Join Whatsapp Group. Join now!
Aster MIMS 10/10/2023

പൗരത്വ പ്രതിഷേധം: നിരോധനാജ്ഞാ സമയത്ത് മംഗളൂരു സന്ദര്‍ശിച്ച മലയാളികളുടെ ടവര്‍ ലൊക്കേഷന്‍ ട്രെയ്‌സ് ചെയ്ത് നോട്ടീസ് നല്‍കി മംഗളൂരു പോലീസ്; ഇതുവരെ ലഭിച്ചത് കാസര്‍കോട്ടെ വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 650 ഓളം പേര്‍ക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് News, Mangalore, National, Students, Police,
മംഗളൂരു:(www.kasargodvartha.com 19/01/2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് മലയാളികള്‍ക്ക് നോട്ടീസ് നല്‍കി മംഗലൂരു പോലീസ്. ഡിസംബര്‍ 19നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നിരോധനാജ്ഞാ സമയത്ത് മംഗളൂരു സന്ദര്‍ശിച്ച മലയാളികളുടെ ടവര്‍ ലൊക്കേഷന്‍ ട്രെയ്‌സ് ചെയ്ത് മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് നോട്ടീസ് നല്‍കുന്നത്. കര്‍ണാടക - കേരള അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, സ്ത്രീകള്‍ ഉള്‍പ്പെടെ 650 ഓളം പേര്‍ക്കാണ് ഇതുവരെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇത് ഇനിയും വര്‍ധിക്കാനാണ് സാധ്യത.

News, Mangalore, National, Students, Police, Mangaluru: Anti-CAA violence - Over 650 living near state's border get notices


അതേസമയം നോട്ടീസ് ലഭിച്ചവരില്‍ ബഹുഭൂരിഭാഗവും മുസ്ലിംകളാണെന്നാണ് വിവരം. മതം നോക്കി നടപടി സ്വീകരിക്കുന്ന മംഗളൂരു പോലീസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന കാസര്‍കോട് ജില്ലയിലെ തലപ്പാടി, സമീപ പ്രദേശങ്ങളായ മഞ്ചേശ്വരം, ഉപ്പള തുടങ്ങി വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. സംഭവദിവസം വ്യാപാര-വിദ്യാഭ്യാസ-ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവില്‍ പോയവരും നോട്ടീസ് ലഭിച്ചവരിലുണ്ട്.

കാസര്‍കോട്ടുനിന്നും ആയിരക്കണക്കിന് ആളുകളാണ് വിദ്യാഭ്യാസം, ബിസിനസ്, ആശുപത്രി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ദിനംപ്രതി മംഗളൂരു സന്ദര്‍ശിക്കുന്നത്. നോട്ടീസ് ലഭിച്ചവരില്‍ പലരും ഇത്തരം ആവശ്യങ്ങള്‍ക്കായി മംഗളൂരു സന്ദര്‍ശിച്ചവരാണെന്നാണ് പറയുന്നത്. ഡിസംബര്‍ 19ന് നിരോധനാജ്ഞ ലംഘിച്ച് സ്റ്റേറ്റ് ബാങ്ക് പരിസരത്ത് ഒത്തുകൂടിയ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.

സ്പീഡ് പോസ്റ്റ് വഴിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര്‍ 19ന് നഗരത്തില്‍ അനധികൃതമായി ഒത്തുകൂടിയതായും പ്രതിഷേധങ്ങളില്‍ പങ്കെടുത്തതായും പോലീസിന് വിവരം ലഭിച്ചതായി നോട്ടീസുകളില്‍ പറയുന്നു. ചോദ്യം ചെയ്യലിനായി നിശ്ചിത തീയതിക്ക് മുമ്പായി സിറ്റി നോര്‍ത്ത് (ബണ്ടര്‍) പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം.

ഇതിനിടെ വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പെടെ നോട്ടീസ് ലഭിച്ച മത്സ്യത്തൊഴിലാളികളടക്കം നിരവധി പേര്‍ ശനിയാഴ്ച ബന്ദര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. പോലീസ് അവരുടെ പേരും സെല്‍ഫോണ്‍ നമ്പറും ഒപ്പുകളും വാങ്ങി. ഭാവിയില്‍ ക്രിമിനല്‍ അന്വേഷണ വകുപ്പില്‍ നിന്ന് നോട്ടീസ് ലഭിച്ചാല്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിനസ്, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലേക്ക് വന്നതിന്റെ വിശദാംശങ്ങള്‍ പലരും പോലീസിന് കൈമാറി.

ബന്ദര്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച മഞ്ചേശ്വരം സ്വദേശി, തന്റെ രണ്ട് കുട്ടികള്‍ നഗരത്തില്‍ പഠിക്കുന്നുണ്ടെന്നും ഡിസംബര്‍ 19ന് ഉച്ചയ്ക്ക് 2.30 ഓടെ സ്റ്റേറ്റ് ബാങ്ക് പരിസരത്തെത്തിയിരുന്നുവെന്നും ബസുകള്‍ ഇല്ലാത്തതിനാല്‍ ട്രെയിനില്‍ മടങ്ങിയതായും മൊഴി നല്‍കി.

മത്സ്യം കൊണ്ടുപോകുന്ന ടെമ്പോയുടെ ഡ്രൈവറായ മഞ്ചേശ്വരം മാഡയിലെ അബ്ദുര്‍ റസാഖിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. മത്സ്യം കടത്താന്‍ ബന്ദറില്‍ എത്തിയതായിരുന്നു അബ്ദുര്‍ റസാഖ്. പക്ഷേ മത്സ്യം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ബന്ദര്‍ പള്ളിയില്‍ നിസ്‌കരിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. മത്സ്യം ലഭ്യമാണെന്ന് രാത്രി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മകനോടൊപ്പം ബന്ദറിലെത്തിയ അബ്ദുര്‍ റസാഖ് ഒരു ലോഡ് മത്സ്യവുമായി ടെമ്പോയില്‍ തിരികെ വന്നു. നിയമവിരുദ്ധമായ കാര്യങ്ങളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നോട്ടീസ് നല്‍കിയിട്ടില്ലെന്നും പോലീസ് ആരെയും ചോദ്യം ചെയ്തിട്ടില്ലെന്നുമാണ് ബന്ദര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോവിന്ദരാജുവിന്റൈ വിശദീകരണം. സെക്ഷന്‍ 143 - നിയമവിരുദ്ധമായ ഒത്തുചേരല്‍, 147 - അസ്വസ്ഥതകളില്‍ പങ്കെടുക്കല്‍, 148 - നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വയ്ക്കല്‍, 188 - നിരോധന ഉത്തരവുകള്‍ ലംഘിക്കല്‍, 353 - ആക്രമണം, 324 - അക്രമം, 427 - നാശനഷ്ടം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് നോട്ടീസുകളും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ജനങ്ങള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Mangalore, National, Students, Police, Mangaluru: Anti-CAA violence - Over 650 living near state's border get notices