Join Whatsapp Group. Join now!
Aster MIMS 10/10/2023

ധാരാളമായി വെള്ളം കുടിക്കുക, ചെറിയ കുപ്പിയില്‍ ശുദ്ധജലം കരുതുക, മദ്യം ഒഴിവാക്കുക, അയഞ്ഞ, ഇളം നിറത്തിലുളള, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ മാത്രം ധരിക്കുക; വേനല്‍ കടുത്തതോടെ വേനല്‍ക്കാലരോഗങ്ങള്‍ തടയാന്‍ ജാഗ്രത നിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ്

സംസ്ഥാനമാകമാനം ഫെബ്രുവരി മാസത്തില്‍ തന്നെ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ഹോമിയോപ്പതി Kasaragod, Kerala, news, health, Homeo, Be careful about Summer diseases
കാസര്‍കോട്: (www.kasaragodvartha.com 21.02.2020) സംസ്ഥാനമാകമാനം ഫെബ്രുവരി മാസത്തില്‍ തന്നെ മുമ്പെങ്ങുമില്ലാത്ത വിധം ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ഹോമിയോപ്പതി വകുപ്പ്. ജില്ലയില്‍ പൊതുവില്‍ വരണ്ട കാലാവസ്ഥ നിലനില്‍ക്കുന്നതിനാലും നിലവിലെ ചൂട് സാധാരണയിലും കൂടുതലായതിനാലും ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ഹോമിയോപ്പതി വകുപ്പ് പ്രചരണമാരംഭിച്ചിരിക്കുന്നത്.

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രതികൂലമായ സാഹചര്യമാണ് വേനല്‍ക്കാലത്ത് ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ മറ്റേത് കാലത്തേക്കാളും ആരോഗ്യകാര്യത്തില്‍ അതീവശ്രദ്ധ ആവശ്യമായിട്ടുള്ള കാലം കൂടിയാണ് വേനല്‍ക്കാലം. മുതിര്‍ന്നവരിലുപരിയായി കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ഇക്കാലത്ത് സവിശേഷ ശ്രദ്ധ ആവശ്യമാണ്. ചൂട് കൂടിയ നിലവിലെ കാലാവസ്ഥയ്ക്കനുസൃതമായി ഭക്ഷണവും ജീവിതശൈലികളും ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.


വേനല്‍ക്കാലത്ത് അന്തരീക്ഷമാകെ പൊടിയും പുകയും നിറയുമെന്നത് ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടാനിടയാക്കുന്നു. ജലസ്രോതസ്സുകളെല്ലാം വറ്റി വരളുന്നതോടൊപ്പം അവശേഷിക്കുന്നവയില്‍ പലതിലും മാലിന്യത്തിന്റെ അളവ് കൂടാനുള്ള സാധ്യതയുമുണ്ട്. ശുദ്ധജലലഭ്യതയ്ക്ക് ഇതുമൂലം കുറവ് സംഭവിക്കുകയയും അത് മറ്റുതരത്തിലുള്ള നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും.

 ചെറുതും വലുതുമായ നിരവധി പകര്‍ച്ചരോഗങ്ങള്‍ വേനല്‍ക്കാലത്ത് വ്യാപകമായി കാണാറുണ്ട്. രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കിയും രോഗലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നതിലൂടെയും അപകടം ഒഴിവാക്കാം. ഹീറ്റ് റാഷ് (ചൂട് കുരു) മുതല്‍ സൂര്യാഘാതം വരെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍  ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തം, ചിക്കന്‍ പോക്സ്, ചെങ്കണ്ണ്, കോളറ, ടൈഫോയ്ഡ് ഇതൊക്കെ വേനല്‍ക്കാലത്ത് പടരാന്‍ സാധ്യത കൂടുതലാണ്.  വേനല്‍ക്കാല രോഗങ്ങളുടെ കൂട്ടത്തില്‍   ജലദോഷം മുതല്‍ മാരകമായ മഞ്ഞപ്പിത്തം വരെയുണ്ട്. രോഗങ്ങളില്‍ മിക്കതും വരുന്നത് ശുചിത്വക്കുറവ് കൊണ്ടാണ്. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം.

സൂര്യാഘാതം ആണ് വേനല്‍ക്കാലത്ത് വലിയ വില്ലനാകുന്ന ഒരു പ്രശ്നം. രാവിലെ 11  മുതല്‍ ഉച്ചയ്ക്ക് മൂന്ന്  വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത്  പരമാവധി ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം.

കരുതാം വേനലില്‍

-ധാരാളമായി വെള്ളം കുടിക്കുകയും ഇടയ്ക്കിടക്ക് കുടിക്കുന്നതിനായി കയ്യില്‍ ഒരു ചെറിയ കുപ്പിയില്‍ ശുദ്ധജലം കരുതുകയും ചെയ്യേണ്ടതാണ്. അത് വഴി നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ സാധിക്കും.
-നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക.
-അയഞ്ഞ, ഇളം നിറത്തിലുളള, കട്ടി കുറഞ്ഞ പരുത്തി വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.
-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. ക്ലാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികള്‍ക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും നിര്‍ബന്ധമായും ശ്രദ്ധിക്കണം.
-അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
-മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
-പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ തൊപ്പിയോ കുടയോ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
-ചൂട് കൂടിയ സമയങ്ങളില്‍ കൂടുതല്‍ നേരം സൂര്യ രശ്മികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പോലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പി ഡബ്ല്യു ഡി ദ്യോഗസ്ഥര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍, ഇരുചക്ര വാഹന യാത്രക്കാര്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ പകല്‍ സമയങ്ങളില്‍ തൊഴിലില്‍ ഏര്‍പ്പെടുമ്പോള്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതാണ്.
-സംസ്ഥാനത്തെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാന്‍ തൊഴില്‍ ദാതാക്കള്‍ സന്നദ്ധരാവേണ്ടതാണ്.
-പുറം തൊഴിലുകളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും കുടിവെള്ളം ലഭ്യമാക്കുന്ന രീതിയിയിലുള്ള മാതൃകപരമായ ജനകീയ പ്രവര്‍ത്തനങ്ങള്‍ യുവജന, സാംസ്‌കാരിക, സാമൂഹിക സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഏറ്റെടുക്കാവുന്നതാണ്.
-നല്ല പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ധാരാളമായി പഴങ്ങള്‍ കഴിക്കാനും നിര്‍ദേശിക്കുന്നു.
-വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
-ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

ചൂടുകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള ചികിത്സ കാസര്‍കോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു.

Keywords: Kasaragod, Kerala, news, health, Homeo, Be careful about Summer diseases < !- START disable copy paste -->