്. അത് വികൃതമാക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ അത്തരം നീക്കങ്ങളില്‍ നിന്നും പിന്മാറി രാജ്യത്ത് ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിന്റേത് ശിഖരം വെട്ടി മരം മുറിക്കുന്ന പരിപാടി: ശങ്കര്‍ റൈ

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്‍ നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പയറ്റുന്നത് മരശിഖരം വെട്ടി മാറ്റി ഒടുവില്‍ പടുകൂറ്റന്‍ മരം മുറിച്ചിടുന്ന പരിപാടിയാണെന്ന് സി പി എം നേതാവ് ശങ്കര്‍ റൈ പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വിഭജിച്ചു ഭരിക്കാന്‍ ശ്രമിക്കുകയാണ് ബി ജെ പി സര്‍ക്കാര്‍. ആദ്യം മുസ്ലിംകള്‍ക്ക് പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്ന സര്‍ക്കാര്‍ അടുത്ത ഘട്ടത്തില്‍ രാജ്യത്തെ ഓരോ മത വിഭാഗത്തെയും ഇതേ പോലെ വേട്ടയാടും. ഒടുവില്‍ രാജ്യത്തെ ജനങ്ങളെ മുറ്റം പുറത്താക്കുകയാണ് ലക്ഷ്യം. അതേസമയം രാജ്യത്തിനകത്തെ പൊതു മുതലുകള്‍ ഉള്‍പ്പെടെ പാടെ വിറ്റു നശിപ്പിക്കുന്ന സര്‍ക്കാര്‍ തകര്‍ന്ന സാമ്പത്തിക അവസ്ഥ ജനങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് പൗരത്വ ഭേദഗതി ബില്‍ നാടകവുമായി രംഗത്തിറങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.


Keywords: Kasaragod, Kerala, news, Trending, Top-Headlines, Samastha, Conference, Protest, Samastha Azadi conference conducted against CAA < !- START disable copy paste -->