Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വദേശി ശാസ്ത്ര കോണ്‍ഗ്രസിന് വ്യാഴാഴ്ച തുടക്കം, വ്യാഴാഴ്ച ഒമ്പത് ഉദ്ഘാടനം; വായിക്കാം കാസര്‍കോട്ടെ പ്രാദേശിക വാര്‍ത്തകള്‍

കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനത്തിലെ സിസ്റ്റര്‍ നിവേദിത ഹാളില്‍ (പി ജെ ഹാള്‍) നടക്കുന്ന 29-ാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി 27ന് രാവിലെ 10.30 ന് കേന്ദ്ര വിദേശ പാര്‍ലമെന്ററി കാര്യ സഹ മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തോട്ട Kasaragod, Kerala, news, inauguration, Congress, Local News of Kasaragod 26-02-2020
കാസര്‍കോട്: (www.kasaragodvartha.com 26.02.2020) കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനത്തിലെ സിസ്റ്റര്‍ നിവേദിത ഹാളില്‍ (പി ജെ ഹാള്‍) നടക്കുന്ന 29-ാമത് സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ഫെബ്രുവരി 27ന് രാവിലെ 10.30 ന് കേന്ദ്ര വിദേശ പാര്‍ലമെന്ററി കാര്യ സഹ മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തോട്ട വിള ഗവേഷണ സ്ഥാപനവും കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയും സ്വദേശി ശാസ്ത്ര  പ്രസ്ഥാനവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വദേശി ശാസ്ത്ര പ്രസ്ഥാനം വൈസ് പ്രസിഡന്റ്  ഡോ. കെ മുരളീധരന്‍ അധ്യക്ഷനാകും. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ജി ഗോപകുമാര്‍, കേരള മത്സ്യ സമുദ്രപഠന സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എ രാമചന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഭാരതീയ ശാസ്ത്ര പൈതൃകം എന്ന വിഷയത്തില്‍ പദ്മ വിഭൂഷണ്‍ പരമേശ്വര്‍ജി അനുസ്മരണ സമ്മേളനവും നടക്കും.

ജില്ലയില്‍ വ്യാഴാഴ്ച ഒമ്പത് ഉല്‍ഘാടനം

മഞ്ചേശ്വരം സബ് രജിസ്റ്റാര്‍ ഓഫീസിന് പുതിയ കെട്ടിടം

ആധുനിക സാങ്കേതികത വിദ്യ ഉപയോഗിച്ചുള്ള സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് പരിമിതമായ ഭൗതിക സാഹചര്യങ്ങള്‍ അപര്യാപ്തമായതിനാലാണ് പഴയ കെട്ടിടത്തിന് സമീപം പുതിയ കെട്ടിടം നിര്‍മിച്ചത്. ഇതിനായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 64.66 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് സബ് രജിസ്ട്രര്‍ ഓഫീസര്‍ റോബിന്‍ ഡി സില്‍വ പറഞ്ഞു. 2017 നവംബര്‍ 24ന് മന്ത്രി ജി സുധാകരനാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്. ഇത് കൂടാതെ 37,01,775 രൂപ ചെലവില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് മുഖേന ഏറ്റവും നൂതനമായ മൊബൈല്‍ കോംപാക്ടര്‍ റിക്കാര്‍ഡ് റൂമും ഓഫീസില്‍ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായി തയ്യാറാക്കിയ കെട്ടിടത്തില്‍ റാമ്പ് സൗകര്യവും ഉപഭോക്താക്കള്‍ക്കായി കാത്തിരിപ്പ് മുറി, കുടിവെള്ളം, ടെലിവിഷന്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

മുല്ലച്ചേരി പാലം

ഉദുമ  നിയോജക മണ്ഡലത്തിലെ ഉദുമ മുല്ലശേരി  മൈലാട്ടി  റോഡില്‍  മുല്ലശേരി തോടിനു കുറുകെ ഉദുമയെയും മൈലാട്ടിയെയും ബന്ധിപ്പിച്ചു കൊണ്ട്  നിര്‍മ്മിച്ച മുല്ലശേരി പാലം ഉദുമ നിവാസികളുടെ വലിയൊരു സ്വപ്നമായിരുന്നു. അപകടാവസ്ഥയിലായ വീതി കുറഞ്ഞ പഴയ പാലം പുതുക്കി പണിയാന്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ നടത്തിയ ശ്രമഫലമായി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയാണ് അനുവദിച്ചത്. പാലത്തിന്റെ രൂപവകല്‍പന പൊതുമരാമത്തു ഡിസൈന്‍ വിങ്ങ് ആണ് ചെയ്തത്. 22.32 മീറ്റര്‍ നീളത്തില്‍ ഇരുവശവും   നടപ്പാതയോട് കൂടിയാണ് പാലം  നിര്‍മ്മിച്ചിട്ടുള്ളത്. പാലത്തില്‍ കൂടി ഒരേ സമയം ഇരുദിശകളിലേക്കുമുള്ള വാഹന ഗതാഗതം സാധ്യമാകുന്ന തരത്തില്‍ 7.50 മീറ്റര്‍ വീതിയില്‍ പാതയും  ഇരുവശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്.

ചെറുവത്തൂര്‍ ചീമേനി ഐ ടി പാര്‍ക്ക് റോഡ്

മലയോര ഹൈവേയും തീരദേശ ഹൈവേയും ബന്ധിപ്പിക്കുന്ന ചെറുവത്തൂര്‍ ചീമേനി ഐ ടി പാര്‍ക്ക് റോഡ് നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇന്ന് ചീമേനിയില്‍  നിര്‍വഹിക്കും. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍, പിലിക്കോട്, കയ്യൂര്‍ -ചീമേനി, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഗതാഗത മേഖലയില്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ചെറുവത്തൂര്‍ ചീമേനി ഐ ടി പാര്‍ക്ക് റോഡ്. 98.05 കോടി രൂപ നിര്‍മാണ ചെലവില്‍ ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് അംഗീകാരമുള്ള ഉന്നതനിലവാരത്തിലുള്ള  ബിറ്റുമിനസ്  മെക്കാഡം ടാറിങാണ് ചെയ്യുക. പ്രധാനപ്പെട്ട അഞ്ച് പി ഡബ്ല്യു ഡി റോഡുകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന് 50.39 കിലോമീറ്റര്‍ നീളമൂണ്ട്. ജില്ലയില്‍ കിഫ്ബിയുടെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള റോഡാണിത്. ചെറുവത്തൂര്‍ മുതല്‍ ചീമേനി വരെ ഏഴു മീറ്റര്‍ വീതിയിലും തുടര്‍ന്നുള്ള ഭാഗം 5.5 മീറ്റര്‍ വീതിയിലും ആണ് നിര്‍മ്മിക്കുക. റോഡ് നിര്‍മ്മാണത്തോടനുബന്ധിച്ച് 42 പൂതിയ കലുങ്കുകള്‍ നിര്‍മ്മിക്കുകയും നിലവിലുള്ള 30 കലുങ്കുകളുടെ വീതി കൂട്ടുകയും ചെയ്യും. കൂടാതെ  48 കിലോമീറ്റര്‍ നീളത്തില്‍ മികച്ച ഓവുചാല്‍ സംവിധാനമൊരുക്കും.പരമാവധി കയറ്റങ്ങള്‍ കുറച്ച് മികച്ച സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്ന പദ്ധതി മണ്ഡലത്തിലെ വാണിജ്യ, ടൂറിസ ഗതാഗത മേഖലയില്‍ നാഴികക്കല്ലാകും. പദ്ധതിക്കായി പ്രദേശവാസികള്‍ സ്ഥലം സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. ഈ പ്രവര്‍ത്തിയിലൂടെ ജനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി വികസന പ്രവര്‍ത്തനമാണ് ആരംഭിക്കുന്നതെന്ന് തൃക്കരിപ്പൂര്‍ മണ്ഡലം എംഎല്‍ എം രാജഗോപാലന്‍ പറഞ്ഞു. ചടങ്ങില്‍ എം രാജഗോപാലന്‍  എം എല്‍ എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും.

കോട്ടപ്പുറം ചെറുവത്തൂര്‍ റോഡ്

എട്ടുകോടി രൂപ ചിലവില്‍ നിര്‍മ്മിച്ച നീലേശ്വരം കോട്ടപ്പുറം -ചെറുവത്തൂര്‍ റോഡിന്റെ ഉദ്ഘാടനം വ്യാഴാഴ്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും.ദേശീയ പാതയ്ക്ക് സമാന്തരമായതും ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ മടക്കര ഹാര്‍ബറി ലേക്കുള്ള പ്രധാന റോഡുമാണ് കോട്ടപ്പുറം-ചെറുവത്തൂര്‍ റോഡ്. അനിശ്ചിതത്വത്തില്‍ ആയിരുന്ന കോട്ടപ്പുറം പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ വികസനം മുന്നില്‍ കണ്ട് തൃക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്‍ മുന്‍കൈയ്യെടുത്ത് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. ചെറുവത്തുര്‍ മുതല്‍ കുഴിഞ്ഞടി വരെ 5.5 മീറ്റര്‍ വീതിയിലും മടക്കര ടൗണില്‍ 14 മീറ്റര്‍ വീതിയിലും ആണ് മെക്കാഡം ടാറിങ് നടത്തിയിരിക്കുന്നത്.

ആറില്‍ കടവ് പാലം ശിലാസ്ഥാപനം

12 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആറില്‍ കടവ് പാലത്തിന്റെ ശിലാസ്ഥാപനം ഇന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍   ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍  എം എല്‍ എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാകും. അച്ചാംതുരുത്തി പ്രദേശവാസികളുടെ ചിരകാല സ്വപ്നങ്ങളിലൊന്നാണിത്. അച്ചാംതുരുത്തി പാലത്തിന്  ദേശീയ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 12 കോടി വകയിരുത്തുന്നത്. 7.5 മീറ്റര്‍ വീതിയില്‍ 67 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുമുണ്ടാകും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നീലേശ്വരം കോട്ടപ്പുറം ചെറുവത്തൂര്‍ റോഡില്‍ നിലവിലുള്ള എരഞ്ഞിക്കീല്‍ പാലത്തിനു സമാന്തരമായി പാലമാവുകയും  നീലേശ്വരം നഗരത്തില്‍ വര്‍ധിച്ചുവരുന്ന ഗതാഗത ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഭാവിയില്‍ വണ്‍വേയായി  ഉപയോഗിക്കാനുമാകുന്ന പദ്ധതിയാണിത്.

ഒടയംചാല്‍ ചിറ്റാരിക്കല്‍ റോഡ് നവീകരണം

കാഞ്ഞങ്ങാട്- തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും മലയോര മേഖലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനപ്രദവുമായ  റോഡാണ് ഒടയംചാല്‍ - ഭീമനടി ചിറ്റാരിക്കല്‍ റോഡ്. ഇതില്‍ ഒടയംചാല്‍ മുതല്‍ എടത്തോടു വരെയും വെളളരിക്കുണ്ട് മുതല്‍ ഭീമനടി വരെയും ഉള്ള 12 കിലോമീറ്റര്‍ ഭാഗത്തിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍   നിര്‍വ്വഹിക്കും. റവന്യൂവകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. 21 കോടി രൂപ ചിലവിലാണ് നവീകരണ പ്രവൃത്തി നടക്കുന്നത്. നിലവിലുള്ള റോഡിന്റെ വീതി 10 മീറ്ററായി വര്‍ധിപ്പിച്ച് കലുങ്കുകളുടെ നിര്‍മ്മാണം,പാര്‍ശ്വഭിത്തി നിര്‍മ്മാണം, കോണ്‍ക്രീറ്റ്  ഓടകള്‍, കവറിംഗ് സ്ലാബുകള്‍, റോഡ് സുരക്ഷ ട്രാഫിക്ക് ബോര്‍ഡുകള്‍, റോഡ് സ്റ്റഡുകള്‍ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചെര്‍ക്കള റൗണ്ട് ഉദ്ഘാടനം

ദേശീയ പാതയും സംസ്ഥാന പാതകളായ ചെര്‍ക്കള ജാല്‍സൂര്‍ റോഡും കല്ലടുക്ക - ചെര്‍ക്കള റോഡും ചേരുന്ന  ജംഗ്ഷനില്‍ നവീകരിച്ച ട്രാഫിക് സര്‍ക്കിളിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി. ജി സുധാകരന്‍ ഫെബ്രുവരി 27 ന് നിര്‍വ്വഹിക്കും. എന്‍. എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. 70 ലക്ഷം രൂപ ചിലവിലാണ് ട്രാഫിക്   സര്‍ക്കിള്‍ നവീകരിച്ചിരിക്കുന്നത്. ചാലിങ്കാല്‍ വെള്ളിക്കോത്ത് റോഡ് പ്രവൃത്തി ഉദ്ഘാടനവും ഇട്ടമ്മല്‍ പൊയ്യക്കര റോഡ് പ്രവൃത്തി ഉദ്ഘാടനവും ഫെബ്രുവരി 27 ന് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും

പട്ടികജാതി പ്രൊമോട്ടര്‍മാരുടെ കൂടിക്കാഴ്ച

ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും പട്ടികജാതി പ്രൊമോട്ടമാരുടെ ഒഴിവിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള  കൂടിക്കാഴ്ച്ച ഫെബ്രുവരി 27,28 തിയ്യതികളില്‍ കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. 27 ന് രാവിലെ 9.30. മുതല്‍ കാസര്‍കോട് ബ്ലോക്കിലേക്ക് അപേക്ഷിച്ചവര്‍ക്കും രണ്ട് മുതല്‍ കാറഡുക്ക, മഞ്ചേശ്വരം ബ്ലോക്കുകളിലേക്കുള്ളവര്‍ക്കും 28 ന് രാവിലെ 9.30 മുതല്‍ പരപ്പ, നീലേശ്വരം ബ്ലോക്ക്കളിലേക്കും ഉച്ചയ്ക്ക് രണ്ട് മുതല്‍ കാഞ്ഞങ്ങാട് ബ്ലോക്കിലേക്ക് അപേക്ഷിച്ചവര്‍ക്കും കൂടിക്കാഴ്ച നടക്കും. ഫോണ്‍  04994 256 162

ജനറല്‍ മാനേജര്‍ ഒഴിവ്

ജില്ലാ നിര്‍മ്മിതി കേന്ദ്രം ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ്മാനേജ്മെന്റ് /ഫിനാന്‍സില്‍ അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയമുള്ള എം .ബി .എ ബിരുദദാരികള്‍ക്ക് അപേക്ഷിക്കാം. ബി.ഇ /ബി .ടെക് (സിവില്‍ ) / ബി .ആര്‍ക്ക് ബിരുദമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ബയോഡാറ്റ സഹിതം rdokasargod@gmail.com ലേക്ക് മാര്‍ച്ച് 20 നകം അപേക്ഷിക്കണം ഫോണ്‍ 0467 2204298

വൈദ്യുതി സുരക്ഷാ ബോധവത്ക്കരണവും പരിശീലന ക്ലാസ്സും

ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വൈദ്യുതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി മാര്‍ച്ച് ആറിന് രാവിലെ 10 മുതല്‍ നാല് വരെ  വൈദ്യുത സുരക്ഷാ ബോധവത്ക്കരണ ക്ലാസും പ്രായോഗിക പരിശീലന ക്ലാസ്സും കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇലക്ട്രിക്കല്‍  ഇന്‍സ്പെക്ടറേറ്റുമായി ബന്ധപ്പെടണം. ഫോണ്‍  04994 256930

എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം

ചീമേനിയിലെ തൃക്കരിപ്പൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ കീം 2020 ഫെസിലിറ്റേഷന്‍ സെന്ററിനോടനുബന്ധിച്ച്  സൗജന്യ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലന ക്ലാസുകള്‍  മാര്‍ച്ച് 30 ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ 9947106007, 9400808443, 9847690280 നമ്പറുകളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യാണം. പ്രൊഫഷണല്‍ കോഴ്സ് പ്രവേശനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കീം 2020 പ്രവേശനപരീക്ഷക്കുള്ള അപേക്ഷ  സൗജന്യമായി നല്‍കുന്നതിനും സംശയ നിവാരണത്തിനുമായി  സര്‍ക്കാര്‍ അംഗീകൃത കീം 2020 ഫെസിലിറ്റേഷന്‍ സെന്റര്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  കീം 2020 പ്രവേശന പരീക്ഷക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഫെബ്രുവരി 29 വരെയായി നീട്ടി. ഫോണ്‍ 04672 250377, 9947106007

എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് പരാതി അറിയിക്കാം

ജില്ലയിലെ മുന്‍ഗണനാ എ.എ.വൈ വിഭാഗത്തില്‍പെട്ട കാര്‍ഡ് ഉടമകള്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ തൂക്കത്തിലും വിലയിലും ബില്‍ സഹിതം ലഭിക്കുന്നില്ലെങ്കില്‍ ജില്ലയിലെ പരാതി പരിഹാര ഓഫീസറെ അറിയിക്കാം. ഫോണ്‍: 944772690  ഇ മെയില്‍- dgrokasaragod@gmail.com റേഷന്‍കടകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പരാതികളും പൊതുജനങ്ങള്‍ക്ക് അറിയിക്കാം. കാസര്‍കോട് താലൂക്ക് സപ്ലൈ ആഫീസര്‍, 04994230108, ഹൊസ്ദുര്‍ഗ്ഗ് 04672 204044, മഞ്ചേശ്വരം 04998 240089, വെളളരിക്കുണ്ട് 04672 242720, കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസര്‍ 04994 255138.

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവില്‍ കുടുംബശ്രീ ഭക്ഷ്യമേളയും

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവില്‍ കുടുംബശ്രീയുടെ  ഭക്ഷ്യമേള നടക്കും. താട്ടവിള ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന ഉല്‍പന്ന പ്രദര്‍ശന വിപണനമേളയോട് അനുബന്ധിച്ചാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.  വിവിധ തരം ജ്യൂസുകള്‍, ചായ, കാപ്പി, മലബാര്‍ സ്നാക്സ്, ചിക്കന്‍ നുറുക്കി വറുത്തത്, നാടന്‍ പത്തിരി, നെയ്ച്ചോറും ഇറച്ചിക്കറിയും, ചിക്കന്‍ തട്ടുകട, പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്നങ്ങളായ പേപ്പര്‍ബാഗ്, പേപ്പര്‍പെന്‍, പാളപ്ലേറ്റ്, പേപ്പര്‍ സ്ട്രോ, ഗ്രോബാഗ് മറ്റ് കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവുമാണ് കുടുംബശ്രീ ഒരുക്കുന്നത്.

ഇ-ലേലം

ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, വിദ്യാനഗര്‍, ട്രാഫിക്ക് യൂണിറ്റ്, ബദിയടുക്ക, ആദൂര്‍, ബേഡകം, ബേക്കല്‍, അമ്പലത്തറ, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര, ചീനേനി, വെളളരിക്കുണ്ട്, രാജപുരം പോലീസ് സ്റ്റേഷന്‍ പരിസരങ്ങളില്‍ അതതു സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ഉത്തരവാദിത്വത്തില്‍ അവകാശികള്‍ ഇല്ലാത്തതും നിലവില്‍ അന്വേഷണവസ്ഥയിലോ, കോടതി വിചാരണയിലോ ഇല്ലാത്തതും, രജിസ്ട്രേട് തപാല്‍ മുഖാന്തിരം നോട്ടീസ് അയച്ചിട്ടും ഉടമസ്ഥര്‍ ഹാജരാകാത്തതും, നിയമാനുസരണം അവകാശവാദം ഉന്നയിക്കാത്തുമായ 369 വാഹനങ്ങള്‍ 30 ദിവസത്തിനകം ഇ ലേലം ചെയ്യും. വാഹനങ്ങളില്‍ എന്തെങ്കിലും തരത്തിലുളള അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍  30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.  പൊതുലേലം എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്സൈറ്റ് ആയ www.mstcecommerce.com മുഖേന ഇ-ലേലം ചെയ്യും.

യോഗം മാറ്റിവെച്ചു

ഫെബ്രുവരി 27 ന് രാവിലെ 11 ന് കണ്ണൂര്‍ ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡിന്റെയും തൊഴിലാളി സംഘടനകളുടെയും തൊഴിലുടമകളുടെയും യോഗം മാറ്റിവെച്ചു.

മൂന്ന് മന്ത്രിമാര്‍ വ്യാഴാഴ്ച ജില്ലയില്‍

ഫെബ്രുവരി 27 ന് ജില്ലയില്‍ നടക്കുന്ന വിവിധ പൊതുപരിപാടികളില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി. ജി സുധാകരന്‍, റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, തൊഴില്‍ വകുപ്പ് മന്ത്രി  ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ സംബന്ധിക്കും. ഇന്ന് രാവിലെ 10 ന് മന്ത്രി ജി.സുധാകരന്‍ മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും. 11.30 ന് നവീകരിച്ച ചെര്‍ക്കള റൗണ്ട് ഉദ്ഘാടനം, ഉച്ചയ്ക്ക് 12 ന് ഉദുമ-മുല്ലച്ചേരി പാലം ഉദ്ഘാടനം,  2.30 ന് വേലാശ്വരത്ത് ചാലിങ്കാല്‍-വെള്ളിക്കോത്ത് റോഡ് പ്രവൃത്തി ഉദ്ഘാടനവും എന്നിവയും മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. 3.30 ന് പൊയ്യക്കരയില്‍ നടക്കുന്ന ഇട്ടമ്മല്‍- പൊയ്യക്കര റോഡ് പ്രവൃത്തി  ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. 3.30 ന് നീലേശ്വരം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ദിനേശ് കഫെ ആന്റ് കാറ്ററിങ് യൂണിറ്റ് ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. 4.30 ന് ഒടയംചാലില്‍ നടക്കുന്ന ഒടയംചാല്‍- ചെറുപുഴ റോഡ് പ്രവൃത്തി ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും. വൈകീട്ട്  5.15 ന് ഓര്‍ക്കളത്ത് അച്ചാംതുരുത്തി -ആറില്‍കടവ് പാലം നിര്‍മ്മാണ ഉദ്ഘാടനം ,വൈകുന്നേരം  ആറിന് ചീമേനിയില്‍ ചെറുവത്തൂര്‍-ചീമേനി-ഐ.ടി പാര്‍ക്ക് റോഡ് നിര്‍മ്മാണ ഉദ്ഘാടനവും  മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിക്കും.

ഉത്സവം പരിപാടി വെള്ളിയാഴ്ച സമാപിക്കും

കേരളത്തിലെ തനത് പാരമ്പര്യ കലാരൂപങ്ങളുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന 'ഉത്സവം' സാംസ്‌കാരിക പരിപാടി ഫെബ്രുവരി 28ന് സമാപിക്കും. മഞ്ചേശ്വരം ഗിളിവിണ്ടു ഹാളിലും കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്തുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 27 ന്  വൈകുന്നേരം ഏഴുമുതല്‍ മഞ്ചേശ്വരം ഗിളിവിണ്ടു ഹാളില്‍ പാക്കനാര്‍കളി, നങ്ങ്യാര്‍കൂത്ത് എന്നിവയും കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് മുടിയാട്ടം, വേലകളി, ബലിക്കളം എന്നിവയും നടക്കും.


Keywords: Kasaragod, Kerala, news, inauguration, Congress, Local News of Kasaragod 26-02-2020  < !- START disable copy paste -->