Join Whatsapp Group. Join now!
Aster MIMS 10/10/2023

ഈസ്റ്റ് എളേരിയുടെ ദാഹമകറ്റാന്‍ ഉത്തര മലബാറിലെ തന്നെ ഏറ്റവും വലിയ ജലനിധി പദ്ധതി അവസാനഘട്ടത്തില്‍; ആദ്യം 2,450 കുടുംബങ്ങളില്‍ ശുദ്ധജലമെത്തും

ഏതു കൊടിയ വേനലിലും ഇനി ഈസ്റ്റ്് എളേരിയില്‍ കുടിവെള്ളത്തിന് ക്ഷാമമുണ്ടാകില്ല. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ദാഹമകറ്റാനായി Kasaragod, Kerala, news, Family, East Eleri drinking water project in final stage
കാസര്‍കോട്: (www.kasargodvartha.com 14.01.2020) ഏതു കൊടിയ വേനലിലും ഇനി ഈസ്റ്റ്് എളേരിയില്‍ കുടിവെള്ളത്തിന് ക്ഷാമമുണ്ടാകില്ല. ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ ദാഹമകറ്റാനായി ആരംഭിക്കുന്ന ജലനിധി പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക് കടന്നു. ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ഒരുങ്ങുന്ന ജലനിധി ഉത്തര മലബാറിലെ ഏറ്റവും വലിയ ജലനിധി പദ്ധതിയാണ്. ജല അതോറിറ്റിയും ജലനിധിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2014ല്‍ നിര്‍മ്മാണമാരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം കഴിയുന്നതോടെ പഞ്ചായത്തിലെ 2450 കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തും. പദ്ധതിയുടെ 99 ശതമാനം പണിയും പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം പറഞ്ഞു.


പ്രധാന ജലസംഭരണിയും പിന്നെ 25 ഉപജലസംഭരണികളും

കുടിവെള്ള പദ്ധതിക്കായി ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന കാര്യങ്കോട് പുഴയിലെ ആവുള്ളംകയത്തിനു സമീപമാണ്  കിണറും പമ്പ് ഹൗസും നിര്‍മ്മിച്ചിരിക്കുന്നത്. പുഴയില്‍ നിന്ന്  ശേഖരിക്കുന്ന വെള്ളം ഒരു കിലോമീറ്റര്‍ ദൂരെയുള്ള  തവളക്കുണ്ട് മലയിലുള്ള ശുദ്ധീകരണ പ്‌ളാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച് അരിമ്പതട്ടില്‍ അഞ്ച് ലക്ഷം സംഭരണശേഷിയുള്ള ടാങ്കിലേക്ക് മാറ്റും. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിച്ചിട്ടുള്ള 25 ടാങ്കുകളിലേക്ക് ജലമെത്തിച്ച് വിതരണം ചെയ്യും.

ജല വിതരണത്തിനായി 350 കിലോമീറ്റര്‍ നീളത്തിലാണ് പഞ്ചായത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്. പരീക്ഷണാര്‍ത്ഥം ജല വിതരണം ആരംഭിച്ചു. അഞ്ച് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്രധാന ജല സംഭരണിയും 25 ഉപജലസംഭരണികളും ജലവിതരണത്തിനായുള്ള പൈപ്പ് ലൈനുകളും ജലനിധിയുടെ ഭാഗമാണ്. ഉപ ജലസംഭരണികള്‍ 20000,10000,5000 ലിറ്റര്‍ സംഭരണ ശേഷിയുള്ളവയാണ്.

കുടിവെള്ള പദ്ധതിയുടെ  കിണറിനും പമ്പ് ഹൗസിനും ശുദ്ധീകരണ പ്ലാന്റിനും 160 കിലോമീറ്റര്‍ ജലവിതരണത്തിനായുള്ള പൈപ്പ് ലൈനുകള്‍ സ്ഥപിക്കുന്നതിനുമായി 12.12 കോടി രൂപയാണ് ജല അതോറിറ്റി നല്‍കിയത്. 25 ടാങ്കുകള്‍ നിര്‍മ്മിക്കാനാവശ്യമായ മൂന്ന് സെന്റ് സ്ഥലം വീതം സൗജന്യമായി ലഭിച്ചതാണ്. ജല വിതരണത്തിനുള്ള ടാങ്കുകളുടെ നിര്‍മ്മാണത്തിനും പൈപ്പ് ലൈനുകള്‍ക്കും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി ജലനിധി 13.36 കോടിയാണ് നല്‍കിയത്. ഇതില്‍ 15 ശതമാനം പഞ്ചായത്തിന്റെ വിഹിതവും 10 ശതമാനം ഉപഭോക്തൃവിഹിതവുമാണ്.

നടത്തിപ്പ് ഏറ്റെടുത്ത് പഞ്ചായത്ത്

ജലനിധി പദ്ധതിയുടെ ജലവിതരണമടക്കമുള്ള  മുഴുവന്‍ നടത്തിപ്പും ഈസ്റ്റ് എളേരി  പഞ്ചായത്താണ് എറ്റെടുക്കുക. ഇതിനാവശ്യമായ ജോലിക്കാരെയും പഞ്ചായത്ത് നിയമിക്കും. ഒരു മാസം രണ്ടര ലക്ഷം രൂപ വൈദ്യുതി ബില്ലടയ്‌ക്കേണ്ടി വരുമെന്നാണ് കണക്കുകൂട്ടല്‍. കൂടാതെ ഭാവിയില്‍ ജലവിതരണം മൊത്തം 5000  കുടുംബങ്ങളിലേക്കെത്തിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. പദ്ധതി യുടെ രണ്ടാം ഘട്ടത്തില്‍ നിലവില്‍ അപേക്ഷിക്കാത്തവര്‍ക്കും പുതുതായി അപേക്ഷ നല്‍കാന്‍ അവസരമുണ്ട്. പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ശേഷം ഈ കമ്മിറ്റിക്കായിരിക്കും പദ്ധതിയുടെ പഞ്ചായത്തുതല നടത്തിപ്പ് ചുമതല.

പട്ടികജാതി, പട്ടികവര്‍ഗ, ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യം: പഞ്ചായത്ത് പ്രസിഡന്റ്

പഞ്ചായത്തിന് കീഴിലുള്ള മുഴുവന്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും സൗജന്യമായി കുടിവെള്ളം ലഭ്യമാക്കാനാണ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പഞ്ചായത്ത് ഭരണ സമിതിയില്‍ തീരുമാനമായിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചാല്‍ അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏപ്രിലോടെ മുഴുവന്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും കുടിവെള്ളം സൗജന്യമായി നല്‍കാനാകുമെന്നും ഈസ്റ്റ് എളേരി പഞ്ചായത്ത്് പ്രസിഡന്റ്  ജെസി ടോം പറഞ്ഞു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Family, East Eleri drinking water project in final stage
  < !- START disable copy paste -->