ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് 10 വര്‍ഷം പൂര്‍ത്തിയാകുന്നു; ദുരൂഹത തീരുന്നില്ല; പുതിയ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമന്ന ആവശ്യത്തില്‍ ഉറച്ച് ആക്ഷന്‍ കമ്മിറ്റി, ജനകീയ അന്വേഷണ കമ്മിറ്റിയുടെ റിപോര്‍ട്ട് പുറത്തുവരുന്നതോടെ കൂടുതല്‍ തെളിവുകള്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്

ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് 10 വര്‍ഷം പൂര്‍ത്തിയാകുന്നു; ദുരൂഹത തീരുന്നില്ല; പുതിയ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമന്ന ആവശ്യത്തില്‍ ഉറച്ച് ആക്ഷന്‍ കമ്മിറ്റി, ജനകീയ അന്വേഷണ കമ്മിറ്റിയുടെ റിപോര്‍ട്ട് പുറത്തുവരുന്നതോടെ കൂടുതല്‍ തെളിവുകള്‍ ഉണ്ടാകുമെന്ന് ചെയര്‍മാന്‍ ഡോ. ഡി സുരേന്ദ്രനാഥ്

കാസര്‍കോട്: (www.kasaragodvartha.com 13.02.2020) സമസ്ത വൈസ് പ്രസിഡണ്ടും ചെമ്പിരിക്ക- മംഗളൂരു ഖാസിയുമായിരുന്ന സി എം അബ്ദുല്ല മാലവിയുടെ ദുരൂഹ മരണം നടന്നിട്ട് മറ്റന്നാള്‍ 10 വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ കാലയളവില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും സി ബി ഐയും നടത്തിയ അന്വേഷണത്തില്‍ സത്യാവസ്ഥ പുറത്തുവന്നിട്ടില്ലെന്നു തന്നെയാണ് ഖാസി ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നത്. സി ബി ഐയുടെ പുതിയ സ്‌പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്ര നാഥ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഖാസിയുടെ മരണം സംബന്ധിച്ച് ഏറ്റവുമൊടുവില്‍ കോടതി നിര്‍ദേശ പ്രകാരം പുതുച്ചേരിയിലെ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമായ ജിപ്‌മെറിലെ അഡീ. പ്രൊഫസര്‍ ഡോ. വികാസ് മേനോന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ ആത്മഹത്യയെന്ന മുന്‍ നിഗമനത്തില്‍ നിന്നും സി ബി ഐ പിന്നോട്ട് പോവുകയും അപകടം മൂലമുള്ള അസ്വഭാവിക മരണമെന്ന രീതിയിലാണ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനിടയില്‍ സി ബി ഐയുടെ മുന്‍ നിലപാടില്‍ നിന്നുള്ള ചാഞ്ചാട്ടം തങ്ങള്‍ ഉയര്‍ത്തിയ വാദങ്ങള്‍ക്കുള്ള ചെറിയ അംഗീകാരമാണെന്ന് തന്നെയാണ് ആക്ഷന്‍ കമ്മിറ്റി പറയുന്നത്. ഇപ്പോഴും ഇതിന്റെ സത്യാവസ്ഥ പുറത്തുവന്നിട്ടില്ല. ഖാസിയുടെ മരണം കൊലപാതകമെന്ന് തന്നെയാണ് ആക്ഷന്‍ കമ്മിറ്റി ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത്. അഡ്വ. പി എ പൗരന്‍, അഡ്വ. കെ കെ രാജേന്ദ്രന്‍, സാമൂഹ്യ പ്രവര്‍ത്തക എല്‍സി എന്നിവരുടെ ജനകീയ അന്വേഷണ കമ്മിറ്റിയുടെ റിപോര്‍ട്ട് ഒരു മാസത്തിനകം തന്നെ പുറത്തുവരുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കുന്നു.


അന്വേഷണ സംഘത്തിന് നിര്‍ണായകമായ ഒരുപാട് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇത് പുറത്തുവിടുന്നതോടെ ഖാസിയുടെ മരണം സംബന്ധിച്ച കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വ്യക്തത കൈവരും. സ്‌പെഷ്യല്‍ ടീമിനെ നിയമിച്ചാല്‍ ജനകീയ അന്വേഷണ സംഘത്തിന്റെ റിപോര്‍ട്ട് കൂടി പ്രയോജനപ്പെടുമെന്നാണ് ബന്ധപ്പെട്ടവര്‍ സൂചിപ്പിക്കുന്നത്. അന്വേഷണം സ്‌പെഷ്യല്‍ ടീമിനെ ഏല്‍പിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയും മറ്റും നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇതിനു പിന്നില്‍ വലിയ ശക്തി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആക്ഷന്‍ കമ്മിറ്റി സൂചിപ്പിക്കുന്നത്. അന്വേഷണത്തിലും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പോലും കൃത്രിമം നടത്താന്‍ കഴിവുള്ള വമ്പന്മാര്‍ തന്നെയാണ് ഖാസിയുടെ മരണത്തിന് പിന്നിലുള്ളതെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. സഹായമില്ലാതെ ഖാസി ഒരിക്കലും വീട്ടില്‍ നിന്നും പുറത്തിറങ്ങില്ലെന്ന് തന്നെയാണ് വിശ്വാസം. ഏതോ ശക്തി ഖാസിയെ ചെമ്പിരിക്ക കടുക്ക കല്ലില്‍ എത്തിച്ചിരിക്കാമെന്നാണ് കരുതുന്നത്. പിന്നീട് അദ്ദേഹത്തെ അപകടത്തില്‍പെടുത്തി എന്നു തന്നെയാണ് ആക്ഷന്‍ കമ്മിറ്റി വിശ്വസിക്കുന്നത്. ഇതിന്റെയെല്ലാം സത്യാവസ്ഥ പുറത്തുവരേണ്ടതുണ്ട്. ഖാസിയുടെ മരണം നടന്ന് 10 വര്‍ഷം പിന്നിടുന്ന ഫെബ്രുവരി 15ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഉപവാസ സമരവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഫെബ്രുവരി 15ന് നീതി നിഷേധത്തിന്റെ 10 ആണ്ട് എന്ന പ്രമേയത്തില്‍ പ്രതിഷേധ സംഗമവും പ്രാര്‍ത്ഥന സദസും സംഘടിപ്പിക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജനറല്‍ സെക്രട്ടറി മുഷ്ത്താഖ് ദാരിമി
മൊഗ്രാല്‍ പുത്തൂര്‍, ട്രഷറര്‍ ഇസ്മാഈല്‍ അസ്ഹരി, വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി എന്നിവര്‍ അറിയിച്ചിട്ടുണ്ട്.

Keywords:  Kasaragod, Kerala, news, Kerala, Death, Trending, Murder-case, C.M Abdulla Maulavi, Investigation, 10 year of CM Abdulla Moulavi's death< !- START disable copy paste -->