Join Whatsapp Group. Join now!
Aster MIMS 10/10/2023

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി; ഭരണഘടനയ്ക്കു മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ലെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക് മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ Kasaragod, Kerala, news, Top-Headlines, Republic day celebrations, Trending, Republic day celebrated
കാസര്‍കോട്: (www.kasargodvartha.com 26.01.2020) ജനങ്ങളാണ് ഭരണഘടനയിലൂടെ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സൃഷ്ടിച്ചതെന്നും അതിനാല്‍ ഭരണഘടനയ്ക്ക് മേല്‍ പാര്‍ലമെന്ററി മേല്‍ക്കോയ്മ സാധ്യമല്ലെന്നും റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു. ഇന്ത്യക്കൊപ്പം രൂപം കൊണ്ട ലോകത്തെ പല രാജ്യങ്ങളിലെയും ജനാധിപത്യ വ്യവസ്ഥകള്‍ ആന്തരിക വൈരുദ്ധ്യങ്ങളാല്‍ ശിഥിലമായപ്പോഴും ശക്തമായ ഭരണഘടനയുടെ ബലത്തിലാണ് വൈവിധ്യങ്ങളെ കരുത്താക്കി മാറ്റി മുന്നേറാന്‍ രാജ്യത്തിന് സാധിച്ചതെന്ന് മന്ത്രി പറഞ്ഞു.

കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 71-ാം റിപബ്ലിക് ദിനാഘോഷത്തില്‍ റിപബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പ്രസിദ്ധമായ കേശവാനന്ദഭാരതി-സ്റ്റേറ്റ് ഓഫ് കേരള കേസില്‍ സുപ്രീം കോടതി ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ ഭേദഗതികളിലൂടെ മാറ്റാന്‍ പാടില്ലായെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ചതാണ്. ഇന്ത്യന്‍ റിപബ്ലിക് എന്നാല്‍ ഇന്ത്യന്‍ ഭരണഘടന തന്നെയാണ്. പൂര്‍വികര്‍ ജീവന്‍ കൊടുത്തു നേടിയ, രാഷ്ട്രശില്‍പികള്‍ സ്വപ്നം കണ്ട, ഇന്ന് നാം സ്വതന്ത്രരായി ജീവിക്കുന്ന, വരും തലമുറകള്‍ക്ക് സമാധാനമായി ജീവിക്കാന്‍ കഴിയുന്ന, ലോകം ആദരിക്കുന്ന നമ്മുടെ ഇന്ത്യ നിലനില്‍ക്കുന്നത് മഹത്തായ ഭരണഘടനയുടെ അടിത്തറയിലാണ്. ഭരണഘടനയെ ശക്തിപ്പെടുത്താനും അതിന്റെ മൂല്യങ്ങളെ മനസിലാക്കാനും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന ശക്തികളെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങളെ കൊണ്ട് റിപ്പബ്ലിക് ദിനം സാര്‍ത്ഥകമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വര്‍ണമോ വേഷമോ നോക്കാതെ തോളോട് ചേര്‍ന്ന് പോരാടിയ ഒരുപാട് തലമുറകളുടെ ദേശാഭിമാനം തുടിക്കുന്ന ഹൃദയങ്ങളുമായി നടന്നു തീര്‍ത്ത സമര്‍പ്പണത്തിന്റെ ദൂരമാണ് കഴിഞ്ഞ 71 വര്‍ഷങ്ങള്‍. സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വഴികളിലൂടെ ഈ യാത്ര തുടര്‍ന്ന് ജീവന്‍ നല്‍കിയും ഭരണഘടനാ അവകാശങ്ങളെ നാം സംരക്ഷിക്കും. സമത്വത്തിലധിഷ്ടിതമായ ജനക്ഷേമം എന്ന ലക്ഷ്യത്തിലേക്കുള്ള മാര്‍ഗദീപമായ ഭരണഘടനയ്ക്ക് കരുത്ത് പകരാന്‍ ദൃഢപ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു

രാജ്യത്തിന്റെ 71-ാം റിപ്പബ്ലിക്ദിനം ജില്ലയില്‍ വിപുലമായി ആഘോഷിച്ചു. വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക്ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ദേശീയപതാക ഉയര്‍ത്തി മാര്‍ച്ച് പാസ്റ്റില്‍ അഭിവാദ്യം സ്വീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാകളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് സംബന്ധിച്ചു.

റിപ്പബ്ലിക് പരേഡിന് ആദൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രേംസദന്‍ നേതൃത്വം നല്‍കി. ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സി വി ശ്രീധരന്‍ സെക്കന്റ് കമാന്‍ഡറായി. മാര്‍ച്ച് പാസ്റ്റില്‍ ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്സൈസ്, കെഎപി നാലാം ബറ്റാലിയന്‍ ബാന്റ് പാര്‍ട്ടി, എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, എന്‍സിസി ജൂനിയര്‍ ഡിവിഷനില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് ഇക്ബാല്‍ എച്ച്എസ്എസ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, ചെമ്മനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍സിസി എയര്‍വിങ്, കാസര്‍കോട് ജിഎച്ച്എസ്എസ്, പെരിയ ജവഹര്‍ നവോദയിലെ എന്‍സിസി ഫോര്‍ ഗേള്‍സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ചായോത്ത് ജിഎച്എസ്എസ്, കുട്ടമത്ത് ജിഎച്എസ്എസ്, കൊടക്കാട് ജിഎച്എസ്എസ്, ജിഎച്എസ്എസ് ചട്ടഞ്ചാല്‍, ജവഹര്‍ നവോദയ ബാന്റ് പാര്‍ട്ടി, പെരിയ പോളി ടെക്നിക് എന്‍എസ്എസ് , റെഡ്ക്രോസ് യൂണിറ്റ് വിഭാഗത്തില്‍ ഈസ്റ്റ് ബെല്ല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പാക്കം ജിഎച്ച്എസ്, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട്സില്‍ കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, പെരിയ ജവഹര്‍ നവോദയ വിദ്യാലയ, പട്ട്ല ജിഎച്ച്എസ്എസ്, ചിന്മയ വിദ്യാലയ, ഉളിയത്തടുക്ക ജയ്മാതാ ഇംഗ്ലീഷ് മീഡിയം ബാന്റ് പാര്‍ട്ടി, ഗൈഡ്സില്‍ പട്ല ജിഎച്എസ്എസ്, കേന്ദ്രീയ വിദ്യാലയ നമ്പര്‍- 2, ചിന്മയ വിദ്യാലയ എന്നിവര്‍ അണിനിരന്നു.

പരേഡില്‍ കാസര്‍കോട് ഡിസ്ട്രിക് ഹെഡ്ക്വാര്‍ട്ടേഴ്സ്, കെഎപി നാലാം ബറ്റാലിയന്‍ ബാന്റ് പാര്‍ട്ടി, എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കാസര്‍കോട് ഗവ. കോളേജ്, എന്‍സിസി ജൂനിയര്‍ ഡിവിഷനില്‍ ജിഎച്എസ്എസ് ചെമ്മനാട് എന്‍സിസി എയര്‍വിങ്, സ്‌കൗട്സിലും ഗൈഡ്സിലും കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2 എന്നിവര്‍ റോളിങ് ട്രോഫി നേടി. എസ്പിസി വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ജിഎച്എസ്എസും, റെഡ്ക്രോസ് വിഭാഗത്തില്‍ ഈസ്റ്റ് ബെല്ല ജിഎച്എസ്എസും ട്രോഫി നേടി.

2019-20ല്‍ ശില്‍പകലയില്‍ ഇന്ത്യാ ഗവണ്‍മെന്റ് ടാലന്റ് റിസര്‍ച്ച് അവാര്‍ഡ് സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടമത്ത് ഹയര്‍സെക്കന്‍ഡറിയിലെ സീനിയര്‍ എസ്പിസി അംഗം ലക്ഷ്മി സൂധാരവിയെ ജില്ലാ എസ്പിസി അനുമോദിച്ചു. രാജ്യത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറ് കുട്ടികളില്‍ ഒരാളാണ് ലക്ഷ്മി സുധാരവി.

എഡിഎം എന്‍ ദേവീദാസ്, എഎസ്പി പി ബി പ്രശോഭ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എ എ ജലീല്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, ജനപ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Republic day celebrations, Trending, Republic day celebrated
  < !- START disable copy paste -->