Join Whatsapp Group. Join now!
Aster MIMS 10/10/2023

നമ്മുടെ സ്വന്തം സുബൈദ ഇവിടെത്തന്നെയുണ്ട്!

ജൂനിയര്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു സാഹിത്യകാരനാണ് സുബൈദ നീലേശ്വരം എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന അബൂക്ക. അനുഭവപാഠങ്ങളുടെ Article, Writer, Article about Zubaida Neeleshwaram by A Bendichal
എ ബെണ്ടിച്ചാല്‍

(www.kasaragodvartha.com 03.02.2020)   
ജൂനിയര്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു സാഹിത്യകാരനാണ് സുബൈദ നീലേശ്വരം എന്ന തൂലിക നാമത്തില്‍  അറിയപ്പെടുന്ന അബൂക്ക. അനുഭവപാഠങ്ങളുടെ മൂശയില്‍ വെന്ത് സ്വര്‍ഗത്തിളക്കമുള്ള സാഹിത്യ സൃഷ്ടികളാണ് സുബൈദ നീലേശ്വരത്തിന്റേത്. ആറാം ക്ലാസുകാരന്റെ ഒരു മിനിക്കഥ എം എ ബയോളജിക്കിന് പഠിക്കാന്‍ കണ്ണൂര്‍ യുണിവേഴ്‌സിറ്റി പാഠ്യ പദ്ധതിയാല്‍ ഉള്‍പ്പെടുത്തുക എന്നത് ഒരു ചരിത്ര സംഭവമല്ലാതെ മറ്റെന്താണ്. ഇതിലൂടെ ഒരു കാര്യം വ്യക്തമാണ്. ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി എന്നത് അനുഭവം തന്നെയാണ്.

ഞാന്‍ സുബൈദ നീലേശ്വരത്തിനെ അറിയുന്നത് 1979 ലാണ്. ഗള്‍ഫ് മലയാളി മാസികയില്‍ അബൂക്ക അന്ന് എഴുതിയ 'ഓന്‍ ദുബൈക്കാരന്‍' എന്ന കഥയാണ് അതിന് കാരണം. അന്നത്തെ അബൂക്കയുടെ തൂലിക നാമം 'ഓ സുബൈദ നീലേശ്വരം' എന്നായിരുന്നു. ഇതിനെ കുറിച്ച് 1980 മാര്‍ച്ച് ലക്കം ഗള്‍ഫ് മലയാളി മാസികയിലെ അബൂക്കയുടെ വിശദീകരണം: 'പേരിന് മുമ്പ് 'ഒ' എന്ന് ഞാന്‍ ചേര്‍ക്കുന്നത് ഇനിഷ്യലല്ല. എന്റെ മനസ്സാണത്. പൂജ്യം. അതാണ് 'ഒ' സുബൈദ എന്നെഴുതാന്‍ കാരണം.

അബൂക്ക (സുബൈദ നീലേശ്വരം) പറയുന്നത് പോലെ അദ്ദേഹത്തിന്റെ മനസ് ശൂന്യമല്ല. എണ്ണമില്ലാതുള്ള കറങ്ങുന്ന ഗോളങ്ങളെ താലോലമാട്ടുന്ന താരാപഥമാണാ പൂജ്യം! (ഒ)

1965ല്‍ കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സുദര്‍ശന്‍ മാസികയിലാണ് അബൂക്കയുടെ ആദ്യ കഥ 'ട്രോപ്' വെളിച്ചം കാണുന്നത്. തുടര്‍ന്ന് ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഗള്‍ഫ് മലയാളി മാസിക, മനോരാജ്യം, ജനയുഗം, അന്വേഷണം, സമയം, വാഗ്‌ദേവദ, തുളുനാട് മാസിക തുടങ്ങി ഒരുപാട് പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്.


അബൂക്കയുടെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററായാണ്. പിന്നീട് ദീപിക, മാധ്യമം ഇപ്പോള്‍ സൗദി അറേബ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം ന്യൂസിന്റെ ലേഖകനായി തുടരുന്നു. അനാരോഗ്യത്തിന്റെ പിടിയിലമര്‍ന്ന അബൂക്കയുടെ ഇപ്പോഴത്തെ ജീവിതമാര്‍ഗം തന്നെ മലയാളം ന്യൂസിന്റെ വരുമാനം ഒന്നു മാത്രമാണ്. ബ്രൈന്‍ സ്‌ട്രോക്ക്, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ എന്നു വേണ്ട സര്‍വ്വ രോഗങ്ങളും അബൂക്കയെ തടവറയിലിട്ടിരിക്കുകയാണ്. അബൂക്കയുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിച്ച പബ്ലികേഷനുകള്‍: കേരള സാഹിത്യ അക്കാദമി (നോവല്‍ എളയ), ഇന്‍സൈറ്റ് കോഴിക്കോട്, ചിന്ത, ഡി സി ബുക്ക്‌സ്, മാതൃഭൂമി ബുക്ക്‌സ്, പുസ്തക ഭവന്‍ പയ്യന്നൂര്‍, തുളുനാട് ഇങ്ങനെ മൊത്തം ഇരുപത് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നട കവി ഗോവിന്ദ പൈയുടെ ഒരു കവിത സമാഹാരം മലയാളത്തിലേക്ക് 'ഭദ്രദീപം' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇതിന് ഒരു വര്‍ഷത്തെ കഠിന പ്രയത്‌നം വേണ്ടി വന്നതായി അബൂക്ക പറഞ്ഞു. കേരള സാഹിത്യ അക്കാദമി കന്നട, മലയാള സാഹിത്യത്തെ കുറിച്ച് 1992 ല്‍ റിസര്‍ച്ച് നടത്താന്‍ ചുമതലപ്പെടുത്തിയിരുന്നത് അബൂക്കയെയാണ്. ലഭിച്ച ബഹുമതികള്‍: കൂര്‍മ്മന്‍ എഴുത്തച്ഛന്‍, സര്‍ഗ്ഗവേദി കാസര്‍കോട്, ഇസ പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി കാസര്‍കോട്.

നീലേശ്വരം അണ്ടോളി പൂമാടത്ത് അബ്ദുര്‍ റഹ് മാന്റെയും, പുതിയ പാട്ടില്ലത്ത് കൈജുമ്മയുടെയും ഏഴു മക്കളില്‍ ഇളയവനാണ് അബൂക്ക (സുബൈദ നീലേശ്വരം). പേരു കേട്ട കര്‍ഷക കുടുംബമായിരുന്നു അബൂക്കയുടേത്. ഉപ്പ കിടപ്പിലായതോടൊപ്പം ബാലനായ അബൂക്കയെ തളര്‍വാതം തളര്‍ത്തി. എട്ടാം വയസില്‍ നീലേശ്വരം രാജാസ് എ യു പി സ്‌കൂളില്‍ നാലാം തരം വരെയും എന്‍ കെ ബാലകൃഷ്ണന്‍ മെമ്മോറിയല്‍ എ യു പി സ്‌കൂളില്‍ ആറാംതരം വരെയുമാണ് അബൂക്കയുടെ വിദ്യാഭ്യാസ യോഗ്യത. പിന്നെ പല നാടുകള്‍... പല വേഷങ്ങള്‍... മൂത്ത ഒരു ജ്യേഷ്ഠന്‍ അബ്ദുല്‍ ഖാദര്‍ കാസര്‍ക്കോട് മുസ്ലിം സ്‌കൂളിലെ അധ്യാപകനായിരുന്നു, മുഹമ്മദ് കുഞ്ഞി മാഷ് തിരുവനന്തപുരം സൈനിക സ്‌കൂള്‍ പ്രൊഫസറും, മൂന്നാമന്‍ അബ്ദുല്ല തിരുവനന്തപുരത്ത് എഞ്ചിനീയറിംഗിന് പഠിച്ചു കൊണ്ടിരിക്കെ രോഗത്തിന്റെ പിടിയിലമരുകയായിരുന്നു. അബൂക്കയുടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ എം എ ബയോളജിക്ക് പഠിക്കാനുള്ള 'കരി നാഗം' എന്ന കഥ ആദ്യം പ്രസിദ്ധീകരിച്ചത് കലാകൗമുദിയുടെ 'കഥ' എന്ന മാസികയിലാണ്.

'അസുര വാദ്യം' എന്ന അബൂക്കയുടെ നോവലിലെ അബൂക്കയുടെ തന്നെ മുഖവുര ഇങ്ങനെ: അവര്‍ മുസ്ലിംകളെ ബാബറിന്റെ പിന്‍മുറക്കാര്‍ എന്ന് വിളിച്ചപ്പോള്‍ എനിക്ക് വല്ലാത്ത ആശയക്കുഴപ്പം തോന്നി. എന്റെ പൂര്‍വ്വികരുടെ പേരുകള്‍ ഒരു പക്ഷേ രാമ പ്രസാദ് എന്നോ സീതാദേവി എന്നോ ഒക്കെയായിരിക്കാം, അവര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം നിമിത്തമോ അല്ലാതെയോ മത പരിവര്‍ത്തനം നടത്തിയവരാവാം. മുസ്ലിംകള്‍ പാക്കിസ്ഥാനിലേക്ക് പോകണം എന്ന് പറഞ്ഞപ്പോള്‍ എനിക്ക് അതിന്റെ പൊരുള്‍ മനസിലായില്ല. കാരണം ഞാന്‍ ഒരിക്കലും പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്ക് മടങ്ങിപ്പോകാന്‍ എനിക്കെങ്ങിനെ കഴിയും. ഞാനിപ്പോള്‍ നാടില്ലാത്തവനെ പോലെ കഴിയുകയാണ്. ആള്‍ക്കൂട്ടങ്ങള്‍ എന്നെ പോലുള്ള ഒരാളുമായി ഇടപെടാന്‍ വിമുഖത കാണിക്കുന്നു. മുസ്ലിം സമുദായത്തിലെ തീവ്രവാദികളാവട്ടെ നാട്ടിലെ നിയമങ്ങളോട് പ്രതിബദ്ധതയും മതപരമായ സമീപനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ്. എന്റെ അഭ്യുദയകാംഷികളും സ്‌നേഹിതന്മാരും എന്നോട് ജാഗ്രത പുലര്‍ത്താനും എവിടെ എങ്കിലും സുരക്ഷിതമായി മാറിയിരിക്കാനും ഉപദേശിക്കുന്നു. ഞാന്‍ എവിടെ പോകാനാണ്. എനിക്ക് മറ്റൊരു വീടില്ല, മത വിശ്വാസത്തോടൊപ്പം ഇന്ത്യക്കാരനാകാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'.ഡല്‍ഹിയില്‍ നിന്ന് താരിഖ് അന്‍സാരിയെന്ന പത്രപ്രവര്‍ത്തകന്റെ കുറിപ്പുകളാണിത്. ഇത് വായിച്ചപ്പോഴാണ് 'അസുരവാദ്യം ' എന്ന നോവലൈറ്റ് എഴുതാന്‍ പ്രചോദനമായത്.

ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമായി നൂറ്റാണ്ടുകളായി ഒരുമിച്ച് ജീവിക്കുകയും ഐക്യപ്പെടുകയും ചെയ്ത ഹിന്ദുക്കള്‍ക്കും, മുസ്ലിംകള്‍ക്കും ഇടയില്‍ ഇന്ന് മുന്‍വിധിയുടെയും, പരസ്പര സംശയത്തിന്റെയും, വിദ്വേഷത്തിന്റെയും മതിലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഇത് ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവര്‍ക്ക് ഒരു സന്ദേശം നല്‍കുന്നുണ്ട്. ഇപ്പോഴത്തെ മുന്‍ വിധി കെട്ടിപ്പടുത്തിരിക്കുന്നത് നിരവധി പരാധീനതകളിലും (യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും) അര്‍ദ്ധ സത്യങ്ങളിലും, കെട്ടുകഥകളിലും, മിഥ്യകളിലുമാകുന്നു. രാപ്പകല്‍ ഭേദമില്ലാതെ ആയിരം തവണ ഉരുവിട്ടു കൊണ്ടിരുന്നാല്‍ ഏറ്റവും വലിയ നുണയും സ്വയം സ്ഥാപിതമാകും. അതാണിവിടെ തീവ്രമായ മതഭ്രാന്തന്മാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എന്നെ സ്വയം വായിച്ചെടുക്കാനുള്ള ഒരു ശ്രമം, ഒരാളെയും വേദനിപ്പിക്കരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. 'അസുര വാദ്യം' എന്ന നോവലൈറ്റിനെ നിങ്ങളെ ഏല്‍പ്പിക്കുന്നു. അബൂക്ക ആരാണെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന്റെ അസുരവാദ്യം എന്ന നോവലൈറ്റ് മാത്രം മതി.

ഭാര്യ: സുബൈദ. മക്കള്‍: സുഹാസ് (ജപ്പാന്‍), ഷംന. വിലാസം: സുബൈദ, അക്ഷരം, നീലേശ്വരം (പിഒ), കാസര്‍കോട്.

Keywords: Article, Writer, Article about Zubaida Neeleshwaram by A Bendichal < !- START disable copy paste -->