രവീശതന്ത്രി കുണ്ടാർ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു; കാസർകോട്ടെ പാർട്ടിയുടെ നിലപാടുകളുമായി ഒത്തു പോകാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു

കാസര്‍കോട്: (www.kasargodvartha.com 23.02.2020) ബി ജെ പി നേതാവ് കുണ്ടാർ രവീശതന്ത്രി  സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നു. ജില്ലയിൽ പാർട്ടിയുടെ നിലപാടുകളുമായി ഒത്തു പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള തീരുമാനം ബി ജെ പി - ആർ എസ് എസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തെരെഞ്ഞടുപ്പിലും മഞ്ചേശ്വരം ഉപതെരെഞ്ഞടുപ്പിലും മത്സരിച്ച രവീശതന്ത്രി കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിൽ കാസർകോട് നിയമസഭാ മണ്ഡലത്തിലും മത്സരിച്ചിരുന്നു.ബി ജെ പി ജില്ലാ പ്രസിഡണ്ടായി അഡ്വ. കെ ശ്രീകാന്തിനെ വീണ്ടും നിയമിച്ചതിനെ തുടർന്നാണ് നിലവിൽ ബി ജെ പി സംസ്ഥാന സമിതി അംഗം കൂടിയായ രവീശതന്ത്രി സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടു നിൽക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.


തെരെഞ്ഞെടുപ്പിൽ മത്സരിച്ച ഘട്ടങ്ങളിലൊന്നും ജില്ലാ പ്രസിഡണ്ട് ശ്രീകാന്തിൽ നിന്നും അർഹിക്കുന്ന പിന്തുണ ലഭിച്ചിരുന്നില്ലെന്ന ആക്ഷേപം രവീശ തന്ത്രി ഉയർത്തിയിരുന്നു. ശ്രീകാന്തിനൊപ്പം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് രവീശ തന്ത്രിയുടെ പേരും പരിഗണിച്ചിരുന്നുവെങ്കിലും ശ്രീകാന്തിന് തന്നെയാണ് നറുക്ക് വീണത്.

ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചു വന്നിരുന്ന രവീശ തന്ത്രി, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ബി ജെ പി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ജില്ലയിൽ പാർട്ടി രംഗത്ത് സജീവമായത്. പുതിയ തീരുമാനങ്ങൾ പാർട്ടിയെ എങ്ങനെ ബാധിക്കുമെന്ന കാര്യങ്ങൾ വരും ദിവസങ്ങളിൽ നിർണായകമാകും. 

Kuntar Raveesha Tanthri leaves active BJP politics, Kerala, Kasaragod, BJP, News, Adv, K Sreekanth appointed as BJP District president again.
Previous Post Next Post